Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightബംഗ്ളാദേശിലെ ഭരണകൂട...

ബംഗ്ളാദേശിലെ ഭരണകൂട കുരുതികള്‍

text_fields
bookmark_border
ബംഗ്ളാദേശിലെ ഭരണകൂട കുരുതികള്‍
cancel

ബംഗ്ളാദേശിലെ മുന്‍ കൃഷി-വ്യവസായ മന്ത്രിയും രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷികളിലൊന്നായ ജമാഅത്തെ ഇസ്ലാമിയുടെ മുന്‍ അധ്യക്ഷനുമായ മൗലാനാ മുതീഉര്‍റഹ്മാന്‍ നിസാമിയെ ചൊവ്വാഴ്ച അര്‍ധരാത്രി ബംഗ്ളാദേശ് ഭരണകൂടം തൂക്കിലേറ്റിയിരിക്കുകയാണ്. പ്രധാന മന്ത്രി ഹസീന വാജിദിന്‍െറ നേതൃത്വത്തിലുള്ള അവാമി ലീഗ് ഭരണകൂടം 2009ല്‍ സ്ഥാപിച്ച ‘യുദ്ധക്കുറ്റ വിചാരണ ട്രൈബ്യൂണല്‍’ വധശിക്ഷക്ക് വിധിക്കുന്ന എട്ടാമത്തെ പ്രതിപക്ഷ നേതാവാണ് മുതീഉര്‍റഹ്മാന്‍. 1971ലെ ബംഗ്ളാദേശ് വിമോചന സമര വേളയില്‍ ഉണ്ടായതായി ആരോപിക്കപ്പെടുന്ന യുദ്ധക്കുറ്റങ്ങളില്‍ പ്രതികളായവരെ വിചാരണചെയ്യാന്‍ സ്ഥാപിച്ചതാണ് അന്താരാഷ്ട്ര യുദ്ധക്കുറ്റ ട്രൈബ്യൂണല്‍. അന്താരാഷ്ട്ര നീതിന്യായ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ട്രൈബ്യൂണല്‍ സ്ഥാപിച്ചതും പ്രവര്‍ത്തിക്കുന്നതുമെന്നുള്ള വിമര്‍ശങ്ങള്‍ ഹ്യൂമന്‍ റൈറ്റ്സ് വാച്ച്, ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ തുടങ്ങിയ മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ ഉന്നയിച്ചിരുന്നു. ട്രൈബ്യൂണലിന്‍െറ തലവനായ ജസ്റ്റിസ് മുഹമ്മദ് നിസാമുല്‍ ഹഖും സര്‍ക്കാറിനെ പിന്തുണക്കുന്ന അഭിഭാഷകനായ അഹ്മദ് സിയാവുദ്ദീനും തമ്മില്‍  നടന്ന സ്കൈപ് സംഭാഷണങ്ങളും ഇ-മെയില്‍ കത്തിടപാടുകളും, ലണ്ടനില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന പ്രമുഖ പത്രമായ ദി ഇന്‍ഡിപെന്‍ഡന്‍റ് പുറത്തുവിട്ടിരുന്നു. 2012 ആഗസ്റ്റ് 20 മുതല്‍ ഒക്ടോബര്‍ 20 വരെയുള്ള ഈ ആശയവിനിമയങ്ങളുടെ രേഖകള്‍, നീതിന്യായ സംവിധാനങ്ങളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനും എതിരാളികളെ കൊന്നൊടുക്കാനും എത്ര ഹീനമായാണ് ബംഗ്ളാദേശ് ഭരണകൂടം ഉപയോഗപ്പെടുത്തുന്നത് എന്നതിന്‍െറ നേര്‍ചിത്രമായിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെയും ബംഗ്ളാദേശ് നാഷനലിസ്റ്റ് പാര്‍ട്ടിയുടെയും പ്രമുഖരായ നേതാക്കളെ തിരഞ്ഞുപിടിച്ച് കൊല്ലുകയെന്നത്, ഒരു വിനോദംപോലെ നടത്തുകയാണ് ഈ ട്രൈബ്യൂണല്‍. അതിന്‍െറ ഒടുവിലത്തെ ഇര മാത്രമാണ് 73കാരനായ മുതീഉര്‍റഹ്മാന്‍ നിസാമി.

