Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകശ്മീരില്‍ മനുഷ്യരെ ...

കശ്മീരില്‍ മനുഷ്യരെ  മുടിച്ച് മണ്ണ് പിടിക്കുകയോ?

text_fields
bookmark_border
കശ്മീരില്‍ മനുഷ്യരെ  മുടിച്ച് മണ്ണ് പിടിക്കുകയോ?
cancel

ജമ്മു-കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നുറക്കെ പ്രഖ്യാപിക്കുകയും അതിനുവിരുദ്ധമായ വാമൊഴി, വരമൊഴി പരാമര്‍ശങ്ങളെ രാജ്യദ്രോഹക്കുറ്റമായിക്കണ്ട് കര്‍ക്കശമായി നേരിടുകയും ചെയ്യുന്ന നമ്മുടെ ഭരണകൂടം പക്ഷേ, കശ്മീരിന്‍െറ മണ്ണു മതിയെന്നും മനുഷ്യരെ വേണ്ടെന്നുമാണോ തീരുമാനിച്ചിരിക്കുന്നത്? പ്രയോഗത്തില്‍ അതേയെന്ന ഉത്തരമാണ് കേന്ദ്ര ഭരണകൂടങ്ങള്‍ നാളിതുവരെ നല്‍കിപ്പോരുന്നത്. 125 ലക്ഷം ആളുകള്‍ക്ക് ഏഴു ലക്ഷം സൈനികര്‍, ഓരോ ലക്ഷം പേര്‍ക്കും 646 പൊലീസ് ഓഫിസര്‍മാര്‍ എന്നിങ്ങനെ സുരക്ഷ വരിഞ്ഞുമുറുക്കിയിട്ടും കശ്മീര്‍ ഇടക്കിടെ തിളച്ചുമറിയുന്നതിന്‍െറ കാരണം തേടുമ്പോള്‍ അവിടെ മനുഷ്യരെ മുടിച്ച് മണ്ണ് പിടിക്കാനാണ് ഭരണകൂടത്തിന് തിടുക്കം എന്നു പറയേണ്ടി വരും. കഴിഞ്ഞ ഒരാഴ്ചയായി പിന്നെയും കത്തുന്ന കശ്മീരിന്‍െറ സ്ഥിതി വിശകലനംചെയ്ത് മുന്‍ ആഭ്യന്തരമന്ത്രി പി. ചിദംബരം ശനിയാഴ്ച ‘ഇന്ത്യന്‍ എക്സ്പ്രസ്’ പത്രത്തില്‍ തുറന്നെഴുതിയതും ഇതുതന്നെ-ജനങ്ങളെ അകറ്റി കശ്മീരിനെ പിടിക്കാനാണ് ഭരണകൂടശ്രമമെന്ന്. ചിദംബരത്തിന് വൈകിയുദിക്കുന്ന വിവേകത്തിന് രാഷ്ട്രീയമായി നാനാര്‍ഥങ്ങളുണ്ടാകാമെങ്കിലും കശ്മീരിലെ ഹന്ദ്വാരയില്‍ കഴിഞ്ഞയാഴ്ച പുതിയ കലാപത്തിന് തിരികൊളുത്തിയ സൈന്യത്തിന്‍െറ വേണ്ടാവൃത്തിക്ക് മറ്റൊരു വിശദീകരണവുമില്ല. 

