പഞ്ഞം തീര്‍ക്കാന്‍ കണക്കുകള്‍ പോരാ
text_fieldsരാജ്യത്ത് കര്‍ഷക ആത്മഹത്യയുടെ മാരകപ്രതിസന്ധിയെ നേരിടാന്‍ ഫലപ്രദരീതികള്‍ ആരായുന്നതില്‍ കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നവര്‍ ഒരുപോലെ പരാജയപ്പെടുകയാണ്. കര്‍ഷക ആത്മഹത്യയില്‍ മുന്നില്‍നില്‍ക്കുന്ന മഹാരാഷ്ട്ര, തെലങ്കാന, ഗുജറാത്ത്, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളില്‍ നടന്നുവരുന്ന പരിഹാരക്രിയകളും സര്‍ക്കാര്‍ സമീപനങ്ങളും പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. പ്രശ്നം പരിഹരിക്കാനെന്ന പേരില്‍ ഗവണ്‍മെന്‍റുകള്‍ ഉയര്‍ത്തിക്കാട്ടുന്ന സാമ്പത്തികസഹായ പാക്കേജുകള്‍ നേരാംവണ്ണം പ്രയോഗത്തിലായിരുന്നെങ്കില്‍ കുറേ ആശ്വസിക്കാമായിരുന്നു. എന്നാല്‍ പദ്ധതികള്‍ പ്രഖ്യാപനത്തിനപ്പുറം നിലമിറങ്ങുന്നില്ളെന്ന് അധികാരികള്‍ തന്നെ സമ്മതിക്കുന്നു. അതെങ്ങനെ തിരുത്തുമെന്ന കാര്യത്തില്‍ അവര്‍ക്കും തിട്ടമില്ല. ആയിരക്കണക്കിന് കുടുംബങ്ങളെ വലക്കുന്ന പ്രതിസന്ധിയുടെ ആഴവും അതിന്‍െറ പരിഹാരമെന്നോണം സ്വീകരിക്കുന്ന പദ്ധതികളുടെയും പരിപാടികളുടെയും പരിമിതിയും തമ്മില്‍ വലിയ ബന്ധമൊന്നുമില്ളെന്നറിഞ്ഞിട്ടും കാതലായ മാറ്റത്തിന് സര്‍ക്കാറുകള്‍ സന്നദ്ധമാകുന്നില്ല. ചെയ്തതിനപ്പുറം ഇനിയൊന്നുമില്ല എന്ന മട്ടാണ് ഭരണകൂടത്തിന്.
കഴിഞ്ഞയാഴ്ച രാജസ്ഥാനിലെ ടോങ്കില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ചര്‍ റിസര്‍ച്ചിന്‍െറ പരിപാടിയില്‍ സംബന്ധിക്കെ, പവര്‍കട്ടുമൂലം കൃഷിക്കുണ്ടാകുന്ന നാശനഷ്ടം ഉയര്‍ത്തിക്കാട്ടി ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടിയ കര്‍ഷകനോട് കേന്ദ്ര കൃഷി സഹമന്ത്രി സഞ്ജീവ്കുമാര്‍ ബല്യാണിന്‍െറ മറുപടി എന്തുവേണമെങ്കിലും ചെയ്യാമെന്നായിരുന്നു. കഴിഞ്ഞ 14 വര്‍ഷത്തിനിടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൃഷിക്കാര്‍ ആത്മഹത്യചെയ്ത മഹാരാഷ്ട്രയില്‍ കഴിഞ്ഞകൊല്ലം മാത്രം 3228 പേര്‍ ജീവനൊടുക്കി. ഇക്കൊല്ലം ആദ്യ ഒന്നരമാസത്തിനുള്ളില്‍ 214 പേര്‍ ജീവനൊടുക്കി. ഇക്കാര്യം