മൂപ്പിളമത്തര്‍ക്കം
text_fieldsഇന്ത്യയിലെ കുട്ടിയോട് രാഷ്ട്രീയത്തില്‍ ആരാവണമെന്നു ചോദിച്ചാല്‍ കുട്ടി പറയും, പ്രധാനമന്ത്രിയാവണം എന്ന്. ബ്രിട്ടനിലെ രാഷ്ട്രീയതല്‍പരനായ കുട്ടിയോടു ചോദിച്ചാലും ഉത്തരത്തില്‍ വ്യത്യാസമുണ്ടാവില്ല. അമേരിക്കയില്‍ അതല്ല സ്ഥിതി. അവിടത്തെ കുട്ടി പറയും, പ്രസിഡന്‍റ് ആവണമെന്ന്. പ്രധാനമന്ത്രിയുടെയും പ്രസിഡന്‍റിന്‍െറയും പദവിയും അധികാരപരിധിയും ഓരോ രാജ്യത്തും വ്യത്യാസപ്പെട്ടിരിക്കുന്നു. ചില രാജ്യങ്ങളില്‍ പ്രസിഡന്‍േറയുള്ളൂ, പ്രധാനമന്ത്രിയില്ല. എന്നാല്‍, പ്രസിഡന്‍റും പ്രധാനമന്ത്രിയുമുള്ള നാടുകളുണ്ട് -ഫ്രാന്‍സിനെയും ഇന്ത്യയെയും തുര്‍ക്കിയെയും പോലുള്ള രാജ്യങ്ങള്‍. ഇന്ത്യയിലെ പ്രസിഡന്‍റ് പലപ്പോഴും റബര്‍ സ്റ്റാമ്പാണ്. പ്രസിഡന്‍റിനാണോ പ്രധാനമന്ത്രിക്കാണോ അധികാരം കൂടുതല്‍ എന്ന തര്‍ക്കം ഇവിടെ ഏതായാലും ഇല്ല. ഇവിടെ പ്രസിഡന്‍റ് രാഷ്ട്രത്തലവനും പ്രധാനമന്ത്രി സര്‍ക്കാറിന്‍െറ തലവനുമാണ്. ചില നാടുകളില്‍ പ്രസിഡന്‍റ് പ്രധാനമന്ത്രിയെ ഒതുക്കും. അയവുള്ള ഭരണഘടനയും ദുര്‍ബലമായ ജനാധിപത്യവുമുള്ള നാടുകളില്‍ പ്രത്യേകിച്ചും. അതാണിപ്പോള്‍ തുര്‍ക്കിയില്‍ സംഭവിച്ചിരിക്കുന്നത്. പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ രാഷ്ട്രത്തലവന്‍െറ അധികാരം വിപുലപ്പെടുത്താന്‍ നോക്കുകയാണ്. പ്രധാനമന്ത്രിയുടെ അധികാരങ്ങള്‍ വെട്ടിക്കുറക്കാനാണ് നീക്കം. പാര്‍ലമെന്‍ററി ജനാധിപത്യത്തെ പ്രസിഡന്‍ഷ്യല്‍ ഭരണരീതിയാക്കുകയാണ് ലക്ഷ്യം. അതില്‍ സങ്കടപ്പെട്ട് രാജിവെച്ചിരിക്കുകയാണ് തുര്‍ക്കി പ്രധാനമന്ത്രി അഹ്മദ് ദാവൂദ് ഒഗ്ലു. പുകച്ചു പുറത്തുചാടിച്ചതാണ് എന്നും മാധ്യമ വ്യാഖ്യാനമുണ്ട്.
