സീതാറാം യെച്ചൂരി വിടപറയുമ്പോൾ
text_fieldsഹിന്ദുത്വ ഫാഷിസം ഭരണം കൈയാളുന്ന ഈ കാലത്ത് ഇന്ത്യ എന്ന ആശയത്തിനായി പോരാടുന്ന രാജ്യത്തെ മുഴുവൻ ജനാധിപത്യവാദികളെയും ദുഃഖത്തിലാഴ്ത്തിയാണ് സീതാറാം യെച്ചൂരിയുടെ വിയോഗം. ഒരു ദശകത്തോളം സി.പി.എമ്മിനെ നയിച്ച സീതാറാം യെച്ചൂരി വിടവാങ്ങുമ്പോൾ അത് വേറിട്ടൊരു ഇടതുപക്ഷ രാഷ്ട്രീയ മാതൃകയുടെ അവസാനം കൂടിയായി വിലയിരുത്തേണ്ടിവരും. വ്യവസ്ഥാപിത...
ഹിന്ദുത്വ ഫാഷിസം ഭരണം കൈയാളുന്ന ഈ കാലത്ത് ഇന്ത്യ എന്ന ആശയത്തിനായി പോരാടുന്ന രാജ്യത്തെ മുഴുവൻ ജനാധിപത്യവാദികളെയും ദുഃഖത്തിലാഴ്ത്തിയാണ് സീതാറാം യെച്ചൂരിയുടെ വിയോഗം. ഒരു ദശകത്തോളം സി.പി.എമ്മിനെ നയിച്ച സീതാറാം യെച്ചൂരി വിടവാങ്ങുമ്പോൾ അത് വേറിട്ടൊരു ഇടതുപക്ഷ രാഷ്ട്രീയ മാതൃകയുടെ അവസാനം കൂടിയായി വിലയിരുത്തേണ്ടിവരും. വ്യവസ്ഥാപിത ഇടതുപക്ഷം നേരിട്ടുകൊണ്ടിരിക്കുന്ന ആശയ സംഘർഷങ്ങൾക്കിടയിലും, പ്രത്യയശാസ്ത്ര അടിത്തറയിൽ നിലയുറപ്പിച്ചുകൊണ്ടുതന്നെ സമാനതകളില്ലാത്ത വിധം പ്രായോഗിക രാഷ്ട്രീയത്തിന്റെ പുതിയ മാതൃകകൾ അദ്ദേഹം മുന്നോട്ടുവെച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചതുപോലെ, പാർട്ടിയുടെ വിമർശകർക്കുപോലും യെച്ചൂരി സ്വീകാര്യനായത് ഈ മാതൃകകളെ മുൻനിറുത്തിയാണ്. ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞ നേതാവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അനുശോചന സന്ദേശത്തിൽ കുറിച്ചതും ഇതേ കാരണത്താലാണ്. പത്ത് വർഷം പിന്നിട്ട മോദിയുടെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് സർക്കാറിനെ താഴെയിറക്കാൻ പാർട്ടിക്കകത്തും പുറത്തും യെച്ചൂരി മുന്നോട്ടുവെച്ചത് പ്രതിപക്ഷ ഐക്യമെന്ന ആശയമായിരുന്നു. അതൊരു പുതിയ നിലപാടായിരുന്നില്ല. 1992ൽ, പോളിറ്റ് ബ്യൂറോ അംഗമായശേഷം യെച്ചൂരി ആദ്യമായി രചിച്ച പുസ്തകം തന്നെ ഹിന്ദു രാഷ്ട്രയുടെ അപകടങ്ങളെക്കുറിച്ചുള്ള പഠനമായിരുന്നു (വാട്ട് ഈസ് ദിസ് ഹിന്ദു രാഷ്ട്ര? ഓൺ ഗോൾവർക്കർസ് ഫാഷിസ്റ്റ് ഐഡിയോളജി ആൻഡ് ദി സഫറോൺ ബ്രിഗേഡ്സ് പ്രാക്ടീസ്). അന്നുതൊട്ട്, ഹിന്ദുത്വക്കെതിരായ ആശയ സമരംകൂടിയായിരുന്നു യെച്ചൂരിയുടെ ജീവിതം; പ്രായോഗിക രാഷ്ട്രീയത്തിലാകട്ടെ, എല്ലാ പ്രത്യയശാസ്ത്ര ഭിന്നതകൾക്കുമപ്പുറം സർവ മതേതര-ന്യൂനപക്ഷ വിഭാഗങ്ങളുടെ ഐക്യ മുന്നണിയും അദ്ദേഹം സ്വപ്നം കണ്ടു. അത്തരം മുന്നണികൾക്ക് പൊതുമിനിമം പരിപാടി തയാറാക്കി.
