ട്രെയിൻ ദുരന്തം തിരുത്താനുള്ള അവസരം
text_fieldsഒഡിഷയിലെ ബാലസോറിൽ മൂന്നു ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദുരന്തം രാജ്യത്തിനുണ്ടാക്കിയ നടുക്കം എളുപ്പം ശമിക്കുന്ന ഒന്നല്ല. മുന്നൂറിനടുത്ത് മനുഷ്യരാണ് അപകടത്തിൽ മരിച്ചത്. അപൂർവമായ ഈ അത്യാഹിതം എങ്ങനെ സംഭവിച്ചു, എവിടെയൊക്കെയാണ് തകരാറുണ്ടായത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത ഇനിയും വരേണ്ടതുണ്ട്. ഷാലിമാർ-ചെന്നൈ കോറമാണ്ഡൽ എക്സ്പ്രസ് മെയിൻ ലൈനിൽനിന്ന് ലൂപ് ലൈനിലേക്കു കയറി അവിടെ നിർത്തിയിട്ട ചരക്കുവണ്ടിയിലിടിച്ചുകയറി എന്നാണ് അറിയുന്നത്. ആഘാതത്തിൽ തെറിച്ചുവീണ ബോഗികൾ അടുത്ത ട്രാക്കിലൂടെ എതിർവശത്തു വരുന്ന ബംഗളൂരു-ഹൗറ എക്സ്പ്രസുമായി ഇടിച്ചു. കോറമാണ്ഡൽ എക്സ്പ്രസിന്റെ മൂന്നും ഹൗറ എക്സ്പ്രസിന്റെ രണ്ടും കോച്ചുകളിലുണ്ടായിരുന്ന യാത്രികരാണ് ദുരന്തബാധിതരിൽ ഏറെയും. വെള്ളിയാഴ്ച രാത്രി സംഭവിച്ച അത്യാഹിതത്തിൽ കഷ്ടിച്ച് രക്ഷപ്പെട്ടവരും ഓടിയെത്തിയ നാട്ടുകാരും നടത്തിയ രക്ഷാപ്രവർത്തനം, ദുരന്തത്തിലും വെളിപ്പെടുന്ന മനുഷ്യ മഹത്ത്വം വിളിച്ചോതി. അടിയന്തര ചികിത്സക്ക് രക്തം ദാനംചെയ്യാൻ സ്വമേധയാ ഓടിയെത്തിയത് വലിയ ജനക്കൂട്ടമായിരുന്നു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും വിദേശനേതാക്കളും അനുശോചനമറിയിച്ചു. നഷ്ടപരിഹാരത്തുകകൾ പ്രഖ്യാപിക്കപ്പെട്ടു. നാട്ടിലെ ഇന്നത്തെ നടപ്പുരീതിയനുസരിച്ച് സമൂഹമാധ്യമങ്ങളിൽ വർഗീയ ട്രോളുകൾ തിമിർത്താടിയപ്പോഴും സഹായവുമായി ദുരന്തബാധിതരോടു ചേർന്നുനിന്ന സാധാരണക്കാർ ഇന്ത്യയുടെ യഥാർഥ മുഖം വെളിപ്പെടുത്തി. ഒരുനിലക്ക് നോക്കിയാൽ ദുരന്തത്തിൽപോലും വിഭാഗീയതയും വൈരവും രാഷ്ട്രീയത്തിന്റെ ഊർജമാക്കി വളർത്തിയെടുത്ത ഒരു പുത്തൻ ദേശീയ സംസ്കാരത്തിന്റെ മനസ്സാക്ഷിക്കു മുമ്പാകെ ഉയർത്തപ്പെട്ട ഒരു ചോദ്യംകൂടിയല്ലേ, അധികാരഗർവും അഹന്തയുമെല്ലാം നിസ്സഹായതയിൽ അഭയംതേടേണ്ടിവന്ന ഈ മഹാദുരന്തം?