രണ്ടുകൊല്ലം മുമ്പ് പ്രധാനമന്ത്രിപദത്തില്‍ നിയമിച്ച ആളുതന്നെയാണ് കാലിനടിയിലെ കാര്‍പെറ്റ് വലിച്ച് തള്ളിയിട്ടത്. കുറച്ചു മാസങ്ങളായി ഉര്‍ദുഗാന് ആധിപത്യമനോഭാവത്തിന്‍െറ അസ്ക്യത ഉണ്ടെന്ന് പ്രതിയോഗികള്‍ ആരോപിക്കുന്നു. ഭരണഘടന തിരുത്തിയെഴുതണമെന്ന തോന്നല്‍ കലശലായത് പ്രസിഡന്‍റിന് ഭരണനിര്‍വഹണ അധികാരംകൂടി കിട്ടാനാണ്. അങ്ങനെയാവുമ്പോള്‍ സര്‍ക്കാറില്‍ പിടിമുറുക്കാന്‍ പറ്റും. തന്‍െറത്തന്നെ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്മെന്‍റ് പാര്‍ട്ടിയിലും ഒരു കടിഞ്ഞാണ്‍പിടി കിട്ടും. അധികാരത്തിന്‍െറ ശാക്തികബലാബലം നടക്കുന്നിടത്ത് പ്രബലകേന്ദ്രങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഉണ്ടാവുക സ്വാഭാവികം. അതു പരിഹരിക്കാനാണ് കഴിഞ്ഞ ബുധനാഴ്ച ഉര്‍ദുഗാനും ഒഗ്ലുവും മുഖാമുഖം ഇരുന്നത്. എന്നാല്‍, ആ സംഭാഷണം ഒരു ഫലവുമുണ്ടായില്ല. കുര്‍ദ് തീവ്രവാദികളുമായുള്ള സംഭാഷണം പുനരാരംഭിക്കണം എന്ന നിര്‍ദേശം ചെവിക്കൊണ്ടില്ല. പണ്ഡിതന്മാരെയും മാധ്യമപ്രവര്‍ത്തകരെയും വിമര്‍ശകരെയും ജയിലിലടച്ച ഉര്‍ദുഗാന്‍െറ രീതിയെയും ഒഗ്ലു വിമര്‍ശിച്ചിരുന്നു. ബോസിന്‍െറ ഉപദേശകനായിരുന്നതല്ളേ. അതൊക്കെ ആവാം എന്നു കരുതി.
രാഷ്ട്രീയ ജീവിതത്തിലെ ശക്തമായ തിരിച്ചടി കിട്ടിയത് കഴിഞ്ഞ വെള്ളിയാഴ്ച. ഉര്‍ദുഗാന്‍െറ കൊട്ടാരത്തില്‍ രണ്ടുപേരും സമ്മേളിച്ചതിന്‍െറ രണ്ടാംദിവസം. പാര്‍ട്ടിയുടെ നിര്‍വാഹകസമിതി യോഗം ചേര്‍ന്നപ്പോള്‍ ഒഗ്ലുവിന്‍െറ രാഷ്ട്രീയഭാവി തീരുമാനിക്കപ്പെട്ടു. പാര്‍ട്ടിയുടെ പ്രവിശ്യാ നേതാക്കളെ തീരുമാനിക്കാനുള്ള അധികാരം ഒഗ്ലുവില്‍നിന്ന് എടുത്തുമാറ്റപ്പെട്ടു. ഒഗ്ലുവിന്‍െറ കാലം കഴിഞ്ഞുവെന്ന് അന്നുതന്നെ ഉര്‍ദുഗാന്‍െറ അടുത്ത വൃത്തത്തില്‍പെട്ട ഒരു ബ്ളോഗര്‍ പ്രവചിച്ചിരുന്നതാണ്. പാര്‍ട്ടിക്കുള്ളില്‍ വിമതശബ്ദം ഉര്‍ദുഗാന്‍ അംഗീകരിക്കില്ളെന്നാണ് ഇത് നല്‍കുന്ന സൂചന. എന്നാല്‍, ഒഗ്ലുവിന്‍െറ സ്ഥാനചലനം തുര്‍ക്കിക്കാണ് വിനയാവുക എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. കറന്‍സിയായ ലിറയുടെ വില ഡോളറിനെതിരെ നാലുശതമാനം ഇടിഞ്ഞു. 2008നുശേഷം ഇത്രയും വലിയ തകര്‍ച്ചയുണ്ടാവുന്നത് ഇപ്പോഴാണ്. വിവേകമതിയായ ഒരു കൂടിയാലോചകനെ യൂറോപ്യന്‍ യൂനിയന്‍ ഒഗ്ലുവില്‍ കണ്ടിരുന്നു. കണിശക്കാരനായ ഉര്‍ദുഗാനെ മറികടക്കാനുള്ള ചാനലായും ഒഗ്ലുവിനെ യൂറോപ്യന്‍ യൂനിയന്‍ കണ്ടു. കുടിയേറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തുര്‍ക്കിയുമായി കൂടിയാലോചന നടത്താനുള്ള യൂനിയന്‍െറ ശ്രമങ്ങള്‍ക്ക് ഇത് തിരിച്ചടിയായി. അതിര്‍ത്തിയില്‍ പ്രവഹിക്കുന്ന അഭയാര്‍ഥികളുടെ എണ്ണം കുറക്കുന്നതു സംബന്ധിച്ച് തുര്‍ക്കിയും യൂറോപ്യന്‍ യൂനിയനുമായുള്ള ഉടമ്പടിയുടെ ഇടനിലക്കാരനായിരുന്നു ഒഗ്ലു. കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയിലെ റെബലുകളുമായുള്ള സംഘര്‍ഷം വര്‍ധിച്ചുവരുകയാണ്. അഭയാര്‍ഥികളുടെയും കുടിയേറ്റക്കാരുടെയും പ്രവാഹം നിലക്കാതെ തുടരുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്‍െറ ആക്രമണങ്ങള്‍ ഒരുവശത്ത്. അങ്ങനെ തുര്‍ക്കി രാഷ്ട്രീയ അസ്ഥിരത നേരിട്ടുകൊണ്ടിരിക്കുന്ന നേരത്താണ് ഒഗ്ലു-ഉര്‍ദുഗാന്‍ ഭിന്നത.
