സുരാജ നടനം, ആൻഡ്രോയ്ഡ് വേർഷൻ
text_fieldsമുട്ടത്തറ ബാബു! സൂപ്പർ സ്റ്റാർ സരോജ് കുമാറിെൻറ ഫാൻസ് ഗുണ്ടത്തലവനും മേക്കപ് ആർട്ടിസ്റ്റുമായ മനഃസാക്ഷിസൂക്ഷിപ്പുകാരൻ. മരിക്കണമെന്ന് സരോജ് പറയാത്തതുകൊണ്ടു മാത്രം ജീവിച്ചുപോകുന്നത്രയും ആത്മാർഥതയുള്ള മനുഷ്യൻ. സുരാജിെൻറ ലിറ്റ്മസ് പേപ്പർകൂടിയാണ് ബാബു; ലോ ക്ലാസിെൻറ പൾസറിയാൻ ഒാരോ സിനിമയുടെയും കഥകേൾക്കുേമ്പാൾ സുരാജ് ബാബുവിനെയും കൂടെക്കൂട്ടും. ബാബുവിന് കഥ ഇഷ്ടപ്പെട്ടാലേ സിനിമക്ക് കമ്മിറ്റ് ചെയ്യൂ.
അതായിരുന്നു ആ കോമ്പിനേഷൻ. കഥയുടെ അവസാനം, സരോജിെൻറ താരപ്രതാപം മങ്ങിയതോടെ ബാബു സഥലംവിടുകയാണ്. ഇതിനിടയിൽ, കഥകൾ കുറേ കണ്ടും കേട്ടും വളർന്ന ബാബു ഒടുവിൽ തിരിച്ചറിഞ്ഞത് ചലച്ചിത്ര ലോകത്തിെൻറതെന്ന യഥാർഥ പൾസാണ്. മലയാള സിനിമയിലെ മാറ്റങ്ങളുടെ ഗതിവേഗങ്ങളെ അതേ വേഗത്തിൽ മനസ്സിലാക്കി ആ വഴിയിലൂടെ അയാൾ സഞ്ചരിച്ചപ്പോൾ ചെന്നെത്തിയത് നടനകലയുടെ മറ്റൊരു നാഴികക്കല്ലിലേക്ക്. ഒരു ലിറ്റ്മസ് മാനിൽനിന്ന് അഭിനയകലയുടെ പരീക്ഷണശാലയായി മാറിയിരിക്കുന്നു, എട്ടുവർഷം മുമ്പ് മുട്ടത്തറയായി വേഷമിട്ട സുരാജ് വെഞ്ഞാറമൂട്. ആറു വർഷം മുമ്പ് നേടിയ ദേശീയ പുരസ്കാരത്തിെൻറ പ്രഭയിൽ ഉൾക്കാമ്പുള്ള ഒരുപിടി കഥാപാത്രങ്ങളെ സമ്മാനിച്ച വെഞ്ഞാറമൂട്ടുകാരനിപ്പോൾ മലയാളത്തിെൻറ നടനവിസ്മയമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.
മുട്ടത്തറ ബാബു ശരിക്കുമൊരു ടേണിങ് പോയൻറാണ്. മലയാളത്തിൽ ന്യൂജെൻ സിനിമകൾ ഒരു മലവെള്ളപ്പാച്ചിൽ കണക്കെ തരംഗമായി മാറിയ കാലത്താണ് 'പത്മശ്രീ ഭരത് സരോജ് കുമാർ' സ്ക്രീനിലെത്തുന്നത്. ന്യൂവേവിെൻറ വെളിച്ചത്തിൽ 'മുഖ്യധാര' സിനിമകളെയും അതിലെ സൂപ്പർസ്റ്റാറുകളെയും കണക്കിന് കളിയാക്കുന്നൊരു സ്പൂഫ് ആയിരുന്നു അത്. സൂപ്പർ സ്റ്റാർ ഒന്നുമല്ലെങ്കിലും ആ വിമർശനങ്ങളത്രയും സുരാജിനും ബാധകമായിരുന്നു.
