‘പൊതുവികാര’ത്തിന്‍െറ പേരില്‍ ചുട്ടെടുത്ത ബാലനീതി നിയമം
text_fieldsഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ കൗമാരക്കാരനായ പ്രതി മൂന്നുവര്‍ഷത്തെ ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയ സന്ദര്‍ഭത്തില്‍ ഉയര്‍ന്നുകേട്ട കോലാഹലങ്ങള്‍ പുതിയൊരു നിയമനിര്‍മാണത്തിന്‍െറ വേഗം കൂട്ടിയത് കാതലായ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. പൊതുവികാരം കണക്കിലെടുത്ത് ചുട്ടെടുക്കേണ്ടതാണോ രാജ്യത്തിന്‍െറ നിയമങ്ങള്‍? ഓരോ സംഭവം ഉണ്ടാവുമ്പോഴും ശാശ്വതപ്രതിവിധിയെന്നോണം നിയമനിര്‍മാണത്തിന് ഇറങ്ങിപ്പുറപ്പെട്ടാല്‍ എന്തുമാത്രം നിയമ അരാജകത്വമായിരിക്കും ഉണ്ടാവാന്‍ പോകുന്നത്? ഡല്‍ഹി കൂട്ടബലാത്സംഗത്തിന്‍െറ പശ്ചാത്തലത്തില്‍ 2000ലെ ബാലനീതി നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതികള്‍ ലോക്സഭ നേരത്തെ പാസാക്കിയിരുന്നുവെങ്കിലും രാജ്യസഭ കക്ഷിപക്ഷങ്ങള്‍ മറന്ന് ഇപ്പോള്‍ ധിറുതിപിടിച്ച് അതിനു അംഗീകാരം നല്‍കിയത് കൗമാര കുറ്റവാളിയെ മോചിപ്പിച്ചതിനോട് ഉയര്‍ന്നുകേട്ട രോഷപ്രകടനം കണ്ടിട്ടാവാനേ തരമുള്ളൂ. നിയമം കൊണ്ടുവന്ന സര്‍ക്കാറിനും ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ക്കും ഈ വിഷയത്തില്‍ സ്പഷ്ടമായ കാഴ്ചപ്പാടോ സുചിന്തിതമായ നിലപാടോ ഇല്ല എന്ന് രാജ്യസഭയില്‍ ചൊവ്വാഴ്ച നടന്ന ചര്‍ച്ചകളില്‍നിന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ബാലനീതി നിയമത്തിന്‍െറ ആത്യന്തിക ലക്ഷ്യമെന്താണെന്നോ കൗമാര കുറ്റവാളികള്‍ പെരുകുന്ന സാഹചര്യത്തില്‍ ഫലപ്രദമായ പ്രതിവിധി എന്തായിരിക്കണമെന്നോ വിദഗ്ധരുമായി ആലോചിക്കാന്‍പോലും കാത്തുനില്‍ക്കാതെയാണ്, കൂട്ടബലാത്സംഗത്തിന്‍െറ ഇര നിര്‍ഭയയുടെ (ജ്യോതി സിങ്ങിന്‍െറ) മാതാപിതാക്കളെ സഭാ ഗാലറിയില്‍ ഇരുത്തി നാലു മണിക്കൂര്‍ ചര്‍ച്ചക്കുശേഷം പാസാക്കിയെടുത്തത്.
ജുവനൈല്‍ ജസ്റ്റിസ് ആക്ട് ഇതുവരെ 18 വയസ്സിനു താഴെ പ്രായമുള്ളവര്‍ക്കാണ് ബാധകമായിരുന്നതെങ്കില്‍ മേലില്‍ 16 വയസ്സായി നിശ്ചയിച്ചതാണ് നിയമഭേദഗതിയിലെ സുപ്രധാന വശം. ഇനിയങ്ങോട്ട്, ഗുരുതര കുറ്റങ്ങള്‍ ചെയ്യുന്ന 16നും 18നും ഇടയിലുള്ള കൗമാരക്കാരുടെ കേസുകളും മുതിര്‍ന്നവരുടെ കോടതിയാകും കൈകാര്യം ചെയ്യുക. പരമാവധി ഏഴുവര്‍ഷത്തെ തടവ് നല്‍കാനും വ്യവസ്ഥ ചെയ്യുന്നുണ്ട്. 21 വയസ്സുവരെ പ്രത്യേക പരിപാലന കേന്ദ്രത്തില്‍ (ബോസ്റ്റല്‍) താമസിപ്പിക്കാനും വ്യവസ്ഥയുണ്ടാകും. നിയമഭേദഗതിയോട് ചില അംഗങ്ങളെങ്കിലും വിയോജിപ്പ് രേഖപ്പെടുത്തിയത് വിഷയത്തെ വൈകാരികമായി സമീപിക്കുന്നത് കണ്ടിട്ടാവണം. മന$ശാസ്ത്ര വിദഗ്ധരുടെയും സാമൂഹികശാസ്ത്രജ്ഞരുടെയും മാര്‍ഗദര്‍ശനവും ഉപദേശവും അനിവാര്യമായ ഇത്തരം വിഷയങ്ങള്‍ സെലക്ട് കമ്മിറ്റിക്ക് വിടാനുള്ള സത്യസന്ധതയെങ്കിലും കേന്ദ്രസര്‍ക്കാര്‍ കാട്ടണമായിരുന്നു. നിര്‍ഭയ കേസിലെ പ്രതിയെ വീണ്ടും ജയിലിലേക്കയക്കാന്‍ പുതിയ നിയമത്തിന് ഒരുനിലക്കും സാധ്യമല്ളെന്നിരിക്കെ അവരുടെ മാതാപിതാക്കളെ മൂകസാക്ഷിയാക്കി നിര്‍ത്തി നിയമനിര്‍മാണം പൂര്‍ത്തിയാക്കാന്‍ കാട്ടിയ തത്രപ്പാടിനെ എങ്ങനെയാണ് ന്യായീകരിക്കാനാവുക. ഇനി 14 വയസ്സുള്ള കുട്ടിയാണ് ബലാത്സംഗം പോലുള്ള ക്രൂരകൃത്യം ചെയ്തതെങ്കില്‍ പ്രായപരിധി വീണ്ടും താഴോട്ടേക്കിറക്കുകയാണോ പ്രതിവിധി എന്ന ചോദ്യത്തിനു ബില്‍ അവതരിപ്പിച്ച മന്ത്രി മേനക ഗാന്ധിയുടെ പക്കല്‍പോലും മറുപടി ഉണ്ടായിരുന്നില്ല.
