സ്വന്തം പൗരന്മാരെ ശത്രുക്കളാക്കാന്‍ ഒരു നിയമം
text_fields
പാകിസ്താനിലേക്കും ചൈനയിലേക്കും കുടിയേറിയ ഇന്ത്യക്കാരുടെ സ്വത്തുക്കള്‍ ഇന്ത്യന്‍ സര്‍ക്കാറിലേക്ക് കണ്ടുകെട്ടുന്നതിന് നിയമപ്രാബല്യം നല്‍കുന്ന നിയമമാണ് 1968ല്‍ പാര്‍ലമെന്‍റ് പാസാക്കിയ ശത്രുസ്വത്ത് നിയമം (എനിമി പ്രോപ്പര്‍ട്ടി ആക്ട്). 1962ലെ ഇന്ത്യ-പാകിസ്താന്‍ യുദ്ധത്തത്തെുടര്‍ന്ന് പാകിസ്താനിലേക്ക് കുടിയേറിയ ഇന്ത്യക്കാരുടെ സ്വത്തുവകകള്‍ സര്‍ക്കാറിലേക്ക് കണ്ടുകെട്ടാന്‍ നിര്‍മിക്കപ്പെട്ട നിയമമാണിതെന്നാണ് പറയപ്പെടുന്നത്. അതേസമയം, ഇന്ത്യ-പാകിസ്താന്‍ വിഭജന സമയത്ത് പാകിസ്താനിലേക്ക് പോയവരുടെ സ്വത്തുക്കളും ഈ വകയില്‍, സര്‍ക്കാര്‍ നിയോഗിച്ച സൂക്ഷിപ്പുകാരന്‍െറ നിയന്ത്രണത്തിലായിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി കോടിക്കണക്കിന് രൂപ വിലവരുന്ന ആയിരക്കണക്കിന് സ്വത്തുവകകളാണ് ഇപ്രകാരം സര്‍ക്കാറിലേക്ക് കണ്ടുകെട്ടിയത്.
എന്നാല്‍, 1968ലെ നിയമപ്രകാരം കണ്ടുകെട്ടിയ വസ്തുക്കള്‍ക്കു മേല്‍ അവകാശവാദം ഉന്നയിച്ചുകൊണ്ട് ഉടമസ്ഥരുടെ ഇന്ത്യക്കാരായ അനന്തരാവകാശികള്‍ കോടതികളെ സമീപിച്ചുതുടങ്ങി. മഹ്മൂദാബാദ് രാജ എന്നറിയപ്പെടുന്ന, സര്‍വേന്ത്യാ മുസ്ലിം ലീഗ് നേതാവ് മുഹമ്മദ് ആമിര്‍ അഹ്മദ് ഖാനുമായി ബന്ധപ്പെട്ട കഥ ഈ ചര്‍ച്ചയില്‍ പ്രധാനമാണ്. സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്‍െറ ഭാഗമായിരുന്ന അദ്ദേഹം വിഭജനത്തിനു മുമ്പ്, 1945ല്‍ ഇറാഖിലേക്കും, ശേഷം 1957ല്‍ പാകിസ്താനിലേക്കും കുടിയേറി. 1973 ഒക്ടോബറില്‍ രാജാ അഹ്മദ് ഖാന്‍െറ മരണശേഷം അദ്ദേഹത്തിന്‍െറ കൊട്ടാരമുള്‍പ്പെടെയുള്ള സ്വത്തുക്കള്‍ ശത്രുസ്വത്ത് നിയമപ്രകാരം സര്‍ക്കാര്‍ കണ്ടുകെട്ടി. എന്നാല്‍, ഇന്ത്യന്‍ പൗരന്മാരായ അദ്ദേഹത്തിന്‍െറ ഭാര്യ റാണി കനീസ് അഹ്മദും മകന്‍ രാജാ മുഹമ്മദ് അഹ്മദ് ആമിര്‍ ഖാനും ഇതിനെതിരെ കോടതിയെ സമീപിച്ചു. 30 വര്‍ഷത്തോളം നീണ്ടുനിന്ന നിയമയുദ്ധത്തിനൊടുവില്‍ 2005 ഒക്ടോബര്‍ 21ന് അല്‍തമസ് കബീര്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഹരജിക്കാരന് അനുകൂലമായി വിധിച്ചു. ഇതേതുടര്‍ന്ന്, സര്‍ക്കാര്‍ കണ്ടുകെട്ടിയ ഇത്തരം സ്വത്തുക്കളുടെ ഉടമസ്ഥരുടെ പിന്മുറക്കാര്‍ വ്യാപകമായി കോടതികളെ സമീപിച്ചുതുടങ്ങി. അങ്ങനെയാണ് ശത്രുസ്വത്ത് നിയമത്തില്‍ ഭേദഗതി വേണമെന്ന ചിന്ത കേന്ദ്ര സര്‍ക്കാറില്‍ ഉണ്ടാവുന്നത്. അതായത്, പാകിസ്താനിലേക്ക് പോയവരുടെ സ്വത്തുക്കള്‍ അവരുടെ പിന്മുറക്കാര്‍ക്കുപോലും കിട്ടരുതെന്ന ചിന്ത സര്‍ക്കാറില്‍ സജീവമായി.