ഈ പ്രായോഗിക നയത്തിന്റെ പേരിൽ പാർട്ടിയിൽനിന്ന് ഏറ്റവും കൂടുതൽ വിമർശനം കേട്ട നേതാവുകൂടിയായിരുന്നു യെച്ചൂരി. 2016ൽ പശ്ചിമ ബംഗാളിൽ പാർട്ടി തോറ്റമ്പിയ പശ്ചാത്തലത്തിൽ ചേർന്ന കേന്ദ്ര കമ്മിറ്റിയിൽ യെച്ചൂരിയെ എല്ലാവരും വളഞ്ഞിട്ട് കുറ്റപ്പെടുത്തിയത് വലിയ വാർത്തയായി. കോൺഗ്രസുമായുണ്ടാക്കിയ അടവുനയമാണ് പരാജയത്തിന്റെ ആഴം വർധിപ്പിച്ചതെന്നായിരുന്നു വിമർശനം. പലരും പരോക്ഷമായി ‘കോൺഗ്രസുകാരൻ’ എന്നു പരിഹസിച്ചു. യെച്ചൂരിക്ക് കോൺഗ്രസുമായുള്ള ബന്ധമെന്തെന്ന കാര്യം സുവിദിതമാണ്. 2004ലെ ഒന്നാം യു.പി.എ സർക്കാറിനുവേണ്ടി പൊതുമിനിമം പരിപാടി രൂപപ്പെടുത്താൻ പി. ചിദംബരത്തോടൊപ്പം കൂടിയാണ് കോൺഗ്രസ് ബാന്ധവത്തിന് തുടക്കമിട്ടത്. 2005ൽ രാജ്യസഭയിലെത്തിയതോടെ ആ ബന്ധത്തിന്റെ ശക്തി വർധിച്ചു. പലപ്പോഴും ഒന്നാം യു.പി.എയുടെ വക്താവ് തന്നെയായി. എങ്കിലും പാർട്ടി തന്നെയായിരുന്നു മുഖ്യം. അതുകൊണ്ടാണ് യു.പി.എയുമായി സൗഹൃദം വേണ്ടെന്ന് തീരുമാനിച്ചപ്പോൾ ഇറങ്ങിപ്പോന്നത്. എന്തുകൊണ്ട് ഇങ്ങനെയൊരു നിലപാട് എന്നത് വ്യക്തം: എക്കാലത്തും ഫാഷിസത്തിനെതിരായ പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം. അത് തുടങ്ങുന്നതുതന്നെ ഇന്ദിരാ ഫാഷിസത്തിനെതിരെ പോരടിച്ചായിരുന്നു. കാരാട്ടിനൊപ്പം ജെ.എൻ.യുവിൽ വിദ്യാർഥിയായിരുന്നു അന്ന്. ആ പോരാട്ടത്തിലൂടെ നഷ്ടമായത് ഗവേഷണ ബിരുദമാണ്. പക്ഷേ, അതുകൊണ്ടൊന്നും തളർന്നില്ല. എഴുത്തിലും രാഷ്ട്രീയത്തിലുമെല്ലാം പോരാട്ടം തുടർന്നു. രാജ്യത്ത് ഹിന്ദുത്വഭരണത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയപ്പോഴേ, സാധ്യമാകുന്നവരെയെല്ലാംകൂട്ടി അതിന് തടയിട്ടു. അതിന്റെ കൂടി ഫലശ്രുതിയായിരുന്നു ഒന്നാം യു.പി.എ സർക്കാർ. 2014ൽ, വർധിത വീര്യത്തോടെ ഫാഷിസം വീണ്ടും അധികാരത്തിലെത്തിയപ്പോൾ പഴയ മുദ്രാവാക്യങ്ങളുമായി അദ്ദേഹവും രംഗത്തെത്തി. തൊട്ടടുത്ത വർഷം സി.പി.എം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, ആ പോരാട്ടത്തിന് പാർട്ടി ശക്തി പകരുമെന്നാണ് കരുതിയത്. പക്ഷേ, അദ്ദേഹത്തിന്റെ ആശയനിലപാടുകളിൽനിന്ന് ഏറെ അകലെ മാറിയുള്ളൊരു പി.ബി സംഘമായിരുന്നു കൂടെയുണ്ടായിരുന്നത്. 