ഐ.എസിന്‍െറ മറവിലും ന്യൂനപക്ഷ വേട്ട
text_fieldsപശ്ചിമേഷ്യയില്‍ പെടുന്നനെ രംഗപ്രവേശം ചെയ്ത ഇസ്ലാമിക് സ്റ്റേറ്റ് ഫോര്‍ ഇറാഖ് ആന്‍ഡ് സിറിയ എന്ന ഭീകര സംഘത്തിന്‍െറ ഉദ്ഭവത്തെയും വളര്‍ച്ചയെയും പശ്ചാത്തല ശക്തികളെയും കുറിച്ച ദുരൂഹത അപ്പടി അവശേഷിക്കുകയാണെങ്കിലും അത് പ്രദേശത്തിന്‍െറ സുരക്ഷക്ക് മാത്രമല്ല ലോകസമാധാനത്തിനുതന്നെ കടുത്ത ഭീഷണിയാണെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടുതന്നെ, ഐ.എസിന്‍െറ നേരെ സൈനിക നടപടികളിലേര്‍പ്പെട്ട രാഷ്ട്രങ്ങളുടെ നിലപാടിനെ ന്യായീകരിക്കാനുമാവും. ഇപ്പോള്‍ ഐ.എസ് ഭീഷണിയുടെ കരിനിഴല്‍ വീഴാത്ത രാജ്യങ്ങളിലും മതിയായ ജാഗ്രതയും കരുതലും വേണമെന്നതും ശരിയാണ്. ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സര്‍ക്കാറിലെ മറ്റ് ഉത്തരവാദപ്പെട്ടവരും ഐ.എസ് ഭീഷണിയില്ളെന്ന് നേരത്തേ ചൂണ്ടിക്കാട്ടിയപ്പോള്‍ രാജ്യം ആശ്വാസത്തോടെയാണത് ശ്രവിച്ചത്. എങ്കിലും കഴിഞ്ഞ ജനുവരി 16ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കേരളമടക്കം 13 സംസ്ഥാനങ്ങളിലെ രഹസ്യാന്വേഷണ-അന്വേഷണ ഏജന്‍സികളുടെ യോഗം വിളിക്കുകയും ഐ.എസിനെ ചെറുക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയുമുണ്ടായി. ആ യോഗത്തില്‍ വെളിപ്പെടുത്തപ്പെട്ട കണക്കുകളനുസരിച്ച് അതുവരെ 23 ഇന്ത്യക്കാരാണ് ഐ.എസില്‍ ചേര്‍ന്നത്. അവരില്‍ ആറുപേര്‍ വിവിധ സംഭവങ്ങളിലായി കൊല്ലപ്പെടുകയും ചെയ്തു. ഓണ്‍ലൈനില്‍ ഐ.എസുമായി ബന്ധപ്പെടുന്ന 150 ഇന്ത്യക്കാര്‍ നിരീക്ഷണത്തിലാണെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് വ്യക്തമാക്കി. ആദ്യംപറഞ്ഞ 23 പേരും ഇന്ത്യയിലോ പുറത്തോ എവിടെയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. നിരീക്ഷണത്തിലുള്ള 150 പേരുകള്‍ ആരുടെ നിരീക്ഷണത്തിലാണെന്നും വ്യക്തമല്ല. ഒരുവേള ഇന്ത്യയുമായി സുരക്ഷാ കരാറുകളുള്ള രാജ്യങ്ങള്‍ നല്‍കിയ വിവരങ്ങളാവാം; അല്ളെങ്കില്‍ നമ്മുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരങ്ങളുമാവാം.
എന്നാല്‍, ഐ.എസ് ബന്ധമുള്ളവരെ കണ്ടുപിടിക്കാനും കസ്റ്റഡിയിലെടുക്കാനും ചോദ്യംചെയ്യാനുമുള്ള ജാഗ്രതയുടെ മറവില്‍ മുസ്ലിം യുവാക്കളെ വ്യാപകമായി വേട്ടയാടാനുള്ള ശ്രമം ആരംഭിച്ചതായി ആശങ്കിക്കാവുന്ന സാഹചര്യമാണിപ്പോള്‍. റിപ്പബ്ളിക് ദിനത്തിന്‍െറ തൊട്ടുമുമ്പ് ഹൈദരാബാദ്, മഹാരാഷ്ട്ര, യു.പി എന്നിവിടങ്ങളില്‍നിന്നായി 13 പേരെ സംസ്ഥാന പൊലീസും എന്‍.ഐ.എയും ചേര്‍ന്ന് അറസ്റ്റ് ചെയ്തതായി വാര്‍ത്ത വന്നു. ഏതെങ്കിലും ഭീകരകൃത്യത്തില്‍ ഇവരില്‍ ആരെങ്കിലും ഏര്‍പ്പെട്ടതായി തെളിവില്ളെങ്കിലും ഐ.എസില്‍ ചേരാന്‍ പ്രേരിപ്പിക്കുന്ന സന്ദേശങ്ങള്‍ ഇവര്‍ ഓണ്‍ലൈനിലൂടെ കൈമാറി എന്നാണ് ഒൗദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. അതേയവസരത്തില്‍, രാജ്യത്ത് ഐ.എസ് സ്വാധീനം പരിമിതമാണെന്നും മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അപ്രസക്തമാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് തന്നെ നടേ സൂചിപ്പിച്ച യോഗത്തില്‍ വ്യക്തമാക്കിയിരുന്നതാണ്. ബാഹ്യശക്തികളുടെയോ രാജ്യങ്ങളുടെയോ താല്‍പര്യങ്ങള്‍ക്ക് വഴങ്ങി ഇന്ത്യയിലില്ലാത്ത ഐ.