ഈ ചിന്തയെ തുടര്‍ന്ന്, കഴിഞ്ഞ യു.പി.എ ഭരണകാലത്തുതന്നെ ഒരു ഭേദഗതി ബില്‍ രൂപപ്പെടുത്തിയിരുന്നു. പല കാരണങ്ങളാല്‍ അത് പാസാക്കപ്പെട്ടില്ല. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ശത്രുസ്വത്ത് ഭേദഗതി ഓര്‍ഡിനന്‍സ് 2016 ജനുവരിയില്‍തന്നെ രാഷ്ട്രപതി പുറത്തിറക്കി. 2016 മാര്‍ച്ച് എട്ടിന് എനിമി പ്രോപ്പര്‍ട്ടി (അമെന്‍ഡ്മെന്‍റ് ആന്‍ഡ് വാലിഡേഷന്‍) എന്ന ബില്‍ ലോക്സഭ പാസാക്കി. ശത്രുസ്വത്ത് എന്ന് സര്‍ക്കാര്‍ നിര്‍ണയിക്കുന്ന സ്വത്തുവകകള്‍ക്കു മേല്‍ മുന്‍കാല പ്രാബല്യത്തോടെ, അവരുടെ അനന്തരാവകാശികള്‍ക്കു പോലും അവകാശം നല്‍കാത്തതാണ് ഈ ബില്‍. പാകിസ്താനുമായി ബന്ധപ്പെട്ടതുകൊണ്ടായിരിക്കണം അത്യന്തം അനീതി നിറഞ്ഞ ഈ നിയമത്തിനെതിരെ കാര്യമായ എതിര്‍പ്പ് ആരുമുയര്‍ത്തിയില്ല. ഇപ്പോള്‍ ബില്‍ രാജ്യ സഭയുടെ പരിഗണനയില്‍ വന്നിരിക്കുകയാണ്.
പാകിസ്താനിലേക്ക് പോയവരെ മാത്രമല്ല, അവരുടെ ഇന്ത്യക്കാരായ ബന്ധുക്കളെയും അനന്തരാവകാശികളെയും ശത്രുക്കളായി പ്രഖ്യാപിക്കുന്നതാണ് ഈ ബില്‍. ഇത് നിയമമാകുന്നതോടുകൂടി, ഇന്ത്യയില്‍ നിലവിലുള്ള അനന്തരാവകാശ നിയമങ്ങള്‍ ശത്രുസ്വത്തുക്കള്‍ എന്ന് നിര്‍ണയിക്കപ്പെടുന്ന സ്വത്തുക്കള്‍ക്ക് ബാധകമല്ലാതാവും. ഇതു സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനങ്ങളില്‍ ഇടപെടാന്‍ സിവില്‍ കോടതികള്‍ക്ക് അധികാരമില്ളെന്നുകൂടി ബില്‍ നിഷ്കര്‍ഷിക്കുമ്പോള്‍ ഫലത്തില്‍ ഇതൊരു കാടന്‍ നിയമമായി മാറുകയാണ്. അതായത്, നമ്മുടെ ജനാധിപത്യ സങ്കല്‍പങ്ങള്‍ക്കും ഭരണഘടനാ മൂല്യങ്ങള്‍ക്കും നിരക്കാത്ത ബില്ലാണിത്.
ഇത് പാസാക്കപ്പെടുകയാണെങ്കില്‍ ലക്ഷക്കണക്കിന് ഇന്ത്യക്കാരെയാണ് ബാധിക്കാന്‍ പോകുന്നത്. സാങ്കേതികമായി ചൈനയിലേക്ക് കുടിയേറിയവരുടെ സ്വത്തുക്കള്‍ക്കും നിയമം ബാധകമാണെങ്കിലും ഫലത്തില്‍ അത് പാകിസ്താനിലേക്ക് പോയ മുസ്ലിംകളെയാണ് ബാധിക്കാന്‍ പോകുന്നത്. ഭോപാല്‍ നഗരത്തില്‍ മാത്രം പതിനായിരത്തിലേറെ കുടുംബങ്ങളെ ഇത് ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പല ഉത്തരേന്ത്യന്‍ നഗരങ്ങളിലെയും നിരവധി മുസ്ലിം കുടുംബങ്ങള്‍ കൈവശംവെച്ചുപോരുന്ന സ്വത്തുക്കള്‍ ശത്രുസ്വത്തായി രേഖപ്പെടുത്തി സര്‍ക്കാറിന് എളുപ്പം കൈവശംവെക്കാന്‍ വഴിയൊരുക്കുന്നതാണ് പുതിയ ഭേദഗതി.
ഒരു വിഭാഗത്തോട് വലിയ അനീതി ചെയ്യുന്നുവെന്ന് മാത്രമല്ല, ചരിത്രത്തിലെ പഴയ മുറിവുകളെ മാന്തിപ്പൊളിച്ചെടുത്ത് സമൂഹത്തില്‍ പിന്നെയും വിഭജനങ്ങള്‍ സൃഷ്ടിക്കുന്നതുകൂടിയാണ് ഈ നിയമം. മുസ്ലിം സംഘടനകള്‍പോലും ഇതിന്‍െറ ഗൗരവം വേണ്ടവിധം ഉള്‍ക്കൊണ്ടിട്ടുണ്ട് എന്ന് തോന്നുന്നില്ല. രാജ്യസഭയില്‍ ഇത് പാസാക്കപ്പെടാതെ നോക്കേണ്ടത്, ഭരണഘടനാ മൂല്യങ്ങളില്‍ താല്‍പര്യമുള്ള മുഴുവന്‍ ആളുകളുടെയും ഉത്തരവാദിത്തമാണ്. പഴയ മുറിവുകളെ വീണ്ടും കുത്തിപ്പൊക്കുകയും ആയിരക്കണക്കിന് കുടുംബങ്ങള്‍ തലമുറകളായി അനുഭവിച്ചു പോരുന്ന അവരുടെ സ്വത്തുക്കള്‍ അവര്‍ക്ക് അന്യമാക്കുകയും ചെയ്യുന്ന ഈ ബില്ലിനെതിരെ ശക്തമായ ശബ്ദമുയരേണ്ട അവസാനത്തെ സമയമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.