2022ലെ പാർട്ടി കോൺഗ്രസ് സമ്പൂർണ കീഴടങ്ങലിന്റേതായിരുന്നുവെന്നു പറയാം. മോദിയുടെ ഗുജറാത്ത് മോഡലിന് ബദലായി കേരളത്തിലെ ഇടതു മോഡൽ ഉയർത്തിക്കാണിച്ചുവേണം തെരഞ്ഞെടുപ്പുകളെ നേരിടാനെന്ന കോൺഗ്രസ് തീരുമാനമൊക്കെ അങ്ങനെ സംഭവിച്ചതാണ്. അതുവരെ േകരളത്തിലെ സിൽവർ ലൈൻ പദ്ധതിയെ തുറന്നെതിർത്ത യെച്ചൂരിക്ക് പാർട്ടിക്കുവേണ്ടി നിലപാടുകൾ തിരുത്തേണ്ടിവന്നു. അതിനും മുമ്പേ അദ്ദേഹം ഒതുക്കപ്പെട്ടിരുന്നുവെന്നും നിരീക്ഷിക്കാം. 2017ൽ അദ്ദേഹത്തെ രാജ്യസഭയിലേക്ക് അയക്കേണ്ടതില്ലെന്ന പാർട്ടി നിലപാടിനെ അങ്ങനെ വായിക്കാം. യെച്ചൂരിയുടെ സാന്നിധ്യം രാജ്യസഭയിലുണ്ടാകണമെന്ന് രാഷ്ട്രീയ ശത്രുക്കൾപോലും ആഗ്രഹിച്ചതാണ്. കോൺഗ്രസുമായി സഹകരിച്ചാൽ, പശ്ചിമബംഗാളിൽനിന്നുതന്നെ രാജ്യസഭ പ്രവേശവും സാധ്യമായിരുന്നു. രാഹുൽ ഗാന്ധി നേരിട്ടെത്തി പിന്തുണ അറിയിക്കുകവരെ ചെയ്തു. പക്ഷേ, ഇതൊന്നും പാർട്ടിയിലെ തലമുതിർന്ന നേതാക്കൾക്ക് മനസ്സിലായില്ല. കീഴ്വഴക്കങ്ങൾ ചൂണ്ടിക്കാണിച്ച് അദ്ദേഹത്തെ അവർ പാർട്ടി ആപ്പീസിൽ ഇരുത്തി. തെറ്റ് തിരുത്താൻ 2020ൽ അവസരം വന്നപ്പോഴും അവർ യെച്ചൂരിക്ക് അവസരം നൽകിയില്ല.
2017ൽ, കോൺഗ്രസ് പിന്തുണയിൽ യെച്ചൂരി രാജ്യസഭയിലെത്തിയിരുന്നുവെങ്കിൽ അത് ഐക്യ പ്രതിപക്ഷമെന്ന ആശയത്തിന് വലിയ പ്രചോദനമാകുമായിരുന്നുവെന്ന് നിരീക്ഷിച്ചവരുണ്ട്. പക്ഷേ, അത്തരമൊരു സഖ്യത്തെ പലകാരണങ്ങളാൽ പാർട്ടി നേതൃത്വം തള്ളിയെങ്കിലും യെച്ചൂരി പാർട്ടിക്കുള്ളിൽ ആശയ സമരം തുടർന്നു. തൊട്ടടുത്ത വർഷം ഹൈദരാബാദിൽ നടന്ന പാർട്ടി കോൺഗ്രസ് ഈ ആശയസമരത്തിന്റെ കൂടി വേദിയായി. കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തെച്ചൊല്ലിയുണ്ടായ തർക്കം അക്കാലത്ത് വലിയ വാർത്തയായി. മോദിയുടേത് ഫാഷിസ്റ്റ് ഭരണമാണോ അല്ലേ എന്നതായിരുന്നു തർക്ക വിഷയം. അത് ഫാഷിസമാണെന്ന് മാത്രമല്ല, അതിന്റെ അപകടങ്ങളൊഴിവാക്കാൻ മതേതര പാർട്ടികളുമായി സഖ്യം വേണമെന്നും യെച്ചൂരി വാദിച്ചു. അതേസമയം, ‘കാരാട്ട് പക്ഷം’ എന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ച മറുപക്ഷം മോദിയുടെ ഭരണത്തിൽ ഫാഷിസ്റ്റ് പ്രവണതകൾ മാത്രമാണുള്ളതെന്ന് വാദിച്ചു. ഈ വാദമാണ് പിന്നീട് പ്രമേയത്തിൽ ഇടംപിടിച്ചത്. സി.പി.എം മറ്റൊരു പാർട്ടി കോൺഗ്രസിന്റെ പടിവാതിൽക്കൽ എത്തിനിൽക്കെയാണ് യെച്ചൂരിയുടെ വിയോഗം എന്നതും ശ്രദ്ധേയമാണ്. ഹിന്ദുത്വ ഭരണകൂടം മൂന്നാമൂഴത്തിൽ പുതിയ തന്ത്രങ്ങളുമായി മുന്നോട്ടുപോകുമ്പോൾ, യെച്ചൂരിയുടെ മുദ്രാവാക്യങ്ങൾ ഇക്കുറി ആര് ഏറ്റെടുക്കുമെന്നതാണ് പ്രധാന ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.