പാളംതെറ്റലിന് ഒരു കാരണം പാളങ്ങളുടെ അറ്റകുറ്റപ്പണി യഥാസമയം നടക്കാത്തതാണ്. ഇക്കൊല്ലത്തെ യൂനിയൻ ബജറ്റിൽ റെയിൽവേ ട്രാക്ക് നവീകരണത്തിനുള്ള തുകയിൽ 14 ശതമാനം വെട്ടിക്കുറച്ചു. പല പാളങ്ങളും കാലഹരണപ്പെട്ട അവസ്ഥയിലുള്ളപ്പോഴാണിത്. സുരക്ഷാവിഭാഗത്തിൽ വേണ്ടത്ര ജീവനക്കാരില്ലാത്തതും പ്രശ്നമാണ്
ദുരന്തകാരണങ്ങളെപ്പറ്റി അന്വേഷണം നടക്കുന്നു. സിഗ്നലിന്റെ തകരാറാണെന്ന് ഒരു നിഗമനം. ലൂപ് ലൈനിലേക്കു കടക്കാൻ കോറമാണ്ഡൽ എക്സ്പ്രസിന് സിഗ്നൽ നൽകിയെന്നും മെയിൻ ലൈനിൽ തുടരാൻ നൽകിയ സിഗ്നൽ പിൻവലിച്ചെന്നും പലതരത്തിൽ നിരീക്ഷണങ്ങളുണ്ട്. ഇന്റർലോക്കിങ് സംവിധാനത്തിലെ പിഴവാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും പറഞ്ഞതായി കാണുന്നു. സാങ്കേതികപ്പിഴവുണ്ടായെങ്കിൽ അതിന് കാരണമെന്ത് എന്നും വൈകാതെ കണ്ടെത്തുമായിരിക്കും. ഒരു കാര്യം വ്യക്തമാണ്: റെയിൽവേ സുരക്ഷയിൽ ഇത്ര കനത്ത പിഴവുണ്ടായതിൽ സർക്കാർ തലം മുതൽ ഉത്തരവാദിത്തമുണ്ട് -ഇത്തരം ദുരന്തം സംഭവിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുകൾ ഉണ്ടായിരുന്നിരിക്കെ വിശേഷിച്ചും. ഫെബ്രുവരിയിൽ റെയിൽവേ സുരക്ഷ സംബന്ധിച്ച യോഗം ചേർന്നിരുന്നു. ഇന്റർലോക്കിങ്ങിലെ ഗുരുതരമായ കുഴപ്പങ്ങൾ മന്ത്രി ഉൾപ്പെട്ട റെയിൽവേ ബോർഡിനു മുമ്പാകെ ചൂണ്ടിക്കാണിക്കപ്പെട്ടു. എന്നാൽ, അതേപ്പറ്റി തുടർചർച്ചയോ നടപടിയോ ഉണ്ടായില്ല. ദക്ഷിണ-പശ്ചിമ മേഖലയുടെ ചീഫ് മാനേജർക്കു മാത്രമാണ് സുരക്ഷാപ്രശ്നമുന്നയിക്കാൻ അവസരമുണ്ടായതെന്നും ബാക്കി സമയം വന്ദേഭാരത് ട്രെയിനുകളെപ്പറ്റിയും വരുമാന വർധനയെപ്പറ്റിയും ചർച്ചചെയ്യാൻ മാറ്റിവെക്കുകയാണുണ്ടായതെന്നും റിപ്പോർട്ടുകളിൽ കാണുന്നു. ബാലസോറിൽ സംഭവിച്ചതെന്ത് എന്ന് ഇനി വ്യക്തമായിക്കഴിഞ്ഞാലും, സുരക്ഷാവിഷയം റെയിൽ മന്ത്രാലയത്തിന്റെ മുൻഗണനകളിൽ വന്നില്ല എന്നത് ഗുരുതര വീഴ്ചയാണ്. കൊട്ടിഘോഷിച്ച് ഏർപ്പെടുത്തിയ ‘കവച്’ സംവിധാനം പലയിടത്തും