രാജ്യസഭയില്‍ വെളിപ്പെടുത്തിയ കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍ സിങ് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ കര്‍ഷകരക്ഷാനടപടികള്‍ വിശദീകരിച്ചിരുന്നു. ഗ്രാമപഞ്ചായത്തുതല കമ്മിറ്റികളുടെ ഒരുലക്ഷം സഹായം, കലക്ടര്‍മാരുടെ പത്തുകോടിയുടെ ബോധവത്കരണ പരിപാടി തുടങ്ങിയ പദ്ധതികള്‍ മുതല്‍ കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ച 3,049.36 കോടിയുടെ സഹായംവരെ അദ്ദേഹം വിശദീകരിച്ചു. ഇങ്ങനെയൊക്കെയായിട്ടും കര്‍ഷകരുടെ ദു$സ്ഥിതി മാറാത്തതെന്തേ? അത് മനസ്സിലാക്കാന്‍ ആത്മഹത്യചെയ്ത കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ സഹായം എവിടെയത്തെിയെന്ന് നോക്കിയാല്‍ മതി. കഴിഞ്ഞവര്‍ഷം ആത്മഹത്യചെയ്ത 3228 പേരില്‍ 1,841 പേരാണ് സര്‍ക്കാര്‍ മാനദണ്ഡപ്രകാരം നഷ്ടപരിഹാരത്തിന് അര്‍ഹരായത്. ഇതില്‍ 1818 പേര്‍ക്കാണ് സര്‍ക്കാര്‍ സഹായമായി ഒരുലക്ഷം രൂപ ലഭിച്ചത്. കോടികളുടെ സഹായ പാക്കേജ് പ്രഖ്യാപിക്കുമ്പോഴും ആത്മഹത്യചെയ്തവരുടെ ആശ്രിതര്‍ക്ക് അതില്‍നിന്ന് ലഭിക്കുന്ന വേതനം എത്ര തുച്ഛമാണെന്ന് ഈ കണക്കുകള്‍ പറയുന്നുണ്ട്. ഛത്തിസ്ഗഢില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ 309 കര്‍ഷകര്‍ ആത്മഹത്യചെയ്തതില്‍ മൂന്നുപേരുടെ ആശ്രിതര്‍ക്കേ നഷ്ടപരിഹാരം ലഭിച്ചുള്ളൂ. കഴിഞ്ഞവര്‍ഷം വരെ അവിടെ കര്‍ഷക ആത്മഹത്യയേ ഇല്ല എന്നായിരുന്നു ബി.ജെ.പിയുടെ കൃഷിമന്ത്രി പറഞ്ഞിരുന്നതെന്നോര്‍ക്കുക. ചുരുക്കത്തില്‍ പ്രതിപക്ഷപ്രതിഷേധം ശക്തമാകുന്ന ഘട്ടത്തില്‍ അധികാരികള്‍ നേരു പറഞ്ഞൊഴിവാകുന്നു എന്നതൊഴിച്ചാല്‍ കാര്യമായി ഒന്നും ഈ മേഖലയില്‍ നടന്നിട്ടില്ല. എന്നല്ല, വരള്‍ച്ച പൂര്‍വാധികം ശക്തിപ്രാപിക്കെ അതിനെ എങ്ങനെ നേരിടണം എന്ന കാര്യത്തില്‍ ഗവണ്‍മെന്‍റിന് തിട്ടമേയില്ല. മരിച്ചുപോകുന്നവരുടെ ആശ്രിതര്‍ക്ക് നല്‍കുന്ന നക്കാപിച്ചക്കപ്പുറം ഈ ദു$സ്ഥിതിയുടെ കാരണങ്ങള്‍ കണ്ടത്തെി അതിന് പരിഹാരമാരായാനുള്ള ശ്രമംമാത്രം അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല.
