Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightവഴിപാടുപോലെ അന്വേഷണ...

വഴിപാടുപോലെ അന്വേഷണ കമീഷന്‍  റിപ്പോര്‍ട്ടുകള്‍

text_fields
bookmark_border
വഴിപാടുപോലെ അന്വേഷണ കമീഷന്‍  റിപ്പോര്‍ട്ടുകള്‍
cancel

2013 സെപ്റ്റംബറില്‍ മുസഫര്‍നഗറിലെ ന്യൂനപക്ഷ സമുദായത്തെ കശക്കിയെറിഞ്ഞ വര്‍ഗീയകലാപത്തെക്കുറിച്ചന്വേഷിക്കാന്‍ യു.പി ഭരിക്കുന്ന അഖിലേഷ്യാദവ് സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് വിഷ്ണുസഹായ് കമീഷന്‍ ദൗത്യം പൂര്‍ത്തിയാക്കി 700 പുറംവരുന്ന റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കുകയും പ്രസ്തുത റിപ്പോര്‍ട്ട് യു.പി നിയമസഭയുടെ മേശപ്പുറത്തത്തെുകയും ചെയ്തതോടെ ഉള്ളടക്കത്തെച്ചൊല്ലിയുള്ള വിവാദങ്ങളും ആരംഭിച്ചിരിക്കുന്നു. 62 പേരുടെ മരണത്തില്‍ കലാശിച്ച വര്‍ഗീയകലാപത്തിന് സമാജ്വാദിപാര്‍ട്ടി സര്‍ക്കാറിന് ഏതെങ്കിലും തരത്തിലുള്ള ഉത്തരവാദിത്തം കമീഷന്‍ കണ്ടത്തൊത്തതിലാണ് പ്രധാന പ്രതിപക്ഷപാര്‍ട്ടിയായ ബഹുജന്‍ സമാജ്പാര്‍ട്ടി മേധാവി മായാവതിക്ക് അമര്‍ഷം. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള വെറും അഭ്യാസമായാണ് അവര്‍ ഏകാംഗ കമീഷന്‍ റിപ്പോര്‍ട്ടിനെ കാണുന്നത്. കുറ്റവാളികളെ ശിക്ഷിക്കാനോ ഇരകള്‍ക്ക് നീതി ലഭ്യമാക്കാനോ അല്ല, സര്‍ക്കാറിന് ക്ളീന്‍ചിറ്റ് നല്‍കാന്‍ മാത്രമാണ് അന്വേഷണകമീഷന്‍ റിപ്പോര്‍ട്ടെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. സമാജ്വാദി പാര്‍ട്ടി ഭരണത്തില്‍ തുടര്‍ന്നാല്‍ തങ്ങളുടെ ജീവനും സ്വത്തിനും മതത്തിനും എന്ത് വിലയാണുണ്ടാവുക എന്ന് മുസ്ലിം സമുദായം ചിന്തിക്കണമെന്നു കൂടി മായാവതി ആവശ്യപ്പെടുമ്പോള്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണ് അവരുടെ മനസ്സിലിരിപ്പെന്ന് വ്യക്തം. മറുവശത്ത് ബി.ജെ.പിയാകട്ടെ, റിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന് കുറ്റപ്പെടുത്തി കലാപത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസാണ് സി.ബിഐയെ നിയന്ത്രിക്കുന്നതെന്നിരിക്കെ ബി.ജെ.പിയുടെ ഉന്നവും മനസ്സിലാക്കാവുന്നതേയുള്ളൂ. കേന്ദ്രത്തിലെ യു.പി.എ സര്‍ക്കാര്‍ ആവശ്യമായ ഇന്‍റലിജന്‍സ് വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാറിന് നല്‍കിയിരുന്നില്ളെന്ന, റിപ്പോര്‍ട്ടിലെ കണ്ടത്തെല്‍ ശരിയായില്ളെന്ന അഭിപ്രായമാണ് കോണ്‍ഗ്രസിന്. അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി എല്ലാ രഹസ്യാന്വേഷണ വിവരങ്ങളും യഥാസമയം നല്‍കിയിരുന്നതായി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്ന് പാര്‍ട്ടി നേതാവ് റീത്ത ബഹുഗുണ ജോഷി അവകാശപ്പെടുന്നു.

