സ്കൂൾ കായികമേള നമ്മോട് പറയുന്നത്
text_fieldsകൗമാര കേരളത്തിെൻറ പ്രതിഭകളുടെ കലവറയാണ് സംസ്ഥാന സ്കൂൾ കായികമേള. ഉഷയും ഷൈനിയും അഞ്ജുവുമൊക്കെ വളർന്നുവന്ന മേളയുടെ 59ാമത് പതിപ്പിന് കോഴിക്കോട് മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ ചൊവ്വാഴ്ച സമാപ്തിയായി. നാളെയിലേക്ക് കരുതിവെക്കാൻ ഒരുപാട് താരങ്ങളെ ഉയർത്തിക്കാട്ടിയാണ് കൊടിയിറക്കം. ഒരിക്കൽക്കൂടി എറണാകുളത്തെ കുട്ടികൾ കിരീടം മാറോടുചേർത്തു. അവരുടെ വിജയത്തിന് ചുക്കാൻപിടിച്ച കോതമംഗലത്തെ മാർ ബേസിൽ എച്ച്.എസ്.എസ്, സ്കൂൾ വിഭാഗത്തിലും ജേതാക്കളായി. വ്യാഴവട്ടം മുമ്പ് കോട്ടയത്തിെൻറയും കോരുത്തോടിെൻറയും ആധിപത്യം അവസാനിച്ച ശേഷം എറണാകുളത്തിെൻറ സമ്പൂർണാധിപത്യമാണ് കണ്ടുവരുന്നത്. ഇടക്ക് കിരീടം എത്തിപ്പിടിച്ച പാലക്കാടിെൻറ ശ്രമങ്ങൾ എല്ലായ്പോഴും രണ്ടാം സ്ഥാനത്ത് അവസാനിക്കാറാണ് പതിവ്. ഇത്തവണയും മാറ്റമുണ്ടായില്ല. ആതിഥേയരായ കോഴിക്കോട് മൂന്നാമതെത്തി. കായിക രംഗത്ത് ശ്രദ്ധപതിപ്പിച്ചു തുടങ്ങിയ നിരവധി സ്കൂളുകൾ മെച്ചപ്പെട്ട ഫലം വിളയിക്കുന്ന ശുഭകരമായ കാഴ്ചയും വന്നുതുടങ്ങി.
രാജ്യത്ത് ഇത്രയേറെ അടുക്കും ചിട്ടയോടെയും നടത്തുന്ന സ്കൂൾ കായികമേള വേറെ കാണില്ല. ദേശീയ സ്കൂൾ മീറ്റിൽ കേരളം വെല്ലുവിളികളില്ലാതെ മുന്നേറുന്നതും മറ്റൊന്നും കൊണ്ടല്ല. ഓരോ മേളയും നമുക്ക് സമ്മാനിക്കുന്നത് അത്രയേറെ താരങ്ങളെയാണ്. ഇതിനകം അന്താരാഷ്ട്ര യൂത്ത് മീറ്റുകളിൽ സ്പ്രിൻറ്, മധ്യദൂര ഓട്ടങ്ങളിൽ സാന്നിധ്യമറിയിച്ച ജിസ്ന മാത്യു, അബിത മേരി മാനുവൽ, അനുമോൾ തമ്പി, ജംപ്, ത്രോ ഇനങ്ങളിൽ ഉയര ദൂരങ്ങൾ കീഴടക്കുന്ന എൻ. അനസ്, പി.ആർ. ഐശ്വര്യ, ജിയോ ജോസ് തുടങ്ങിയവരൊക്കെ കാഴ്ചവെച്ച പ്രകടനം പറയുന്നത് കേരളത്തിെൻറ കായിക ഭാവി ഈ പറക്കും കാലുകളിൽ ഭദ്രമാണെന്നാണ്.
പരാതികൾക്കും പരാധീനതകൾക്കും അതീതമാണ് മേളയുടെ നടത്തിപ്പ്. മലപ്പുറത്ത് നിശ്ചയിച്ച മീറ്റിെൻറ വേദി പെട്ടെന്ന് മാറ്റിയപ്പോൾ ഏറ്റെടുത്ത് നടത്തേണ്ടിവന്നിട്ടും കോഴിക്കോട് ആതിഥ്യം ഭംഗിയാക്കി. എന്നാൽ, മേളയുടെ മൂന്നാം ദിവസം റിലേ മത്സരവുമായി ബന്ധപ്പെട്ടുണ്ടായ കശപിശ കല്ലുകടിയായെന്ന് പറയാതെവയ്യ. മാന്വൽ മാനദണ്ഡങ്ങൾ നടപ്പാക്കിയാൽ അഞ്ചു മിനിറ്റുകൊണ്ട് പരിഹരിക്കപ്പെടേണ്ട കാര്യങ്ങളാണ് അനാവശ്യമായി മണിക്കൂറുകൾ നീണ്ടതും മത്സരം തടസ്സപ്പെടാനിടയായതും. ആതിഥേയ ജില്ലതന്നെ കാരണക്കാരായ ഇത്തരം വിവാദങ്ങൾ ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്തതാണ്.
