വിവരസുരക്ഷ തീർത്തും നിരാധാരം
text_fieldsഅഞ്ഞൂറു രൂപയും പത്തു മിനിറ്റും കൊണ്ട് ആരുടെ ആധാർ വിവരവും ചോർത്താമെന്ന കണ്ടെത്തൽ ‘ആധാർ’ പദ്ധതിക്കെതിരായ വാദഗതികളെ ഒരിക്കൽകൂടി ശരിവെക്കുന്നതാണ്. ‘ദ ട്രിബ്യൂൺ’ പത്രം പഞ്ചാബ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അജ്ഞാത ‘വാട്ട്സ്ആപ്’ കൂട്ടായ്മയിലെ ഏജൻറുമാർ വഴി ആയിരക്കണക്കിനു പേരുടെ വിവരം വാങ്ങിക്കൊണ്ടാണ് ആധാറിെൻറ സുരക്ഷിതത്വമില്ലായ്മ തെളിയിച്ചത്. കഴിഞ്ഞ ആറു മാസത്തോളമായി തട്ടിപ്പുസംഘം വിവരങ്ങൾ വിറ്റുവന്നിരുന്നുവെന്നാണ് അറിയുന്നത്. 119 കോടിയിലേറെ ആളുകളുടെ ആധാർ വിവരങ്ങൾ ആർക്കും എപ്പോഴും ചന്തയിൽനിന്നെന്നപോലെ വാങ്ങാമെന്നർഥം. വിവരങ്ങളെല്ലാം ഭദ്രമാണെന്ന് ഇത്രയും കാലം ശഠിച്ചുപോന്ന ആധാർ അതോറിറ്റി (യു.െഎ.ഡി.എ.െഎ) ഇപ്പോഴും അതുതന്നെ ആവർത്തിക്കുകയാണ്. വിരലടയാളം ഉൾപ്പെടെയുള്ള ബയോമെട്രിക് ഡാറ്റ ചോർന്നിട്ടില്ലെന്നാണ് അതോറിറ്റിയുടെ പ്രതികരണം. നുഴഞ്ഞുകയറ്റക്കാരെ നിരീക്ഷിക്കാനും തുരത്താനും സംവിധാനമുണ്ടത്രെ. മുഴുവൻ വിവരങ്ങളും ഇപ്പോൾ ചോർന്നിട്ടിെല്ലന്നു സമ്മതിച്ചാൽതെന്ന, അതോറിറ്റിയുടെ സുരക്ഷാ സംവിധാനങ്ങളെ മറികടന്ന് വിവരം ചോർത്താൻ കഴിയുമെന്ന് തെളിഞ്ഞു കഴിഞ്ഞിരിക്കുന്നു. തന്നെയുമല്ല, നുഴഞ്ഞുകയറ്റക്കാരെ നോക്കി ഇരിക്കുന്നു എന്ന് അവകാശപ്പെടുന്ന അതോറിറ്റിക്ക്, ആറു മാസമായി കുറെ വിവരം ചോർന്നുകൊണ്ടിരിക്കുന്നത് അറിയാൻപോലും സാധിച്ചില്ലെന്നിരിക്കെ, ഇൗ കാവൽക്കാരെയും അവരുടെ ഡിജിറ്റൽ വേലിക്കെട്ടുകളെയും ഇനിയുമെങ്ങനെയാണ് വിശ്വസിക്കാനാവുക? വിവരം ചോർന്നു എന്നതിനെക്കാൾ ഭീതി ഉളവാക്കണം ആധാർ അതോറിറ്റിക്കാരുടെ ഇൗ സമ്പൂർണ അജ്ഞത.