എത്തിയിട്ടില്ല എന്ന് അറിയുന്നതും ഇപ്പോഴാണ്. സുരക്ഷാസംവിധാനങ്ങൾക്ക് നീക്കിവെച്ചിരുന്ന ഫണ്ടിൽനിന്ന് ഒരുലക്ഷം കോടിയോളം രൂപ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി വകമാറ്റിയെന്നും ആക്ഷേപമുണ്ട്. പാളംതെറ്റലിന് ഒരു കാരണം പാളങ്ങളുടെ അറ്റകുറ്റപ്പണി യഥാസമയം നടക്കാത്തതാണ്. ഇക്കൊല്ലത്തെ യൂനിയൻ ബജറ്റിൽ റെയിൽവേ ട്രാക്ക് നവീകരണത്തിനുള്ള തുകയിൽ 14 ശതമാനം വെട്ടിക്കുറച്ചു. പല പാളങ്ങളും കാലഹരണപ്പെട്ട അവസ്ഥയിലുള്ളപ്പോഴാണിത്. സുരക്ഷാവിഭാഗത്തിൽ വേണ്ടത്ര ജീവനക്കാരില്ലാത്തതും പ്രശ്നമാണ്. മൂന്നേകാൽ ലക്ഷത്തോളം ജീവനക്കാരുടെ കുറവാണ് ഇന്ത്യൻ റെയിൽവേസിലുള്ളത്. അറ്റകുറ്റപ്പണി, സുരക്ഷാവിഭാഗങ്ങളിലടക്കമാണ് ഈ കുറവ്.
അത്യാഹിതങ്ങളെ രാഷ്ട്രീയവത്കരിക്കരുതെന്ന് പറയുന്നത് ന്യായമാണ്. അതിനർഥം അധികൃതരുടെ വീഴ്ച ചൂണ്ടിക്കാട്ടരുത് എന്നല്ല. നിർഭാഗ്യവശാൽ ദുരന്തങ്ങളെ രാഷ്ട്രീയലാക്കോടെ കാണുന്ന മോശം മാതൃക നമ്മുടെ നേതാക്കളിൽനിന്നുതന്നെ ഉണ്ടായിക്കാണുന്നു. 2016ൽ കൊൽക്കത്തയിൽ മേൽപാലം വീണ് 21 പേർ മരിച്ചപ്പോൾ, തൃണമൂൽ കോൺഗ്രസിന്റെ ഭരണത്തിൽനിന്ന് നാടിനെ രക്ഷിക്കാൻ ദൈവം നൽകിയ സന്ദേശമാണത് എന്നു പറഞ്ഞത് പ്രധാനമന്ത്രി മോദിയാണ്. റെയിൽവേയെ അടിമുടി മാറ്റാനുള്ള ജോലി 2014നുശേഷമാണ് ആരംഭിച്ചതെന്ന് മോദി പ്രസംഗിച്ച് രണ്ടാഴ്ചക്കകമാണ് ഈ ‘അടിമുടി മാറ്റ’ത്തിന്റെ ഒരു ചിത്രം ബാലസോറിൽ രാജ്യം കാണുന്നത്. അതെ, രാജ്യക്ഷേമത്തിലും ദുരന്തത്തിലുമൊന്നും കക്ഷിരാഷ്ട്രീയം ചേർക്കാതിരിക്കുക. ഭരണത്തിലെ വീഴ്ചകളെപ്പറ്റി ബന്ധപ്പെട്ടവർ ആത്മപരിശോധന നടത്തുക. ദുരന്തത്തിന്റെ ഇരകളോടും ബന്ധുക്കളോടും ഐക്യപ്പെടുക. സഹജീവികളെ സ്വന്തത്തെയെന്നപോലെ കാണുന്ന മനുഷ്യത്വത്തിന്റെ വഴി വീണ്ടെടുക്കുക. ഈ മഹാദുരന്തം തെറ്റുകൾ തിരിച്ചറിയുന്നതിനും തിരുത്തുന്നതിനും നിമിത്തമാകട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.