ഗവേഷണരംഗത്തും നിക്ഷിപ്ത താൽപര്യങ്ങൾ
text_fieldsഗവേഷണരംഗത്ത് നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന പുതിയ പരിഷ്കാരം രാജ്യത്തെ ശാസ്ത്ര–വിദ്യാഭ്യാസ –ഗവേഷണ മേഖലകളിൽ ആശങ്ക പടർത്തിയത് സ്വാഭാവികം. ഗവേഷണങ്ങൾ സ്വാശ്രയ സംരംഭങ്ങളാക്കുകയും ഗവേഷണത്തിനാവശ്യമായ പണം ഗവേഷകരും സ്ഥാപകരും സ്വയം കണ്ടെത്തണമെന്ന് നിർബന്ധിക്കുകയും ചെയ്യുന്നതാണ് വിവാദമായിരിക്കുന്നത്. രാജ്യത്തെ ശാസ്ത്ര–സാങ്കേതിക ഗവേഷണമേഖലയുടെ ചുക്കാൻപിടിക്കുന്ന സി.എസ്.ഐ.ആർ (ശാസ്ത്ര–വ്യവസായ ഗവേഷണ സമിതി) ഇനിയങ്ങോട്ട് ചെലവിെൻറ പകുതി സ്വയം കണ്ടെത്തിക്കൊള്ളണമെന്ന് കേന്ദ്ര ശാസ്ത്ര–സാങ്കേതിക മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നു. സി.എസ്.ഐ.ആറിനു കീഴിലെ എല്ലാ ലബോറട്ടറികൾക്കും എല്ലാ ഗവേഷകർക്കും ഈ ഉത്തരവ് ബാധകമാണ്.
പേറ്റൻറ്വഴിയും വിദേശകമ്പനികളിൽനിന്നും മറ്റുമായി പണം സ്വയം കണ്ടെത്തണമെന്നു മാത്രമല്ല, ഗവേഷണത്തിെൻറ പുരോഗതി സംബന്ധിച്ച് മാസംതോറും റിപ്പോർട്ട് നൽകുകയും വേണം. കേന്ദ്രസർക്കാറിെൻറ ‘സാമൂഹിക–സാമ്പത്തിക ലക്ഷ്യങ്ങൾക്ക്’ അനുസൃതമായിട്ടാണ് ഗവേഷണമെല്ലാം നടക്കുന്നതെന്ന് ഉറപ്പുവരുത്താനാണത്രെ ഇത്. ഗവേഷകരിൽനിന്ന് ഗുണഫലം തിരിച്ചുപ്രതീക്ഷിക്കുന്നതിലോ അതിനുവേണ്ടി പരിശോധനയും ചുമതലയും നിശ്ചയിക്കുന്നതിലോ ദോഷമില്ല. പക്ഷേ, ഗവേഷണത്തെ ലാഭം മാത്രം നോക്കിയുള്ള തൊഴിലാക്കി എണ്ണുന്ന രീതി അതിനെ നശിപ്പിക്കാനേ ഉതകൂ. മാത്രമല്ല, സർക്കാറിെൻറ ‘സാമൂഹിക– സാമ്പത്തിക ലക്ഷ്യങ്ങൾ’ നിറവേറ്റുന്നതിൽ മാത്രം അതിനെ ഒതുക്കിനിർത്തുന്നത് ഗവേഷണത്തെ ഭരണകൂടത്തിെൻറ ഉപകരണമാക്കി മാറ്റുകയും ചെയ്യും. ദേശീയ യോഗ്യതാ പരീക്ഷ (നെറ്റ്) ജയിക്കാത്തവർക്ക് ഇനിയങ്ങോട്ട് റിസർച് ഫെലോഷിപ്പും മറ്റു ധനസഹായങ്ങളും നൽകേണ്ടതില്ലെന്ന യു.ജി.സി തീരുമാനം ഇതിനകംതന്നെ വിവാദമായിക്കഴിഞ്ഞിരിക്കുന്നു. ഉന്നത വിദ്യാഭ്യാസരംഗത്തെ ഗവേഷണപ്രവർത്തനങ്ങളെ അധ്യാപക ജോലിക്കുവേണ്ടിയുള്ള യോഗ്യതയെന്ന ഒറ്റ ബിന്ദുവിൽ ഒതുക്കാനാണ് അത് നിമിത്തമായിരിക്കുന്നത്. മൊത്തത്തിൽ, സ്വതന്ത്രഗവേഷണം ഇവിടെ നടക്കേണ്ടതില്ലെന്ന്, പ്രാചീന കാലങ്ങളിൽ ലോകത്തിന് ശാസ്ത്രവിജ്ഞാനീയങ്ങളിൽ വഴികാണിച്ച ഇന്ത്യയിലെ പുതിയ നേതൃത്വം തീരുമാനിച്ചിരിക്കുന്നു.
