സദാചാരം നിയമത്തിനു പുറത്ത്
text_fieldsഭർത്താവ് (ഭരിക്കുന്നവൻ), ഭാര്യ (ഭരിക്കപ്പെടുന്നവൾ) എന്നീ പദങ്ങൾ പ്രതിഫലിപ്പിക്കുന്നത് ഒരു പാരമ്പര്യത്തെയും കാഴ്ചപ്പാടിനെയുമാണ്. ഇപ്പോൾ സുപ്രീംകോടതി ഇൗ കാഴ്ചപ്പാടിനെ തള്ളിക്കൊണ്ട് സ്ത്രീയുടെ അധികാരിയല്ല ഭർത്താവെന്നും സ്ത്രീക്കും പുരുഷനും തുല്യാധികാരമാണെന്നും അവർ തമ്മിലുള്ള വിവേചനം ഭരണഘടനക്കെതിരാണെന്നും ഉൗന്നിപ്പറഞ്ഞു. ഭാര്യാഭർതൃ ബന്ധത്തെ വ്യക്തി സ്വാതന്ത്ര്യത്തിെൻറയും അന്തസ്സിെൻറയും അടിസ്ഥാനത്തിൽ പുനർ നിർവചിക്കാനാണ് കോടതി ശ്രമിച്ചിരിക്കുന്നത്. വിവാഹേതര ബന്ധം കുറ്റകൃത്യമാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 497ാം വകുപ്പ് സുപ്രീംകോടതി ചരിത്രവിധിയിലൂടെ റദ്ദാക്കി. അഞ്ചംഗ ബെഞ്ചിെൻറ വിധി ഏകകണ്ഠമായിരുന്നു. ഭർത്താവിെൻറ സമ്മതമില്ലാതെ മറ്റൊരു പുരുഷൻ സ്ത്രീയുമായി ബന്ധത്തിലേർപ്പെടുന്നത് കുറ്റകൃത്യമായി പ്രഖ്യാപിക്കുന്നതായിരുന്നു 497ാം വകുപ്പ്.
സ്ത്രീയെ ഭർത്താവിെൻറ ‘സ്വത്താ’യി കാണുന്നതാണ് ഇൗ നിയമമെന്ന് കോടതി ചൂണ്ടിക്കാട്ടി. വിവാഹേതര ബന്ധം വിവാഹമോചനത്തിന് ന്യായമാകാമെന്ന നിയമം തുടർന്നും നിലനിൽക്കുമെങ്കിലും അത് ഇനിമേൽ കുറ്റകൃത്യമല്ല എന്നതാണ് സുപ്രീംകോടതി വിധിയുടെ കാതൽ. അതേസമയം, അത് ഇണയുടെ ആത്മഹത്യക്ക് കാരണമായാൽ പ്രേരണക്കുറ്റമായി ഗണിക്കപ്പെടും. തുല്യത, വിവേചനമില്ലാതിരിക്കൽ, അന്തസ്സോടെയുള്ള ജീവിതം എന്നിവ ഉറപ്പുനൽകുന്ന ഭരണഘടനയുടെ 14, 15, 21 വകുപ്പുകളുടെ ലംഘനമായാണ് ശിക്ഷാനിയമം 497ാം വകുപ്പിനെ സുപ്രീംകാടതി വിലയിരുത്തിയത്.
വിവാഹേതര ബന്ധത്തെപ്പറ്റി പരാതിപ്പെടാനുള്ള അവകാശം ഭർത്താവിനോ അല്ലെങ്കിൽ ഭർത്താവ് സംരക്ഷകനായി ഏൽപിച്ച വ്യക്തിക്കോ ആണ് എന്ന ക്രിമിനൽ നടപടിച്ചട്ടം 198(2) വകുപ്പും റദ്ദാക്കപ്പെട്ടു. പരസ്ത്രീ ഗമനം നടത്തുന്ന ഭർത്താവിനെതിരെ കേസുകൊടുക്കാൻ ഭാര്യക്ക് അവകാശമില്ലായിരുന്നു. ഇത്തരം വിവേചന നിയമങ്ങൾ ആൺകോയ്മയുടേതായ പഴയ കാലത്തേതാണെന്നും ഇന്ന് അവക്ക് പ്രസക്തിയില്ലെന്നും വ്യക്തമാണ്.
അതേസമയം, സുപ്രീംകോടതി വിധി ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഇൗ വിധിയിലേക്ക് നയിച്ച കോഴിക്കോട് സ്വദേശി ഷൈൻ ജോസഫിെൻറ ഹരജി വിവാഹേതര ബന്ധത്തെപ്പറ്റി എന്നതിനേക്കാൾ അതിെൻറ പേരിലുള്ള സ്ത്രീ-പുരുഷ വിവേചനത്തെപ്പറ്റിയായിരുന്നു. വിവാഹേതര ബന്ധത്തിന് പുരുഷന് ശിക്ഷയുണ്ട്; സ്ത്രീക്ക് ശിക്ഷയില്ല. ഉഭയസമ്മതത്തോടെ നടക്കുന്ന കുറ്റമായാലും ഒരാളെമാത്രം ശിക്ഷിക്കുന്നതിന് നിദാനമെന്ന നിലക്കാണ് നിയമം ചോദ്യംചെയ്യപ്പെട്ടത്. വിവാഹേതര ബന്ധം കുറ്റകരമോ എന്ന വിഷയം കുറെക്കൂടി വിശദമായ ചർച്ചയും പഠനവും ആവശ്യപ്പെടുന്ന ഒന്നാണ്.