ഹാസ്യം മാത്രം വഴങ്ങുന്നൊരു നടൻ മാത്രമായിരുന്നല്ലോ അതുവരെയും അദ്ദേഹവും. അക്കാലത്ത് മുഖ്യധാര ഉൽപാദിപ്പിച്ച ഹാസ്യചേരുവകൾ പൂരിപ്പിക്കുകമാത്രമായിരുന്നു നടൻ എന്ന നിലയിൽ അയാൾക്ക് ചെയ്യാനുണ്ടായിരുന്നത്. വാ തുറന്നാൽ അശ്ലീലം മാത്രം പറയുക, ദ്വയാർഥ പ്രയോഗങ്ങൾകൊണ്ട് വളിച്ച കോമഡിയൊരുക്കുക, നായകകഥാപാത്രത്തെ പൊക്കിപ്പറയുകയും ഇടക്കിടക്ക് ടിയാെൻറ കൈയിൽനിന്ന് അടി വാങ്ങുകയും ചെയ്യുക, കിട്ടാവുന്ന സമയങ്ങളിലെല്ലാം ചാണകക്കുഴിയിൽ ചാടുക തുടങ്ങി പതിവ് 'സിനിമ ജോലി'കളിൽ അഭിരമിക്കുകയായിരുന്നു സുരാജും.
പക്ഷേ, മുട്ടത്തറ ബാബു സൂപ്പർസ്റ്റാർ സരോജ്കുമാറിൽനിന്ന് ഒാടിയൊളിച്ച ശേഷം, സുരാജിെൻറ ചില കഥാപാത്രങ്ങളിലെങ്കിലും കാര്യമായ മാറ്റങ്ങൾ കണ്ടു തുടങ്ങി. തൊട്ടടുത്ത വർഷമിറങ്ങിയ ഗോഡ് ഫോർ സെയിൽ, പിഗ്മാൻ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങിയ ചിത്രങ്ങളിലൊന്നും 'തള്ളക്കു വിളി'യുമായി നടന്ന സുരാജിനെയല്ല കണ്ടത്. 'ഹാസ്യ'ത്തിൽനിന്ന് 'സ്വഭാവ'ത്തിലേക്കുള്ള സുരാജിെൻറ പകർന്നാട്ടം ദൃശ്യമായ ചിത്രങ്ങളായിരുന്നു അവയെല്ലാം. അതേ വർഷം തന്നെയാണ് 'പേരറിയാത്തവൻ' അന്താരാഷ്ട്ര വേദികളിൽ പ്രദർശിപ്പിച്ചത്. നഗരവീഥികൾ തൂത്തുവാരുന്ന കോർപറേഷൻ ശുചീകരണ െതാഴിലാളിയുടെ വേഷമായിരുന്നു അതിൽ. പാർശ്വവത്കരിക്കപ്പെട്ടവരുടെ ദൈന്യതയും നിസ്സഹായതയും ഒതുക്കിപ്പിടിച്ച സുരാജിെൻറ മുഖഭാവങ്ങൾ അഭ്രപാളിയിൽ തെളിഞ്ഞതോടെ, ആ പകർന്നാട്ടം പൂർണതയിലെത്തി. ആ ചിത്രത്തിനാണ് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചത്.
