ഇന്ത്യൻ ജമാഅത്തെ ഇസ്‍ലാമി മുക്കാൽ നൂറ്റാണ്ട് പിന്നിടുമ്പോൾ
text_fields1948ഏപ്രിൽ 16-18 തീയതികളിൽ സ്വതന്ത്ര ഇന്ത്യയിൽ നിലവിൽവന്ന ഇന്ത്യൻ ജമാഅത്തെ ഇസ്‍ലാമി, പ്രതിസന്ധികളെയും വിലക്കുകളെയും അതിജീവിച്ച് കർമപഥത്തിൽ 75 വർഷം പൂർത്തിയാക്കുകയാണീ ദിവസങ്ങളിൽ. അചഞ്ചലമായ ആദർശത്തിന്റെ പിൻബലത്തിൽ സുവ്യക്തമായ ലക്ഷ്യത്തിനായി സമാധാനപരമായ പ്രവർത്തനമാണ് ജമാഅത്തിന്‍റെ മുദ്രാവാക്യം. സാമ്പ്രദായിക മതമെന്നതിനപ്പുറത്ത് ജീവിതത്തിന്റെ സമസ്തതുറകളെയും ചൂഴ്ന്നുനിൽക്കുന്ന സമഗ്രദർശനവും പ്രത്യയശാസ്ത്രവുമായി ഇസ്‍ലാമിനെ കുറിച്ച അവതരണം പരമ്പരാകത മതസംഘടനകളിൽനിന്ന് ജമാഅത്തെ ഇസ്ലാമിയെ വേറിട്ടുനിർത്തി.
ഭൗതിക വ്യവഹാരങ്ങളെ പൂർണമായി മനുഷ്യനിർമിത ചിന്താധാരകൾക്ക് വിട്ടുകൊടുത്ത് ദൈവത്തെയും മതത്തെയും സ്വകാര്യജീവിതത്തിൽ ഒതുക്കുന്ന ക്യാപിറ്റലിസത്തിനും കമ്യൂണിസത്തിനും മതവിരുദ്ധ സെക്യുലറിസത്തിനും തജ്ജന്യ ദർശനങ്ങൾക്കും തീർത്തും വിരുദ്ധമാണീ ആദർശവും ലക്ഷ്യവുമെന്ന കാര്യം നിസ്തർക്കമാണ്. ഇസ്‍ലാമിനെ കേവലം മതമായിക്കണ്ട് തദനുസൃതമായ വിശ്വാസാചാരങ്ങളുടെ ഭൂമികയിൽ ചുറ്റിക്കറങ്ങുന്ന മതസംഘടനകൾക്കും മതപണ്ഡിതർക്കും ആധുനിക ഇസ്‍ലാമിക പ്രസ്ഥാനങ്ങളോട് സമരസപ്പെടാൻ കഴിയാതെ പോയതിൽ അത്ഭുതമില്ല.
സഹസ്രാബ്ദങ്ങളുടെ പഴക്കം അവകാശപ്പെടുന്ന സംസ്കാരത്തിന്റെയും ജന്മനാടിന്റെ അപ്രമാദിത്വത്തിന്റെയും പേരിൽ തീവ്ര ദേശീയതയുടെ പ്രതലത്തിൽ പ്രവർത്തിക്കുന്ന ആധുനിക വിചാരധാരകൾക്കും മാനവികതയുടെ ഏകത ഉദ്ഘോഷിക്കുന്ന ആദർശപ്രസ്ഥാനത്തെ പൊറുപ്പിക്കാനായില്ല. ഈ എതിർപ്പുകളെ മുഴുവൻ നേരിട്ട് രാജ്യത്തിനും ലോകത്തിനും സമാധാനത്തിനും സുസ്ഥിതിക്കുംവേണ്ടി തങ്ങൾ നിലകൊള്ളുന്നുവെന്ന പ്രഖ്യാപനവുയാണ് ഇന്ത്യൻ ജമാഅത്തെ ഇസ്‍ലാമി ഏഴരപ്പതിറ്റാണ്ടുകാലം കർമസരണിയിൽ നിലയുറപ്പിച്ചത്.
