കോണ്‍ഗ്രസ് അര്‍ഹിച്ചതാണ് അവര്‍ക്ക് കിട്ടുന്നത്
text_fields
ചാക്ക് ഇന്ത്യന്‍ ജനാധിപത്യത്തിന്‍െറ പ്രതീകമായി തുടരുകയാണെന്ന് അരുണാചല്‍പ്രദേശിന് പിന്നാലെ ഉത്തരാഖണ്ഡും വിളിച്ചുപറയുന്നു. അവിടെ ഹരീഷ് റാവത്തിന്‍െറ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ ബി.ജെ.പി അട്ടിമറിക്കുന്നത് ഭരണകക്ഷിയിലെ വിമതരെ ചാക്കിട്ടുപിടിച്ചാണ്. എഴുപതംഗ അസംബ്ളിയില്‍ കോണ്‍ഗ്രസിന് 36 അംഗങ്ങളാണുള്ളത്. എട്ട് അംഗങ്ങളുടെ ഭൂരിപക്ഷം സര്‍ക്കാറിനുണ്ടായിരുന്നു. എന്നാല്‍, മുന്‍മുഖ്യമന്ത്രി വിജയ് ബഹുഗുണ അടക്കം ഒമ്പത് കോണ്‍ഗ്രസ് എം.എല്‍.എമാരെ വശത്താക്കിയ ബി.ജെ.പി നേരെ ഗവര്‍ണറെ കണ്ട് അദ്ദേഹത്തിന്‍െറ ഇടപെടല്‍ തേടി. മാര്‍ച്ച് 28നകം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. വിമതരെ തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസും ഒപ്പം നിര്‍ത്താന്‍ ബി.ജെ.പിയും നടത്തുന്ന ശ്രമങ്ങള്‍ പരിഹാസ്യമായ തലത്തിലത്തെുകയാണ്. വിമതരെ ബി.ജെ.പി പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലത്തെിച്ചിരിക്കുന്നു. ബാക്കിയുള്ള സ്വന്തം എം.എല്‍.എമാരെ കോണ്‍ഗ്രസ് രഹസ്യ കേന്ദ്രത്തിലേക്കും മാറ്റിയിരിക്കുന്നു. ബി.ജെ.പി രാഷ്ട്രപതിയെവരെ സമീപിച്ചുകഴിഞ്ഞു. രണ്ട് പ്രധാന പാര്‍ട്ടികളും ഗവര്‍ണറും രാഷ്ട്രപതിയുമെല്ലാം ചിത്രത്തില്‍ വരുമ്പോള്‍ ഇതിലൊന്നും ഒരു പങ്കുമില്ലാതെ നോക്കിനില്‍ക്കാന്‍ വിധിക്കപ്പെട്ട ഒരു കൂട്ടരുണ്ട്: ജനങ്ങള്‍. ജനാധിപത്യമെന്ന നിസ്സഹായതയുടെ പ്രതിരൂപമായിരിക്കുന്നു ജനം. കോണ്‍ഗ്രസിലെ അസംതൃപ്തരെ കണ്ടത്തെി ചാക്കിട്ടു പിടിക്കുകയെന്ന വിദ്യതന്നെ നേരത്തേ അരുണാചല്‍പ്രദേശിലും ബി.ജെ.പി നടപ്പാക്കി. അവിടെ നബാം തുകിയുടെ കോണ്‍ഗ്രസ് മന്ത്രിസഭയെ മറിച്ചിടാന്‍ 21 വിമതരെ വശത്താക്കുകയായിരുന്നു. രാഷ്ട്രപതി ഭരണത്തിന്‍െറ ഇടവേളക്കുശേഷം അവിടെ കോണ്‍ഗ്രസില്‍നിന്ന് കൂറുമാറിയ കലിഖോപുല്‍ മുഖ്യമന്ത്രിയായിക്കഴിഞ്ഞു. മണിപ്പൂരിലും ഇതേ തിരക്കഥയാണ്. കോണ്‍ഗ്രസില്‍നിന്ന് ബി.ജെ.പിയിലേക്ക് കൂറുമാറിയ 25 എം.എല്‍.എമാരുടെ പിന്തുണയോടെ മുഖ്യമന്ത്രി ഇബോസിങ്ങിനെ അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നു.
ജനഹിതമാണ് ജനാധിപത്യത്തിന്‍െറ അടിസ്ഥാനമെങ്കില്‍ ഇവിടെയെല്ലാം അതിനെ മറികടന്ന് നഗ്നമായ അധികാരക്കച്ചവടമാണ് നടക്കുന്നത്. കേന്ദ്ര ഭരണത്തിന്‍െറ ബലത്തില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ചും എം.എല്‍.എമാര്‍ക്ക് സ്ഥാനമാനങ്ങളും മറ്റും വാഗ്ദാനം ചെയ്തും ജനങ്ങളുടെ ഹിതത്തെയാണ് അട്ടിമറിച്ചുകൊണ്ടിരിക്കുന്നത്. അടുത്തകാലത്തു നടന്ന അനേകം തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കേറ്റ കനത്ത തിരിച്ചടികളെ ജനായത്ത വിരുദ്ധമായ രീതിയില്‍ മറികടക്കാനുള്ള ശ്രമമാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തുടങ്ങിവെച്ചിരിക്കുന്നത്. ഡല്‍ഹി, ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഗുജറാത്തിലെ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകളിലും ജനങ്ങള്‍ ബി.ജെ.പിയെ തള്ളിക്കളയുകയാണ് ചെയ്തത്. ഇപ്പോള്‍ സംസ്ഥാനങ്ങളില്‍ ജനാധിപത്യവിരുദ്ധമായി ഇടപെട്ട്, സ്വാര്‍ഥമോഹികളെ നോട്ടമിട്ട്, ഭരണകൂടങ്ങളെ അട്ടിമറിക്കുന്നത് ജനങ്ങളോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണ്.
