കുതികാല്‍വെട്ടിന്‍െറ വേദിയായി തദ്ദേശസ്ഥാപനങ്ങളെ മാറ്റരുത്
text_fieldsതാരതമ്യേന സമാധാനപരമായ തെരഞ്ഞെടുപ്പിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള അംഗങ്ങളെ പറഞ്ഞയച്ച ജനം അവരില്‍നിന്ന് ഇനി പ്രതീക്ഷിക്കുന്നത് നാട്ടിന് ഗുണംചെയ്യുന്ന, പ്രാദേശിക വികസനത്തിന് ആക്കംകൂട്ടുന്ന കര്‍മപരിപാടികളാണ്. പുതിയ സാരഥികള്‍ വരുംദിവസങ്ങളില്‍ തെരഞ്ഞെടുക്കപ്പെടുന്നതോടെ വരുന്ന അഞ്ചുവര്‍ഷം നഗരങ്ങളുടെയും നാട്ടിന്‍പുറങ്ങളുടെയും ഭാഗധേയം ഇവരുടെ കരങ്ങളിലേക്ക് ഏല്‍പിക്കപ്പെടുകയാണ്. എന്നാല്‍, പഞ്ചായത്തീരാജ്-നഗരപാലിക നിയമത്തിന്‍െറ അന്തസ്സത്ത മറന്ന് പലപ്പോഴും തദ്ദേശസ്ഥാപനങ്ങള്‍ രാഷ്ട്രീയവൃത്തികേടുകളുടെ അഴുക്കുചാലുകളായി മാറിയ എണ്ണമറ്റ അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഇക്കുറി സംസ്ഥാനത്തുടനീളം ശക്തമായ ത്രികോണമത്സരമോ ബഹുകോണമത്സരമോ നടന്ന പശ്ചാത്തലത്തില്‍ ത്രിതലപഞ്ചായത്ത് തലങ്ങളിലും നഗരസഭകളിലും പലേടങ്ങളിലും ഏതെങ്കിലും മുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷംനേടാന്‍ കഴിഞ്ഞിട്ടില്ല എന്നത് അത്തരം സ്ഥാപനങ്ങള്‍ രാഷ്ട്രീയകുതികാല്‍ വെട്ടിന്‍െറയും കുതിരക്കച്ചവടത്തിന്‍െറയും വേദിയാകുമോ എന്ന ആശങ്ക ഇപ്പോള്‍തന്നെ പരന്നിട്ടുണ്ട്.
തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളില്‍ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം നേടാനാവാത്ത ചുറ്റുപാടില്‍ ഏറ്റവും വലിയകക്ഷി അധികാരത്തിലത്തൊനാണ് സാധ്യതയെങ്കിലും ഒരുതരം അനിശ്ചിതത്വവും അസ്ഥിരതയും വരുന്ന അഞ്ചുകൊല്ലവും പിന്തുടരുന്ന അവസ്ഥ നഗരസഭയുടെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നുറപ്പാണ്. 25 മുനിസിപ്പാലിറ്റികളില്‍ എല്‍.ഡി.എഫും 26 ഇടങ്ങളില്‍ യു.ഡി.എഫും ഭൂരിപക്ഷമുറപ്പിച്ചപ്പോള്‍ 36 മുനിസിപ്പാലിറ്റികളില്‍ ആര്‍ക്കും കേവലഭൂരിപക്ഷം കിട്ടാത്ത അനിശ്ചിതത്വമുണ്ട്. ഗ്രാമപഞ്ചായത്തുകളുടെ കാര്യമെടുക്കുമ്പോള്‍ 256 ഇടങ്ങള്‍ ത്രിശങ്കുവിലാണ്. 11 ബ്ളോക് പഞ്ചായത്തുകളിലും കാസര്‍കോട് ജില്ലാപഞ്ചായത്തിലും രാഷ്ട്രീയാനിശ്ചിതത്വം നിലനില്‍ക്കുന്നു.
ഇവിടങ്ങളിലെല്ലാം നവംബര്‍ 18, 19 തീയതികളിലായി ഭരണസമിതികള്‍ നിലവില്‍വരുമെങ്കിലും ഏതെങ്കിലും അംഗത്തിന്‍െറയോ പാര്‍ട്ടിയുടെ ദയാദാക്ഷിണ്യത്തില്‍ മുന്നോട്ടുപോകുമ്പോഴുണ്ടാകുന്ന രാഷ്ട്രീയപ്രതിസന്ധി ആ സ്ഥാപനത്തിന്‍െറ മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങളെയാണ് പ്രതികൂലമായി ബാധിക്കുക. കണ്ണൂര്‍ കോര്‍പറേഷനില്‍ ഐക്യജനാധിപത്യ മുന്നണിയുടെ ഒൗദ്യോഗികസ്ഥാനാര്‍ഥിയെ തോല്‍പിച്ച് ജയിച്ചുകയറിയ കോണ്‍ഗ്രസ് പ്രാദേശികനേതാവ് പാര്‍ട്ടി നേതൃത്വത്തെ പരസ്യമായി വെല്ലുവിളിക്കുമ്പോള്‍ കോര്‍പറേഷന്‍ ഭരണം എങ്ങനെയെങ്കിലും കൈക്കലാക്കാനുള്ള അടവുകള്‍ മുഴുവന്‍ പുറത്തെടുക്കുകയാണ് മുന്നണിനേതൃത്വങ്ങള്‍. തദ്ദേശസ്ഥാപനങ്ങളുടെ ഭാഗധേയം നിര്‍ണയിക്കാനുള്ള സൗഭാഗ്യംസിദ്ധിച്ച ചില അംഗങ്ങള്‍ക്ക് കോടികള്‍വരെ വാഗ്ദാനം ചെയ്യുന്ന അണിയറ ഇടപാടുകള്‍ അരങ്ങുതകര്‍ക്കുന്നുണ്ട് എന്ന് കേള്‍ക്കുമ്പോള്‍ അധികാരവികേന്ദ്രീകരണം എന്ന വലിയ ലക്ഷ്യത്തോടെ നടപ്പാക്കിയ ഒരു ദേശീയപദ്ധതിയുടെ അധപ്പതനംകണ്ട് ഞെട്ടേണ്ടിവരുന്നു. ഇങ്ങനെ കുതിരക്കച്ചവടത്തിനും കുടുസ്സായ രാഷ്ട്രീയചേരിപ്പോരിനും വേദിയൊരുക്കേണ്ട സംവിധാനമാണോ തദ്ദേശസ്ഥാപനങ്ങള്‍ എന്ന് ഒരുനിമിഷം എല്ലാവരും ആലോചിക്കേണ്ടതുണ്ട്.