ഇന്ത്യയുടെ അവിഭാജ്യഘടകമായി എണ്ണുമ്പോഴും നാട്ടില്‍ നിലവിലുള്ള ക്രമസമാധാന, നീതിപാലന സംവിധാനങ്ങളോ മനുഷ്യാവകാശങ്ങളോ നിയമപരിരക്ഷയോ കശ്മീരികള്‍ക്ക് ബാധകമാക്കേണ്ടതില്ല എന്നമട്ടിലാണ് കേന്ദ്ര മേല്‍നോട്ടത്തില്‍ സംസ്ഥാനത്തിന്‍െറ നിയന്ത്രണം കൈവശംവെച്ചിരിക്കുന്ന സൈന്യത്തിന്‍െറ നിലപാട്. മുമ്പ് പലതവണ കശ്മീരിനെ പ്രക്ഷുബ്ധമാക്കിയ സൈന്യത്തിന്‍െറ അതിക്രമങ്ങള്‍തന്നെയാണ് ഇത്തവണ അഞ്ചു യുവാക്കളുടെ ജീവനെടുക്കുകയും താഴ്വരയിലെ ജനജീവിതം താറുമാറാക്കുകയും ചെയ്ത കാലുഷ്യത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഹന്ദ്വാരയിലെ പ്രായപൂര്‍ത്തിയത്തൊത്ത സ്കൂള്‍ വിദ്യാര്‍ഥിനി വീട്ടിലേക്കുള്ളവഴിയില്‍ മാര്‍ക്കറ്റിലെ കുളിമുറിയില്‍ സൈനികനാല്‍ മാനഭംഗത്തിനിരയായെന്ന് പറയുന്ന സംഭവത്തോടെയാണ് തുടക്കം. കുട്ടിയുടെ കരച്ചില്‍ കേട്ടത്തെിയ കൂട്ടുകാരും നാട്ടുകാരും സൈന്യത്തിനെതിരെ തിരിഞ്ഞു. സൈന്യം വിവേചനമില്ലാതെ വെടിയുതിര്‍ത്തപ്പോള്‍ ചാനല്‍ റിപ്പോര്‍ട്ടറായ സഹോദരനുവേണ്ടി കാമറ പിടിച്ചിരുന്ന സംസ്ഥാനത്തെ ക്രിക്കറ്റ് ടീം അംഗമായ നഈം ഖാദിര്‍ അടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു. കുപ്വാരയില്‍ തൊട്ടടുത്തനാള്‍ രണ്ടുപേരും കൊല്ലപ്പെട്ടു. മുതിര്‍ന്ന വീട്ടമ്മയും ഒരു 11ാം ക്ളാസുകാരനും ഇതിലുള്‍പ്പെടും. സൈന്യത്തിന്‍െറ വെടി വിവേചനരഹിതമായിരുന്നുവെന്ന് ഗുരുതര പരിക്കുമായത്തെിയവരെ പരിചരിച്ച ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുന്നു. സംസ്ഥാനത്തൊട്ടാകെ വൈദ്യുതി, ഇന്‍റര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിച്ച് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പി.ഡി.പി-ബി.ജെ.പി മുന്നണി മുഖ്യമന്ത്രി മെഹബൂബ മുഫ്തി ക്രമസമാധാനപാലനത്തിന്‍െറ പേരില്‍ അതിക്രമം അനുവദിക്കില്ളെന്നും സംഘര്‍ഷമേഖലയിലെ നിയമാനുസൃത നടപടിക്രമങ്ങള്‍ (സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിങ് പ്രൊസീജിയര്‍) പാലിക്കുമെന്നൊക്കെ ഉറപ്പുനല്‍കിയെങ്കിലും അതൊന്നും വിഴുങ്ങാന്‍ ജനം തയാറല്ല. ഹന്ദ്വാര സംഭവത്തിനുതന്നെ കാരണം ഈ മാനംമര്യാദയൊന്നുമില്ലാത്തതായിരുന്നല്ളോ. 

