Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightവേണ്ടത് തൊഴിലിന്‍െറ...

വേണ്ടത് തൊഴിലിന്‍െറ അംഗീകാരമല്ല, പുനരധിവാസമാണ്

text_fields
bookmark_border
വേണ്ടത് തൊഴിലിന്‍െറ അംഗീകാരമല്ല, പുനരധിവാസമാണ്
cancel

തങ്ങളുടെ ആവശ്യങ്ങള്‍ ഒരൊറ്റ രാഷ്ട്രീയപാര്‍ട്ടിയും അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ ‘നോട്ട’ക്കാണ് തങ്ങള്‍ വോട്ട് ചെയ്യാന്‍ പോവുന്നതെന്ന് പശ്ചിമബംഗാളിലെ ഒന്നരലക്ഷം ലൈംഗിക തൊഴിലാളികളെ പ്രതിനിധാനംചെയ്യുന്ന ദര്‍ബാര്‍ മഹിളാ സമന്വയ കമ്മിറ്റി ഭീഷണിമുഴക്കുന്നു. ഓരോ തെരഞ്ഞെടുപ്പു വേളയിലും ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് പാര്‍ട്ടികള്‍ വാഗ്ദാനം ചെയ്യുക പതിവാണെങ്കിലും തങ്ങള്‍ ചതിക്കപ്പെടുകയേ ചെയ്തിട്ടുള്ളൂവെന്ന് വേശ്യകളുടെ ഈ കൂട്ടായ്മ കുറ്റപ്പെടുത്തുന്നു. തൊഴിലില്‍നിന്ന് വിരമിച്ചവര്‍ക്ക് പെന്‍ഷന്‍, സദാചാരവിരുദ്ധ പ്രവൃത്തികള്‍ തടയാനുള്ള ശിക്ഷാ നിയമം റദ്ദാക്കല്‍, ലൈംഗിക തൊഴില്‍ നിയമാനുസൃതമാക്കല്‍, തൊഴില്‍ നിയമങ്ങളുടെ പരിധിയില്‍ വേശ്യാവൃത്തിയെകൂടി ഉള്‍പ്പെടുത്തല്‍, ലൈംഗിക തൊഴിലിലേക്ക്   പ്രായപൂര്‍ത്തിയാവാത്തവരെ നിര്‍ബന്ധിക്കുന്നത് തടയാന്‍ വേണ്ട ഒരു സ്വയം  നിയന്ത്രണ ബോര്‍ഡ് ഏര്‍പ്പെടുത്തല്‍ എന്നിവയാണ് ഇവര്‍ ഉന്നയിച്ചുവരുന്ന  ആവശ്യങ്ങള്‍. ദര്‍ബാര്‍ മഹിളാ സമന്വയ കമ്മിറ്റിയുടെ കണക്കുപ്രകാരം ചുരുങ്ങിയത് 50 ലക്ഷം ലൈംഗിക തൊഴിലാളികളുണ്ട് ഇന്ത്യയില്‍. 16 സംസ്ഥാനങ്ങളില്‍ തങ്ങള്‍ക്ക് ശാഖകളുണ്ടെന്നും കമ്മിറ്റി  അവകാശപ്പെടുന്നു. ന്യൂനപക്ഷങ്ങള്‍ക്കും  പിന്നാക്ക സമുദായങ്ങള്‍ക്കും ലഭിക്കുന്ന ശ്രദ്ധപോലും തങ്ങള്‍ക്ക് ലഭിക്കുന്നില്ളെന്നാണ് ഏഷ്യയിലെതന്നെ ഏറ്റവും വലിയ ചുവന്ന തെരുവായ സൊനാഗച്ചിയിലെ ലൈംഗിക തൊഴിലാളികളുടെ പരാതി.