ആധാറിനെതിരെ ഇപ്പോൾ വാദമുയർത്തുന്ന കോൺഗ്രസാണ് ഇൗ പദ്ധതിയുടെ ഉപജ്ഞാതാക്കൾ. അവരുടെ ഭരണത്തിൽതന്നെ, ആധാറിെൻറ ആവശ്യകത മുതൽ സുരക്ഷിതത്വം വരെ തർക്കവിഷയമായിരുന്നു. പക്ഷേ, അവർ പിന്മാറിയില്ല. കർണാടകയിെല കോൺഗ്രസ് മന്ത്രിസഭ അവശ്യസേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കുന്ന ബില്ലിന് കഴിഞ്ഞയാഴ്ചയാണ് അംഗീകാരം നൽകിയത്. മറുവശത്ത്, കോൺഗ്രസ് ഭരണത്തിൽ ആധാർ കൊണ്ടുവന്നപ്പോൾ അതിനെ തീവ്രമായി എതിർത്തിരുന്നവരാണ് ബി.ജെ.പിയും നരേന്ദ്ര മോദിയും. ഭരണത്തിലെത്തിയപ്പോൾ അവർ ആധാറിെൻറ ദോഷങ്ങളെല്ലാം ഒറ്റയടിക്ക് മറന്നിരിക്കുന്നു. അഴിമതിയും വിഭവചോർച്ചയും തടയാനാണ് ആധാർ നിർബന്ധമാക്കുന്നതെന്ന സർക്കാർ വാദം ശരിയല്ലെന്നാണ് ഇതുവരെയുള്ള അനുഭവം. സർക്കാർ സബ്സിഡികളും ഇളവുകളും നൽകേണ്ടവരുടെ എണ്ണം വളരെയധികം കുറഞ്ഞതായി സർക്കാർ വകുപ്പുകളും ആധാർ വെബ്സൈറ്റും അവകാശപ്പെടാറുണ്ട്. കുറവു വന്നതെല്ലാം വ്യാജമായിരുന്നുവെന്നും അവർ പറയുന്നു; വ്യാജന്മാരെ കണ്ടെത്താൻ ആധാർ പ്രയോജനപ്പെട്ടു എന്നും. എന്നാൽ, ആധാർ നടപ്പാക്കുന്നതിലെ വീഴ്ചകളും സംശയങ്ങളും അനിശ്ചിതത്വവും അറിവില്ലായ്മയുമെല്ലാം ആളുകളെ പിന്തിരിപ്പിക്കുന്നുണ്ട്. നിർബന്ധമാക്കരുെതന്ന് സുപ്രീംകോടതി പറഞ്ഞ മേഖലകളിൽപോലും ‘ആധാർ ബന്ധിതര’ല്ലാത്ത ‘വ്യാജന്മാർ’ (അങ്ങനെയാണല്ലോ അധികൃതർ അവരെ വിളിക്കുന്നത്) അർഹിക്കുന്ന ആനുകൂല്യങ്ങൾ കിട്ടാതെ ദുരിതമനുഭവിക്കുന്നു. കർണാടകയിൽ മൂന്ന് ദലിത് സഹോദരന്മാർ കഴിഞ്ഞ കൊല്ലം പട്ടിണികിടന്ന് മരിച്ചത് വാർത്തയായിരുന്നു. ആധാർ കാർഡില്ലാത്തതുകൊണ്ട് ആറു മാസമായി അവർക്ക് റേഷൻ നിഷേധിച്ചിരുന്നു. ആ പാവങ്ങളും ആധാർ അതോറിറ്റിക്കാരുടെ കണക്കിൽ ‘വ്യാജന്മാർ’ ആയിരുന്നിരിക്കും. ഝാർഖണ്ഡിൽ ഒരു പതിനൊന്നുകാരി മരിച്ചതും ആധാർ റേഷൻ കാർഡുമായി ബന്ധിപ്പിക്കാത്തതുകൊണ്ടായിരുന്നു. ഹരിയാനയിൽ ഒരു കാർഗിൽ രക്തസാക്ഷിയുടെ വിധവ ചികിത്സ കിട്ടാതെ മരിക്കാൻ കാരണം ആധാർ നൽകാത്തതായിരുന്നു. സേവനങ്ങൾ ലഭ്യമാക്കുക എന്നത് ഒരിക്കലും ആധാർ അധികൃതരുടെ ശ്രദ്ധയിലുണ്ടായിട്ടില്ല എന്ന് ചുരുക്കം. എല്ലാവരെക്കൊണ്ടും എത്രയും വേഗം ആധാർ എടുപ്പിച്ച് വിവരങ്ങൾ ശേഖരിച്ചുവെക്കുന്നതിലാണ് ശ്രദ്ധയും നിർബന്ധവുെമല്ലാം. അപ്പോഴും ഒരു വാദമാണ് ആധാർ പദ്ധതിക്ക് അനുകൂലമായി അവരുടെ കൈയിൽ ബാക്കിയുണ്ടായിരുന്നത്-അതിലെ വിവരങ്ങൾ ഭദ്രമാണെന്നും അവ ആർക്കും ചോർത്താനാവില്ലെന്നുമുള്ള വാദം. അതും ഇപ്പോൾ തകർന്നിരിക്കുന്നു.