'പേരറിയാത്തവനു' മുേമ്പ തന്നെ പ്രതിഭയുടെ മിന്നലാട്ടങ്ങൾ ചില സന്ദർഭങ്ങളിൽ കാഴ്ചവെച്ചിട്ടുണ്ട്. അതിലൊന്നായിരുന്നു 'ആദാമിെൻറ മകൻ അബു'വിലെ ഹൈദർ. മുട്ടത്തറ ബാബുവിനും മുമ്പാണ് ഹൈദറിെൻറ ജനനം. എന്നിട്ടും പിന്നെയും കാത്തിരിക്കേണ്ടിവന്നു കാമ്പുള്ള കഥാപാത്രങ്ങൾക്കായി. ദേശീയ പുരസ്കാരലബ്ധിക്കുശേഷവും 'ഹാസ്യം' കൈവിട്ടിരുന്നില്ല. പക്ഷേ, 'പേരറിയാത്തവനി'ലൂടെ കാഴ്ചവെച്ച സുരാജനടനത്തിെൻറ ബഹുമുഖ മാതൃകകൾ പിന്നെയും പ്രേക്ഷകനുമുന്നിൽ അവതരിപ്പിച്ചുകൊണ്ടേയിരുന്നു. 2019ൽമാത്രം ഇറങ്ങിയ ചില ചിത്രങ്ങൾ നോക്കുക: ഫൈനൽസ് (വർഗീസ്), വികൃതി (അംഗപരിമിതനായ എൽദോ), ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ (ഭാസ്കര പൊതുവാൾ), ഡ്രൈവിങ് ലൈസൻസ് (കുരുവിള), പേരമ്പ് (മുരുകൻ). ഇതിൽ 'വികൃതി'യും 'കുഞ്ഞപ്പനു'മാണ് സംസ്ഥാന പുരസ്കാരം നേടിക്കൊടുത്തിരിക്കുന്നത്.
സംസാരശേഷിയില്ലാത്ത എൽദോയുടെ സന്തോഷവും സങ്കടങ്ങളും മികവോടെ വെള്ളിവെളിച്ചത്തിെൻറ ഭാഷയിലേക്ക് സമന്വയിപ്പിച്ച സുരാജ്, ഭാസ്കര പൊതുവാളിൽ കണ്ടത് സ്വന്തം പിതാവിനെത്തന്നെയായിരുന്നുവത്രെ. മേക്കപ്പിനുശേഷം കണ്ണാടിയിൽ നോക്കിയപ്പോൾ മുന്നിൽ നിൽക്കുന്നത് കഴിഞ്ഞവർഷം മരിച്ചുപോയ അച്ഛനാണോ എന്ന് ഒരു നിമിഷം സംശയിച്ചു അയാൾ. സംശയം തീരാെത ആ നിമിഷങ്ങൾ അമ്മ വിലാസിനിയുമായി പങ്കിട്ടപ്പോൾ അവരും പറഞ്ഞു: 'മക്കളെ, അച്ഛനെപ്പോലെ തന്നെയിരിക്കുന്നെടാ'. സാേങ്കതികവിദ്യയുടെ കുതിച്ചുചാട്ടങ്ങൾ നാട്ടിൻപുറത്തെ മലയാളിയുടെ ശീലങ്ങളെ എങ്ങനെയെല്ലാം മാറ്റുന്നുവെന്ന് 'കുഞ്ഞപ്പൻ' ശരിക്കും കാണിച്ചു തന്നു. ഭാസ്കര പൊതുവാളും എൽദോയും വരുന്നതിന് രണ്ടു വർഷം മുേമ്പ, മറ്റൊരു വിസ്മയം കൂടി സുരാജ് കാണിച്ചിരുന്നു: 'തൊണ്ടിമുതലും ദൃക്സാക്ഷിയും'. രണ്ട് പ്രസാദുമാർ (സുരാജും ഫഹദ് ഫാസിലും) മത്സരിച്ചഭിനയിച്ച ചിത്രമായിരുന്നു അത്. തീവണ്ടിയിലെ മധുവും ഇൗ ഗണത്തിലാണ്. എല്ലാം ഹാസ്യത്തിൽ ചാലിച്ചതുതന്നെ. പക്ഷേ, പണ്ടത്തെ 'മുഖ്യധാര'യുടെ 'ഹാസ്യ'ത്തിൽനിന്ന് ആയിരം കാതമെങ്കിലും മുന്നേയാണ് സുരാജിെൻറ പുതിയ ഹാസ്യത്തിെൻറ സഞ്ചാരം.
