ഭരണം വിലക്കുവാങ്ങുന്ന അദാനിയും സംഘവും
text_fieldsരാജ്യത്തെ പ്രമുഖ വ്യവസായിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനുമായ ഗൗതം അദാനിയും സംഘവും ഭരണസ്വാധീനമുപയോഗിച്ച് നടത്തിയ പുതിയൊരു തട്ടിപ്പിന്റെ കഥ മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ഇന്ത്യയിൽ സൗരോർജ കരാറുകൾ ലഭിക്കാൻ വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർക്ക് വൻതുക കൈക്കൂലി നൽകിയതിനും ഇക്കാര്യം മറച്ചുവെച്ച് അമേരിക്കൻ നിക്ഷേപകരെ കബളിപ്പിച്ചതിനും അദാനി ഗ്രൂപ് തലവൻ ഗൗതം അദാനിക്കും അനന്തരവൻ സാഗർ അദാനിക്കുമെതിരെ ന്യൂയോർക് കോടതി കുറ്റം ചുമത്തിയിരിക്കുന്നു. വിഷയത്തിൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതോടെ, ദേശീയ രാഷ്ട്രീയത്തിൽ പുതിയൊരു വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. അതോടൊപ്പം, ഭരണകൂടത്തിന്റെ ഇടനാഴികളിൽ വിലസുന്ന ചങ്ങാത്ത മുതലാളിമാർ എങ്ങനെയാണ് തങ്ങളുടെ അജണ്ടകളുമായി മുന്നോട്ടുപോകുന്നതെന്നതിന്റെ നേർചിത്രവും ഈ തട്ടിപ്പിലൂടെ വ്യക്തമായിരിക്കുന്നു. അമേരിക്കൻ ഓഹരി വിപണിയിൽനിന്ന് 60 കോടി ഡോളർ സമാഹരിക്കാൻ അദാനി ഇറങ്ങിപ്പുറപ്പെടുമ്പോഴാണ് ഈ പ്രഹരമെന്നതും ശ്രദ്ധേയമാണ്.
അദാനി ഗ്രീൻ എനർജി കമ്പനി ഉൽപാദിപ്പിച്ച സൗരോർജം ഉയർന്ന വിലക്ക് വാങ്ങാനായി അദാനി ഗ്രൂപ് ആന്ധ്ര, ഒഡിഷ, ജമ്മു-കശ്മീർ, തമിഴ്നാട്, ഛത്തിസ്ഗഢ് എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ഏതാണ്ട് 2098 കോടി രൂപ കൈക്കൂലി നൽകിയെന്നതാണ് കേസ്. ഇങ്ങനെയൊരു ട്രാക്ക് റെക്കോഡുള്ള കമ്പനി, രാജ്യത്ത് നിക്ഷേപ സമാഹരണം നടത്തുന്നത് കുറ്റകരമാണ്. അമേരിക്കൻ ഫെഡറൽ നിയമത്തിലെ ഈ പഴുതുപയോഗിച്ചാണ് അദാനിക്കും അനന്തരവനുമെതിരെ കുറ്റം ചുമത്തിയത്. അമേരിക്കയിലെ അഴിമതി വിരുദ്ധ നിയമപ്രകാരം, സ്വകാര്യ കമ്പനികൾ കച്ചവട താൽപര്യങ്ങൾ മുൻനിർത്തി വിദേശ സർക്കാർ പ്രതിനിധികൾക്ക് കൈക്കൂലി നൽകുന്നത് കുറ്റകരമാണ്. ഇത്തരം ‘ലോബിയിങ്’ പ്രവർത്തനങ്ങൾ മറച്ചുവെച്ച്, നിക്ഷേപസമാഹരണവും പാടില്ല. ഇത് രണ്ടും തെളിവുസഹിതം ന്യൂയോർക് കോടതി പിടികൂടിയതോടെയാണ് അദാനിക്ക് കുരുക്ക് മുറുകിയത്.
സംഭവം പുറത്തുവന്ന ദിവസം, ഇന്ത്യൻ ഓഹരി വിപണിയിൽ അദാനി ഗ്രൂപ് വലിയ തകർച്ച നേരിട്ടു. അദാനി ഗ്രൂപ് കമ്പനികളുടെ സംയുക്ത വിപണിമൂല്യം വ്യാഴാഴ്ച 2.25 ലക്ഷം കോടി രൂപ ഇടിഞ്ഞ് 12 ലക്ഷം കോടിയായി എന്നാണ് റിപ്പോർട്ടുകൾ. വെള്ളിയാഴ്ച, വിപണിയിൽ ഉണർവുണ്ടായെങ്കിലും, തുടർദിവസങ്ങളിലും ഇതൊരു വിവാദമായി തുടരാൻ സാധ്യതയുള്ളതിനാലും കോടതി നടപടികളുടെ വെളിച്ചത്തിൽ അദാനി ഗ്രൂപ്പിന്റെ വിശ്വാസ്യതയിൽ വൻ ഇടിവ് സംഭവിച്ചതിനാലും അവർക്ക് ആശ്വസിക്കാൻ വകയില്ല. അതോടൊപ്പം, അദാനി ഗ്രൂപ്പുമായി ഒപ്പുവെച്ച കരാറുകൾ റദ്ദാക്കുന്നതായി കെനിയ അറിയിച്ചിട്ടുണ്ട്. സമാനമായ സമീപനം മറ്റു രാജ്യങ്ങളിൽനിന്നുണ്ടായാലും ക്ഷീണമാണ്.