സ്വശരീരം സാമൂഹിക വിരുദ്ധര്‍ക്കും ക്രിമിനലുകള്‍ക്കും വാടകക്ക് കൊടുത്തു തുച്ഛമായ പ്രതിഫലവും ആട്ടും  തുപ്പും അവഹേളനവും മാരകരോഗങ്ങളും പിതൃത്വം നിഷേധിക്കപ്പെട്ട കുട്ടികളുടെ സംരക്ഷണവും ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട ലക്ഷക്കണക്കിന് ഹതഭാഗ്യകളുടെ ‘നോട്ട’ ഭീഷണിപോലും പരിഹാസമാണ് സാധാരണഗതിയില്‍ ക്ഷണിച്ചുവരുത്തുക. കാരണം, ലോകത്തിലെ ഏറ്റവും പഴക്കമുള്ള തൊഴില്‍ എന്ന വിശേഷണമൊക്കെയുണ്ടെങ്കിലും ലോകത്തേറ്റവും വെറുക്കപ്പെട്ടതാണ് കൂലിക്ക് വേണ്ടിയുള്ള ലൈംഗികവൃത്തി എന്നു പറയുന്നതാണ് ശരി. അതിനാല്‍, മാന്യതയും സംസ്കാരവുമുള്ളവരായി ഭാവിക്കുന്ന പുരുഷകേന്ദ്രീകൃത സര്‍ക്കാറുകളോ പാര്‍ട്ടികളോ നിയമനിര്‍മാണ സഭകളോ ഒന്നും വേശ്യാവൃത്തിക്ക് നിയമസാധുത നല്‍കാനോ അതിനെ സംരക്ഷിക്കപ്പെടേണ്ട തൊഴിലായി അംഗീകരിക്കാനോ അതിലേര്‍പ്പെട്ടവര്‍ക്ക് മനുഷ്യത്വപരമായ പരിഗണന നല്‍കാനോ ധൈര്യപ്പെടുകയില്ല. മമത ബാനര്‍ജി എന്ന ഉരുക്കുവനിത ഭരിക്കുന്ന പശ്ചിമ ബംഗാളിലും സ്ഥിതി വ്യത്യസ്തമല്ല. യു.പി ഭരിച്ച മായാവതിയോ ഇപ്പോഴും തമിഴ്നാട്ടിലെ പുരടിച്ചി തലൈവിയായി വാഴുന്ന ജയലളിതയോ ഒന്നും ലൈംഗിക തൊഴിലിന്് നിയമപരമായ പരിഗണന നല്‍കാനോ തദനുസൃത നടപടികള്‍ സ്വീകരിക്കാനോ സന്നദ്ധരായിട്ടില്ളെന്നതും ശ്രദ്ധേയമാണ്. പ്രശ്നം കേവലം  കപട മാന്യതയുടേതല്ല എന്നാണിതിനര്‍ഥം.  തട്ടിപ്പ്, പോക്കറ്റടി, മോഷണം, കവര്‍ച്ച തുടങ്ങിയ തൊഴിലുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതപോലും വേശ്യാവൃത്തിക്ക് ലഭിക്കുന്നില്ളെന്നത്, അതൊരിക്കലും മനുഷ്യോചിത തൊഴിലായി പരിഗണിക്കാനാവില്ല എന്നതിന്‍െറ നേര്‍സാക്ഷ്യമാണ്.
എങ്കില്‍പ്പിന്നെ ദശലക്ഷക്കണക്കിന് നിര്‍ഭാഗ്യവതികളുടെ തൊഴില്‍ നിലനിര്‍ത്താനും അംഗീകരിക്കാനുമുള്ള നിയമനടപടികളെക്കുറിച്ചല്ല പാര്‍ട്ടികളോ മുന്നണികളോ സര്‍ക്കാറുകളോ ആലോചിക്കേണ്ടതെന്ന് വ്യക്തം. തല്‍ക്കാലത്തേക്ക് എന്തെങ്കിലും ആശ്വാസ വചനങ്ങള്‍ സൗജന്യമായി നല്‍കി അവരെ സ്ഥിരമായി ചതിക്കുന്ന പതിവ് അവസാനിപ്പിക്കണം. പകരം നേരും നെറിയും സദാചാരവും തൊട്ടുതീണ്ടിയിട്ടില്ലാത്ത പുരുഷ കേസരികള്‍ക്ക് നൈമിഷിക സുഖം വില്‍ക്കുന്ന ഈ പണിയില്‍നിന്ന് അവരെ എന്നന്നേക്കുമായി മോചിപ്പിച്ച് മാന്യമായി പുനരധിവസിപ്പിക്കാനുള്ള പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പാക്കേണ്ടത്. ഗാര്‍ഹിക തൊഴിലുകള്‍ക്ക് ന്യായമായ വേതനം നല്‍കിയാല്‍പോലും ആളെക്കിട്ടാത്ത സാഹചര്യം നിലനില്‍ക്കുന്ന കേരളംപോലുള്ള സംസ്ഥാനങ്ങളില്‍ പാവപ്പെട്ട നിരക്ഷരരായ സ്ത്രീകളെ ആവശ്യമായ പരിശീലനത്തിലൂടെ തൊഴില്‍ നല്‍കി പുനരധിവസിപ്പിക്കാവുന്നതാണ്.

മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴില്‍ദാന പദ്ധതി പോലുള്ളവയുടെ പരിധിയിലും പീഡിത യുവതികളെ കൊണ്ടുവരാന്‍ കഴിയും. തൊഴിലില്ലാ വേതനം, വാര്‍ധക്യകാല പെന്‍ഷന്‍ തുടങ്ങിയ പദ്ധതികളില്‍നിന്ന് അവരെ പുറത്തുനിര്‍ത്തേണ്ട കാര്യമില്ല. അത്തരം ജനക്ഷേമ പദ്ധതികള്‍ കാലോചിതമായി പരിഷ്കരിക്കുന്നതോടൊപ്പം മാനംവിറ്റ് ജീവിക്കേണ്ട നിസ്സഹായാവസ്ഥ രാജ്യത്ത് ഒരു സ്ത്രീക്കും വരരുത് എന്ന ശാഠ്യം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കുണ്ടാവണം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ചുവന്നതെരുവുകളിലേക്ക് വലിച്ചിഴക്കുന്ന ദുരവസ്ഥ എന്തുകൊണ്ടും തടഞ്ഞേ തീരൂ. സര്‍വോപരി ഈ അധോലോകത്തിന്‍െറ പതിവുകാരായ പുരുഷന്മാരെ മാതൃകാപരമായി ശിക്ഷിക്കാന്‍ പര്യാപ്തമാവണം ഇമ്മോറല്‍ ട്രാഫിക് പ്രിവന്‍ഷന്‍ ആക്ട്. അനാശാസ്യത്തിന് ചിലരെ പേരിന് പിടികൂടി ലഘുശിക്ഷകള്‍ നല്‍കി വിട്ടയക്കുന്ന നിലവിലെ ലാഘവബുദ്ധിയാണ് വേശ്യാവൃത്തിയെ അനുദിനം കൊഴുപ്പിക്കുന്നതെന്ന് തിരിച്ചറിയണം. ലളിതവും അനാര്‍ഭാടവുമാക്കി വിവാഹത്തെ പരമാവധി പ്രോത്സാഹിപ്പിക്കുന്ന പരിപാടികളും സര്‍ക്കാറുകള്‍ ആരംഭിക്കേണ്ടിയിരിക്കുന്നു. ഈ ദിശയിലുള്ള പരിഷ്കണ പദ്ധതികള്‍ മുന്നണികളും പാര്‍ട്ടികളും തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താന്‍ ആര്‍ജവം കാണിക്കട്ടെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorial
Next Story