ആപ് കാ മാൻ
text_fields''ജനങ്ങളാണ് അധികാരമേറ്റത്, നിങ്ങളാണ് മുഖ്യമന്ത്രി'' -ആം ആദ്മി പാർട്ടിയുടെ സത്യപ്രതിജ്ഞാമന്ത്രമാണിത്. പോസ്റ്റ് ഐഡിയോളജിക്കൽ പാർട്ടി എന്ന് ഇന്നാട്ടിലെ ബുദ്ധിജീവികൾ കളിയാക്കി വിളിക്കുന്ന 'ആപ്' എവിടെയെങ്കിലും അധികാരമേറ്റാൽ സത്യപ്രതിജ്ഞ ചടങ്ങിൽ ഇമ്മാതിരിയൊരു ഡയലോഗ് നിർബന്ധമാണ്. 2014ൽ, പരമാധ്യക്ഷൻ കെജ്രിവാൾ തുടങ്ങിവെച്ച കീഴ്വഴക്കം. ഡൽഹിക്കുശേഷം, 'കുറ്റിച്ചൂൽ വിപ്ലവ'മിപ്പോൾ യാഥാർഥ്യമായിരിക്കുന്നത് പഞ്ചാബിലാണ്. അമരീന്ദറും സിദ്ദുവും ചന്നിയുമെല്ലാം ദുരന്തകഥാപാത്രങ്ങളായി പകർന്നാടിയ ആ രാഷ്ട്രീയ അരങ്ങിൽ നായകനായി പ്രേക്ഷകർക്കുമുന്നിലവതരിച്ചത് പഴയൊരു കോമഡി താരമാണ്: ഭഗവന്ത് സിങ് മാൻ. വിളിപ്പേര് ജുഗ്നു. പഞ്ചാബിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി. കർഷകർ ഉഴുതുമറിച്ച രാഷ്ട്രീയ ഭൂമിയിൽ വിളകൊയ്തത് ജുഗ്നുവും സംഘവുമാണ്. ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി അവർ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.
വിജയത്തിന്റെ സർവ ക്രെഡിറ്റും വോട്ടർമാർക്ക് വിട്ടുനൽകുന്ന മേൽ സൂചിപ്പിച്ച 'ജനകീയ പ്രഖ്യാപന' മന്ത്രം സത്യപ്രതിജ്ഞക്കുശേഷം ഭഗവന്ത് മാനും ആവർത്തിച്ചു. ഒരു കീഴ്വഴക്കമാകുമ്പോൾ അങ്ങനെയാണല്ലോ. രാജ്യത്തിനുവേണ്ടി ജീവൻ ത്യജിച്ച ഭഗത് സിങ്ങിനോട് കടുത്ത ആരാധനയാണ് മാനിന്. അതുകൊണ്ടുകൂടിയാണ്, സത്യപ്രതിജ്ഞ ചടങ്ങ് രാജ്ഭവനിൽനിന്ന് മാറ്റി ഭഗത് സിങ്ങിന്റെ ജന്മനാടായ ഖത്കർകാലിനിൽ സംഘടിപ്പിച്ചത്. സത്യപ്രതിജ്ഞാവേദിയൊരുക്കാൻ ഏക്കറ് കണക്കിന് ഭൂമിയിലെ കാർഷിക വിളകളാണ് നശിപ്പിച്ചത്. കോവിഡിന് മുന്നേ, കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കളിയാരവങ്ങളെ ഓർമിപ്പിച്ചു ചടങ്ങിന്റെ സദസ്സുംവേദിയുമെല്ലാം. മൊത്തത്തിൽ ഒരു 'മഞ്ഞ വെളിച്ചം'! മാനിന്റെ ഭാഷയിൽ പറഞ്ഞാൽ, രംഗ് ദെ ബസന്തി'. മഞ്ഞ തലപ്പാവണിഞ്ഞ പുരുഷന്മാരും അതേനിറത്തിൽ ദുപ്പട്ടധരിച്ച സ്ത്രീകളും നിറഞ്ഞ വിശാലമായ സദസ്സിനെ സാക്ഷിയാക്കി മാൻ പ്രോട്ടോകോൾ പ്രകാരമുള്ള സത്യപ്രതിജ്ഞ ചൊല്ലി. ശേഷം, ഭഗത് സിങ്ങിന്റെ ഓർമയിൽ 'ഇൻക്വിലാബ് സിന്ദാബാദ്'. സദസ്സ് അത് ഏറ്റുവിളിച്ചു. അതിനുശേഷമൊരു ഹ്രസ്വഭാഷണം. അതിലും നിറഞ്ഞുനിന്നത് ഭഗത് സിങ്. വിഖ്യാതമായ ആ വാക്കുകൾ അവിടെയും മുഴങ്ങി: ''സ്നേഹിക്കുക എന്നത് എല്ലാവരുടെയും അവകാശമാണ്; എന്നിരിക്കെ, എന്തുകൊണ്ട് ഇത്തവണ നമുക്ക് നമ്മുടെ മണ്ണിനെ കാമുകന് ആക്കിക്കൂടാ''. അവിടെയും തീരുന്നില്ല കാര്യങ്ങൾ. മുഖ്യമന്ത്രിയുടെ ഓഫിസ് ചുവരിൽ അംബേദ്കർക്കൊപ്പം സ്ഥാനം നൽകിയിരിക്കുകയാണ് ഭഗത് സിങ്ങിനും.
കെജ്രിവാളിന്റെ 'പരിവർത്തൻ'തന്നെയാണ് വികസന മുദ്രാവാക്യം. സർവമേഖലയിലും മാറ്റം കൊണ്ടുവരുക. അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾക്ക് പലവിധ സൗജന്യ സേവനങ്ങളിലൂടെ പരിഹാരം കണ്ടെത്തുക. വൈദ്യുതിയും വെള്ളവുമൊക്കെ പരമാവധി സൗജന്യമായി നൽകുമെന്ന് കാബിനറ്റ് അംഗങ്ങളെ തീരുമാനിക്കും മുമ്പേ പ്രഖ്യാപിച്ചിട്ടുണ്ട്. പതിവുപോലെ, അഴിമതിമുക്ത ഭരണമാണ് ആത്യന്തിക ലക്ഷ്യം. പാർട്ടിയുടെ ജന്മനിയോഗംതന്നെ അതാണല്ലോ. സംസ്ഥാനത്തെ അഴിമതി മുക്തമാക്കാനുള്ള സൂത്രവിദ്യകളിലൊന്ന് മാൻ ഇതിനകം പരസ്യമാക്കിയിട്ടുണ്ട്. ഏതെങ്കിലും ഉദ്യോഗസ്ഥൻ കൈക്കൂലി ചോദിച്ചാൽ കൊടുക്കാതിരിക്കരുത്; പകരം, അതു നൽകുന്നതിന്റെ വിഡിയോ/ഓഡിയോ റെക്കോഡുകൾ തന്റെ വാട്സ്ആപ് നമ്പറിലേക്ക് അയക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ നിർദേശം. ബാക്കി പണി താൻ നോക്കിക്കൊള്ളാമെന്നാണ് മാനിന്റെ ഉറപ്പ്. കൈക്കൂലി വാങ്ങുന്നതുപോലെതന്നെ തെറ്റല്ലേ കൊടുക്കുന്നതും എന്നൊന്നും ചോദിക്കരുത്. ആപ്പിന്റെ രീതി ഇങ്ങനെയൊക്കെയാണ്. ഒരു കാര്യമങ്ങുറപ്പിച്ചുകഴിഞ്ഞാൽ പിന്നെ അതു നടപ്പാക്കാൻ ഏതുവഴിയും സ്വീകരിക്കുക എന്നതാണ് പാർട്ടി നയം.