ഇതിനെല്ലാം പുറമെ, ഇതൊരു രാഷ്ട്രീയ പ്രശ്നംകൂടിയായി വരുംദിവസങ്ങളിൽ വികസിക്കാനുള്ള സാധ്യതയുമുണ്ട്. അദാനിയെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന അതാണ് സൂചിപ്പിക്കുന്നത്. തിങ്കളാഴ്ച പാർലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങാനിരിക്കെ പ്രതിപക്ഷം ഒന്നടങ്കം ഈ വിഷയത്തിൽ ബി.ജെ.പിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. നേരത്തെ ഹിൻഡൻബർഗ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ, അദാനിക്കെതിരെ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യം അടുത്ത പാർലമെന്റ് സമ്മേളനത്തിലും ഉയർന്നുകേട്ടേക്കാം.
രണ്ടുവർഷത്തിനിടെ, അദാനിത്തട്ടിപ്പുകളുടെ മൂന്നാമത്തെ വെളിപ്പെടുത്തലാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. അദാനിയും കൂട്ടരും രൂപപ്പെടുത്തിയ ‘കൃത്രിമ ഓഹരി’കളെ സംബന്ധിച്ചും ‘അക്കൗണ്ടിങ് വഞ്ചന’യെക്കുറിച്ചുമായിരുന്നു 2023 ജനുവരിയിൽ ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവിട്ടത്. എന്നാൽ, ഓഹരി വിപണിയിൽത്തന്നെ പ്രവർത്തിക്കുന്ന ഹിൻഡൻബർഗിന്റെ വിശ്വാസ്യത ചൂണ്ടിക്കാട്ടി കേവലമൊരു ആരോപണമെന്ന് വാദിച്ച് പ്രതിരോധം തീർക്കാൻ അന്ന് അദാനിക്കും അദ്ദേഹത്തെ പിന്തുണച്ച കേന്ദ്ര സർക്കാറിനും ഒരുപരിധിവരെ കഴിഞ്ഞു. ഏതാണ്ട് ആറുമാസം കഴിഞ്ഞപ്പോൾ, രാജ്യാന്തര അന്വേഷണാത്മക മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ട് (ഒ.സി.സി.ആർ.പി) മറ്റൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തി.
അദാനിയുടെ കുടുംബവുമായി ബന്ധമുള്ളവർ ആഫ്രിക്കൻ രാജ്യമായ മൗറീഷ്യസിൽ കടലാസ് കമ്പനികൾ സ്ഥാപിച്ച് ലിസ്റ്റഡ് കമ്പനി ഓഹരികളിൽ കോടിക്കണക്കിന് ഡോളർ രഹസ്യനിക്ഷേപം നടത്തിയതിന്റെ തെളിവുകളാണ് അവർ പുറത്തുവിട്ടത്. ഹിൻഡൻബർഗിനേതിനേക്കാൾ അൽപംകൂടി ഗൗരവമുള്ളതും തെളിവുകൾ മുൻനിർത്തിയുള്ളതുമായിരുന്നു ആ റിപ്പോർട്ട്. അദാനി ഗ്രൂപ് തലവൻ ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിയുടെ വ്യവസായ പങ്കാളികളും സുഹൃത്തുക്കളുമൊത്തുചേർന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരിമൂല്യത്തിൽ തട്ടിപ്പിലൂടെ വർധനയുണ്ടാക്കിയതെങ്ങനെയെന്ന് വ്യക്തമാക്കുന്നതായിരുന്നു കണ്ടെത്തൽ. ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പിന്റെ ആസ്തിമൂല്യം കൃത്രിമമായി പെരുപ്പിച്ചുകാട്ടാനും ഇന്ത്യയിലെ ചട്ടങ്ങൾ മറികടക്കാനും അതുവഴി കള്ളപ്പണം വെളുപ്പിക്കാനുമൊക്കെയുള്ള അദാനി ഗ്രൂപ്പിന്റെ ഗൂഢനീക്കങ്ങളാണ് റിപ്പോർട്ടിലൂടെ പുറത്തുവന്നത്.
ഇപ്പോൾ, തങ്ങളുടെ ബിസിനസ് താൽപര്യങ്ങൾ സാക്ഷാത്കരിക്കാൻ കോടികൾ എറിഞ്ഞ് ഭരണകൂടത്തെ വിലക്കെടുത്തതിന്റെ തെളിവുകൾ പുറത്തുവിട്ടിരിക്കുന്നത് ഒരു രാജ്യത്തെ കോടതിയാണ്. ഇത്രയൊക്കെ സംഭവിച്ചിട്ടും നമ്മുടെ ഭരണവർഗത്തിന് ഒരു കുലുക്കവുമില്ലെന്നതാണ് അത്ഭുതം. അവരിപ്പോൾ, കൈക്കൂലി നൽകിയത് പ്രതിപക്ഷ സംസ്ഥാനങ്ങളിലാണ് എന്ന ഏറ്റവും വിലകുറഞ്ഞ പ്രത്യാരോപണവുമായി രംഗത്തുവന്നിരിക്കുകയാണ്. ഇത് എന്തുകൊണ്ടാണെന്നും വ്യക്തം. 2014ൽ, മോദി അധികാരത്തിൽ വരുമ്പോൾ അര ലക്ഷം കോടിയായിരുന്നു അദാനി ഗ്രൂപ്പിന്റെ ആസ്തിമൂല്യം; അതിപ്പോൾ 11 ലക്ഷം കോടി കവിഞ്ഞിരിക്കുന്നു. ഇന്ത്യയിലെന്നല്ല, ലോകത്തിൽത്തന്നെ മറ്റൊരു വ്യവസായിക്കും സാധ്യമാകാത്ത ഈ വളർച്ച അദാനിക്കു മാത്രം സംഭവിച്ചതിന്റെ പേരാണ് ക്രോണി കാപിറ്റലിസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.