ഭരണം നന്നെങ്കില്‍ ജനം ഓര്‍ക്കും; മറിച്ചും
text_fieldsഭരണത്തുടര്‍ച്ചയും ഭരണമാറ്റവും തീരുമാനിക്കാനുള്ള അധികാരം വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ പ്രയോഗിച്ചു. ചിലേടത്ത് തുടര്‍ച്ച, ചിലേടത്ത് മാറ്റം. കേരളത്തില്‍ പതിവ് മാറിയില്ല; യു.ഡി.എഫിന് പകരം എല്‍.ഡി.എഫ് വന്നു. തമിഴ്നാട്ടില്‍ പതിവിന് വിരുദ്ധമായി എ.ഐ.എ.ഡി.എം.കെ ഭരണം നിലനിര്‍ത്തി. അസമില്‍ കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞ് ബി.ജെ.പി സഖ്യം ആദ്യമായി ഭരണം പിടിച്ചു. പശ്ചിമബംഗാളില്‍ മറ്റെല്ലാവരെയും തറപറ്റിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തി. പുതുച്ചേരി കേന്ദ്രഭരണപ്രദേശത്ത് കോണ്‍ഗ്രസ് ഏക ആശ്വാസജയം നേടി. അസമില്‍ മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ചാണ് ബി.ജെ.പി ജയിച്ചുകയറിയതെങ്കില്‍ ബംഗാളില്‍ കോണ്‍ഗ്രസ്-ഇടതു സഖ്യം പരാജിതപരീക്ഷണമായി. പൊതുവെ പറയാവുന്ന കാര്യം, മുദ്രാവാക്യങ്ങളോ സഖ്യങ്ങളോ അല്ല, അനുഭവങ്ങളാണ് ജനങ്ങളുടെ തീരുമാനത്തെ നയിച്ചതെന്നാണ്. ആ അനുഭവം ബംഗാളിലും തമിഴ്നാട്ടിലും ഭരണത്തുടര്‍ച്ചക്ക് അനുകൂലമായപ്പോള്‍ അസമിലും കേരളത്തിലും ഭരണം മാറാതെ പറ്റില്ളെന്ന തീരുമാനത്തിലത്തെിച്ചു.
രണ്ട് വനിതാ മുഖ്യമന്ത്രിമാര്‍ വീണ്ടും ജനസമ്മതി നേടിയെടുത്തതെങ്ങനെയെന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിന് പുതിയ പാഠങ്ങള്‍ നല്‍കിയേക്കും. ബംഗാളില്‍ മമത ബാനര്‍ജിയും തമിഴ്നാട്ടില്‍ ജയലളിതയും പ്രാദേശിക പാര്‍ട്ടികളെയാണ് നയിക്കുന്നത്. സ്വന്തം സംസ്ഥാനങ്ങളിലെ ജനതയിലാണ് അവരുടെ ശ്രദ്ധ -അത് അധികാരം നിലനിര്‍ത്തുന്നതിനുവേണ്ടിയായാല്‍പോലും. മുദ്രാവാക്യങ്ങള്‍ക്കപ്പുറം ജനങ്ങള്‍ക്ക് അവര്‍ നല്‍കിയതെന്ത് എന്ന് നോക്കുമ്പോഴാണ് ഭരണമാറ്റം വന്ന സംസ്ഥാനക്കാരില്‍നിന്ന് അവരെങ്ങനെ വ്യത്യസ്തത പുലര്‍ത്തി എന്നു മനസ്സിലാവുക.
മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ജാതകവശാല്‍ കോണ്‍ഗ്രസിന്‍െറ ബാക്കിയാണെങ്കിലും നയസമീപനങ്ങളില്‍ ഇടതുപക്ഷമാണെന്നു പറയാം. സിംഗൂരിലും നന്ദിഗ്രാമിലും ഇടതുഭരണകൂടം എടുത്ത ജനവിരുദ്ധനയങ്ങള്‍ സാധാരണക്കാരായ കര്‍ഷകരെയും ഗ്രാമീണരെയും അകറ്റിയപ്പോള്‍ ആ നയങ്ങളെ തുറന്നെതിര്‍ത്താണ് മമത ഭരണം പിടിച്ചത്. അതാകട്ടെ, വെറും വാഗ്ദാനത്തിലൊതുങ്ങിയുമില്ല. ഭൂനിയമത്തിലും മറ്റും താന്‍ ഇടതിനെക്കാള്‍ ഇടതാണെന്ന് അവര്‍ തെളിയിച്ചു. സിംഗൂരില്‍ ടാറ്റ നാനോ ഫാക്ടറിക്കുവേണ്ടി ഇടതുസര്‍ക്കാര്‍ പിടിച്ചെടുത്തിരുന്ന ഭൂമി കര്‍ഷകര്‍ക്ക് തിരിച്ചുനല്‍കി. പ്രത്യേക സാമ്പത്തികമേഖല സംബന്ധിച്ച നിയമം റദ്ദാക്കി. ഭൂപരിധിനിയമം പിന്‍വലിക്കാനുള്ള സമ്മര്‍ദങ്ങളെ ചെറുത്തു. ന്യൂനപക്ഷങ്ങളെയും ഗ്രാമീണരെയും ഒപ്പം ചേര്‍ത്തുനിര്‍ത്തി. വികസനമെന്നത് പ്രമാണിമാരുടെ തന്നിഷ്ടങ്ങളല്ല, സാമാന്യജനങ്ങളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കലാണെന്ന് തെളിയിക്കാന്‍ ആവുന്നത് ചെയ്തു. ഒപ്പം, നികുതി വരുമാനം വര്‍ധിപ്പിച്ച് വിഭവങ്ങള്‍ കണ്ടത്തെുകയും ചെയ്തു. തമിഴ്നാട്ടില്‍ ജയലളിതയും പ്രവര്‍ത്തിച്ചുകാണിച്ചു. ഭരണത്തിലേറുമ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചു. വര്‍ഗീയരാഷ്ട്രീയത്തിന് പഴുതില്ലാത്തവിധത്തില്‍ ഭരണത്തിന് കാര്യക്ഷമത നല്‍കി. ഈ സംസ്ഥാനങ്ങളില്‍നിന്ന് ഭിന്നമാണ് ഭരണമാറ്റമുണ്ടായ സംസ്ഥാനങ്ങളിലെ സ്ഥിതി. കേരളത്തിലും അസമിലും നിലവിലുണ്ടായിരുന്ന സര്‍ക്കാര്‍ തുടരേണ്ട എന്നതാണ് തീരുമാനം. പകരം വരുന്നവരിലുള്ള വിശ്വാസത്തെക്കാള്‍ ഇതുവരെ ഭരിച്ചവരോടുള്ള അമര്‍ഷമാണ് മുന്തിനിന്നത്.
ഈ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് പിന്നെയും ശോഷിച്ചു. ‘കോണ്‍ഗ്രസ്മുക്ത ഭാരത’മെന്ന ബി.ജെ.പി ലക്ഷ്യം സാധ്യമാകുന്നുവെങ്കില്‍ അത് ബി.ജെ.പിയുടെ മിടുക്കുകൊണ്ടാകില്ല, കോണ്‍ഗ്രസിന്‍െറ പോരായ്മകൊണ്ടായിരിക്കുമെന്ന് അസമും കേരളവും വിളിച്ചുപറയുന്നുണ്ട്. കേന്ദ്രഭരണത്തിന്‍െറ ആനുകൂല്യവും വന്‍കിട നേതാക്കളുടെ സംഘടിത പ്രചാരണങ്ങളുമുണ്ടായിട്ടും കേരളത്തില്‍ ബി.ജെ.പിക്ക് കിട്ടിയത് ഒരു സീറ്റ് മാത്രമാണ് -തമിഴ്നാട്ടില്‍ അതുപോലുമില്ല. കേരളത്തിലും അസമിലും അവര്‍ക്ക് കടന്നുവരാന്‍ സാധിച്ചതില്‍ കോണ്‍ഗ്രസിന്‍െറ ദുര്‍ഭരണത്തിനും അവസരവാദ കുതന്ത്രങ്ങള്‍ക്കും പങ്കുണ്ട് താനും. ഭരണമെന്ന ഒറ്റ ലക്ഷ്യത്തിലേക്ക് ചുരുങ്ങി, സ്വത്വവും ആദര്‍ശവും നഷ്ടപ്പെട്ട പ്രസ്ഥാനമായി കോണ്‍ഗ്രസ് മാറുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടാന്‍ തുടങ്ങിയിട്ട് കുറച്ചായി. നവ ലിബറല്‍ ജനവിരുദ്ധതയും കോര്‍പറേറ്റ് ചങ്ങാത്തവും മൃദുഹിന്ദുത്വവും ആ പാര്‍ട്ടിയുടെ തനിമയും പ്രസക്തിയും നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു. സാധാരണക്കാരെയടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, മതനിരപേക്ഷതയോട് പൂര്‍ണമായും കൂറുപുലര്‍ത്തുന്ന പാര്‍ട്ടി എന്ന നിലക്കല്ലാതെ കോണ്‍ഗ്രസിന് നിലനില്‍പില്ല. കോണ്‍ഗ്രസിനു മാത്രമല്ല, ഇടതുപക്ഷത്തിനും സമാനമായ മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കിയത്. വോട്ടെടുപ്പ് സീസണില്‍ മാത്രം ജനങ്ങളെ ശ്രദ്ധിക്കുകയും മറ്റു ഘട്ടങ്ങളില്‍ പ്രമാണിമാര്‍ക്കും അക്രമികള്‍ക്കും ഒത്താശനല്‍കുകയും ചെയ്യുന്നവരെ ഓര്‍ത്തുവെച്ച് പ്രഹരിക്കാന്‍ ജനങ്ങള്‍ കാത്തിരിക്കുന്നു. അവര്‍ക്ക് അതിനല്ളേ കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.