Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപൊതുവിദ്യാലയങ്ങള്‍ ...

പൊതുവിദ്യാലയങ്ങള്‍ കോടതികയറുമ്പോള്‍

text_fields
bookmark_border
പൊതുവിദ്യാലയങ്ങള്‍  കോടതികയറുമ്പോള്‍
cancel

കോഴിക്കോട് ജില്ലയിലെ മലാപ്പറമ്പ് എ.യു.പി സ്കൂള്‍ അടച്ചുപൂട്ടാനുള്ള ഹൈകോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഒന്നുമുതല്‍ ഏഴുവരെ ക്ളാസുകളിലായി 57 കുട്ടികള്‍മാത്രം അവശേഷിച്ച ഈ എയ്ഡഡ് സ്കൂള്‍ അടച്ചുപൂട്ടാന്‍ നേരത്തേതന്നെ ഹൈകോടതി മാനേജര്‍ക്ക് അനുമതിനല്‍കുകയും വിദ്യാഭ്യാസാധികൃതര്‍ കോടതിവിധി നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നതാണ്. പക്ഷേ, നാട്ടുകാര്‍ സംഘടിച്ച് സംരക്ഷണസമിതി രൂപവത്കരിച്ച് സ്കൂള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ നടപടികളെടുത്തതിനാല്‍ മാനേജര്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. സര്‍ക്കാര്‍വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടിയ മാനേജര്‍ പക്ഷേ, അനുകൂലവിധി സമ്പാദിച്ചു. ഏറ്റവുമൊടുവിലും വിധി നടപ്പാക്കാനുള്ള അധികൃതരുടെ ശ്രമം വിഫലമായതിനാല്‍ ഈ മാസം എട്ടിനകം പൊലീസ് സഹായത്തോടെ സ്കൂള്‍ അടപ്പിക്കാനാണ് ഹൈകോടതിയുടെ ഉത്തരവ്. കോടതിയും നാട്ടുകാരും തമ്മിലെ ഏറ്റുമുട്ടലായി പരിണമിച്ച ‘അനാദായകരമായ’ സ്കൂളിന്‍െറ പ്രശ്നത്തില്‍ സുപ്രീംകോടതിയെ ഇടപെടുവിക്കാനാണ് പുതുതായി ചുമതലയേറ്റ പിണറായിസര്‍ക്കാറിന്‍െറ നീക്കം. അതിന്‍െറ പരിണതി എന്തായാലും കഴിഞ്ഞ ഏതാനുംവര്‍ഷങ്ങളായി സംസ്ഥാനത്ത് രൂപപ്പെട്ടുവന്ന ഒരു സങ്കീര്‍ണപ്രശ്നത്തിന്‍െറ തൃപ്തികരമായ പരിഹാരമായിരിക്കയില്ല അത്.

സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ഥിജനസംഖ്യ ഗണ്യമായി കുറഞ്ഞുവരുന്നതുനിമിത്തം ഒട്ടേറെയെണ്ണം നടത്തിക്കൊണ്ടുപോവുന്നത് വെറും നഷ്ടക്കച്ചവടമായിത്തീര്‍ന്നിരിക്കുന്നു. ഒരു ക്ളാസില്‍ 15 കുട്ടികളെങ്കിലുമുണ്ടെങ്കില്‍ അത് നിലനിര്‍ത്താമെന്നാണ് വിദ്യാഭ്യാസവകുപ്പിന്‍െറ നയം. അതിന്‍െറ പകുതിപോലും തികയാത്ത സ്കൂളുകള്‍, അധ്യാപകര്‍ക്കും അനധ്യാപക സ്റ്റാഫിനും ശമ്പളം കൊടുക്കാന്‍മാത്രമായി കാലാകാലങ്ങളില്‍ നിലനിര്‍ത്തുന്നത് പൊതുഖജനാവിന്‍െറ മേല്‍ ഒരു നീതീകരണവുമില്ലാത്ത ഭാരം കെട്ടിവെക്കലാണെന്ന് സമ്മതിച്ചേ തീരൂ; വിദ്യാഭ്യാസത്തെ ആദായകരവും അനാദായകരവുമായി വേര്‍തിരിക്കാന്‍ പാടില്ളെങ്കിലും. സുപ്രീംകോടതി അടച്ചുപൂട്ടാന്‍ അനുമതി നല്‍കിയ തിരുവണ്ണൂര്‍ പാലാട്ട് എ.യു.പി സ്കൂളില്‍ അഞ്ച്, ആറ്, ഏഴ് ക്ളാസുകളിലാകെ 13 കുട്ടികളാണ് പഠിതാക്കള്‍. അധ്യാപകരോ ആറുപേരും. 40 വിദ്യാര്‍ഥികള്‍ പഠിക്കുന്ന തൃശൂര്‍ ജില്ലയിലെ കിരാലൂരിലെ എയ്ഡഡ് എല്‍.പി സ്കൂള്‍ കോടതിവിധിയെ തുടര്‍ന്ന് അധികൃതര്‍ പൂട്ടി സീല്‍ ചെയ്തുകഴിഞ്ഞു. ഈ പരമ്പര അവിടെ അവസാനിക്കുന്നില്ല. സര്‍ക്കാറിന്‍െറ അനാദായകര സ്കൂളുകളുടെ പട്ടികയില്‍ നൂറുകണക്കിന് വിദ്യാലയങ്ങളുണ്ട്. അവിടങ്ങളിലൊക്കെ സാധാരണക്കാരുടെയും പാവങ്ങളുടെയും കുട്ടികള്‍ പഠിക്കുന്നുമുണ്ട്. അവരെ മറ്റ് സ്കൂളുകളില്‍ ചേര്‍ക്കണമെന്നാണ് കോടതിയുടെ ഉത്തരവെങ്കിലും എല്ലായിടത്തും പ്രായോഗികമാക്കാന്‍ കഴിയുന്നതല്ല ആ നിര്‍ദേശം.