സ്കൂൾ മേളകൾ സിന്തറ്റിക് പ്രതലത്തിൽ മാത്രമേ നടത്തൂവെന്ന സമീപകാല തീരുമാനം കാരണം രണ്ടു പതിറ്റാണ്ടിെൻറ ഇടവേള കഴിഞ്ഞു മാത്രമാണ് കോഴിക്കോട് മേളക്ക് ആതിഥേയത്വം വഹിച്ചത്. ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിലെ പുതുതായി നിർമിച്ച ട്രാക്കിെൻറ ഗുണം മത്സരങ്ങളിൽ പ്രതിഫലിച്ചു. ഏറെ പഴക്കംചെന്നതുൾപ്പെടെ 20 റെക്കോഡുകളാണ് ഇവിടെ തിരുത്തിയെഴുതിയത്. ഓരോ മേളക്കിടയിലും ഉയർന്നുവരുന്ന ഉത്തേജക മരുന്നുപയോഗ വിവാദം ഏറക്കുറെ പൂർണമായും ഒഴിവായ മേള കൂടിയാണിത്. നാഡയുടെ സാന്നിധ്യം ഇതിന് കാരണമായെന്നതിൽ രണ്ടുപക്ഷമില്ല. മറുവശത്ത് സബ് ജൂനിയർ, ജൂനിയർ തലത്തിൽ മത്സരിക്കുന്നവരുടെ പ്രായത്തെച്ചൊല്ലിയുള്ള മുറുമുറുപ്പ് ബാക്കിയാണ്. നിലവാരം കൂടിയ കായികോപകരണങ്ങളും യന്ത്രസംവിധാനങ്ങളും ഉപയോഗപ്പെടുത്തിയതും മേളയുടെ ഗാംഭീര്യത്തിന് മിഴിവേകി. ദേശീയ ഗെയിംസിന് കേരളമൊരുക്കിയ സംവിധാനങ്ങൾ സ്കൂൾ മേളകൾക്ക് പൂർണമായും ഉപയോഗപ്പെടുത്താനായാൽ നടത്തിപ്പ് കൂടുതൽ കുറ്റമറ്റതാക്കാനാവും.
ഓരോ സ്കൂൾ കായികമേള സമാപിക്കുമ്പോഴും ഉയർന്നുപൊങ്ങുന്ന ചോദ്യങ്ങൾ ഇവിടെയും അവസാനിക്കുന്നില്ല. കഴിഞ്ഞ മേളകളിൽ നക്ഷത്രശോഭയിൽ പടിയിറങ്ങിയവർ ഇന്നെവിടെയെന്ന കൗതുകകരമായ ചോദ്യം. അപൂർവം ചിലർ മാത്രം അന്തർദേശീയ തലങ്ങളിൽ നേട്ടംകൊയ്യുമ്പോൾ മറ്റു ചിലരുടെ മിന്നലാട്ടങ്ങൾ ദേശീയ മീറ്റുകളിൽ അവസാനിക്കുന്നു. ഭൂരിഭാഗവും വിസ്മൃതിയുടെ മാറാപ്പിലേക്ക് മറയുന്നതാണ് ചരിത്രം. താൽക്കാലിക നേട്ടങ്ങൾക്കുവേണ്ടി കുട്ടികളുടെ പ്രതിഭ കത്തിച്ചുത്തീർക്കുന്ന പ്രവണത ഏറെയാണെന്ന ആക്ഷേപം ശക്തമാണ്. സ്കൂളുകളുടെ പോയൻറ് കൂട്ടാൻ തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന രീതി ഇല്ലാതാക്കുന്നത് ഈ മേളകൾ കണ്ടെടുക്കുന്ന മാണിക്യങ്ങളെയാണ്. ഓരോ മേളകളിലും പ്രതിഭാ സ്പർശം തെളിയിക്കുന്നവർ അടുത്ത വർഷം ചാമ്പ്യൻ സ്കൂളുകളിലേക്കും ജില്ലകളിലേക്കും മാറിവരുന്ന രീതി തുടരുകയാണ്.
മെച്ചപ്പെട്ട പരിശീലന സൗകര്യങ്ങൾ തേടിയും ഭാവിയിൽ പ്രതീക്ഷയർപ്പിച്ചും താരങ്ങൾ കൂടുമാറുന്നു. സർക്കാറുകൾ ലക്ഷങ്ങൾ ചെലവഴിച്ച് നടത്തുന്ന സ്പോർട്സ് സ്കൂളുകളും സായി സെൻററുകളും നോക്കുകുത്തിയായി നിൽക്കെയാണ് ഈ മാറ്റം. കിരീടം നേടുന്ന ജില്ലകളുടെ കുട്ടികളുടെ ദേശം തിരഞ്ഞാൽ അവരിൽ മിക്കവരും പോയൻറ് പട്ടികയിൽ പിന്നിലായിപ്പോയ ജില്ലകളിൽനിന്നാവും. ഇത്തവണ കാസർകോടിന് ഒരു മെഡൽപോലും നേടാനായിട്ടില്ല. ഉഷയെ ഈ നാടിന് നൽകിയ സ്പോർട്സ് സ്കൂളുള്ള കണ്ണൂരിന് ലഭിച്ചത് ഏഴു പോയൻറ്. അതേസമയം, തൃശൂരും മലപ്പുറവും കൂടുതൽ കരുത്താർജിക്കുന്നതിെൻറ ചിത്രവും ഇവിടെ തെളിയുന്നു. മേളകളുടെ ഭംഗിയായ നടത്തിപ്പ് മാത്രമാവരുത് ലക്ഷ്യം. എല്ലാ സ്കൂളുകളിലും കായിക വിദ്യാഭ്യാസം നിർബന്ധമാക്കണം. പ്രതിഭകളെ ചെറുപ്പത്തിലേ കണ്ടെത്തി വളർത്തിയെടുക്കണം. കൂടുതൽ ചിട്ടയോടെ ശാസ്ത്രീയമായ പരിശീലനം ലഭിച്ചാൽ മികവിെൻറ വജ്രായുധമാകാൻ കഴിയുമെന്ന് ജിസ്നയും അബിതയും അനുമോളും ഐശ്വര്യയുമൊക്കെ ഈ മീറ്റിലും നമ്മോട് പറയുന്നുണ്ട്. അതിനാവണം ഇനിയുള്ള ശ്രമങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.