വാസ്തവത്തിൽ, അഴിമതിയെ തടുക്കുന്ന ഈ സൂത്രവിദ്യ പുതിയതൊന്നുമല്ല. അഞ്ചാറു കൊല്ലം മുമ്പ് മാൻ സ്വയം പരീക്ഷിച്ച വിദ്യയാണിത്. വിദ്യപ്രയോഗിച്ചപ്പോൾ ചെറുതായൊന്നു വീണുപോയി എന്നത് മറ്റൊരു നേര്. 2016ലാണ് സംഭവം. അന്ന് ലോക്സഭാംഗമാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ കാര്യങ്ങളൊന്നും അത്ര സുതാര്യമല്ലെന്ന് തിരിച്ചറിഞ്ഞ ദിവസങ്ങൾകൂടിയായിരുന്നു അത്. സർവം ഭൂരിപക്ഷം തീരുമാനിക്കുന്ന പാർലമെന്റിൽ ബാക്കിയുള്ളവർക്ക് മിണ്ടാനോ പറയാനോ അവസരമില്ലാത്തത് മാനിനെ അസ്വസ്ഥനാക്കി. വിഷയം, സഭയിൽ ഉന്നയിക്കാൻ ചട്ടപ്രകാരം കഴിയില്ലായെന്ന് മനസ്സിലാക്കിയ മാൻ, എല്ലാം ജനമധ്യത്തിൽ തുറന്നുകാണിക്കാനുറപ്പിച്ചു. ശൂന്യവേളയിലെ 'അനീതി'യാണ് ആദ്യം ജനസമക്ഷം കാണിക്കാൻ തീരുമാനിച്ചത്. ശൂന്യവേളയിൽ ആകെ 20 അംഗങ്ങൾക്കേ ചോദ്യം ചോദിക്കാൻ കഴിയൂ. അതും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്കുമാത്രം. ഈ ലോട്ടറി പരിപാടി ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ടാണ് മാൻ തന്റെ ജനാധിപത്യപ്രതിബദ്ധത തെളിയിച്ചത്. പക്ഷേ, ചട്ടവും വകുപ്പും മാത്രം നോക്കി സഭാനടപടികൾ തീരുമാനിക്കുന്ന സ്പീക്കർക്ക് അതത്ര രുചിച്ചില്ല. പാർലമെന്റിന്റെ സുരക്ഷാ സംവിധാനങ്ങൾ വിഡിയോ വഴി പുറത്തെത്തിച്ചുവെന്നാരോപിച്ചുകളഞ്ഞു സുമിത്ര മഹാജൻ. വിഷയം, വിശദമായ അന്വേഷണത്തിനുവിട്ടു. അന്വേഷണ റിപ്പോർട്ടിന്റെ പുറത്ത്, കുറച്ചുകാലത്തേക്ക് പാർലമെന്റിൽ വരേണ്ടതില്ല എന്ന കുറിപ്പടിയും കിട്ടി.
2011ൽ ആയിരുന്നു രാഷ്ട്രീയ പ്രവേശനം. മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലുമായി തെറ്റി, ധനമന്ത്രിയായിരുന്ന മൻപ്രീത് സിങ് ബാദൽ പി.പി.പി (പീപ്ൾസ് പാർട്ടി ഓഫ് പഞ്ചാബ്) എന്ന പുതിയ പാർട്ടിയുണ്ടാക്കിയ സന്ദർഭം. തൊട്ടടുത്ത വർഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ നാട്ടിൽ നാലാളറിയുന്നവരെയെല്ലാം സമീപിച്ച് ടിക്കറ്റ് നൽകി. അക്കൂട്ടത്തിലേക്ക് സ്വയം വന്നുചേർന്ന സെലിബ്രിറ്റിയാണ് ഭഗവന്ത് മാൻ. മാനിന് ലെഹ്രി സീറ്റാണ് നൽകിയത്. മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ രജീന്ദർ കൗർ എന്ന ഉരുക്കുവനിതയായിരുന്നു എതിരാളി. മാൻ എട്ട് നിലയിൽ പൊട്ടി. ലോക്പാലിലും 2ജിയിലും തട്ടി ഇന്ദ്രപ്രസ്ഥത്തിൽ അസ്വസ്ഥത പുകഞ്ഞുകൂടുന്ന സമയംകൂടിയായിരുന്നു അത്. ആപ് എന്ന രാഷ്ട്രീയ പാർട്ടിയെക്കുറിച്ചുള്ള ആലോചനകൾ ചൂടുപിടിക്കുന്ന ഘട്ടം. നേരെ, അങ്ങോട്ടുവെച്ചുപിടിച്ചു. 