രാഷ്ട്രീയത്തെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടുള്ള ഗ്രാമസ്വരാജിനെ കുറിച്ച് സ്വപ്നംകണ്ട ഗാന്ധിജിയുടെ ഉദാത്തസങ്കല്‍പത്തെ നമുക്ക് തല്‍ക്കാലം മറക്കാമെങ്കിലും, കേവലം നാലാംകിട രാഷ്ട്രീയപ്പോരിന്‍െറ നിലവിളമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തരംതാഴുന്നത് ആവേശത്തോടെ തങ്ങളെ തെരഞ്ഞെടുത്ത ജനത്തോടുള്ള കടുത്ത വഞ്ചനയാകുമെന്ന് വിസ്മരിക്കരുത്. തദ്ദേശസ്ഥാപനങ്ങള്‍ ഭരണഘടനാപരമായി അധികാരങ്ങളല്ല, ചുമതലകളാണ് ഓരോ അംഗത്തെയും ഏല്‍പിക്കുന്നത്. നാടിന്‍െറ പ്രാഥമികവികസനവും ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ് അവിടെ കൈകാര്യംചെയ്യപ്പെടുന്നത്. അത്തരം ചുമതലകള്‍ നിറവേറ്റപ്പെടുമ്പോള്‍ ഒരിക്കലും രാഷ്ട്രീയം കടന്നുവരേണ്ടതില്ല. തങ്ങളെ തെരഞ്ഞെടുത്ത വാര്‍ഡിന്‍െറ /ഡിവിഷന്‍െറ ഉന്നമനത്തിനുവേണ്ടി ഫണ്ട്വിഹിതം അനുവദിച്ചുകിട്ടുമ്പോള്‍ പാര്‍ട്ടി അടിസ്ഥാനത്തിലല്ലല്ളോ അത് വിനിയോഗിക്കപ്പെടുന്നത്. അതുപോലെ, പാര്‍ട്ടി നോക്കിയല്ല കേന്ദ്ര-സംസ്ഥാനഫണ്ടുകള്‍ വിതരണംചെയ്യപ്പെടുന്നത്.
ഏതെങ്കിലും പാര്‍ട്ടിയുടെ/മുന്നണിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ടവര്‍തന്നെ കര്‍മപഥത്തില്‍ സജീവമാകുന്നതോടെ എല്ലാതരം വിഭാഗീയതകള്‍ക്കുമപ്പുറം ഉയര്‍ന്നുപ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതനാവാതിരിക്കില്ല. മേയര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍, പഞ്ചായത്ത് പ്രസിഡന്‍റ് തുടങ്ങിയ പദവികള്‍ ഒരു സേവനസംഘത്തിന്‍െറ ഗ്രൂപ്ലീഡര്‍ പദവിയായി മാത്രംകണ്ട് എല്ലാ അംഗങ്ങളെയും ഏകമനസ്സോടെ കൂടെനിര്‍ത്തി, തുല്യപരിഗണനയോടെ മുന്നോട്ടുപോകുമ്പോഴാണ് സുഗമമായ ഭരണത്തിന് അവസരം കൈവരുക. അല്ലാതെ, രാഷ്ട്രീയപക്ഷപാതങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നതെങ്കില്‍ നിരന്തരമായ ഏറ്റുമുട്ടലിനും വിഴുപ്പലക്കലിനും മാത്രമേ അത് സാഹചര്യമൊരുക്കൂ. ഈ വിഷയത്തില്‍ സാമാന്യജനത്തിനുമുണ്ട് വലിയ ഉത്തരവാദിത്തങ്ങള്‍. മുന്‍ഗണന മറന്ന് അജണ്ടകള്‍ നടപ്പാക്കുമ്പോഴും മാഫിയകള്‍ക്ക് വളരാനുള്ള അന്തരീക്ഷം സൃഷ്ടിക്കുമ്പോഴും ജനാധിപത്യമാര്‍ഗങ്ങളിലൂടെ അതു ചൂണ്ടിക്കാട്ടാനും തിരുത്തിക്കാനും ആക്ടിവിസത്തിന്‍െറ പുതിയൊരു ശൈലി വളര്‍ത്തിക്കൊണ്ടുവരേണ്ടിയിരിക്കുന്നു. സര്‍വതന്ത്രസ്വതന്ത്രരായി വിജയിച്ചുപോയ അംഗങ്ങള്‍ പദവികള്‍ സ്വാര്‍ഥമോഹത്തോടെ ദുര്‍വിനിയോഗം ചെയ്യുന്നുണ്ടോയെന്ന് സദാ നിരീക്ഷിക്കാനും വോട്ടര്‍മാര്‍ക്ക് അവകാശമുണ്ടെന്ന് ഓര്‍മിപ്പിക്കട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.