ഒഗ്ലുവിന്‍െറ രാജി ഉള്‍പാര്‍ട്ടിപ്രശ്നമായി കാണരുതെന്നാണ് പ്രതിപക്ഷം പറയുന്നത്. അത് ജനാധിപത്യത്തിന്‍െറ ശവപ്പെട്ടിയില്‍ അടിച്ച ആണിയായി അവര്‍ കരുതുന്നു. അത് ഉര്‍ദുഗാന്‍െറ കൊട്ടാരത്തില്‍ നടന്ന അട്ടിമറിയാണ്. കുംഭകോണമോ അഴിമതി ആരോപണങ്ങളോ നയപരമായ അബദ്ധങ്ങളോ ഉണ്ടായിട്ടല്ല സര്‍ക്കാറിന്‍െറ തലവനായ ഒഗ്ലുവിന് പുറത്തുപോവേണ്ടിവന്നത്. തുര്‍ക്കി പാര്‍ലമെന്‍ററി ജനാധിപത്യമായതിനാല്‍ പ്രസിഡന്‍റല്ല, പ്രധാനമന്ത്രിയാണ് സര്‍ക്കാറിനെ നയിക്കേണ്ടത്.
അക് പാര്‍ട്ടി ദേശീയ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് 2002ലാണ്. 2003ല്‍ ഉര്‍ദുഗാന്‍ പ്രധാനമന്ത്രിയായി. പണ്ഡിതനായ ഒഗ്ലുവിനെ ആദ്യം വിദേശനയ ഉപദേഷ്ടാവും പിന്നീട് വിദേശകാര്യ മന്ത്രിയുമാക്കി. ഇറാഖ് യുദ്ധത്തിന്‍െറയും അറബ് വസന്തത്തിന്‍െറയും കാലങ്ങളില്‍ ഇരു സംഭവങ്ങളോടുള്ള തുര്‍ക്കിയുടെ പ്രതികരണം രൂപകല്‍പന ചെയ്തത് ഇരുവരും ഒരുമിച്ചാണ്. അന്നൊക്കെ ഉര്‍ദുഗാന്‍തന്നെയായിരുന്നു ഡ്രൈവറുടെ സീറ്റില്‍. 2014ല്‍ ഉര്‍ദുഗാന്‍െറ കാലാവധി കഴിഞ്ഞപ്പോള്‍ സ്വാഭാവികമായും പ്രധാനമന്ത്രി ഒഗ്ലുവായി. പ്രസിഡന്‍റായപ്പോള്‍ ഭരണഘടന അനുസരിച്ച് ഉര്‍ദുഗാന് പാര്‍ട്ടി അംഗത്വം രാജിവെക്കേണ്ടിവന്നു. അതോടെ പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടുക അസാധ്യമായി. ഈ ഘട്ടത്തില്‍ താനുമായി കൂടിയാലോചിക്കാതെ സ്വന്തംനിലയില്‍ ഒഗ്ലു കൈക്കൊണ്ട തീരുമാനങ്ങള്‍ ഉര്‍ദുഗാന് അലോസരമായി.
പാര്‍ട്ടിക്ക് അകത്തുനിന്നുതന്നെ സമരങ്ങള്‍ നടത്താനാണ് ഒഗ്ലുവിന്‍െറ തീരുമാനം. പാര്‍ട്ടി അംഗമായി തുടരും. പാര്‍ലമെന്‍റ് അംഗത്വം രാജിവെക്കാനും ഉദ്ദേശിക്കുന്നില്ല. ആരോടും എതിര്‍പ്പോ ദേഷ്യമോ പരാതിയോ ഇല്ളെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഉര്‍ദുഗാന് എതിരെ തന്‍െറ നാവോ മനസ്സോ സംസാരിക്കുന്നതിന്‍െറ ഒരു വാക്കുപോലും ആരും കേട്ടിട്ടില്ല, ഇനി കേള്‍ക്കുകയുമില്ല എന്നാണ് ഒഗ്ലു പറയുന്നത്. ഉര്‍ദുഗാനുമായി അടുപ്പമുള്ള ഗതാഗതമന്ത്രി ബിന്‍ അലി യില്‍ദിരിം, അല്ളെങ്കില്‍ മരുമകനും ഊര്‍ജമന്ത്രിയുമായ ബറാത് അല്‍ബയ്റാക് എന്നിവരിലൊരാളാവും ഒഗ്ലുവിന്‍െറ പിന്‍ഗാമി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.