തിരിഞ്ഞുനോക്കുമ്പോൾ ലക്ഷ്യപ്രാപ്തിയിലേക്ക് സംഘടന എത്രത്തോളം മുന്നേറി എന്ന ചോദ്യത്തിന്റെ ഉത്തരം കാണുന്നതിലേറെ പ്രധാനം, വർത്തമാനകാല സാഹചര്യങ്ങളിൽ ഇത്തരമൊരു പ്രസ്ഥാനത്തിന് എന്തുമാത്രം പ്രസക്തിയുണ്ട്, അതിന്റെ ഭാവിപ്രയാണം ഏതു ദിശയിലെന്ന് കണ്ടെത്തലാണെന്ന് കരുതേണ്ടിവരുന്നു. അത്രമേൽ സങ്കീർണവും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുമാണ് രാജ്യത്തെ അന്തരീക്ഷം. ആദർശമോ ലക്ഷ്യമോ ഏതാവട്ടെ, പ്രവർത്തനം സമാധാനപരവും നിയമാനുസൃതവുമായിരിക്കുന്നേടത്തോളം കാലം മുതലാളിത്തമോ സോഷ്യലിസമോ മാവോയിസമോ ഹിന്ദുത്വമോ ഇസ്‍ലാമോ ഏതു ദർശനത്തിനും പ്രവർത്തനസ്വാതന്ത്ര്യം അനുവദിക്കുന്നതാണ് ഇന്ത്യൻ ഭരണഘടനയെന്ന് സുപ്രീംകോടതി പലവട്ടം ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. നിലവിലെ അന്തരീക്ഷം പക്ഷേ, തികച്ചും വ്യത്യസ്തമാണ്. ആർഷഭാരത സംസ്കൃതി ഒഴികെ മറ്റെല്ലാറ്റിനെയും നിരാകരിക്കുന്ന, നിരാകരണത്തിന് ജനാധിപത്യം ഒരിക്കലും തടസ്സമല്ലാത്ത ശക്തികൾ വരിഞ്ഞുമുറുക്കിയിരിക്കുകയാണ് ഇന്ത്യ മഹാരാജ്യത്തെ. പാർലമെന്റും എക്സിക്യൂട്ടിവും ഏതാണ്ട് പൂർണമായി കൈപ്പിടിയിലൊതുക്കി, ജുഡീഷ്യറിയെ ചൊൽപടിയിലാക്കാൻ സർവതന്ത്രങ്ങളും പയറ്റുന്ന, മാധ്യമങ്ങളെ ബന്ദിയാക്കിപ്പിടിച്ച ഭരണകൂടം മൂന്നാമൂഴത്തിനുവേണ്ടി പതിനെട്ടടവും പയറ്റുന്ന ആശങ്കജനകമായ പശ്ചാത്തലത്തിൽ ചുമരുണ്ടെങ്കിലേ ചിത്രമെഴുതാനാവൂ എന്ന് ജമാഅത്തെ ഇസ്‍ലാമി തിരിച്ചറിഞ്ഞിരിക്കുമെന്ന് തീർച്ച.
പക്ഷേ, മതന്യൂനപക്ഷങ്ങളുടെ തുല്യാവകാശങ്ങളോ സ്വതന്ത്രമായ അസ്തിത്വം പോലുമോ അജണ്ടയിലില്ലാത്ത അധികാരിവർഗത്തിന്റെ കീഴിൽ ഏറ്റവും വലിയ മതന്യൂനപക്ഷത്തിന് അതിജീവനം തന്നെയാണല്ലോ മുഖ്യ വെല്ലുവിളി. പൗരത്വ ഭേദഗതി നിയമത്തിലൂടെ, ഏക സിവിൽകോഡിനുവേണ്ടിയുള്ള നിയമനിർമാണ ശ്രമങ്ങളിലൂടെ, മസ്ജിദ് ധ്വംസനങ്ങളിലൂടെ എല്ലാം ഫാഷിസം പിടിമുറുക്കുമ്പോൾ സമുദായസംഘടനകളുടെ സഹകരണവും മതനിരപേക്ഷ ശക്തികളോടുള്ള ഐക്യദാർഢ്യവും സർവോപരി പതിതരോടും ദരിദ്രജനകോടികളോടും ഉൾച്ചേർന്ന പോരാട്ടവും അജണ്ടയിൽ മുഖ്യപരിഗണന തേടുന്നു. മുസ്‍ലിം ന്യൂനപക്ഷത്തിന്റെ ഭരണഘടനദത്തമായ അവകാശങ്ങൾക്കുവേണ്ടി എല്ലാ മനുഷ്യസ്നേഹികളോടും സഹകരിച്ച് കർമരംഗത്തിറങ്ങാൻ 1964ൽ ഡോ. സയ്യിദ് മഹ്മൂദിന്റെ നേതൃത്വത്തിൽ ഓൾ ഇന്ത്യ മുസ്‍ലിം മജ്‍ലിസെ മുശാവറ സ്ഥാപിതമായതിന്റെ പിന്നിൽ പ്രധാനമായി പ്രവർത്തിച്ചത് ഇന്ത്യൻ ജമാഅത്തെ ഇസ്‍ലാമിയായിരുന്നു.
