അന്വേഷണ പ്രഹസനം പോരാ; നേരറിയണം
text_fieldsസംസ്ഥാന പൊലീസിൽ ക്രമസമാധാന ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥൻ ആർ.എസ്.എസ് നേതാവുമായി രഹസ്യ കൂടിയാലോചന നടത്തിയെന്ന് അദ്ദേഹം തന്നെ ഒടുവിൽ വ്യക്തമാക്കിയതോടെ നിഗൂഢമായ ചില അന്തർധാരകളെപ്പറ്റി കൂടുതൽ സൂചനകൾ ലഭ്യമായിരിക്കുന്നു. ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളയുമായി കൂടിക്കാഴ്ച നടത്തിയെന്ന് എ.ഡി.ജി.പി എം.ആർ. അജിത്കുമാർ സമ്മതിച്ചത്, വിവിധ വെളിപ്പെടുത്തലുകളും ആരോപണങ്ങളും വന്നതിന് പിന്നാലെയാണ്. ഇതിനെ ചുറ്റിപ്പറ്റി മുഖ്യമന്ത്രി അടക്കം ബന്ധപ്പെട്ടവർ ഇതുവരെ പുലർത്തിയ മൗനം തന്നെ അർഥവത്താകുന്നു. 2023 മേയിൽ തൃശൂരിൽ വെച്ചായിരുന്നു അജിത്കുമാർ-ഹൊസബാള കൂടിക്കാഴ്ച. ഇതിന് പുറമെ, കഴിഞ്ഞ ഡിസംബറിൽ ആർ.എസ്.എസ് നേതാവ് റാം മാധവിനെ കോവളത്തുവെച്ച് അജിത്കുമാർ കണ്ട വിവരവും പുറത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വിശ്വസ്തൻ കൂടിയായി കരുതപ്പെടുന്ന പൊലീസുദ്യോഗസ്ഥൻ എന്തിന് ആർ.എസ്.എസ് നേതാക്കളെ രഹസ്യമായി കണ്ടു, ഇക്കാര്യം മുഖ്യമന്ത്രിയുടെ അറിവോടെയാകും എന്നതിനാൽ ഈ കൂടിക്കാഴ്ചകളുടെ മാനമെന്ത് തുടങ്ങിയ കാര്യങ്ങൾ പുറത്തുവരാനിരിക്കുന്നു. ഇതിനകം അജിത്കുമാറിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടും അഭ്യൂഹങ്ങൾ ബലപ്പെടുത്തുകയാണ്. ഏറ്റവുമൊടുവിലായി സി.പി.എം നേതൃത്വവും ഇടതുമുന്നണി ഘടകകക്ഷികളും കൂടിക്കാഴ്ചയെ തള്ളിപ്പറഞ്ഞതോടെ കാര്യങ്ങൾ വ്യക്തമാക്കാനുള്ള ബാധ്യത മുഖ്യമന്ത്രിയിൽ തന്നെ വന്നുചേർന്നിരിക്കുന്നു.