പ്രായപൂര്‍ത്തിയത്തൊത്ത ഒരു പെണ്‍കുട്ടി മാനഭംഗശ്രമത്തിന്  പരാതി നല്‍കിയാല്‍ പാലിക്കേണ്ട നിയമപരമായ നടപടിക്രമങ്ങള്‍ അനുസരിച്ചില്ളെന്നു മാത്രമല്ല, ഇക്കാര്യത്തില്‍ അരുതാത്തതത്രയും ചെയ്യാനും സൈന്യം ധാര്‍ഷ്ട്യം കാട്ടി. ഇരയായ പെണ്‍കുട്ടിയെയും പിതാവിനെയും ബന്ധുവിനെയും പൊലീസ് കസ്റ്റഡിയില്‍ വെച്ചു. മകളെ കാണാന്‍ അമ്മയെ അനുവദിച്ചില്ല. സംഭവം വിശദീകരിക്കാന്‍ വാര്‍ത്താസമ്മേളനം വിളിക്കാനുള്ള അവരുടെ ശ്രമവും തടഞ്ഞു. കസ്റ്റഡിയിലുള്ള പെണ്‍കുട്ടിയെ കൊണ്ട് പൊലീസിനെ രക്ഷിച്ചും കൂട്ടുകാരടക്കമുള്ള യുവാക്കളെ കുറ്റംചാരിയും മൊഴിയെടുപ്പിച്ച് വിഡിയോയില്‍ പകര്‍ത്തി അത് മാധ്യമങ്ങള്‍ക്ക് നല്‍കി. കുട്ടിയുടെയും രക്ഷിതാക്കളുടെയും അന്യായതടങ്കലിനെതിരെ കോടതി ഉത്തരവിറങ്ങിയപ്പോഴാണ് മജിസ്ട്രേറ്റിന്‍െറ മുന്നില്‍ ഹാജരാക്കുന്നത്.
മജിസ്ട്രേറ്റിന്‍െറ മുന്നില്‍ പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി ആവര്‍ത്തിച്ചു. എന്നാല്‍, പെണ്‍കുട്ടി പൊലീസ് സമ്മര്‍ദത്തിന് വിധേയയായിരുന്നുവെന്നാണ് മാതാവിന്‍െറ പരാതി. കുട്ടിയെയും പിതാവിനെയും അമ്മായിയെയും തടങ്കലില്‍വെച്ച പൊലീസിന് ഇത് അത്രപെട്ടെന്ന് നിഷേധിക്കാവുന്നതായിരുന്നില്ല. 

ഹന്ദ്വാരയില്‍ ഉരുള്‍പൊട്ടിയ സംഘര്‍ഷത്തിന് നിമിത്തം സൈന്യത്തിന്‍െറ അനാവശ്യ പ്രകോപനമായിരുന്നുവെന്നുകാണാന്‍ പ്രയാസമില്ല. അതിനവര്‍ക്ക് ധൈര്യം പകരുന്നതോ, കരിനിയമമായ സായുധസേനാ പ്രത്യേകാധികാരനിയമവും (AFSPA). സുരക്ഷാപ്പേരുപറഞ്ഞ് കശ്മീരികളെ കൊന്നുമുടിക്കാനുള്ള ഉപകരണമായി ‘അഫ്സ്പ’ മാറിയതിനാല്‍ 1990ല്‍ ഗവാകടലിലും ’91ല്‍ കുനാന്‍ പോഷ്പോറയിലും ’93ല്‍ ബിജ്ബെഹാരയിലും കാട്ടിക്കൂട്ടിയ മൃഗയാവിനോദം സൈന്യം ഇന്നും തുടരുകയാണ്. സൈനികാതിക്രമങ്ങള്‍ക്കെതിരായ അന്വേഷണം എങ്ങുമത്തൊറില്ല. 2010ല്‍ ചുമട്ടുജോലിക്ക് സൈനികക്യാമ്പിലേക്ക് വിളിച്ചുകൊണ്ടുപോയ മൂന്നു യുവാക്കളെ കൊന്ന് ഏറ്റുമുട്ടല്‍ കഥയുണ്ടാക്കിയ കേസിലെ വിധിക്ക് അഞ്ചുകൊല്ലം കാത്തിരിക്കേണ്ടിവന്നു. അതിക്രമക്കേസുകളില്‍ ഇന്നോളം 85 ശതമാനത്തിലും അന്വേഷണം എങ്ങുമത്തെിയില്ല. സംഘര്‍ഷവും നുഴഞ്ഞുകയറ്റവും പണ്ടത്തെക്കാള്‍ ക്രമാതീതമായി കുറയുകയും ജനം രാഷ്ട്രീയപ്രക്രിയയില്‍ സജീവമാകുകയും ചെയ്യുന്നുവെന്ന് ഭരണകേന്ദ്രങ്ങള്‍തന്നെ സാക്ഷ്യപ്പെടുത്തുന്ന കശ്മീരിലെ സൈനികസാന്നിധ്യം വെട്ടിച്ചുരുക്കുകയും ‘അഫ്സ്പ’ എന്ന കാടന്‍നിയമം പിന്‍വലിക്കുകയും ചെയ്യാതെ സൈനികരുടെ അതിക്രമവും തുടര്‍സംഘര്‍ഷങ്ങളും അവസാനിക്കില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorialjammu and kashmir
Next Story