പരമോന്നത ന്യായാധിപന്‍െറ വൈകാരിക വിക്ഷോഭങ്ങള്‍
text_fields
ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുറിന്‍െറ അസാധാരണവും വൈകാരികവുമായ സംസാരത്തിലൂടെ നീതിന്യായ വിഭാഗവും നിയമനിര്‍മാണസഭയുടെ അമരക്കാരും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന ശീതസമരം ജനസമക്ഷത്തിലത്തെി എന്നതാണ് ഇത്തവണത്തെ ഹൈകോടതി ചീഫ് ജസ്റ്റിസുമാരുടെയും മുഖ്യമന്ത്രിമാരുടെയും സംയുക്ത യോഗത്തിന്‍െറ സവിശേഷത. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നില്‍ അദ്ദേഹം വികാരാധീനനായി നടത്തിയ സംസാരം നീതിന്യായ മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിയുടെ ആഴവും തുറന്നുകാട്ടി. ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീകോടതിയും കേന്ദ്ര സര്‍ക്കാറും തമ്മില്‍ തുടരുന്ന സംഘര്‍ഷം രാജ്യത്തിന്‍െറ നീതിനിര്‍വഹണത്തെ ഗുരുതരമായി ബാധിക്കുന്നുവെന്നും മതിയായ ന്യായാധിപരെ നിയമിക്കാതെ കേസുകള്‍ നീളുന്നതിന്‍െറയും തീര്‍പ്പാകാത്ത കേസുകളുടെ ആധിക്യത്തിന്‍െറയും പേരില്‍ കോടതികളെ വിമര്‍ശിക്കരുതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരിക്കുന്നു. അതിലുപരി ന്യായാധിപന്മാരുടെ നിയമനം നീട്ടിക്കൊണ്ടുപോകുന്നതില്‍ കേന്ദ്ര സര്‍ക്കാറാണ് യഥാര്‍ഥ പ്രതിയെന്നുമുള്ള കടുത്ത വിമര്‍ശവും അദ്ദേഹം മുന്നോട്ടുവെച്ചിരിക്കുന്നു.
ഇന്ത്യയില്‍ നിലവില്‍ ഒരു ന്യായാധിപന്‍ ഒരു വര്‍ഷം കൈകാര്യം ചെയ്യുന്ന കേസുകള്‍ ശരാശരി 2600 ആണ്. ഏറ്റവും പുതിയ കണക്കുപ്രകാരം കീഴ്കോടതികളില്‍ 4580ഉം ഹൈകോടതികളില്‍ 458ഉം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. സുപ്രീംകോടതിയില്‍ കുറവുള്ളത് ആറുപേര്‍. രാജ്യത്ത് പ്രതിവര്‍ഷം അഞ്ചു കോടി കേസുകള്‍ ഫയല്‍ചെയ്യുമ്പോള്‍ തീര്‍പ്പാകുന്നത് രണ്ടു കോടി കേസുകള്‍ മാത്രം. 10 ലക്ഷം പേര്‍ക്ക് 10 ജഡ്ജിമാര്‍ എന്ന അനുപാതത്തിനുപകരം 10 ലക്ഷം ജനങ്ങള്‍ക്ക് 50 ജഡ്ജിമാര്‍ എന്ന തോതുപ്രകാരം 21,000ത്തില്‍നിന്ന് 40,000ത്തിലേക്ക് ന്യായാധിപന്മാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നായിരുന്നു 1987 ലെ നിയമന കമീഷന്‍ ശിപാര്‍ശ. ഈ ശിപാര്‍ശ 2002ല്‍ സുപ്രീം കോടതി അംഗീകരിക്കുകയും ചെയ്തു. പ്രണബ് മുഖര്‍ജി നേതൃത്വം നല്‍കിയിരുന്ന നിയമകാര്യ പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയും ഈ നിര്‍ദേശം അംഗീകരിച്ചു. എന്നിട്ടും പിന്നീട് ഭരിച്ച കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അത് പരിഗണിക്കാന്‍ തയാറായില്ല. നിലവിലുള്ള ഒഴിവുകള്‍പോലും യഥാസമയം നികത്താനുള്ള ബാധ്യത നിര്‍വഹിക്കുന്നതിലും സര്‍ക്കാറുകള്‍ വീഴ്ചവരുത്തുന്നു. ഇവയോടെല്ലാമുള്ള അമര്‍ഷമാണ് ടി.എസ്. ഠാകുര്‍ വിതുമ്പലോടെ പ്രകടിപ്പിച്ചത്.