എസിനെ തിരഞ്ഞുപിടിച്ച് കൊടുക്കേണ്ട നിസ്സഹായാവസ്ഥ നമുക്കില്ല. എന്നിരിക്കെ, കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ത്യയും ഐ.എസിന്‍െറ ഭീഷണിയുടെ നിഴലിലാണെന്നും ധാരാളം മുസ്ലിം യുവാക്കള്‍ ആ ഭീകര സംഘടനയോട് ബന്ധപ്പെട്ടുവരുകയാണെന്നുമുള്ള പ്രചാരണം മാധ്യമങ്ങളില്‍ നടക്കുന്നു, അത്തരം വിവരങ്ങള്‍ ഒൗദ്യോഗിക ഏജന്‍സികളില്‍നിന്നാണ് ലഭിക്കുന്നതെന്ന പ്രതീതിയും സൃഷ്ടിക്കപ്പെടുന്നു. നിരപരാധികളായ മുസ്ലിം യുവാക്കള്‍ കേവലം സംശയത്തിന്‍െറ പേരില്‍ ജയിലിലടയ്ക്കപ്പെടുന്ന സംഭവങ്ങളും വര്‍ധിച്ചുവരുന്നു. ഇതേപ്പറ്റിയാണ് കഴിഞ്ഞദിവസം ഡല്‍ഹിയില്‍ സമ്മേളിച്ച വിവിധ മുസ്ലിം സംഘടനകള്‍ ആശങ്ക രേഖപ്പെടുത്തിയതും ഐ.എസ് ബന്ധമാരോപിച്ച് അറസ്റ്റിലായ യുവാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ടിരിക്കുന്നതും. മുഴുവന്‍ മുസ്ലിം സംഘടനകളുടെയും പ്രാതിനിധ്യമുള്ള അഖിലേന്ത്യാ മുസ്ലിം പേഴ്സനല്‍ ബോര്‍ഡ്, ആള്‍ ഇന്ത്യ മുസ്ലിം മജ്ലിസെ മുശാവറ, ജംഇയ്യതുല്‍ ഉലമായെ ഹിന്ദ്, ജംഇയ്യത് അഹ്ലെ ഹദീസ്, ജമാഅത്തെ ഇസ്ലാമി ഹിന്ദ് എന്നിവയുടെ നേതാക്കളാണ് സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ഈയാവശ്യമുന്നയിച്ചത്. ആയിരത്തോളം മുസ്ലിംകളെ ഭീകരത ആരോപിച്ച് ജയിലുകളിലടച്ചിട്ടിരിക്കയാണെന്നും എന്നാല്‍, ഒരു ശതമാനത്തിന്‍െറ പേരില്‍ പോലും ആരോപണം തെളിയിക്കാനായിട്ടില്ളെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. 2014ല്‍ യു.എ.പി.എ എന്ന കരിനിയമം ചുമത്തി അറസ്റ്റിലായ 141 മുസ്ലിംകളില്‍ 123 പേരും നിരപരാധികളാണെന്ന് തെളിഞ്ഞു. എന്നിട്ടും യു.എ.പി.എ ലക്കും ലഗാനുമില്ലാതെ പ്രയോഗിച്ച് നിരപരാധികളെ കാരാഗൃഹത്തിലടയ്ക്കുന്ന പതിവ് തുടരുക മാത്രമല്ല, ഇപ്പോള്‍ ഐ.എസിന്‍െറ മറവിലും ഈ ന്യൂനപക്ഷവേട്ട ശക്തിപ്പെടുത്തുകയാണ്. മുമ്പ് ടാഡക്കും പോട്ടക്കുമെതിരെ രാജ്യവ്യാപകമായി ജനരോഷമുയര്‍ന്നപ്പോള്‍ കേന്ദ്രസര്‍ക്കാറുകള്‍ അവ റദ്ദാക്കാന്‍ നിര്‍ബന്ധിതമായി. ഇത്തവണ പക്ഷേ, യു.എ.പി.എ എന്ന ഭീകരായുധമുപയോഗിച്ച് നിരവധി നിരപരാധികളുടെ സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും ധ്വംസിക്കുമ്പോഴും കാര്യമായ പ്രതിഷേധമുയരുന്നില്ളെന്നതാണ് നിര്‍ഭാഗ്യകരം. മഹാരാഷ്ട്രയിലെ ബി.ജെ.പി-ശിവസേന സര്‍ക്കാറാകട്ടെ, തീവ്രവാദം തടയാനെന്ന പേരില്‍ ഒരമ്പതിന പരിപാടി തന്നെ കരുപ്പിടിപ്പിച്ച് സംസ്ഥാനത്ത് നടപ്പാക്കിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ഐ.എസ് ഭീഷണി തടയുക എന്നാണ് പദ്ധതിയുടെ ലക്ഷ്യമായി പറയുന്നതെങ്കിലും സംഘ്പരിവാറിന്‍െറ സാംസ്കാരിക ദേശീയത അടിച്ചേല്‍പിക്കാനുള്ള ഗൂഢനീക്കമായാണ് മുസ്ലിം നേതാക്കള്‍ ഇതിനെ കാണുന്നത്്. സംശയിക്കപ്പെടുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ വര്‍ഗീയവത്കരിക്കപ്പെട്ട പൊലീസിന് പദ്ധതിവഴി അവസരം ലഭിക്കും. മാലേഗാവ്, മക്കമസ്ജിദ്, അജ്മീര്‍ സ്ഫോടനങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ഹിന്ദുത്വ ഭീകരസംഘടനക്ക് തീര്‍ത്തും ക്ളീന്‍ചിറ്റ് നല്‍കിക്കൊണ്ടാണ് ഏകപക്ഷീയമായ ഈ അഭ്യാസം!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.