2014ൽ, ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുന്നെ, കെജ്രിവാളിനെ നേരിൽകണ്ട് അനുഗ്രഹം വാങ്ങി; ഒപ്പം, പാർട്ടി മെംബർഷിപ്പും. പഞ്ചാബിലെ സംഗ്രൂർ ലോക്സഭ ടിക്കറ്റ് നൽകി ആചാര്യൻ അനുഗ്രഹിച്ചു. ഗോദയിൽ കാത്തിരുന്നത് മുൻ കേന്ദ്രമന്ത്രി സുഖ്ദേവ് സിങ് ധിൻസയായിരുന്നു. മോദി തരംഗത്തിലും, മാൻ രണ്ടു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 2019ലും വിജയം ആവർത്തിച്ചു. പക്ഷേ, ഭൂരിപക്ഷം പകുതിയായി. ഇതിനിടയിൽ, പാർട്ടിയുടെ സംസ്ഥാന കൺവീനറായി; 2017ൽ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അധ്യക്ഷസ്ഥാനത്തിരിക്കെ, പാർട്ടിയെ ജനകീയമാക്കുന്ന പല പരിപാടികളും ആവിഷ്കരിച്ചു. പലതും ഭരണപക്ഷത്തിന്റെ ബലഹീനത തുറന്നുകാട്ടുന്നതായിരുന്നു. ആ പരിപാടി വിജയിപ്പിക്കാൻ അമരീന്ദറും സിദ്ദുവുമൊക്കെ ഒത്തുചേർന്നതോടെ 'ആപ്പി'ന് തെരഞ്ഞെടുപ്പിൽ കാര്യങ്ങൾ എളുപ്പമായി. മുഖ്യമന്ത്രി സ്ഥാനാർഥിയാരെന്ന ചോദ്യത്തിന് പാർട്ടിപ്രവർത്തകർക്ക് ഒറ്റ ഉത്തരമേയുണ്ടായിരുന്നുള്ളൂ -മാൻ. അതാണിപ്പോൾ യാഥാർഥ്യമായിരിക്കുന്നത്.
90കളിൽ സ്റ്റേജിലും ടെലിവിഷൻ പ്ലാറ്റ്ഫോമുകളിലും കോമഡി കളിച്ചുനടന്ന ഒരാൾക്കാണിപ്പോൾ ഈ 48ാം വയസ്സിൽ മുഖ്യമന്ത്രിയോഗം. പഞ്ചാബിൽ ഒരുകാലത്ത്, സ്റ്റാൻഡ് അപ് കോമഡി എന്നാൽ മാൻ-ജത്ഗർ ജാഗി കൂട്ടുകെട്ടിൽ പിറന്ന ഹാസകലാ പ്രകടനങ്ങളായിരുന്നു. രണ്ട് പതിറ്റാണ്ട് നീണ്ട കലാ ജീവിതത്തിനിടെ ഏതാനും സിനിമകളിൽ വേഷമിട്ടു. പാർലമെന്റിലെത്തിയതോടെ കലാജീവിതത്തിന് പൂർണവിരാമം. 2015 ഫെബ്രുവരിയിൽ മാൻ ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു: 'കുടുംബത്തിനപ്പുറം ഞാൻ പഞ്ചാബിനെ വരിച്ചിരിക്കുന്നു'. ഭാര്യ ഇന്ദർപ്രീത് കൗറുമായി വേർപിരിഞ്ഞ വിവരം ഏതാനുംദിവസങ്ങൾക്കുശേഷം പുറത്തുവന്നപ്പോഴാണ് അതിന്റെ അർഥം മനസ്സിലായത്. രണ്ടു മക്കൾ. ഇരുവരും അമേരിക്കയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.