ബാലനീതി നിയമത്തിന്‍െറ ആത്യന്തിക ലക്ഷ്യം കുറ്റവാളികളായ ഇളംപ്രായക്കാരെ ശിക്ഷിക്കലല്ല, പ്രത്യുത, മാനസാന്തരത്തിനും സാമൂഹിക ഉദ്ഗ്രഥനത്തിനും അതുവഴി പുനരധിവാസത്തിനും സാഹചര്യമൊരുക്കുക എന്നതാണ്. ഇരകളുടെ അവകാശത്തിനെന്നപോലെ കുട്ടികളുടെ അവകാശത്തിനും നിയമം തുല്യപ്രാധാന്യം കല്‍പിക്കുന്നുണ്ട്. ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ഈ വീക്ഷണകോണിലൂടെ നോക്കുമ്പോള്‍ നിര്‍ഭയയുടെ ഘാതകരിലൊരാള്‍ ജയില്‍മോചിതനായി എന്ന കാര്യത്തില്‍ വേവലാതിപ്പെടുന്നതിനു പകരം അവനെ മനുഷ്യനാക്കി എടുക്കുന്നതില്‍ നമ്മുടെ വ്യവസ്ഥിതി വിജയിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് വേണ്ടത്. പ്രതിയില്‍ മാനസാന്തരമുണ്ടാക്കുന്നതില്‍ എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന് സുപ്രീംകോടതിക്ക് ചോദിക്കേണ്ടിവന്ന സാഹചര്യം ഇരുത്തിച്ചിന്തിപ്പിക്കേണ്ടതുണ്ട്. ഇപ്പോള്‍ ഇരുപത്തിയൊന്ന് വയസ്സ് തികഞ്ഞ പ്രതിയെ മൂന്നുവര്‍ഷം താമസിപ്പിച്ചത് കശ്മീരി തീവ്രവാദിയെ താമസിപ്പിച്ച അതേ സെല്ലിലാണെന്നും അവനും തീവ്രവിചാരഗതിക്കാരനായി മാറിയിട്ടുണ്ടാവാമെന്നുമുള്ള അധികൃതരുടെ വെളിപ്പെടുത്തല്‍ വിഷയത്തെ സമീപിക്കുന്നത് അവധാനതയോടെയല്ല എന്ന് വ്യക്തമാക്കുന്നു. ജുവനൈല്‍ ആക്ടിന്‍െറ പരമലക്ഷ്യം കുട്ടികുറ്റവാളികളെ അവരെ വഴിതെറ്റിച്ച ജീവിതസാഹചര്യങ്ങളില്‍നിന്ന് പിഴുതുമാറ്റി മാനസിക ആരോഗ്യം പ്രദാനം ചെയ്യുന്ന പുതിയ ആവാസവ്യവസ്ഥയിലേക്ക് പുനരധിവസിപ്പിക്കുക എന്നതാണ്. ഭരണകൂടത്തിന്‍െറ കടമയാണത്. ആ കടമ നിറവേറ്റുന്നതില്‍ പരാജയപ്പെടുമ്പോഴാണ്, നിലവിലെ നിയമത്തെ പഴിച്ച് പുതിയത് ഉണ്ടാക്കാനും അതുവഴി കൂടുതല്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനും പ്രേരണയാവുന്നത്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുപോലും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമല്ളെന്നും പലപ്പോഴും രാഷ്ട്രീയ ഭിക്ഷാംദേഹികളെ കൊണ്ട് കുത്തിനിറച്ച് അതിന്‍െറ കാര്യക്ഷമത നശിപ്പിക്കുകയാണെന്നുമുള്ള പരിദേവനം ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ കൗമാരപ്രായക്കാര്‍ക്ക് അവസരമൊരുക്കിക്കൊടുക്കുന്ന സാഹചര്യങ്ങളെ എങ്ങനെ ഇല്ലാതാക്കാം എന്ന ഗൗരവമേറിയ ആലോചനയില്‍നിന്നാവണമായിരുന്നു ഈ വിഷയത്തിലുള്ള ചര്‍ച്ചക്കുപോലും തുടക്കം കുറിക്കേണ്ടിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.