ഇത് എല്ലാവരുടെയും രാജ്യമാണ്
text_fieldsകഴിഞ്ഞ ഏതാനും നാളുകളായി രാഷ്ട്രപതി മുതല്‍ വാരാണസിയിലെ സാദാ വോട്ടറടക്കമുള്ള കോടിക്കണക്കിന് പൗരന്മാരുടെ അതേ മനോവികാരം തന്നെയാണ് ലോകം ആദരിക്കുന്ന ഇന്ത്യന്‍ ചലച്ചിത്ര താരം ഷാറൂഖ് ഖാന്‍ തന്‍െറ അമ്പതാം പിറന്നാളിന് ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തിലും പ്രകടിപ്പിച്ചത്: അസഹിഷ്ണുത രാജ്യത്ത് വളരുകയാണ്. മതേതരത്വവും മതാദരവും കാത്തുസൂക്ഷിക്കാത്തത് രാജ്യത്തോട് ചെയ്യുന്ന കുറ്റകൃത്യമാണ്. അദ്ദേഹം ആരെയും പേരെടുത്ത് വിമര്‍ശിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തില്ല. ഗൗരവപൂര്‍വം എല്ലാവരും ഉള്‍ക്കൊള്ളേണ്ട പക്വതയാര്‍ന്ന അഭിപ്രായമായിരുന്നു അത്. ഭരണകൂടഹിതത്തിനെതിരെ അടുത്തിടെയുണ്ടായ ഏതൊരു വിമര്‍ശവുംപോലെ ബി.ജെ.പി അതും രാജ്യദ്രോഹ പ്രസ്താവനകളുടെ ഗണത്തില്‍പെടുത്തിയിരിക്കുന്നു. അങ്ങനെ സ്വാതന്ത്ര്യസമരത്തില്‍ അണിചേരാന്‍ പെഷാവറില്‍നിന്നുവന്ന് ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാന്‍െറ ശിഷ്യനായിത്തീര്‍ന്ന മിര്‍താജ് മുഹമ്മദ് ഖാനിന്‍െറയും സുഭാഷ് ചന്ദ്രബോസിന്‍െറ ഐ.എന്‍.എയില്‍ മേജര്‍ ജനറലായിരുന്ന ഷാനവാസ് ഖാനിന്‍െറ ദത്തുപുത്രി ലത്തീഫ ഫാത്തിമയുടെയും മകന്‍ ഒറ്റ പ്രസ്താവനയിലൂടെ രാജ്യം ഭരിക്കുന്നവരുടെ കണ്ണില്‍ രാജ്യദ്രോഹിയും ഇന്ത്യയില്‍ താമസിക്കാന്‍കൊള്ളാത്തവനുമായിത്തീര്‍ന്നിരിക്കുന്നു; തന്‍െറ അഭിനയ പ്രതിഭകൊണ്ട് ലോകത്ത് രാജ്യത്തിന്‍െറ അഭിമാന സ്തംഭമായി നിലകൊണ്ടിട്ടുപോലും.
ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്, ഷാറൂഖിന്‍െറ ഹൃദയം പാകിസ്താനിലാണെന്ന അസഹിഷ്ണുതയുടെ പ്രതികരണവുമായാണ് രംഗത്തത്തെിയത്. യു.എന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വത്തിന് ശ്രമിക്കുന്ന ഇന്ത്യയുടെ യശസ്സ് തകര്‍ക്കാനുളള പാക് ഗൂഢാലോചനയുടെ ഭാഗമാണ് ഷാറൂഖിന്‍െറ പ്രസ്താവനയെന്ന് അദ്ദേഹം ധ്വനിപ്പിക്കുകയും ചെയ്തു. വി.എച്ച്.പി നേതാവ് സാധ്വി പ്രാചി വളച്ചുകെട്ടില്ലാതെ പാക് ചാരനെന്നുതന്നെ ബോളിവുഡ് താരത്തെ വിശേഷിപ്പിച്ചു. യോഗി ആദിത്യനാഥും ബി.ജെ.പി എം.പി മീനാക്ഷി ലേഖിയുമെല്ലാം വിദ്വേഷ പ്രചാരണത്തിന്‍െറ അവസരം നിര്‍ലോഭം പ്രയോജനപ്പെടുത്തി. ഷാറൂഖ്ഖാന്‍ മുസ്ലിമായതുകൊണ്ടാണ് ബി.ജെ.പി ഇത്തരത്തില്‍ നികൃഷ്ട പ്രസ്താവനയിറക്കുന്നതെന്ന് ആരോപിക്കുന്നത് പാക് വിദ്വേഷ രാഷ്ട്രീയത്തിലൂടെ എങ്ങനെ പൗരന്മാരെ വിഭജിക്കാമെന്നതില്‍ ഡോക്ടറേറ്റ് നേടിയ ശിവസേന എം.