ആധാർ വിവരങ്ങൾക്ക് സുരക്ഷിതത്വമില്ലെന്നതിന് ‘ദ ട്രിബ്യൂണി’െൻറ ഇപ്പോഴത്തെ റിപ്പോർട്ട് മാത്രമല്ല തെളിവായുള്ളത്. ഉന്നയിക്കപ്പെട്ട ആശങ്കകൾക്കും സംശയങ്ങൾക്കും കൃത്യമായ വിശദീകരണം നൽകാൻ അധികൃതർക്ക് ഇന്നുവരെ കഴിഞ്ഞിട്ടില്ല. ‘ദ ട്രിബ്യൂൺ’ റിപ്പോർട്ടിനു പിന്നാലെ ‘ദ ക്വിൻറ്’ ഒാൺലൈൻ പത്രം മറ്റൊരു വിവരം പുറത്തുവിട്ടിരിക്കുന്നു: ആധാർ ഡാറ്റാബേസിൽ ആർക്കും പ്രവേശനം മാത്രമല്ല നിയന്ത്രണാധികാരവും കിട്ടും എന്നതാണത്. ഒൗദ്യോഗിക പോർട്ടലിെൻറ നടത്തിപ്പുകാരായി (അഡ്മിൻ) ആർക്കൊക്കെ അനുമതി കിട്ടും എന്നതിന് ഒരു മാനദണ്ഡവുമില്ലെത്ര. മാത്രമല്ല, ‘അഡ്മിൻ’ ആയിക്കഴിഞ്ഞാൽ അയാൾക്ക് ഇഷ്ടമുള്ള മറ്റാരെയും പോർട്ടലിെൻറ അഡ്മിൻ ആക്കുകയും ചെയ്യാം. 500 രൂപ ഇല്ലാതെയും എന്തും ആർക്കും ചോർത്താം; ചോർത്തുന്നവരെ ഒപ്പം കൂട്ടാം. പരമസുരക്ഷിതമെന്ന് പുറമേക്ക് അവകാശെപ്പടുേമ്പാഴാണ് ഇതെല്ലാം. ബയോമെട്രിക് വിവരങ്ങൾ ചോർന്നിട്ടില്ലെന്ന് ന്യായം പറയുന്ന യു.െഎ.ഡി.എ.െഎ, വാതിലുകളെല്ലാം തുറന്നുകിടക്കുന്നതുപോലും അറിയുന്നില്ലെന്നോ? എല്ലാം അന്വേഷിക്കുെമന്നാണ് അവർ ഇപ്പോൾ പറയുന്നത്. അന്വേഷിക്കെട്ട. എല്ലാം ഭദ്രമാണെന്ന് ഏവർക്കും ബോധ്യപ്പെടുന്ന തരത്തിൽ സംവിധാനമാകുന്നതുവരെ ഇൗ പദ്ധതി നിർത്തിവെക്കെട്ട. അതെല്ലാം ഭദ്രമായാലും, സ്വകാര്യതയും വ്യക്തിസ്വാതന്ത്ര്യവും സംബന്ധിച്ച ഭരണഘടനാധിഷ്ഠിതമായ ചോദ്യങ്ങൾ ആധാർ വിഷയത്തിൽ ബാക്കിയുണ്ടായിരിക്കും താനും. ആധാർ കേസുകൾ തീർപ്പാക്കുേമ്പാൾ സുപ്രീംകോടതി ഇതെല്ലാം കണക്കിലെടുക്കുമെന്ന് ആശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.