ആധാർ: ശ്രദ്ധേയമായ വിധി
text_fieldsകഴിഞ്ഞ യു.പി.എ സർക്കാറിെൻറ കാലത്ത് രൂപവത്കരിക്കപ്പെട്ട യുനീക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ എന്ന സംവിധാനത്തിെൻറ കീഴിലാണ് രാജ്യത്തെ ഓരോ പൗരനും ആധാർ എന്ന പേരിൽ പ്രത്യേക കാർഡ് ഏർപ്പെടുത്താം എന്ന തീരുമാനമെടുക്കുന്നത്. വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങളടക്കം ഉൾപ്പെടുത്തിക്കൊണ്ടാണ് കാർഡ് തയാറാക്കുന്നത്. എന്നാൽ, വിചിത്രമായ കാര്യം ഇത്തരമൊരു അതോറിറ്റി രൂപവത്കരിക്കുന്നതിനും കാർഡ് അടിച്ചേൽപിക്കുന്നതിനും നിയമപരമായ ഒരു പിൻബലവും ഇല്ലായിരുന്നു എന്നതാണ്. ഇതുസംബന്ധമായ നിയമനിർമാണം പാർലമെൻറിെൻറ ഇരുസഭകളിലും നടന്നിട്ടില്ല. 2009 ജനുവരി 28ന് പുറത്തിറങ്ങിയ വെറുമൊരു എക്സിക്യൂട്ടിവ് ഓർഡറിെൻറ പുറത്താണ് ബഹുകോടികൾ വരുന്ന, രാജ്യത്തെ മുഴുവൻ പൗരന്മാരെയും ബാധിക്കുന്ന പദ്ധതി മുന്നോട്ടുപോയത്. തുടങ്ങിയ അന്നു മുതൽ പലവിധ വിവാദങ്ങളിലൂടെയാണ് പദ്ധതി കടന്നു പോയത്. മുൻ കർണാടക ഹൈകോടതി ജഡ്ജിയായ കെ.എസ്. പുട്ടസ്വാമി 2012 നവംബറിൽ നിയമബാഹ്യമായ ആധാർ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി ഫയൽ ചെയ്തു. പൗരന്മാരുടെ സ്വകാര്യതയുടെ ലംഘനവും ബയോമെട്രിക് വിവരശേഖരത്തിലൂടെ നടക്കുന്നുവെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടുകയുണ്ടായി.
2013 സെപ്റ്റംബർ 23ന്, ആധാർ ഇല്ലാത്തതിെൻറ പേരിൽ ഒരാൾക്കും ഒരു ആനുകൂല്യവും നഷ്ടപ്പെടാൻ ഇടവരരുതെന്നാവശ്യപ്പെട്ട് സുപ്രീംകോടതി താൽക്കാലിക ഉത്തരവ് പുറപ്പെടുവിച്ചു. തോമസ് മാത്യു എന്ന മുൻ സൈനികൻ നൽകിയ പൊതുതാൽപര്യ ഹരജിയും ഈ വിഷയത്തിൽ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടായിരുന്നു. പ്രസ്തുത കേസിലാണ് സർക്കാർ സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കരുതെന്ന 2015 ആഗസ്റ്റ് 11ലെ സുപ്രീംകോടതി വിധി. സുപ്രീംകോടതി വിധിക്കുശേഷവും പലവിധ പദ്ധതികൾക്കും ആധാർ നമ്പർ ആവശ്യപ്പെടുന്ന പതിവ് സർക്കാർ തുടർന്നു. സാങ്കേതികമായി ആധാർ നിർബന്ധമാക്കുന്നില്ലെങ്കിലും പ്രയോഗത്തിൽ അതില്ലാതെ കാര്യങ്ങൾ നടക്കില്ലെന്ന അവസ്ഥ സൃഷ്ടിക്കുകയായിരുന്നു കേന്ദ്ര സർക്കാർ. സ്വാഭാവികമായും അതിനെതിരായ വിമർശനങ്ങളും നിയമനടപടികളും കൂടുതൽ ശക്തമായി. ഇത്തരം നിയമനടപടികൾക്ക് പരിസമാപ്തി കുറിച്ചുകൊണ്ടാണ് സെപ്റ്റംബർ 26ന് സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് ചരിത്രപ്രധാനമായ വിധി പ്രസ്താവിച്ചിരിക്കുന്നത്. ആധാറിനെ മുൻനിർത്തി സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടാവുന്ന അമിതാധികാര നടപടികളെ തടയുന്നതാണ് ചരിത്രപരമായ ഈ വിധി. ആധാറിനെതിരെ മനുഷ്യാവകാശ പ്രസ്ഥാനങ്ങളും സിവിൽ സൊസൈറ്റി പ്രസ്ഥാനങ്ങളും മുന്നോട്ടുവെച്ച വിമർശനങ്ങളെ അടിവരയിടുന്നതുമാണ് വിധി.
