Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഉദ്യോഗസ്ഥന്‍െറ വായ

ഉദ്യോഗസ്ഥന്‍െറ വായ

text_fields
bookmark_border
ഉദ്യോഗസ്ഥന്‍െറ വായ
cancel

കേരള പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍െറ (കെ.പി.എച്ച്.സി.സി) മാനേജിങ് ഡയറക്ടറായ ജേക്കബ് തോമസ് ഐ.പി.എസിന്‍െറ സര്‍വിസ് ജീവിതം ഇന്ന് ചൂടുള്ള രാഷ്ട്രീയ വിവാദമാണ്. ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. ഇദ്ദേഹത്തിനുമുമ്പ് എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് കെ.പി.എച്ച്.സി.സിയുടെ തലവനായുണ്ടായിരുന്നത്. കെ.പി.എച്ച്.സി.സിയുടെ ഉത്തരവാദിത്തത്തില്‍ വരുന്നതിനുമുമ്പ് ജേക്കബ് തോമസ് ഫയര്‍ ആന്‍ഡ് റസ്ക്യൂ സര്‍വിസസിന്‍െറ ഡയറക്ടര്‍ ജനറലായിരുന്നു. ഫയര്‍ ആന്‍ഡ് റസ്ക്യൂ സര്‍വിസസിന്‍െറ ചുമതലയില്‍ വരുന്നതിനുമുമ്പ് വിജിലന്‍സിന്‍െറ ചുമതലയുള്ള എ.ഡി.ജി.പിയായിരുന്നു അദ്ദേഹം. 2015 ജൂണില്‍ വിജിലന്‍സില്‍നിന്ന് ഫയര്‍ ആന്‍ഡ് റസ്ക്യൂവിലേക്ക്; അവിടെ നാലു മാസത്തെ സേവനത്തിനുശേഷം കെ.പി.എച്ച്.സി.സിയിലേക്ക്. ഇടക്കിടെയുള്ള ഈ മാറ്റങ്ങള്‍, അതും അപ്രധാന തസ്തികകളിലേക്കുള്ള മാറ്റങ്ങള്‍ അവഹേളനപരമാണെന്നാണ് ജേക്കബ് തോമസിന്‍െറ നിലപാട്. ഇതിനെതിരെ അദ്ദേഹം പരസ്യമായി അഭിപ്രായപ്രകടനം നടത്തി. അതില്‍ വിശദീകരണം ചോദിച്ചുകൊണ്ട് കഴിഞ്ഞ മാസം 21ന് ചീഫ് സെക്രട്ടറി അദ്ദേഹത്തിന് കാരണംകാണിക്കല്‍ നോട്ടീസ് അയച്ചു. അതിന് മറുപടി നല്‍കുകയും സാങ്കേതിക നടപടികള്‍ തീര്‍ക്കുകയും ചെയ്യുന്നതിനുമുമ്പാണ് ബാര്‍ കോഴക്കേസ് തുടരാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള കോടതി ഉത്തരവും അതില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ടുള്ള ജേക്കബ് തോമസിന്‍െറ പ്രതികരണവും വരുന്നത്. പരസ്യപ്രതികരണത്തിന്‍െറ പേരില്‍ അദ്ദേഹത്തിന് വീണ്ടും നോട്ടീസ് അയച്ചു. താന്‍ അച്ചടക്കലംഘനം നടത്തിയതിന് എന്തു തെളിവാണുള്ളത് എന്ന മറുചോദ്യമാണ് ഈ നോട്ടീസിനുള്ള മറുപടിയായി ജേക്കബ് തോമസ് നല്‍കിയിരിക്കുന്നത്. ആദ്യം മറുപടി പറയൂ, എന്നിട്ടാകാം തെളിവുകള്‍ എന്നതാണ് ചീഫ് സെക്രട്ടറിയുടെ നിലപാട്.
ജേക്കബ് തോമസ് വിജിലന്‍സില്‍നിന്ന് ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന് എല്ലാവര്‍ക്കുമറിയാം. അദ്ദേഹം ആ സ്ഥാനത്തിരിക്കുമ്പോഴാണ് കെ.എം. മാണി ആരോപിതനായ ബാര്‍ കോഴക്കേസ് വരുന്നത്. പ്രസ്തുത കേസില്‍ വിജിലന്‍സ് എസ്.പിയായിരുന്ന ആര്‍. സുകേശന്‍ നല്‍കിയ റിപ്പോര്‍ട്ട് മാണിക്കെതിരായിരുന്നു. ബാര്‍ കോഴക്കേസിലെ ശക്തമായ നിലപാടിനെ തുടര്‍ന്നാണ് വിജിലന്‍സില്‍നിന്ന് അദ്ദേഹം ഫയര്‍ ആന്‍ഡ് റസ്ക്യൂവിലേക്ക് മാറ്റപ്പെടുന്നത്. ആ സമയത്ത് എ.ഡി.ജി.പി സ്ഥാനത്തുനിന്ന് ഡി.ജി.പി പദവിയിലേക്ക് അദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. സ്ഥാനക്കയറ്റം ലഭിക്കുമ്പോഴുണ്ടാകുന്ന സ്വാഭാവിക മാറ്റമെന്നാണ് സര്‍ക്കാര്‍ ഈ ചുമതലാമാറ്റത്തെ വ്യാഖ്യാനിച്ചത്. എന്നാല്‍, ജേക്കബ് തോമസ് അവിടെയും കല്ലുകടിയായി. അദ്ദേഹത്തിന്‍െറ കര്‍ശനമായ നിലപാടുകള്‍ വന്‍കിട നിര്‍മാതാക്കളുടെ വെറുപ്പ് സമ്പാദിക്കുന്നതായിരുന്നു. അവിടെനിന്ന് ഉടന്‍ കെ.