Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപ്രഹസനങ്ങളാകരുത്...

പ്രഹസനങ്ങളാകരുത് ബജറ്റുകള്‍

text_fields
bookmark_border
പ്രഹസനങ്ങളാകരുത് ബജറ്റുകള്‍
cancel

കേരളത്തിന്‍െറ ഭാവിയെക്കുറിച്ച് അത്ര ശുഭചിന്തകളല്ല കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 2014-15 കാലയളവിലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നല്‍കുന്നത്. സംസ്ഥാനത്തിന്‍െറ സമ്പദ്മേഖല കടുത്ത വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന്‍െറ സുവ്യക്ത ചിത്രമാണത് അവതരിപ്പിക്കുന്നത്. നികുതിവരുമാനത്തില്‍ വര്‍ധന ഉണ്ടാവുകയും ആഭ്യന്തര വളര്‍ച്ച ദേശീയ ശരാശരിയേക്കാള്‍ മെച്ചപ്പെടുകയും  ചെയ്തെങ്കിലും, അടിസ്ഥാന വികസന മേഖലകളുടെ തളര്‍ച്ചയും കാര്‍ഷിക വികസനത്തിലെ 4.67 ശതമാനം നെഗറ്റിവ് വളര്‍ച്ചയും കടുത്ത ആശങ്കജനിപ്പിക്കുന്നതാണ്. 2012-13 കാലയളവിലെ ഗുണാത്മക വളര്‍ച്ച നിരക്കാണ് ഇത്രമേല്‍ അധോഗതിയിലേക്ക് വീണിരിക്കുന്നത്. കഴിഞ്ഞ ബജറ്റുകളിലെ കര്‍ഷകരക്ഷാ പാക്കേജുകള്‍ ആരെയും രക്ഷിച്ചില്ലായെന്ന് ചുരുക്കം. റബറിന്‍െറയും  തേങ്ങയുടെയും വിലയിടിവ് ബഹുഭൂരിഭാഗം കര്‍ഷകരുടെ ജീവിതത്തെ മാത്രമല്ല, മൊത്തം സാമൂഹിക ജീവിതക്രമത്തെയും തകിടം മറിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഏതാനും വര്‍ഷം മുമ്പുവരെ മെച്ചപ്പെട്ട വളര്‍ച്ചനിരക്ക് കാണിച്ചിരുന്ന നിര്‍മാണമേഖല കഴിഞ്ഞ മൂന്നു വര്‍ഷമായി മരവിപ്പിലാണ്. 32 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികള്‍ പണിയെടുക്കുന്ന സംസ്ഥാനമാണ് കേരളം. ഇതുവഴി 17,500 കോടി രൂപ പ്രതിവര്‍ഷം  അതിര്‍ത്തി കടന്നുപോകുന്നുമുണ്ട്. ഇതേ കേരളത്തില്‍ തന്നെയാണ്  36.57 ലക്ഷം തൊഴിലന്വേഷകരും ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കുമുള്ളതെന്ന കാര്യം സാമ്പത്തികനയരൂപകര്‍ത്താക്കളെ ചിന്തിപ്പിക്കേണ്ടതാണ്. ഇന്ത്യയില്‍തന്നെ ഏറ്റവും വലിയ പ്രവാസി സമൂഹവും കേരളീയരാണ്. ഉല്‍പാദന മേഖലയിലും നിര്‍മാണമേഖലയിലും ഇടിവുണ്ടാകുമ്പോഴും ഏറ്റവും കൂടുതല്‍ വാഹനം വാങ്ങുന്ന ഉപഭോഗസംസ്ഥാനം കൂടിയാണ് കേരളം. വിദേശ പണത്തിന്‍െറ വിനിമയത്തില്‍ നിര്‍മിക്കപ്പെട്ട കുമിള സമ്പദ് വ്യവസ്ഥക്ക് അധികം ആയുസ്സുണ്ടാകില്ളെന്നാണ് നിലവിലെ സാമൂഹിക സാഹചര്യം ബോധ്യപ്പെടുത്തുന്നത്.  സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഇത് അരക്കിട്ടുറപ്പിക്കുകയും ചെയ്യുന്നു.

നിര്‍ദേശങ്ങള്‍ നടപ്പാക്കുമെങ്കില്‍, കേരള നിയമസഭാ ചരിത്രത്തിലെ ഏറ്റവും ദീര്‍ഘസമയമെടുത്ത് അവതരിപ്പിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ബജറ്റ് ക്ഷേമപദ്ധതികള്‍കൊണ്ട് സമ്പന്നവും അഹ്ളാദകരവുമാണ്. എന്നാല്‍, കഴിഞ്ഞ ബജറ്റ് നിര്‍ദേശങ്ങളുടെ അവസ്ഥയും നിലവിലെ  സാമ്പത്തികാവസ്ഥയുടെ യാഥാര്‍ഥ്യവും മുന്നില്‍വെച്ച് പരിശോധിച്ചാല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുവേണ്ടിയുള്ള ജനപ്രിയ വാഗ്ദാനങ്ങള്‍ മാത്രമാണ് ഈ ബജറ്റെന്ന് മനസ്സിലാക്കാന്‍ ശരാശരി ബുദ്ധിയേ ആവശ്യമുള്ളൂ. റവന്യൂ കമ്മിയും ധനക്കമ്മിയും വര്‍ധിക്കുന്നത്, ഉല്‍പന്നങ്ങളുടെ വിലത്തകര്‍ച്ച, കേരളത്തിന്‍െറ സാമ്പത്തിക നട്ടെല്ലായ ഗള്‍ഫ് മേഖലയിലെ സാമൂഹികവും സാമ്പത്തികവുമായ അസ്ഥിരത ഇതൊന്നും ബജറ്റിലെ  വാഗ്ദാന പെരുപ്പത്തിന് വിഘാതമായിട്ടില്ല. കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങിയ പദ്ധതികളും ഇന്‍ഫ്രാസ്ട്രക്ചര്‍ വികസന ഫണ്ടും എല്ലാവര്‍ക്കും വീട് എന്ന വാഗ്ദാനവും പുതിയ പ്രഖ്യാപനങ്ങള്‍ നടത്തുന്നതില്‍ ഒരു വൈമുഖ്യവും സൃഷ്ടിച്ചിട്ടില്ല. പ്രതീക്ഷിത വരുമാനം കുറഞ്ഞതോ പൊതുകടം 1,35,440 കോടി രൂപയായതോ ജനപ്രിയതയുടെ മാറ്റ് കുറക്കാനും പ്രേരിപ്പിച്ചിട്ടില്ല. വാഗ്ദാനങ്ങളുടെ മേനിപറച്ചിലുകളായി  അധ:പതിച്ച ബജറ്റിനെ വസ്തുനിഷ്ഠ യാഥാര്‍ഥ്യങ്ങളെ മറച്ചുപിടിക്കാനുള്ള രാഷ്ട്രീയ ഉപകരണമായി സമര്‍ഥമായി ഉപയോഗിക്കുകയാണ് ഭരണാധികാരികള്‍.