പി സഞ്ജയ് റാവത്താണ്. ബോധപൂര്‍വം ഉല്‍പാദിപ്പിക്കുന്ന ഇത്തരം ഭീതിയുടെ അനിവാര്യമായ പരിണതിയാണ് നിയമവിധേയരായി മുംബൈയിലത്തെിയ പാക് കുടുംബത്തിന് താമസിക്കാന്‍ ഒരു ഹോട്ടലും മുറി നല്‍കാതെ രാത്രി മുഴുവന്‍ തെരുവില്‍ അലയേണ്ടി വന്നത്. ഖാന്മാരുടെ സിനിമ കാണുന്ന തിയറ്ററുകള്‍ കൈയേറി, വ്യത്യസ്ത അഭിപ്രായങ്ങള്‍ എഴുതുന്ന പുസ്തകങ്ങള്‍ കത്തിച്ച്, വിയോജനക്കുറിപ്പുകളെഴുതുന്ന പത്രസ്ഥാപനങ്ങളെ തല്ലിത്തകര്‍ത്ത്, കലാകാരന്മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും കളിക്കാര്‍ക്കും നിരോധമേര്‍പ്പെടുത്തി നാം എന്ത് സഹിഷ്ണുതയുടെയും ബഹുസ്വരതയുടെയും അനുഭവമാണ് ലോകത്തിന് നല്‍കുന്നത്? മാനവികതയുടെ ഋഷിശൃംഖങ്ങളില്‍ വിരാജിക്കുന്ന, മാതൃകോത്തമമായ രാജ്യമാണ് ഇന്ത്യ എന്ന ഭരണാധികാരികളുടെ പ്രസ്താവന കേട്ട് ലോകം പരിഹസിച്ച് ചിരിക്കുന്നുണ്ടാകില്ളേ? ലോകത്തിന് മാതൃകയാക്കാന്‍ കഴിയുംവിധം സഹിഷ്ണുതയും ബഹുസ്വരതയും പൂത്തുലയുന്ന ഇന്ത്യാ രാജ്യത്തിന്‍െറ പ്രതിച്ഛായ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുകയാണെന്ന ബി.ജെ.പി പരിഭവമാണ് തമാശ. കൈലാഷിനെപ്പോലെത്തെ ദേശീയ ജനറല്‍ സെക്രട്ടറിമാരും യോഗി ആദിത്യനെപ്പോലെയുള്ള എം.പിമാരും ധാരാളമുള്ളപ്പോള്‍ രാജ്യത്തിന്‍െറ പ്രതിച്ഛായ തകര്‍ക്കാന്‍ മറ്റാരുടെയും ആവശ്യമില്ല.
അനിഷ്ടകരമായി ആരെങ്കിലും എഴുതുകയോ പറയുകയോ ചെയ്താല്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്കാരില്‍നിന്ന് ഉടനെ കേള്‍ക്കുന്ന പ്രയോഗമാണ് പാകിസ്താനിലേക്ക് പോകൂവെന്ന്; വിശേഷിച്ച് മുസ്ലിമാണെങ്കില്‍. രാജ്യം ഒരു പ്രത്യേക വിഭാഗത്തിന്‍േറത് മാത്രമെന്ന പ്രതീതി ജനിപ്പിക്കുന്നതിലും അത് സാര്‍വാംഗീകൃതമാക്കുന്നതിലുമുള്ള വിദ്വേഷ അജണ്ടകളാണ് സംഘ് രാഷ്ട്രീയം വിവാദങ്ങളിലൂടെ ഉന്നംവെക്കുന്നത്. രണ്ട് ദേശങ്ങളിലൊന്നില്‍ തെരഞ്ഞെടുക്കാന്‍ അവസരമുണ്ടായിട്ടും ഇന്ത്യയെ മാതൃരാജ്യമായി അഭിമാനപൂര്‍വം സ്വീകരിച്ചവരാണ് ഇന്ത്യന്‍ മുസ്ലിംകള്‍. അതുതന്നെ മതി അവരുടെ ദേശസ്നേഹത്തിന് തെളിവായി. ഇന്ത്യ എല്ലാ പൗരന്മാര്‍ക്കും തുല്യതയും അവകാശവുമുള്ള ജനാധിപത്യരാജ്യമാണ്. അതെന്‍േറതാണ്, നിങ്ങളോരോരുത്തരുടെയും. 121 കോടിവരുന്ന നമ്മുടെയെല്ലാവരുടെയും. ഇറങ്ങിപ്പോകാന്‍ പറയാന്‍ ആര്‍ക്കും യാതൊരു പ്രത്യേക അവകാശവും തീറെഴുതി നല്‍കാത്ത ജനാധിപത്യരാജ്യം. ഭരണകൂടത്തെയും സാമൂഹിക സംവിധാനങ്ങളെയും വിമര്‍ശിക്കാനും വിശകലനം ചെയ്യാനും ഹൃദയത്തിലുള്ളത് തുറന്നുപറയാനും സ്വാതന്ത്ര്യമുള്ള മാതൃദേശം. മതവും നിറവും നോക്കി ദേശസ്നേഹത്തിന് മാര്‍ക്കിടുകയും അഭിപ്രായപ്രകടനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്യുന്നതാണ് ഭരിക്കുന്നവരാഗ്രഹിക്കുന്നതെങ്കില്‍ ഷാറൂഖ് ഖാന്‍ കുറിച്ചതുതന്നെയാണ് നമുക്കും പറയാനുള്ളത്: ഷട്ടപ്, ഇന്ത്യ എന്‍േറതുകൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.