ഗവേഷണച്ചെലവ് സ്വയം കണ്ടെത്തിക്കൊള്ളാൻ സി.എസ്.ഐ.ആർ ആവശ്യപ്പെടുന്നത്, അത്രയും പണം അവരുടെ പക്കൽ ഇല്ലാത്തതുകൊണ്ടാണത്രെ. ഇതുതന്നെ വിരോധാഭാസമാണ്. വിദ്യാഭ്യാസ, ഗവേഷണ മേഖലകൾക്ക് കൂടുതൽ ബജറ്റ് നീക്കിയിരിപ്പ് വേണമെന്നത് കുറെകാലമായി നിലനിൽക്കുന്ന ആവശ്യമാണ്. ഗവേഷണ പഠനങ്ങളെ ഭാവിയിലേക്കുള്ള നിക്ഷേപമായിട്ടല്ലാതെ ലാഭചേതക്കണ്ണുകളോടെ കാണുന്നത് പുരോഗമന സമൂഹത്തിെൻറ ലക്ഷണമല്ല. മറിച്ച്, അവയെ വ്യവസായ ഭീമന്മാരുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള ചെലവുകുറഞ്ഞ സംവിധാനങ്ങളാക്കുകയാകട്ടെ മുതലാളിത്ത സംസ്കാരത്തിെൻറ ശീലവും. സർക്കാർ സ്വയം പിൻവലിക്കുമ്പോൾ സംഭവിക്കുക അതാണ്. ഗവേഷണ മേഖല തളർന്നാൽ അത് നാടിെൻറ മൊത്തം വളർച്ചക്ക് ദോഷംചെയ്യുമെന്ന് എടുത്തുപറയേണ്ടതില്ല. പ്രധാനമന്ത്രിയുടെ ‘മേക് ഇൻ ഇന്ത്യ’ നയത്തിെൻറ താൽപര്യത്തിന് കടകവിരുദ്ധമാണ് ഗവേഷണരംഗത്തെ സ്വാശ്രയ സംസ്കാരം.
കോർപറേറ്റ് ബാധ മാത്രമല്ല പ്രശ്നം. ഗവേഷണ മേഖലയെ സ്വാശ്രയ രീതിയിലേക്ക് മാറ്റാനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടത് ജൂണിൽ ഡെറാഡൂണിൽവെച്ച് സംഘടിപ്പിച്ച ‘ചിന്തൻ ശിവിറി’ ലാണ്. അതിൽ ആർ.എസ്.എസിെൻറ ഉപസംഘടനയായ വിജ്ഞാൻ ഭാരതിയുടെ പ്രതിനിധികൾ കൂടി പങ്കെടുത്തിരുന്നു. സി.എസ്.ഐ.ആർ ലാബുകൾ മുഴുവൻ രണ്ടുവർഷംകൊണ്ട് സ്വാശ്രയ മാതൃകയിലേക്ക് മാറണമെന്ന നിർദേശം ആ ചിന്തൻ ശിവിറിേൻറതാണ്. ഗവേഷണ പ്രവർത്തനങ്ങളെ നിയന്ത്രിക്കുക ആരെന്നുമാത്രമല്ല, ഏതു രീതിയിൽ എന്നുകൂടി വ്യക്തമാക്കുന്നതാണ് ഈ ബന്ധം. നിലനിൽപിനായി കോർപറേറ്റുകളെയും വിദേശ വ്യവസായങ്ങളെയും ആശ്രയിക്കുമ്പോൾതന്നെ ലാബുകൾ ‘തദ്ദേശീയ ശാസ്ത്ര’ത്തെയും പോഷിപ്പിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ തീരുമാനമായിട്ടുണ്ട്. ‘പ്രാചീന ഇന്ത്യയിലെ പ്ലാസ്റ്റിക് സർജറിയെപറ്റിയും ജനറ്റിക് എൻജിനീയറിങ്ങിനെപറ്റിയും’ പ്രധാനമന്ത്രിതന്നെ ഈയിടെ വാചാലനായതുവെച്ച് നോക്കുമ്പോൾ എന്താണ് പോഷിപ്പിക്കപ്പെടുകയെന്ന് ഈഹിക്കാൻ പ്രയാസമില്ല.
അതേസമയം, ജനക്ഷേമത്തിേൻറതായ മേഖല വല്ലാതെ അവഗണിക്കപ്പെടുന്നുണ്ടെന്നത് വസ്തുതയാണ്. രാജ്യത്തെ ആരോഗ്യ ഗവേഷണ മേഖല നരേന്ദ്ര മോദിക്കു കീഴിൽ തികഞ്ഞ അവഗണന നേരിടുകയാണെന്ന് ‘ ലാൻസറ്റ്’ എഡിറ്റർ റിച്ചഡ് ഹോർട്ടൻ പറയുന്നു. ഔഷധ വിലനിയന്ത്രണം എടുത്തുമാറ്റിയ 108 ജീവൻരക്ഷാ മരുന്നുകളുടെ വില ഇപ്പോൾ കുതിച്ചുയരുന്നത് മറ്റൊരു സൂചനയാണ്. ഗവേഷണത്തെ പൊതുമേഖലയിൽനിന്ന് ഒഴിവാക്കി സ്വകാര്യ, സ്വാശ്രയ മേഖലയിലാക്കുന്നതോടെ നേട്ടം ചിലർക്കും നഷ്ടം രാജ്യത്തിനുമാണ്. വിദ്യാഭ്യാസത്തെയും ഗവേഷണത്തെയും നാം കോർപറേറ്റ്വത്കരണത്തിൽനിന്നും വർഗീയവത്കരണത്തിൽനിന്നും മുക്തമാക്കണം. രാജ്യത്തിെൻറ പൊതുതാൽപര്യം അതാണ്. മറിച്ചെങ്കിൽ നഷ്ടവും രാജ്യത്തിനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.