വിവാഹേതര ബന്ധത്തിൽ ഏർപ്പെടുന്നവരിൽ പുരുഷനെ മാത്രമല്ല, സ്ത്രീയെയും ശിക്ഷിക്കണമെന്നാണ് കേന്ദ്ര സർക്കാർ വാദിച്ചത്. വിവാഹബന്ധത്തിെൻറ പ്രാധാന്യവും പവിത്രതയും സർക്കാർ എടുത്തുപറഞ്ഞു; അതിനാൽ, വിവാഹത്തിെൻറ വിശുദ്ധി നിലനിർത്തുന്ന ശിക്ഷ നിലനിർത്തുകയും ഒപ്പം ആ ശിക്ഷ ലിംഗനിരപേക്ഷമാക്കുകയും ചെയ്യാമെന്നായിരുന്നു വാദം. ഇത് കോടതി അംഗീകരിച്ചില്ല. വിവാഹ ബന്ധത്തിലെ ധാർമികത നഷ്ടപ്പെടുന്നതോടെതന്നെ അതിെൻറ പവിത്രത ഇല്ലാതായിക്കഴിയും എന്ന് കോടതി നിരീക്ഷിച്ചു. ഇത് അംഗീകരിക്കുേമ്പാഴും ഉയർന്നുവരുന്ന ചോദ്യം ഇതാണ്: നിലവിലെ ചട്ടത്തിലെ ഭരണഘടനാ വിരുദ്ധത പരിശോധിക്കുകയായിരുന്നു കോടതിയുടെ ജോലി. വിവാഹേതര ബന്ധം കുറ്റകൃത്യമോ അല്ലേ എന്ന് തീരുമാനിക്കുന്നത് മറ്റൊരു നിയമ നിർമാണമാകുമോ? ആകുമെങ്കിൽ അത് പാർലമെൻറിെൻറയും സമൂഹത്തിെൻറയും വിശാലമായ പരിഗണനക്കല്ലേ വരേണ്ടിയിരുന്നത്?
ഏതായാലും നമ്മുടെ നിയമനിർമാണ-നീതിന്യായ സംവിധാനങ്ങളിലെ പരിമിതികൾ നോക്കുേമ്പാൾ ഇത്തരമൊരു വിധിയിൽ അത്ഭുതപ്പെടാനില്ല. വ്യക്തികളുടെ സ്വാതന്ത്ര്യം പരമ പ്രധാനവും അരാജകത്വത്തോളമെത്തുന്ന അനുവദനീയത പുരോഗമനപരവുമായി ഗണിക്കപ്പെടുേമ്പാൾ കുടുംബം, സമൂഹ ബന്ധങ്ങൾ തുടങ്ങിയവയിലെ ധാർമിക മാനമാണ് പ്രസക്തി നേടുന്നത്. വ്യക്തിയുടെ സ്വാതന്ത്ര്യം അവെൻറ/അവളുടെ ഉത്തരവാദിത്തം കൂടിയാണ്. സദാചാരം നിയമാവലിയിൽനിന്ന് പുറത്താക്കപ്പെടുേമ്പാൾ, നിയമം മുഖേന ധാർമിക മൂല്യങ്ങൾ പരിരക്ഷിക്കപ്പെടില്ല എന്നു വരുേമ്പാൾ, വ്യക്തികളുടെ ചെയ്തികളെ നിയന്ത്രിക്കുന്ന വ്യക്തി മനസ്സാണ് ഇനി ആയുധമണിയേണ്ടത്. സ്വയം ശുദ്ധീകരിക്കാനും ദാമ്പത്യം പവിത്രമായി നിലനിർത്താനും സാധിക്കുക ധാർമികതയാൽ കരുത്തു നേടിയ മനസ്സിനാണ്. സദാചാരം നിലനിർത്താനുള്ള ബാധ്യത ബാഹ്യ നിയമത്തിനുള്ളതിനെക്കാൾ കൂടുതലുള്ളത് മതമൂല്യങ്ങൾക്കും വിശ്വാസത്തിനും തന്നെയാണ്. ശിക്ഷിക്കുന്ന നിയമത്തെക്കാൾ മനസ്സാക്ഷിയെയും ദൈവത്തെയും ഭയക്കുന്ന വ്യക്തിയാണല്ലോ യഥാർഥ സ്വാതന്ത്ര്യവും അന്തസ്സും നേടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.