റവന്യൂ വകുപ്പ് വല്ലാതെ ചീഞ്ഞുനാറുന്നുണ്ട്
text_fieldsഅധികാരസോപാനത്തില്‍നിന്ന് ഇറങ്ങിപ്പോകും മുമ്പ് കരയും കടലും വിറ്റുതുലച്ച് പരമാവധി കൈക്കലാക്കാനുള്ള വ്യഗ്രതയില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സമീപകാലത്ത് എടുത്ത ചില തീരുമാനങ്ങള്‍ കേരളത്തിന്‍െറ രാഷ്ട്രീയപ്രബുദ്ധതയോടുള്ള നഗ്നമായ വെല്ലുവിളിയാണ്. ഈ വിഷയത്തില്‍ റവന്യൂ മന്ത്രാലയം അധികാരദുര്‍വിനിയോഗത്തിന്‍െറ എല്ലാ പരിധികളും ലംഘിച്ചിരിക്കയാണെന്ന് വിളിച്ചുകൂവുന്നത് കോണ്‍ഗ്രസ് അധ്യക്ഷന്‍ അടക്കമുള്ള പാര്‍ട്ടി നേതൃത്വം തന്നെയാണ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുംമുമ്പ് അതീവരഹസ്യമായും ആസൂത്രിതമായും നടത്തിയ ചില നീക്കങ്ങള്‍ കണ്ടുപിടിക്കപ്പെട്ടതോടെ ഉയര്‍ന്ന വിവാദങ്ങള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ മന്ത്രിസഭാ തീരുമാനങ്ങള്‍ റദ്ദാക്കുകയോ ഉത്തരവുകള്‍ പിന്‍വലിക്കുകയോ അല്ലാതെ ബന്ധപ്പെട്ടവരുടെ മുന്നില്‍ മറ്റു പോംവഴികളുണ്ടായില്ല. ഏറ്റവുമൊടുവില്‍, വിവാദ സ്വാമി സന്തോഷ് മാധവന് പങ്കാളിത്തമുള്ള കമ്പനിക്ക് എറണാകുളം, തൃശൂര്‍ ജില്ലകളിലായി 128 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കിയ ഉത്തരവ് റവന്യൂ വകുപ്പിനു റദ്ദാക്കേണ്ടിവന്നിരിക്കുന്നു. ഐ.ടി, ഹൈടെക് വ്യവസായം തുടങ്ങാന്‍ എന്ന പേരിലാണ്് എല്ലാ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് വയലും തണ്ണീര്‍ത്തടങ്ങളും നികത്തി ബംഗളൂരു ആസ്ഥാനമായ മെസേഴ്സ് കൃഷി പോപ്പര്‍ട്ടി ഡെവലപ്മെന്‍റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യകമ്പനിക്ക് ഭൂമി ദാനം ചെയ്തിരിക്കുന്നത്. 128 ഏക്കറില്‍ 15 ഏക്കര്‍ ഒഴിച്ച് മുഴുവനും മിച്ചഭൂമിയാണ്. ഈ ഭൂമി താലൂക്ക് ലാന്‍ഡ് ബോര്‍ഡിനു കൈമാറ്റം ചെയ്യേണ്ടതാണെന്ന് കലക്ടര്‍ എന്നോ ഉത്തരവിട്ടതാണ്. കോടതിയും ഈ വിഷയത്തില്‍ അതേ നിലപാട് കൈക്കൊണ്ടിട്ടുണ്ട്. എന്നാല്‍, യഥാര്‍ഥവിവരങ്ങള്‍ മറച്ചുവെച്ചാണ് കമ്പനി സര്‍ക്കാറിനു അപേക്ഷ നല്‍കിയത് എന്ന് ബോധ്യംവന്നതിലാണ് ഉത്തരവ് റദ്ദാക്കുന്നതെന്ന വകുപ്പ് മന്ത്രി അടൂര്‍ പ്രകാശിന്‍െറ വിശദീകരണം ജനങ്ങളെ വിഡ്ഡികളാക്കലാണ്. സന്തോഷ് മാധവന്‍ ഉള്‍പ്പെട്ട കേസില്‍ സര്‍ക്കാര്‍ നേരത്തേ പിടിച്ചെടുത്ത ഭൂമി വീണ്ടും പതിച്ചുനല്‍കുമ്പോള്‍ മന്ത്രി ഒന്നും അറിയാതെ പോയി എന്ന ശുദ്ധ അസംബന്ധം വിളമ്പുമ്പോള്‍ ആര്‍ത്തുചിരിക്കുന്നത് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനും കോണ്‍ഗ്രസ് എം.എല്‍.എമാരായ വി.ഡി. സതീശനും ടി.എന്‍. പ്രതാപനുമൊക്കെയാണ്. ഇവരുടെ ശക്തമായ എതിര്‍പ്പാണ് കോടികളുടെ അഴിമതിക്ക് വഴിവെച്ചേക്കാവുന്ന ഇടപാടിനു തടയിട്ടിരിക്കുന്നത്.