കേരളത്തില്‍ മാത്രമല്ല ഈ സ്ഥിതിവിശേഷം. അഞ്ചില്‍ താഴെമാത്രം കുട്ടികളുള്ള 657 കര്‍ണാടക സ്കൂളുകള്‍ ഇക്കൊല്ലം പൂട്ടും. കഴിഞ്ഞവര്‍ഷം 654 സ്കൂളുകള്‍ പൂട്ടിയിരുന്നു. 5-10വരെ മാത്രം വിദ്യാര്‍ഥികളുള്ള 1000 സ്കൂളുകളുണ്ടത്രെ നമ്മുടെ അയല്‍സംസ്ഥാനത്ത്. മുപ്പതിനു താഴെ കുട്ടികള്‍ പഠിക്കുന്ന 15,000 സ്കൂളുകളും! കേരളത്തിലായാലും കര്‍ണാടകയിലായാലും ഈ സ്ഥിതിവിശേഷത്തിന്‍െറ കാരണങ്ങള്‍ പൊതുവാണ്. സര്‍ക്കാറുകളുടെ കുടുംബാസൂത്രണ കാമ്പയിന്‍ ലക്ഷ്യംകണ്ടതിന്‍െറ പ്രത്യാഘാതങ്ങള്‍ക്കുപുറമെ, അടിസ്ഥാന സൗകര്യങ്ങളുടെ ഗുരുതരമായ അപര്യാപ്തി, അധ്യാപക നിയമനത്തിലെ കൃത്യതയില്ലായ്മ, അധ്യാപകരുടെ സേവനവിമുഖത തുടങ്ങിയ പ്രശ്നങ്ങള്‍ യഥാസമയം പരിഹരിക്കപ്പെടാതെ തുടരുമ്പോള്‍ മറുവശത്ത് കൂണുപോലെ മുളച്ചുപൊന്തുന്ന സ്വകാര്യ സ്കൂളുകളിലേക്കും ഇംഗ്ളീഷ് സ്കൂളുകളിലും ചോര്‍ന്നുപോവുകയാണ് സമ്പന്നരുടെയും ഇടത്തരക്കാരുടെയും മക്കള്‍. ഫീസ് കൊടുത്ത് മക്കളെ പഠിപ്പിക്കാന്‍ ശേഷിയില്ലാത്തവരുടെമാത്രം അവലംബമായി പൊതുസ്കൂളുകളില്‍ മിക്കതും മാറിയിരിക്കുന്നു. രക്ഷിതാക്കളുടെയും ഉദാരമതികളുടെയും സഹകരണത്തോടെ അപൂര്‍വം സര്‍ക്കാര്‍ സ്കൂളുകള്‍ മികവിന്‍െറ മാതൃകാസ്ഥാപനങ്ങളായി വികസിക്കുന്ന വാര്‍ത്ത ആവേശകരമാണെങ്കിലും അവയുടെ എണ്ണം തീരെ പരിമിതമാണ്. അടച്ചുപൂട്ടാന്‍ നിയമപാലകരത്തെുമ്പോള്‍ തടയാനും പ്രക്ഷോഭം നടത്താനും തയാറായിവരുന്നവരില്‍പോലും സ്വന്തംകുട്ടികളെ പ്രശ്നവിദ്യാലയത്തില്‍ ചേര്‍ക്കാന്‍ വിമുഖരാണേറെയും. സര്‍ക്കാര്‍വേതനം പറ്റുന്ന അധ്യാപകര്‍വരെ മക്കളെ ഇംഗ്ളീഷ് സ്കൂളുകളിലാണ് പഠിപ്പിക്കുന്നതെന്ന പരാതി വ്യാപകമാണ്. അതോടൊപ്പം, വിദ്യാഭ്യാസമേഖലയാകെ വെറും കച്ചവടക്കണ്ണുകൊണ്ട് കാണുന്ന ചില മാനേജര്‍മാര്‍ സ്കൂള്‍ അടച്ചുപൂട്ടിയാല്‍ അത് സ്ഥിതിചെയ്യുന്ന സ്ഥലം കൂടുതല്‍ ലാഭകരമായി വിനിയോഗിക്കാമെന്ന് കണക്കുകൂട്ടി കോടതികളെ സമീപിക്കുകയും ചെയ്യുന്നു. സ്കൂള്‍ സീല്‍ ചെയ്യിക്കാന്‍ പരമോന്നത നീതിപീഠത്തെവരെ സമീപിക്കുന്നവരുടെ മനോഗതം മനസ്സിലാക്കാവുന്നതേയുള്ളൂ.

ഈ പശ്ചാത്തലത്തില്‍ സങ്കീര്‍ണമായ ഈ സമസ്യയെ സമഗ്രമായി പഠിച്ച് സ്ഥിരവും ഫലപ്രദവുമായ പരിഹാരം കാണാനാണ് സര്‍ക്കാറും നാട്ടുകാരും ഒരുപോലെ ശ്രമിക്കേണ്ടത്. തല്‍ക്കാലം ജനക്ഷോഭമടക്കാനുള്ള കുറുക്കുവഴികള്‍ തേടുകയല്ല, പൊതുവിദ്യാലയങ്ങളുടെ നിലവാരം ഗണ്യമായി മെച്ചപ്പെടുത്താനുതകുന്ന നടപടികളാണാവശ്യം. വിവേചനമില്ലാതെ എല്ലാ വിഭാഗങ്ങളിലുംപെട്ട വിദ്യാര്‍ഥികള്‍ക്ക് പ്രവേശം നല്‍കി അവരെ മതനിരപേക്ഷ ജനാധിപത്യരാജ്യത്തെ തുല്യാവകാശങ്ങളുള്ള പൗരന്മാരാക്കി വളര്‍ത്തിയെടുക്കാന്‍ പൊതുവിദ്യാലയങ്ങളോളം ഫലവത്തായ മാധ്യമങ്ങള്‍ ഇല്ലതന്നെ. ഈ സത്യം സര്‍ക്കാറും പൗരസമൂഹവുമെന്നപോലെ നീതിപീഠങ്ങളും തിരിച്ചറിയണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorial
Next Story