ഇന്ത്യയിലെ അതിസമ്പന്നമായ സംസ്ഥാനമാണ് മഹാരാഷ്ട്ര. അതിന്‍െറ ധൂര്‍ത്തൊന്നും ഭരണകൂടം മറച്ചുവെക്കുന്നില്ല. ഭരണ പാര്‍ട്ടിയുടെ പത്രാസുകാട്ടാന്‍ അറബിക്കടലില്‍ ശിവജിയുടെ പ്രതിമ നിര്‍മിക്കുന്നത് 20,000 ദശലക്ഷം രൂപ ചെലവിട്ടാണ്. എന്നാല്‍ പരിമിതമായ ജലസേചന സൗകര്യങ്ങള്‍, വിത്തു വില വര്‍ധന, കൂടിയ ഉല്‍പാദനച്ചെലവ്, കുറയുന്ന ഉല്‍പന്നവില ഇങ്ങനെ ആര്‍ക്കും കാണാവുന്ന കര്‍ഷകപ്രശ്നങ്ങളെ ഭരണകൂടം അഭിമുഖീകരിക്കുന്നില്ല. കര്‍ഷകകടങ്ങള്‍ എഴുതിത്തള്ളുന്ന കാര്യത്തിലോ വായ്പനയം ഉദാരമാക്കുന്നതിലോ കൃത്യമായ നിലപാടില്ല. വട്ടിപ്പലിശക്കാര്‍ക്ക് കഴുത്തുവെച്ചുകൊടുക്കുന്ന ദുരന്തത്തിനറുതി വരുത്താന്‍ ശ്രമമില്ല. മഹാരാഷ്ട്രയെ പോലെ ആന്ധ്ര, തെലങ്കാന, ഛത്തിസ്ഗഢ്, ഗുജറാത്ത് സംസ്ഥാനങ്ങളൊക്കെ നേരിടുന്ന പ്രശ്നം സമാനംതന്നെ. സ്വന്തം വിത്ത് ഉപയോഗിക്കാനുള്ള അവകാശം തൊണ്ണൂറുകളില്‍ ലോകബാങ്ക് നിബന്ധനകള്‍ക്ക് വഴങ്ങി കുത്തകകള്‍ക്ക് എഴുതിക്കൊടുത്തതോടെ വിത്തും വളവുമെല്ലാം വന്‍വിലയില്‍ അവരില്‍നിന്ന് വാങ്ങണമെന്നായി. ഇങ്ങനെ ഭരണകൂടത്തിന്‍െറ പിടിപ്പുകേടുകള്‍ക്ക് പ്രതിദിനം പത്തോളം പേരെ ആത്മാഹുതി വഴി ബലിയായി നല്‍കുകയാണ് ഇന്ത്യയിലെ കര്‍ഷകര്‍. ഭരണക്കാര്‍ ഇതറിയാതെയല്ല. പുതുതായി വന്ന തെലങ്കാന സംസ്ഥാനത്തെ ജനപ്രതിനിധികള്‍ക്ക് ഈയിടെ ഒന്നും ഒന്നരയും ലക്ഷം ശമ്പളം വര്‍ധിപ്പിച്ചപ്പോള്‍ മുഖ്യമന്ത്രി ചന്ദ്രശേഖരറാവു പറഞ്ഞ ന്യായം തന്നെ, വിഷയങ്ങള്‍ പഠിക്കാന്‍ പര്യടനവും യോഗവും ചര്‍ച്ചയും ഒരുപാട് വേണ്ടിവരും എന്നാണ്. എന്നാല്‍ ഇതൊക്കെ മുറയ്ക്കുനടന്നിട്ടും കര്‍ഷന്‍െറ പഞ്ഞത്തിനോ പിണമായി മാറുന്ന ദുരവസ്ഥക്കോ അറുതിയില്ല. കണക്കുകള്‍ മറുപടിക്കുകൊള്ളാം. പക്ഷേ, കര്‍ഷകന് നടുനിവര്‍ത്തണമെങ്കില്‍ സര്‍ക്കാര്‍ കൈയയഞ്ഞിട്ടുതന്നെ വേണം. അത് കള്ളക്കൈകളില്‍ തങ്ങാതെ അവരിലേക്കത്തെുകയും വേണം. ഇല്ളെങ്കില്‍ കര്‍ഷകദുരന്തത്തില്‍ ഒന്നാം നമ്പറായി ഇന്ത്യ അപമാനിതയാകാന്‍ അധികകാലം വേണ്ടിവരില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.