പി.എച്ച്.സി.സിയിലേക്ക് മാറ്റം. അവിടെ എം.ഡി സ്ഥാനത്തിരിക്കെയാണ് മാണിക്കെതിരായ വിധി വരുന്നതും അതില്‍ ആഹ്ളാദം പ്രകടിപ്പിക്കുന്ന മട്ടില്‍ അദ്ദേഹം പ്രതികരിച്ചതും. തുടര്‍ന്ന് ചീഫ് സെക്രട്ടറി, ഡി.ജി.പി സെന്‍കുമാര്‍ എന്നിവര്‍ ഒരു വശത്തും ജേക്കബ് തോമസ് മറുവശത്തുമായുള്ള വാക്പോരും നടന്നു. ഉന്നത ഉദ്യോഗങ്ങളില്‍ കേട്ടുപരിചയമില്ലാത്തതാണ് ഇത്തരം വാക്പോരുകള്‍.
സര്‍വിസിലിരിക്കുന്നവര്‍ പാലിക്കേണ്ട മര്യാദകള്‍ ജേക്കബ് തോമസ് ലംഘിച്ചുവെന്നാണ് അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ പറയുന്നത്. സര്‍ക്കാര്‍ നയങ്ങളെ പരസ്യമായി വിമര്‍ശിക്കുന്നത് ഒരു ഉദ്യോഗസ്ഥനും ഭൂഷണമല്ല എന്ന് അവര്‍ പറയുന്നു. സര്‍ക്കാറിനെക്കുറിച്ച മോശം പ്രതിച്ഛായ സമൂഹത്തിലുണ്ടാക്കാനേ അദ്ദേഹത്തിന്‍െറ പ്രതികരണങ്ങള്‍ വഴിവെച്ചുള്ളൂ എന്നാണ് അവരുടെ വാദം. അതേസമയം, കോടതി ഉത്തരവില്‍ സന്തോഷം പ്രകടിപ്പിക്കുന്നത് എങ്ങനെ അച്ചടക്കലംഘനമാകും എന്നതാണ് ജേക്കബ് തോമസിന്‍െറ വാദം. കോടതിയും സ്റ്റേറ്റിന്‍െറ ഒരു അവയവംതന്നെയാണ്. സത്യമേവ ജയതേ എന്നതാകട്ടെ നമ്മുടെ ദേശീയ മുദ്രാവാക്യവുമാണ്. അങ്ങനെയിരിക്കെ കോടതിവിധി വന്നപ്പോള്‍ സത്യം ജയിച്ചു എന്ന് പറയുന്നതില്‍ എന്ത് അച്ചടക്കപ്രശ്നമാണുള്ളത് എന്ന ചോദ്യത്തിലും കൗതുകമുണ്ട്. കാര്യമെന്തായാലും ഉന്നത സര്‍വിസില്‍ അരാജകത്വം വരുന്നു എന്ന് സന്ദേശം പരക്കാന്‍ ഈ സംഭവങ്ങള്‍ കാരണമായി.
2014ലെ വിജയ ശങ്കര്‍ പാണ്ഡെ-യൂനിയന്‍ ഓഫ് ഇന്ത്യ കേസിലെ സുപ്രീംകോടതി വിധി ഉദ്ധരിച്ചുകൊണ്ടാണ് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ഈ ഈ പ്രശ്നത്തില്‍ ഇടപെട്ടത്. ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശത്തില്‍പെട്ടതാണ് അഭിപ്രായസ്വാതന്ത്ര്യം. ഈ സ്വാതന്ത്ര്യം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ബാധകമാണെന്നാണ് സുപ്രീംകോടതിയെ ഉദ്ധരിച്ച് വി.എസ് പറയുന്നത്. സര്‍ക്കാര്‍ നയങ്ങളെ പിന്തുണക്കുകയെന്ന് പറഞ്ഞാല്‍ അഴിമതിയെ പിന്തുണക്കുകയെന്നല്ല. ദുര്‍ഭരണത്തിനെതിരെ പ്രതികരിക്കുന്നത് ചട്ടലംഘനമാവുകയില്ല. സത്യസന്ധരായ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ വിരട്ടിനിര്‍ത്തുകയാണ് -ഇങ്ങനെ പോകുന്നു വി.എസിന്‍െറ ആരോപണങ്ങള്‍.
നിയമത്തിന്‍െറ സാങ്കേതികത്വങ്ങള്‍ പരിശോധിക്കുമ്പോള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ജേക്കബ് തോമസിന്‍െറ നടപടികളില്‍ ചട്ടലംഘനങ്ങള്‍ കണ്ടത്തെിയെന്ന് വരാം. അതുമായി ബന്ധപ്പെട്ട സാങ്കേതിക തര്‍ക്കങ്ങളും സംവാദങ്ങളും ഇനിയും തുടരും. പക്ഷേ, ഒരു കാര്യം വ്യക്തം: പ്രാഗല്ഭ്യം തെളിയിച്ച ഈ ഉദ്യോഗസ്ഥനോട് സര്‍ക്കാര്‍ പ്രതികാരനടപടികള്‍ സ്വീകരിക്കുന്നുവെന്ന തോന്നല്‍ പൊതുജനങ്ങള്‍ക്കിടയില്‍ വേണ്ടുവോളം സൃഷ്ടിക്കുന്നതാണ് സര്‍ക്കാറിന്‍െറ നീക്കങ്ങള്‍. എല്ലാ സാങ്കേതികതകള്‍ക്കുമപ്പുറത്താണ് ജനകീയ സര്‍ക്കാറിന്‍െറ നിലനില്‍പ് എന്ന കാര്യം മുഖ്യമന്ത്രിയും സഹപ്രവര്‍ത്തകരും മറക്കരുത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorial
Next Story