ബംഗ്ളാദേശിലെ ഏറ്റവും വലിയ ഇസ്ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമി ലോകതലത്തില്‍തന്നെ ശ്രദ്ധിക്കപ്പെടുന്ന ഇസ്ലാമിക പ്രസ്ഥാനങ്ങളിലൊന്നാണ്. ഭരണകൂടത്തെപോലും തോല്‍പിക്കുന്ന തരത്തിലുള്ള സാമൂഹിക സേവന സംരംഭങ്ങള്‍, ജനകീയ ബാങ്കുകള്‍, മാധ്യമ ശൃംഖലകള്‍, കാര്‍ഷിക സഹകരണ സംഘങ്ങള്‍ തുടങ്ങിയവയിലൂടെ വമ്പിച്ച ജനകീയ അടിത്തറ ആ പ്രസ്ഥാനത്തിനുണ്ടായിട്ടുണ്ട്. 18 സീറ്റ് വരെ പാര്‍ലമെന്‍റില്‍ ജമാഅത്ത് നേടുകയും പലതവണ കേന്ദ്ര ഭരണകൂടത്തില്‍ പങ്കാളികളാവുകയും ചെയ്തിട്ടുണ്ട്. അത്തരമൊരു പ്രസ്ഥാനത്തെ ഹസീന വാജിദ് ഭരണകൂടം വെല്ലുവിളിയായി കാണുക സ്വാഭാവികമാണ്. നേതാക്കളെ കൂട്ടമായി വധശിക്ഷക്ക് വിധേയമാക്കുക മാത്രമല്ല, പ്രസ്ഥാനത്തെ നിരോധിക്കുകയും അതിന്‍െറ നൂറുകണക്കിന് നേതാക്കളെ ജയിലിലടക്കുകയും ചെയ്തിരിക്കുകയാണ് ഇപ്പോള്‍.

പാകിസ്താന്‍െറ ഭാഗമായ ബംഗ്ളാദേശ് 1971ലാണ് ദീര്‍ഘമായ പോരാട്ടത്തിനൊടുവില്‍ സ്വതന്ത്ര രാജ്യമാകുന്നത്. പാകിസ്താനില്‍നിന്ന് വിഘടിച്ച് ബംഗ്ളാദേശ് സ്വതന്ത്രമാകുന്നതിന് ജമാഅത്ത് സൈദ്ധാന്തികമായി എതിരായിരുന്നു. അങ്ങനെയൊരു രാഷ്ട്രീയ നിലപാട് ശരിയായിരുന്നോ എന്നതൊക്കെ ചരിത്രം തീരുമാനിക്കേണ്ടതാണ്. അതേസമയം, ബംഗ്ളാദേശ് രൂപവത്കരിക്കപ്പെട്ട ശേഷം ആ യാഥാര്‍ഥ്യവും രാജ്യത്തിന്‍െറ പരമാധികാരവും അംഗീകരിക്കാന്‍ ജമാഅത്ത് സന്നദ്ധമായിരുന്നു. ഒരു രാഷ്ട്രം രൂപവത്കരിക്കപ്പെടുന്നതിനു മുമ്പ്, പ്രസ്ഥാനങ്ങള്‍ സ്വീകരിക്കുന്ന നിലപാടുകളുടെ പേരില്‍, രാഷ്ട്രം രൂപവത്കരിക്കപ്പെട്ട ശേഷം ശിക്ഷിക്കുന്നത് വിചിത്രമായ കാര്യമാണ്. അങ്ങനെയെങ്കില്‍ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ എടുത്ത നിലപാടുകളുടെ പേരില്‍ സ്വതന്ത്ര ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളെ ശിക്ഷിക്കേണ്ടിവരും.