ഭരണപക്ഷക്കാരനായ നിലമ്പൂർ എം.എൽ.എ പി.വി. അൻവർ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിൽ ഇതുവരെ സ്വീകരിച്ച നടപടികളും സംശയങ്ങൾ നീക്കാൻ പര്യാപ്തമല്ല. മന്ത്രിമാരുടെ അടക്കം ഫോൺ ചോർത്തുക, കൊല ചെയ്യിക്കുക, കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കുക, നിരപരാധികളെ കള്ളക്കേസിൽ കുടുക്കുക, പരമത വിദ്വേഷം പ്രചരിപ്പിച്ചയാളിൽനിന്ന് കോടികൾ കൈക്കൂലി കൈപ്പറ്റുക തുടങ്ങി ക്രിമിനൽ സ്വഭാവമുള്ള അനേകം ചെയ്തികളെപ്പറ്റി മുഖ്യമന്ത്രിയുടെ ഓഫിസിൽ പരാതിപ്പെട്ടിട്ടും ഒരു നടപടിയുമുണ്ടായില്ലെന്ന് എം.എൽ.എ പറയുന്നു. അങ്ങനെ അവയെപ്പറ്റി മാധ്യമങ്ങൾക്ക് മുമ്പാകെ അദ്ദേഹം ചിലത് വെളിപ്പെടുത്തുകയും മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകുകയും ചെയ്ത പശ്ചാത്തലത്തിൽ മുഖ്യമന്ത്രി സ്വീകരിച്ച നടപടി തീർത്തും അപര്യാപ്തവുമായി. കുറ്റാരോപിതനായ എ.ഡി.ജി.പിയെ പദവിയിൽനിന്ന് മാറ്റിയില്ലെന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ കീഴിലുള്ള രണ്ട് ഉദ്യോഗസ്ഥരെ അന്വേഷണസംഘത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഈ അന്വേഷണം ആരെ ബോധ്യപ്പെടുത്താനാണ്? ഇപ്പോൾ എ.ഡി.ജി.പി തുറന്നു സമ്മതിച്ച കൂടിക്കാഴ്ചയെപ്പറ്റി സ്പെഷൽ ബ്രാഞ്ച് മുഖ്യമന്ത്രിക്ക് യഥാസമയം വിവരം നൽകിയിട്ടും അന്ന് അദ്ദേഹം അനങ്ങാതിരുന്നത് എന്തുകൊണ്ടാണ്? ആർ.എസ്.എസിനോടുള്ള ചായ്വിന്റെ പേരിൽ മുമ്പ് ഡി.ജി.പി സ്ഥാനത്തുനിന്ന് ടി.പി. സെൻകുമാറിനെ മാറ്റിയ മുഖ്യമന്ത്രി എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ചയിൽ നിഷ്ക്രിയത്വം പാലിക്കുക മാത്രമല്ല, ആ വിവരം ഒളിച്ചുവെക്കുക കൂടി ചെയ്തുവെങ്കിൽ ആ ബന്ധത്തിന്റെ സ്വഭാവം പുറത്തുവരേണ്ടതുണ്ട്.
കാരണം ഇപ്പോൾ ഉയർന്നിട്ടുള്ള ആക്ഷേപങ്ങളുടെ ചുരുക്കം, ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാൻ മുഖ്യമന്ത്രി ഒത്താശ ചെയ്തെന്നും എ.ഡി.ജി.പി അദ്ദേഹത്തിന്റെ ദല്ലാളായി വർത്തിച്ചെന്നുമാണ്. ഇത് ശരിയാണെങ്കിൽ സി.പി.എമ്മിനോ ഇടതുമുന്നണിക്കോ കൈകഴുകി രക്ഷപ്പെടാനാവാത്തതാണ് വിഷയം. തൃശൂർ പൂരം കലക്കാൻ പൊലീസ് പ്രവർത്തിച്ചെന്നും സ്ഥലത്തുണ്ടായിരുന്ന എ.ഡി.ജി.പിയും ഡി.ജി.പിയും അനങ്ങാതിരുന്നെന്നുമുള്ള ആരോപണങ്ങൾക്ക് ബലം നൽകുന്നതാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന തെളിവുകൾ. തൃശൂർ പൂരത്തിൽ അയുക്തികമായ സുരക്ഷ നടപടികളുടെ പേരിൽ കഴിഞ്ഞവർഷം വിമർശിക്കപ്പെട്ട അങ്കിത് അശോകിനെ ഇക്കൊല്ലവും നിയോഗിക്കുകയും പൂരത്തിന്റെ ചടങ്ങുകൾ അലങ്കോലമായിട്ടും അജിത്കുമാർ ഇടപെടാതിരിക്കുകയും ചെയ്തത് സംശയാസ്പദമാണ്. പൂരത്തിന്റെ കാര്യത്തിൽ മാത്രമല്ല, സാമൂഹിക, സാമുദായിക സമാധാനവുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും എ.ഡി.ജി.പിയുടെ പങ്കിനെപ്പറ്റി പി.വി. അൻവർ അടക്കം ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അന്വേഷണ പ്രഹസനങ്ങളല്ല, കൃത്യമായ ഉത്തരങ്ങളാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.