മിമിക്രിയുമായി ജീവിതം മുന്നോട്ടുേപായിരുന്ന സുരാജിനെ സിനിമയുടെ ലോകത്തെത്തിച്ചത് മമ്മൂട്ടിയാണെന്ന് പറഞ്ഞാൽ തെറ്റാവില്ല. 'രാജമാണിക്യ'ത്തെ 'തിരോന്തരം' ഭാഷ പഠിപ്പിക്കാൻ നിയോഗിക്കപ്പെടുന്നതിലൂടെയാണ് അത് സംഭവിക്കുന്നത്. അതിനുമുന്നേ ചെറിയ വേഷങ്ങളിൽ ഏതാനും സിനിമകളിൽ അഭിനയിച്ചു. 'രാജമാണിക്യം' ഹിറ്റായതോടെ ആ സ്ലാങ്ങിെൻറ ആശാൻ മലയാളസിനിമയിലെ ഹാസ്യവേഷങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത താരമാവുകയായിരുന്നു. തുരുപ്പുഗുലാൻ, ക്ലാസ്മേറ്റ്സ്, പച്ചക്കുതിര തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടതോടെ തിരക്കുള്ള നടനായി മാറി. 'മായാവി'യിലെ ഗിരി ഹിറ്റായതോടെ തുടർന്നങ്ങോട്ട് മുഴുനീള വേഷങ്ങളുമായി. എല്ലാ വർഷവും ശരാശരി 20 ചിത്രങ്ങളിൽവരെ അഭിനയിച്ചു. ഒന്നു രണ്ടു വർഷങ്ങളിൽ അത് 35നടുത്തെത്തി. ഇപ്പോൾ 260ഒാളം സിനിമകളിൽ വേഷമിട്ടു. ഇതിനിടെ, മൂന്ന് തവണ ഹാസ്യനടനുള്ള സംസ്ഥാന സർക്കാറിെൻറ അവാർഡും തേടിയെത്തി.
ജീവിതത്തിൽ പട്ടാളവേഷമണിയേണ്ടിയിരുന്ന ആളാണ്. പട്ടാളക്കാരനായിരുന്ന പിതാവ് വാസുദേവൻ നായർക്കും അതായിരുന്നു ഇഷ്ടം. പക്ഷേ, റിക്രൂട്ടിങ്ങിനു മുമ്പായി സൈക്കിളിൽനിന്ന് വീണ് വലതു കൈക്ക് കാര്യമായ പരിക്കു പറ്റി; അതോടെ പട്ടാള റോൾ ചേട്ടനു പോയി. ചേട്ടൻ കൊണ്ടുനടന്നിരുന്ന മിമിക്രി ട്രൂപ്പ് സുരാജിനും കിട്ടി. വിലാസിനിയമ്മ അടുക്കളയിൽവെച്ചു അമ്മാവനെയും മറ്റും അനുകരിച്ചിരുന്നതു കണ്ടാണ് മിമിക്രിയിൽ കമ്പം കയറിയത്. ആ നിലയിൽ അമ്മയാണ് പ്രഥമ ഗുരു. 1992 മുതൽ മിമിക്രിയുമായി നാടുചുറ്റി. കൈരളി ചാനലിലെ ഹാസ്യ പരിപാടിയായിരുന്ന 'ജഗപൊഗ'യിൽ വേഷം ലഭിച്ചതോടെ മിനിസ്ക്രീനിലുമെത്തി. അത് പിന്നീട് സിനിമയാക്കിയപ്പോൾ ഡബ്ൾ റോളിലാണ് അഭിനയിച്ചത്. 44 വയസ്സുണ്ടിപ്പോൾ. 15 വർഷം മുമ്പ് സുപ്രിയ ജീവിതത്തിലേക്ക് കടന്നുവന്നു. മൂന്നു മക്കൾ: കാശിനാഥൻ, വാസുദേവ്, ഹൃദ്യ. കാശി ഒന്നു രണ്ട് ചിത്രങ്ങളിൽ ബാലതാരമായി വേഷമിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.