അതേസമയം, കോണ്‍ഗ്രസിന്‍െറ കാര്യമോ? ഇത്രയധികം സംസ്ഥാനങ്ങളില്‍ ഇത്രയേറെ എം.എല്‍.എമാര്‍ ഇത്ര എളുപ്പത്തില്‍ ബി.ജെ.പിയുടെ ചാക്കില്‍ കയറുന്നുവെങ്കില്‍ അതിനര്‍ഥമെന്താണ്? സ്ഥാനമോഹത്തിനും സ്വാര്‍ഥങ്ങള്‍ക്കുമപ്പുറം ജനാധിപത്യ മൂല്യങ്ങളുടെ അംശംപോലും ഉള്‍ക്കൊണ്ടിട്ടില്ലാത്തവരാണ് ആ പാര്‍ട്ടിയുടെ നേതാക്കളില്‍ ഭൂരിപക്ഷമെന്നു തന്നെയല്ളേ? ബി.ജെ.പിയുടെ കാഴ്ചപ്പാട് നേരത്തേ സ്വാംശീകരിച്ചു കഴിഞ്ഞ ഒരുപാട് പേര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എം.എല്‍.എമാരാകുന്നുണ്ട് എന്നല്ളേ? മതനിരപേക്ഷതയുടെ കാര്യത്തില്‍പോലും ബി.ജെ.പിയോട് ചേര്‍ന്നുനില്‍ക്കുന്നത് കോണ്‍ഗ്രസിലെ ഒറ്റപ്പെട്ടവരല്ല, ഒരു അസംബ്ളിയിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ മുഴുവനുമാണെന്ന് മഹാരാഷ്ട്രയില്‍ തെളിഞ്ഞതാണല്ളോ? ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിക്കണമെന്ന് ശഠിച്ച സംഘ്പരിവാരം, കോണ്‍ഗ്രസിനെക്കൂടി ഉള്‍ക്കൊള്ളുന്നുവെന്ന് തെളിയുകയായിരുന്നു അവിടെ. കോണ്‍ഗ്രസിന്‍െറ സ്വന്തം നേതാവ് ജവഹര്‍ലാല്‍ നെഹ്റു എഴുതിയതിനെവരെ തള്ളിക്കളഞ്ഞു. ഭാരതമെന്നത് വൈവിധ്യമാര്‍ന്ന ജനങ്ങള്‍കൂടി ഉള്‍ക്കൊള്ളുന്നുവെന്നും അതിനെ ദേശീയ ഭ്രാന്തിന്‍െറ മുദ്രാവാക്യമായി ചുരുക്കരുതെന്നും നെഹ്റു ഉണര്‍ത്തിയിരുന്നു. എന്താണ് ബഹുസ്വരത, എന്താണ് മതനിരപേക്ഷത, എന്താണ് ജനാധിപത്യം തുടങ്ങിയ പാഠങ്ങള്‍ കോണ്‍ഗ്രസുകാര്‍ ആദ്യംതൊട്ട് പഠിക്കേണ്ടിയിരിക്കുന്നു. കൊഴിഞ്ഞുപോകുന്ന എം.എല്‍.എമാരേക്കാള്‍ ആ പാര്‍ട്ടി വ്യാകുലപ്പെടേണ്ടത്, മുമ്പേ കൈമോശം വന്ന ആദര്‍ശത്തെ ചൊല്ലിയാണ്. എം.എല്‍.എമാരെന്ന സ്വാര്‍ഥംഭരികളെ ചാക്കിട്ട് തിരിച്ചുപിടിക്കുന്നതിനേക്കാള്‍ മുന്‍ഗണന കൊടുക്കേണ്ടത് ജനാധിപത്യ മൂല്യങ്ങളെ കുറിച്ച ഉറച്ച വിശ്വാസം തിരിച്ചുപിടിക്കുന്നതിനാകണം. ബി.ജെ.പിയില്‍നിന്നുള്ള വ്യതിരിക്തത ജനങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ടുവേണം കോണ്‍ഗ്രസ് ജനസമക്ഷം ഇനി വോട്ടുചോദിച്ചത്തൊന്‍. ജനാധിപത്യ ബോധത്തിലോ മതനിരപേക്ഷതയിലോ ജനക്ഷേമ തല്‍പരതയിലോ മൗലികമായ ആദര്‍ശനിഷ്ഠ ഇല്ളെങ്കില്‍, പിന്നെ ബി.ജെ.പി ആയാലെന്ത്, കോണ്‍ഗ്രസ് ആയാലെന്ത്? കൂറുമാറിപ്പോകുന്ന എം.എല്‍.എമാര്‍ ഓര്‍മപ്പെടുത്തുന്നു, കോണ്‍ഗ്രസിന്‍െറ പ്രതിസന്ധി രാഷ്ട്രീയമല്ല ആദര്‍ശപരമാണെന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.