ഏക സിവിൽകോഡ് മുസ്‍ലിം കുടുംബ വ്യവസ്ഥക്ക് ഭീഷണിയായി ഉയർന്നപ്പോൾ ഓൾ ഇന്ത്യ മുസ്‍ലിം പേഴ്സനൽ ബോർഡ് രൂപവത്കരിക്കാൻ മുന്നിട്ടിറങ്ങിയതും ജമാഅത്തായിരുന്നു. ബാബരി മസ്ജിദ് ധ്വംസനം രാജ്യവ്യാപകമായി സാമുദായിക ബന്ധങ്ങളെ സന്ദിഗ്ധാവസ്ഥയിലെത്തിച്ചപ്പോൾ ജനാധിപത്യം പരിരക്ഷിക്കാനും സാമുദായിക സൗഹാർദം ശക്തിപ്പെടുത്താനുമായി ജസ്റ്റിസ് വി.എം. താർക്കുണ്ഡെ അധ്യക്ഷനും ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ, കുൽദീപ് നയാർ, മുച്കുന്ദ് ദുബെ, ശഫീഅ് മൂനിസ് തുടങ്ങിയ മഹദ്‍വ്യക്തിത്വങ്ങൾ നിർവാഹക സമിതിയുമായി എഫ്.ഡി.സി.എക്ക് ദേശീയതലത്തിൽ രൂപംനൽകിയതും ജമാഅത്തെ ഇസ്‍ലാമി തന്നെ. രാജ്യവ്യാപകമായി മതങ്ങൾ തമ്മിലെ സൗഹൃദവും ആശയവിനിമയവും കെട്ടിപ്പടുക്കാൻ ഡയലോഗ് സെന്ററുകൾ സ്ഥാപിക്കുക എന്ന ദൗത്യത്തിന് സംഘടന മുൻകൈയെടുത്തു.
പക്ഷേ, ഇൗ സംരംഭങ്ങൾക്കൊന്നും സജീവ തുടർച്ച ഉണ്ടായില്ലെന്ന് മാത്രമല്ല, നടേ സൂചിപ്പിച്ചപോലെ വെല്ലുവിളികൾ പൂർവാധികം ശക്തമായി ഉയർന്നുവരുകയും ചെയ്തിരിക്കുന്നു. ദേശവിരുദ്ധമോ സമുദായമൈത്രികൾക്ക് നിരക്കാത്തതോ സമാധാനത്തിന് ഹാനികരമോ ആയ ചെയ്തികളിലൊന്നും ഏർപ്പെട്ടതായി ഇതേവരെ ഒരു തെളിവുമില്ലെന്ന് പരമോന്നത കോടതി ഒടുവിലത്തെ മീഡിയവൺ കേസിലും ചൂണ്ടിക്കാട്ടിയ ഇന്ത്യൻ ജമാഅത്തെ ഇസ്‍ലാമി രാജ്യം നേരിടുന്ന അഭൂതപൂർവമായ വിപൽസന്ധിയിൽ എത്രത്തോളം സുചിന്തിതമായും ഫലപ്രദമായും ധീരമായും മുന്നോട്ടുനീങ്ങുമെന്നാണ് യഥാർഥ ഗുണകാംക്ഷികൾ ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.