ജഡ്ജിമാരെ നിയമിക്കുന്നതിന് നിലവിലുണ്ടായിരുന്ന കൊളീജിയം സംവിധാനത്തിനു പകരം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമന കമീഷന്‍ ഭരണഘടനാവിരുദ്ധമെന്ന വിധിന്യായത്തിലൂടെ സുപ്രീംകോടതി റദ്ദാക്കിയത് കേന്ദ്ര സര്‍ക്കാറിന് ഒട്ടും ഹിതകരമായിരുന്നില്ല. സുതാര്യതയും ജനാധിപത്യസ്വഭാവവും ഇല്ലാത്ത കൊളീജിയത്തിനെതിരെയുള്ള വിമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ അത് നവീകരിക്കാനുള്ള സാധ്യതയെ അട്ടിമറിച്ച് ന്യായാധിപ നിയമനത്തില്‍ രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്ക് ഇടംകിട്ടുന്നവിധം മാറ്റിപ്പണിയാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമം ആ വിധിയിലൂടെ സുപ്രീംകോടതി പരാജയപ്പെടുത്തി. ജഡ്ജിമാരുടെ നിയമനത്തില്‍ അന്നുതുടങ്ങിയ പ്രതിസന്ധി ഇപ്പോള്‍ കേസുകളുടെ ചലനാത്മകതയില്‍ പണ്ടേ ദുര്‍ബലമായ നീതിനിര്‍വഹണ സംവിധാനത്തെ കൂടുതല്‍ പരിക്ഷീണമാക്കുന്നുവെന്ന വസ്തുതയാണ് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ കണ്ണീരില്‍ കുതിര്‍ന്ന ശബ്ദത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. കാര്യപരിപാടിയില്‍ പ്രധാനമന്ത്രി സംസാരിക്കേണ്ടതില്ളെങ്കിലും ചീഫ് ജസ്റ്റിസിന് പ്രധാനമന്ത്രി നല്‍കിയ മറുപടിയും ചീഫ് ജസ്റ്റിസിന്‍െറ വിശദീകരണവും വ്യക്തമാക്കുന്നത് ബന്ധങ്ങള്‍ അത്ര സുഖകരമല്ല എന്നാണ്. ജഡ്ജിമാരുടെ നിയമനം നിലച്ചതിന്‍െറ ഉത്തരവാദിത്തം കേന്ദ്രത്തിനാണെന്ന വിമര്‍ശമാണ് അദ്ദേഹം ഉയര്‍ത്തിയിരിക്കുന്നത്. അനന്തമായി നീളുന്ന കേസുകളിലൂടെ ജയിലിലകപ്പെട്ട് ജീവിതം ഉണങ്ങിപ്പോകുന്ന പാവപ്പെട്ടവരുടെ കാര്യം മാത്രമല്ല മേക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ എന്നിവയിലൂടെ രൂപപ്പെടുന്ന വികസിത ഇന്ത്യ സൃഷ്ടിക്കുന്ന നിയമപ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാതിരുന്നാല്‍ നിക്ഷേപകര്‍ ആശങ്കാകുലരാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് ഠാകുറിനെ പ്രകോപിപ്പിച്ചത് കേന്ദ്രം നിയമനത്തില്‍ കാണിക്കുന്ന നിസ്സംഗതയാണെങ്കിലും പുറത്തുവിട്ട