ഭരണത്തില്‍ അടുത്ത ഊഴം തരപ്പെടില്ല എന്ന് കണക്കുകൂട്ടിയാവണം വ്യാപകമായ അധികാരദുര്‍വിനിയോഗത്തിനും അവിഹിത ഇടപാടുകള്‍ക്കും റവന്യൂ വകുപ്പ് ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. കോര്‍പറേറ്റുകള്‍ക്കും വന്‍കിട മുതലാളിമാര്‍ക്കും സംസ്ഥാനത്തിനു പുറത്തുള്ള ബിസിനസ് ലോബികള്‍ക്കും സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കാനും കോടതിയുടെ നിര്‍ദേശങ്ങള്‍ പോലും മറികടന്ന് പട്ടയം വിതരണം ചെയ്യാനും നീക്കങ്ങള്‍ ആരംഭിച്ചപ്പോഴാണ് വിവാദങ്ങളുയര്‍ന്നത്. ഭരണത്തിന്‍െറ പകലറുതിയില്‍ വിവാദ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതും കടുത്ത എതിര്‍പ്പ് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വരുമ്പോള്‍ തലകുത്തി മറിയേണ്ടിവരുന്നതും സര്‍ക്കാറിനും മുന്നണിക്കും എന്തുമാത്രം പേരുദോഷം വരുത്തിവെക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കാതെ പോവുന്നു. 1977 ജനുവരി ഒന്നിനുമുമ്പ് നടന്ന വനംഭൂമി കൈയേറിയവര്‍ക്ക് പട്ടയം അനുവദിക്കാനുള്ള കേന്ദ്രാനുമതി, 2005വരെ എന്ന സമയപരിധിവെച്ച് അട്ടിമറിക്കാന്‍ ഉത്തരവിറക്കിയപ്പോള്‍ വന്‍വിവാദത്തെ തുടര്‍ന്ന് റദ്ദാക്കേണ്ടിവന്നു. അതുപോലെ, പട്ടയഭൂമിയില്‍ ക്വാറി ആരംഭിക്കുന്നതിന് അനുമതി നല്‍കിയത് ഹൈകോടതി ഇടപെട്ടാണ് തടഞ്ഞത്. സംസ്ഥാനത്തേക്ക് നിക്ഷേപം ഒഴുകണമെങ്കില്‍ വയലുകള്‍ നികത്തുന്നതില്‍ ഉദാരമായ സമീപനം സ്വീകരിക്കണമെന്ന കാഴ്ചപ്പാടുമായി സര്‍ക്കാര്‍ മുന്നോട്ടുപോയത് വന്‍കിട പദ്ധതികള്‍ക്കുവേണ്ടി പത്ത് ഏക്കറിലധികം നെല്‍വയല്‍ നികത്താന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുക എന്ന ദുഷ്ടലാക്കോടെയാണ്. കോട്ടയം കുമരകത്തെ മെത്രാന്‍ കായലില്‍ 378 ഏക്കര്‍ നിലം നികത്താന്‍ അനുമതി നല്‍കിയ വിവാദതീരുമാനം വന്‍ കോളിളക്കമുണ്ടാക്കി. എറണാകുളം കടമക്കുടിയിലും വൈക്കത്ത് ചെമ്പിലും നിലംനികത്തുന്നതിനു സമാനമായ ഉത്തരവിറങ്ങിയതും വിവാദങ്ങള്‍ക്ക് വഴിവെച്ചു. ഇതെല്ലാം നമ്മുടെ നാടിന്‍െറ വികസനം ലക്ഷ്യമിട്ടാണെന്ന് വിശ്വസിക്കാന്‍ മാത്രം മണ്ടന്മാരല്ല കേരളത്തിലെ ജനങ്ങള്‍. നെല്ലിയാമ്പതിയിലെ കരുണ എസ്റ്റേറ്റ് വിവാദം തല്‍ക്കാലം കെട്ടടങ്ങിയത് എങ്ങനെയാണെന്ന് നാം കണ്ടതാണ്. ഇടുക്കിയിലെ ഹോപ് പ്ളാന്‍േറഷന്‍ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് ഇറക്കിയ ഉത്തരവിനെതിരെ കോണ്‍ഗ്രസ് നേതൃത്വം തന്നെ രംഗത്തുവന്നിട്ടുണ്ട്. മിച്ചഭൂമിയെന്ന് കണ്ടത്തെിയ 750 ഏക്കര്‍ ഭൂമിയാണ് റവന്യൂ വകുപ്പ് ഹോപ് പ്ളാന്‍േറഷനു കൈമാറി ഉത്തരവിട്ടിരിക്കുന്നത്. ഈ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തിട്ടും ജനവിരുദ്ധതീരുമാനത്തില്‍ കടിച്ചുതൂങ്ങുകയാണ് റവന്യൂ അധികൃതര്‍.
സംസ്ഥാനത്തിന്‍െറ ചരിത്രത്തില്‍ ഇതുപോലെ ജനങ്ങളെയും പരിസ്ഥിതിയെയും വെല്ലുവിളിച്ച് ഒരു സര്‍ക്കാറും മുന്നോട്ടുപോയിട്ടില്ല. വോട്ടുരാഷ്ട്രീയം ലക്ഷ്യമിട്ട് വിവിധ മത, സാമുദായിക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കിക്കൊണ്ടിരിക്കയാണ്. അതിന്‍െറ മുഴുവന്‍ വിവരങ്ങളും പുറത്തവരാനിരിക്കുന്നതേയുള്ളൂ. സാധാരണക്കാരായ പൗരന്മാര്‍ കുടില്‍കെട്ടാന്‍ ഒരുതുണ്ട് ഭൂമിയില്ലാതെ തെരുവോരങ്ങളില്‍ ദുരിതജീവിതവുമായി മല്ലിടുമ്പോഴാണ് വന്‍കിടക്കാര്‍ക്കും പിടിപാടുള്ള മാഫിയകള്‍ക്കും വേണ്ടിയുള്ള ഈ കടുംവെട്ട്. ജനം എല്ലാം കാണുന്നുണ്ടെന്ന് മനസ്സിലാക്കി തെറ്റു തിരുത്താന്‍ മുന്നോട്ടുവന്നാല്‍ ബന്ധപ്പെട്ടവര്‍ക്ക് നല്ലത്. അല്ലാത്തപക്ഷം ജനമായിരിക്കും ഇവരുടെ രാഷ്ട്രീയ ഭാവിയില്‍ വിധിപറയുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.