ബജറ്റും സംസ്ഥാനത്തിന്‍െറ സാമ്പത്തികവും സാമൂഹികവുമായ യാഥാര്‍ഥ്യങ്ങളും തമ്മിലുള്ള ബന്ധം അറ്റിട്ടുതന്നെ കാലം കുറച്ചായിരിക്കുന്നു.  സാധാരണക്കാരെ മോഹിപ്പിക്കാന്‍  മാത്രമായുള്ള വാഗ്ദാനപ്രഖ്യാപനങ്ങളുടെ പ്രഹസനമായിത്തീര്‍ന്നിരിക്കുന്നു ബജറ്റവതരണങ്ങള്‍. മുന്‍കാല ഇടത് വലത് ധനമന്ത്രിമാര്‍ തുടക്കമിട്ട ഈ ശൈലി കെ.എം. മാണിയിലൂടെ വികസിച്ച് ഉമ്മന്‍ ചാണ്ടിയില്‍  പാരമ്യതയില്‍ എത്തിയിരിക്കുന്നുവെന്നു മാത്രം.  ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും  വിശകലനത്തില്‍ കൈയടി നേടാനുമായി ബജറ്റിനെ കണക്കിന്‍െറ കളിയാക്കിമാറ്റിയാല്‍ നമ്മുടെ ജനാധിപത്യ സംവിധാനത്ത അവിശ്വസിക്കുന്നതിലേക്കാണത് നയിക്കുക.  ബജറ്റിലെ നിര്‍ദേശങ്ങളോട് ജനങ്ങളില്‍ പ്രബലമാകുന്ന നിസ്സംഗത സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലെ വസ്തുതകളെപ്പോലത്തെന്നെ ആശങ്കയുളവാക്കുന്നതാണ്. അതുകൊണ്ടുതന്നെ, ബജറ്റുകള്‍ സംസ്ഥാനത്തിന്‍െറ ഭാവിയിലേക്കുള്ള ദൃഢമായ കാല്‍വെപ്പാണെന്ന് ഉറപ്പുവരുത്തണം.

നിയമസഭയിലെ ബജറ്റ് പ്രഖ്യാപനങ്ങള്‍ നടപ്പാക്കാതിരിക്കുകയോ, അതിലേക്ക് പ്രായോഗികതലത്തില്‍ പണം വകയിരുത്തുകയോ ചെയ്യാത്ത സന്ദര്‍ഭങ്ങളില്‍ ജനവഞ്ചനക്ക് അധികൃതരെ വിചാരണ ചെയ്യാനുള്ള നിയമം രാജ്യത്ത് ആവിഷ്കരിക്കേണ്ടിയിരിക്കുന്നു. തെരഞ്ഞെടുപ്പുകളും രാഷ്ട്രീയ മോഹങ്ങളുമല്ല ബജറ്റിനെ നിര്‍ണയിക്കേണ്ട ഘടകം. സംസ്ഥാനത്തിന്‍െറ ഭാവി സാമ്പത്തികാവസ്ഥയുടെ മാതൃകയും കൂടുതല്‍ മുന്നേറാനുള്ള സാമൂഹിക ഇച്ഛാശക്തിയും മനോഹരമായി സമ്മേളിച്ച രാഷ്ട്രീയ രേഖയായിത്തീരണം ബജറ്റുകള്‍. കേരളത്തില്‍ നിലനില്‍ക്കുന്ന സാമൂഹികവും സാമ്പത്തികവുമായ വൈരുധ്യങ്ങളെ അഭിമുഖീകരിക്കാനും വിടവുകള്‍ പരിഹരിക്കാനുമുള്ള രാഷ്ട്രീയ കെല്‍പാണ് ബജറ്റുകള്‍ യഥാര്‍ത്ഥത്തില്‍ വെളിപ്പെടുത്തേണ്ടത്. ആ അര്‍ഥത്തില്‍ സമയമേറെയെടുത്ത് അവതരിപ്പിച്ചിട്ടും ഉമ്മന്‍ ചാണ്ടിയുടെ ബജറ്റ് വിജയിക്കാതെ പോയിരിക്കുന്നു എന്നു തന്നെ പറയാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala budget-2016
Next Story