യാഥാര്‍ഥ്യം ഗൗരവപൂര്‍ണവും വ്യവസ്ഥിതിയുടെ അപര്യാപ്തത വെളിപ്പെടുത്തുന്നതുമാണ്. കീഴ്കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ കൈകാര്യം ചെയ്യാന്‍ മാത്രം ചുരുങ്ങിയത് 30 വര്‍ഷമെടുക്കുമത്രെ. സാധാരണക്കാരിലെ 80 ശതമാനത്തിനും വക്കീലുമാരെ നിയമിക്കാന്‍ സാമ്പത്തികശേഷിയില്ലാത്തതുകൊണ്ട് മാത്രം നീതിപീഠത്തിന്‍െറ വാതില്‍ അടഞ്ഞുകിടക്കുന്ന രാജ്യത്ത് ന്യായാധിപ നിയമനത്തില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം നീതി ലഭ്യത കൂടുതല്‍ ശുഷ്കമാക്കാതിരിക്കില്ല. ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് ലോയേഴ്സ് കലക്ടിവ് എന്ന സന്നദ്ധസംഘടനയുടെ സ്ഥാപക ഇന്ദിര ജെയ്സിങ് കഴിഞ്ഞ വര്‍ഷം സുപ്രീംകോടതിയില്‍ നല്‍കിയ പൊതുതാല്‍പര്യഹരജി ശ്രദ്ധേയമാണ്. അഭിഭാഷകരെ സീനിയറായും മറ്റു പരിഗണിക്കുന്നതിന് നടപടിക്രമമുണ്ടോ എന്ന് ആരായുന്നതായിരുന്നു ഹരജി. സുതാര്യതയോ കൃത്യമായ മാനദണ്ഡമോ ഇല്ലാതെ ജഡ്ജിമാരും ബാര്‍ അസോസിയേഷനുകളും ചേര്‍ന്നുള്ള സ്വേച്ഛാ തീരുമാനങ്ങളാണ് അത്തരം പരിഗണനകളില്‍ വരുന്നത്. ഇത്തരം പദവികളില്‍ എത്തുന്ന 75 ശതമാനവും ജഡ്ജിമാരുടെയോ ലബ്ധപ്രതിഷ്ഠരായ അഭിഭാഷകരുടെയോ ബന്ധുമിത്രാദികളാണെന്നാണ് ബാര്‍ ആന്‍ഡ് ബെഞ്ച് എന്ന പോര്‍ട്ടല്‍ നടത്തിയ സര്‍വേയില്‍ കണ്ടത്തെിയത്.
നീതിന്യായ വ്യവസ്ഥയെ ബന്ദിയാക്കി കാര്യം നേടാനുള്ള കേന്ദ്ര സര്‍ക്കാര്‍ താല്‍പര്യം ജഡ്ജിമാരുടെ നിയമനങ്ങള്‍ അനന്തമായി നീട്ടുന്നതിലുണ്ടോ എന്ന സംശയം പ്രധാനമന്ത്രിയുടെ വാക്കുകളില്‍ നിഴലിക്കുന്നുണ്ട്. ജുഡീഷ്യല്‍ കമീഷന്‍ രൂപവത്കരിക്കപ്പെടുന്നതിനു മുമ്പുതന്നെ നിയമമന്ത്രാലയത്തിലേക്ക് അംഗീകാരത്തിന് സമര്‍പ്പിച്ച 164 പേരുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കാതെ അലംഭാവം കാണിക്കുകയായിരുന്നു. ന്യായാധിപ നിയമനത്തിലെ അനിശ്ചിതത്വം അവസാനിപ്പിക്കുകയും പോരായ്മകള്‍ നികത്തി കുറ്റമറ്റ നീതിന്യായ സംവിധാനം സംസ്ഥാപിക്കുകയുമാണ് ബന്ധപ്പെട്ടവര്‍ ഈ സന്ദര്‍ഭത്തില്‍ നിര്‍വഹിക്കേണ്ട അടിയന്തര കടമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.