1971ല്‍ പാകിസ്താനി സൈന്യം ബംഗ്ളാദേശില്‍ ക്രൂരതകള്‍ ചെയ്തുകൂട്ടിയിട്ടുണ്ട് എന്നതും യാഥാര്‍ഥ്യമാണ്. പക്ഷേ, പാകിസ്താനും ബംഗ്ളാദേശും ആ വിഷയങ്ങളിലൊക്കെ തീര്‍പ്പിലത്തെുകയും ബന്ധം മെച്ചപ്പെടുത്തുകയും ചെയ്തതാണ്. എന്നാല്‍, ഹസീന വാജിദ് ഭരണകൂടം രാഷ്ട്രീയ എതിരാളികളെ അമര്‍ച്ചചെയ്യാന്‍ ചരിത്രത്തിലെ മുറിവുകള്‍ മാന്തിപ്പൊളിച്ചെടുത്ത് പുതിയ വ്രണങ്ങള്‍ സൃഷ്ടിക്കുകയാണ്. 1971ലെ കൂട്ടക്കൊലകള്‍ക്ക് നേതൃത്വം നല്‍കി എന്നാരോപിച്ച് ഭരണകൂടം 2011 ഏപ്രിലില്‍ തൂക്കിലേറ്റിയ ജമാഅത്തിന്‍െറ അസിസ്റ്റന്‍റ് സെക്രട്ടറി ജനറലാണ് മുഹമ്മദ് ഖമറുസ്സമാന്‍. 1971ല്‍ ഖമറുസ്സമാന്  19 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ പ്രായത്തിലുള്ള ഒരാള്‍ ആയിരക്കണക്കിന് മനുഷ്യരെ കൂട്ടക്കൊല ചെയ്യാനും ബലാത്സംഗം ചെയ്യാനുമൊക്കെ നേതൃത്വം നല്‍കിയെന്നാരോപിച്ച് തൂക്കിക്കൊല്ലുമ്പോള്‍ കാര്യങ്ങളുടെ കിടപ്പ് മനസ്സിലാവും.

വധശിക്ഷയത്തെന്നെ അപലപിക്കുന്ന മതേതര, ലിബറല്‍ വക്താക്കളില്‍ പലരും ബംഗ്ളാദേശിലെ കങ്കാരു കോടതികള്‍ നടപ്പാക്കുന്ന കൂട്ട വധശിക്ഷകളെക്കുറിച്ച് ഒന്നും പറയുന്നില്ല എന്നതും ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങളില്‍ അവര്‍ പുലര്‍ത്തുന്ന ഇരട്ട മാനദണ്ഡത്തിന്‍െറ ഉദാഹരണവുമാണത്. യുദ്ധക്കുറ്റങ്ങളെക്കുറിച്ച് വിചാരണകളും നിയമനടപടികളും ബംഗ്ളാദേശില്‍ പല ഘട്ടങ്ങളില്‍ നടന്നുകഴിഞ്ഞതാണ്. ബംഗ്ളാദേശി ഭരണകൂടങ്ങള്‍തന്നെ തീര്‍പ്പിലത്തെിയ അത്തരം കാര്യങ്ങളെ പിന്നെയും പുറത്തെടുത്ത് രാജ്യത്തെ നശിപ്പിക്കുകയാണ് നിലവിലെ ഭരണകൂടം ചെയ്യുന്നത്. അത് സ്വതേ അബലയായ ആ രാജ്യത്തെ വീണ്ടും ദുര്‍ബലമാക്കും. 73കാരനായ മുതീഉര്‍റഹ്മാന്‍ നിസാമിക്ക്, ജീവിത സായന്തനത്തില്‍ രക്തസാക്ഷ്യം വരിക്കാന്‍ കഴിഞ്ഞത് അഭിമാനത്തോടെയാണ് അദ്ദേഹത്തിന്‍െറ പ്രസ്ഥാനവും കുടുംബവും കാണുന്നത്. പക്ഷേ, ഇങ്ങനെയാണ് പോകുന്നതെങ്കില്‍ ആ രാജ്യത്തിന്‍െറ ഭാവി കൂടുതല്‍ അപകടത്തിലാകും എന്നതാണ് വാസ്തവം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bangladesh
Next Story