സ്കൂൾ പ്രവേശനം, മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് അടക്കമുള്ള ബാങ്കിങ് സേവനങ്ങൾ, യു.ജി.സി, നീറ്റ്, സി.ബി.എസ്.ഇ പരീക്ഷകൾ, പ്രവേശനം എന്നിവക്ക് ആധാർ ആവശ്യമില്ലെന്ന് കോടതി വിധിച്ചു. സ്വകാര്യ കമ്പനികൾക്ക് ആധാർ വിവരങ്ങൾ കൈമാറാൻ പാടിെല്ലന്നും വിധി സ്പഷ്ടമാക്കുന്നു. ആധാർ വിവരങ്ങൾ സ്വകാര്യ കമ്പനികൾക്ക് കൈമാറുക ലക്ഷ്യംവെച്ച് ആധാർ നിയമത്തിൽ നരേന്ദ്ര മോദി സർക്കാർ എഴുതിച്ചേർത്ത 57ാം വകുപ്പ് സുപ്രീംകോടതി റദ്ദാക്കി. പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ അവരുടെ അനുവാദമില്ലാതെ സ്വകാര്യ കുത്തകകൾക്ക് കൈമാറാനുള്ള ഗൂഢപദ്ധതിയാണ് ഈ വിധിയിലൂടെ ഇല്ലാതായത്. അതേസമയം പാൻ കാർഡ്, ആദായ നികുതി റിട്ടേൺ, സർക്കാർ സബ്സിഡികൾ, ക്ഷേമപദ്ധതികൾ എന്നിവക്ക് ആധാർ നിർബന്ധമാക്കുന്നതിനെ സുപ്രീംകോടതി അനുവദിക്കുകയും ചെയ്തു. ഇത് സർക്കാറിന് ആശ്വാസം നൽകുന്നതാണ്.
പൗരെൻറ സ്വകാര്യതയുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ പല ചോദ്യങ്ങളും ആധാറുമായി ബന്ധപ്പെട്ടുണ്ടായിരുന്നു. സ്വകാര്യത മൗലികാവകാശമല്ലെന്ന വാദം വരെ ഒരു ഘട്ടത്തിൽ സർക്കാർ കോടതിയിൽ ഉയർത്തുകയുണ്ടായി. അതിനെയെല്ലാം തള്ളി, സ്വകാര്യത എന്ന അവകാശത്തെ ഉയർത്തിപ്പിടിക്കുന്നതാണ് സുപ്രീംകോടതി വിധി. ഭൂരിപക്ഷ വിധിയിൽ ഭിന്നാഭിപ്രായം പ്രകടിപ്പിച്ച് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞ കാര്യങ്ങളാകട്ടെ, കൂടുതൽ ഗൗരവപ്പെട്ടതുമാണ്. രാജ്യസഭയിൽ അവതരിപ്പിക്കാതെ ആധാർ നിയമങ്ങൾ മണി ബിൽ ആയി പാസാക്കിയ നടപടിയെ അദ്ദേഹം ശക്തമായ ഭാഷയിൽ വിമർശിച്ചു. പിൻവാതിലിലൂടെ കാര്യങ്ങൾ നടപ്പാക്കുന്ന സർക്കാർ സമീപനത്തെ അദ്ദേഹം രൂക്ഷമായാണ് കൈകാര്യം ചെയ്തത്.
പൗരന്മാർക്ക് ദൈനംദിന ആവശ്യങ്ങൾക്കായുള്ള സർക്കാർ രേഖകളെ ഏകോപിപ്പിക്കുകയെന്നത് നല്ല ആശയമാണ്. നിസ്സാരമായ കാര്യങ്ങൾക്കുവേണ്ടി വില്ലേജ് ഓഫിസ് മുതൽ താലൂക്ക് ഓഫിസുകൾ വരെ കയറിയിറങ്ങേണ്ട അവസ്ഥ നമ്മുടെ നാട്ടിലുണ്ട്. വിദ്യാർഥികളാണ് ഈ വട്ടംകറക്കലുകൾക്ക് ഏറ്റവും കൂടുതൽ വിധേയമാകുന്നത്. അവരുടെ ജീവിതത്തിെൻറ നല്ലൊരു പങ്ക് ക്യൂവിൽ നിന്ന് തീരുകയാണ്. അതിന് പരിഹാരമാകുന്ന ഏകരേഖ എന്നത് എന്തുകൊണ്ടും അത്യാവശ്യമാണ്. പല വികസിത രാജ്യങ്ങളിലും ഈ തരത്തിലുള്ള സിറ്റിസൺ കാർഡുകളുണ്ട്. എന്നാൽ, ജനങ്ങളുടെ ജീവിതത്തിൽ എളുപ്പം കൊണ്ടുവരാനല്ല, മറിച്ച് അവർക്ക് കിട്ടുന്ന സബ്സിഡികൾ എങ്ങനെ വെട്ടിക്കുറക്കാം എന്ന ചിന്തയിൽനിന്നാണ് നമ്മുടെ നാട്ടിൽ ആധാർ ഉണ്ടായിവരുന്നത്. പിന്നീട് തോന്നുംപടി അതിനെ തോന്നിയ കാര്യങ്ങൾക്കൊക്കെ നിർബന്ധമാക്കുന്ന ഏർപ്പാടുമായി സർക്കാർ മുന്നോട്ടുപോയി. പലപ്പോഴും ഭരണഘടനാ ബാഹ്യമായ വഴികൾപോലും അതിന് സ്വീകരിച്ചു. സർക്കാറിെൻറ ഈ സമീപനത്തെ തിരുത്തുന്നതാണ് സുപ്രീംകോടതിയുടെ ചരിത്രപരമായ വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.