ഇന്‍റലിജന്‍സിന്‍െറ പരാജയവും പൊലീസിന്‍െറയും പ്രാദേശിക ഭരണകൂടത്തിന്‍െറയും കെടുകാര്യസ്ഥതയുമാണ് മുസഫര്‍നഗര്‍ കലാപം പടരാനുള്ള കാരണങ്ങളായി വിഷ്ണുസഹായി കമീഷന്‍ കണ്ടത്തെിയിരിക്കുന്നത്. എന്നാല്‍, രണ്ടിന്‍െറയും കടിഞ്ഞാണ്‍ സംസ്ഥാനസര്‍ക്കാറിന്‍െറ കൈയിലാണെന്ന സത്യം റിപ്പോര്‍ട്ടില്‍ അവഗണിച്ചതാണ് വിമര്‍ശങ്ങള്‍ ക്ഷണിച്ചു വരുത്തിയിരിക്കുന്നതെന്ന് പറയാതെവയ്യ. ജാട്ട് സമുദായക്കാരായ രണ്ട് യുവാക്കള്‍ കൊല്ലപ്പെടുകയും സംഭവത്തിന്‍െറ പിന്നില്‍ മുസ്ലിം യുവാക്കളാണെന്ന വാര്‍ത്ത പ്രചരിക്കുകയും ചെയ്തതോടെ സത്വരമായി വിളിച്ചുകൂട്ടപ്പെട്ട മഹാപഞ്ചായത്തുകള്‍ പ്രതികാരത്തിന് പരസ്യമായി ആഹ്വാനം ചെയ്തതാണ് വ്യാപകമായ കൂട്ടക്കൊലയിലും കൊള്ളയിലും കൊള്ളിവെപ്പിലും കലാശിച്ച കലാപത്തിന് വഴിതെളിയിച്ചതെന്ന് പരക്കെ അറിയാവുന്ന കാര്യമാണ്. മാത്രമല്ല, നൂറുകണക്കിന് മുസ്ലിം കുടുംബങ്ങള്‍ സര്‍വസ്വം കൈയൊഴിഞ്ഞ് അഭയാര്‍ഥികളായി പലായനം ചെയ്യാനും ആക്രമണം വഴിയൊരുക്കി. രണ്ടു കൊല്ലം പിന്നിട്ട ശേഷവും അവരില്‍ കുറെ പേര്‍ക്ക് തിരിച്ചുവരാനോ പുനരധിവസിക്കാനോ സാധിച്ചിട്ടില്ല. കലാപത്തില്‍ പങ്കുവഹിച്ച ക്രിമിനലുകള്‍ മുഴുവന്‍ പിടികൂടപ്പെടുകയോ പിടിയിലായ പ്രതികള്‍ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടുമില്ല. നിരാലംബരും നിരപരാധികളുമായ ഇരകള്‍ക്ക് മതിയായ നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല. അതേയവസരത്തില്‍ യു.പിയിലെ ഭൂരിപക്ഷ സമുദായവോട്ട് 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കനുകൂലമായി വന്‍തോതില്‍ മറിയാന്‍ മുസഫര്‍നഗര്‍ കലാപം നിമിത്തമാവുകയും ചെയ്തു. ഇതെല്ലാം കേവലം യാദൃച്ഛികമായിരുന്നെന്നും ഒരാസൂത്രിത നീക്കവും പിന്നില്‍ പ്രവര്‍ത്തിച്ചിട്ടില്ളെന്നും വിശ്വസിപ്പിക്കാന്‍ അന്വേഷണകമീഷന്‍ ബുദ്ധിമുട്ടും. എന്നാല്‍,  അഫ്ഗാനിസ്താനിലെ താലിബാന്‍ ചിലരെ മര്‍ദിക്കുന്ന വിഡിയോ ദൃശ്യം കലാപം നടന്ന കവാല്‍ മേഖലയില്‍ സംഭവിച്ചതെന്ന വ്യാജേന പ്രദര്‍ശിപ്പിച്ച് ആക്രമണങ്ങള്‍ ആളിപ്പടര്‍ത്തിയ ഹിന്ദുത്വ നേതാവിന്‍െറ പങ്ക് റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.

സര്‍വോപരി, അന്വേഷണറിപ്പോര്‍ട്ട് എത്രതന്നെ സമഗ്രമോ വസ്തുനിഷ്ഠമോ ആയിരുന്നാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ളെന്നതാണ് കലാപാനന്തര ജുഡീഷ്യല്‍ അന്വേഷണങ്ങളുടെ ഇത$പര്യന്തമുള്ള ചരിത്രം. 1993ലെ മുംബൈ കലാപത്തെക്കുറിച്ച ജസ്റ്റിസ് ശ്രീകൃഷ്ണ കമീഷന്‍ റിപ്പോര്‍ട്ടിന്‍െറ ദുര്‍ഗതി മാത്രം മതി പണവും സമയവും നഷ്ടപ്പെടുത്തുന്ന വൃഥാവേലയാണ് ജുഡീഷ്യല്‍ എന്‍ക്വയറി എന്ന് മനസ്സിലാക്കാന്‍. ശിവസേനയും ആര്‍.എസ്.എസും പൊലീസും വഹിച്ച പങ്ക് യഥാതഥമായി കമീഷന്‍ വരച്ചുകാണിച്ചിട്ടും മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാറുകള്‍ റിപ്പോര്‍ട്ട് കട്ടപ്പുറത്ത് വെക്കുകയല്ലാതെ ഒരു നടപടിയും ഇന്നേവരെ സ്വീകരിച്ചിട്ടില്ല. മറുവശത്ത് അതിന്‍െറ പ്രതികരണമായി സംഭവിച്ച മുംബൈ സ്ഫോടന കേസിനെക്കുറിച്ച് ജാഗരൂകമായ അന്വേഷണവും തുടര്‍നടപടികളും എത്രയും പെട്ടെന്ന് നടക്കുകയും ചെയ്തു. ഇന്നും മുഖ്യ പ്രതി ദാവൂദ് ഇബ്രാഹീമിനെ പിടികൂടാന്‍ സര്‍വശ്രമവും തുടരുന്ന സര്‍ക്കാറുകള്‍, അതിനിടെ പിടികൂടപ്പെട്ട പ്രതികളില്‍ ഒരാളായ യാകൂബ് മേമനെ തൂക്കിലേറ്റിയിട്ടുമുണ്ട്. ഈ ഇരട്ടത്താപ്പ് തുല്യ നീതിയല്ല നഗ്നമായ നീതിനിഷേധമാണെന്ന് തിരിച്ചറിയുമ്പോഴേ നമ്മുടേത് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ളിക്കാണെന്ന അവകാശവാദത്തിന് അര്‍ഥമുണ്ടാവൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorial
Next Story