മോസ്കോ അച്ചുതണ്ടിൻെറ അഫ്ഗാൻ പരീക്ഷണം
text_fieldsഅഫ്ഗാനിസ്താനിലെ ഭരണമാറ്റത്തെ യാഥാർഥ്യമായി ഉൾക്കൊണ്ട് അധിനിവേശയുദ്ധം തീർത്ത ദുരിതത്തിൽനിന്നു രാജ്യത്തെ കരകയറ്റുവാനുള്ള ഏകോപിതശ്രമത്തിനു മുൻകൈയെടുക്കാനുള്ള മോസ്കോ ഫോർമാറ്റ് സമ്മേളനത്തിെൻറ തീരുമാനം പലതുകൊണ്ടും ശ്രദ്ധേയമാണ്. തുടർച്ചയായ അധിനിവേശയുദ്ധ ദശകങ്ങൾക്കു ശേഷം സാമ്പത്തികമായി നട്ടെല്ലൊടിഞ്ഞ അഫ്ഗാനിസ്താനെ പുനരുദ്ധരിക്കാനും ലോകത്തിെൻറ പൊതുധാരയിലേക്ക് കൊണ്ടുവരാനുമുള്ള വഴികളാരായുകയായിരുന്നു ഒക്ടോബർ ഇരുപതിന് മോസ്കോയിൽ ചേർന്ന ഫോർമാറ്റിെൻറ മൂന്നാമതു സമ്മേളനത്തിെൻറ ലക്ഷ്യം. അന്താരാഷ്ട്ര സമൂഹം ഒൗദ്യോഗിക അംഗീകാരം നൽകിയിട്ടില്ലെങ്കിലും അഫ്ഗാനിസ്താനുമായുള്ള പ്രായോഗിക ഇടപെടലുകൾക്ക് താലിബാൻ അധികാരത്തിലെത്തിയെന്ന പുതിയ യാഥാർഥ്യത്തെ അംഗീകരിച്ചേ മതിയാകൂ എന്ന് സമ്മേളനത്തിനൊടുവിൽ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു.
അഫ്ഗാനിസ്താെൻറ പരമാധികാരവും സ്വാതന്ത്ര്യവും അഖണ്ഡതയും വേദിയിലെ മുഴുവൻ രാജ്യങ്ങളും മാനിക്കുന്നുവെന്ന് പ്രഖ്യാപിച്ച സമ്മേളനം സമാധാനപൂർണവും സ്വതന്ത്രവുമായ രാജ്യമായി ഭീകരത, മയക്കുമരുന്ന് നിർമാർജനവും പൗരാവകാശപരിപാലനവും ലക്ഷ്യമിട്ടു മുന്നോട്ടുനീങ്ങാൻ അഫ്ഗാനെ സഹായിക്കാനുള്ള പ്രതിജ്ഞാബദ്ധത ആവർത്തിച്ചുറപ്പിച്ചു. അനുദിനം നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന രാജ്യത്തെ കരകയറ്റുവാൻ ഐക്യരാഷ്ട്ര സഭയുടെ മേൽനോട്ടത്തിൽ അന്താരാഷ്ട്ര തലത്തിൽ സഹായസമ്മേളനം അടിയന്തരമായി വിളിച്ചുകൂട്ടാൻ മോസ്കോ സമ്മേളനം ആഹ്വാനം ചെയ്യുന്നു. സംഘർഷാനന്തര രാഷ്ട്രത്തിെൻറ സാമ്പത്തികവും ധനപരവുമായ പുനർനിർമാണത്തിൽ കഴിഞ്ഞ ഇരുപതുകൊല്ലം അവിടെ സൈനികമായി തമ്പടിച്ചവർക്ക് മുഖ്യബാധ്യതയുണ്ടെന്നും പ്രഖ്യാപനം എടുത്തുപറയുന്നുണ്ട്.
അമേരിക്കൻ അധിനിവേശത്തിെൻറ പരാജയവും പിൻമാറ്റവും ഉറപ്പായിക്കഴിഞ്ഞപ്പോൾ അഫ്ഗാൻ വിഷയത്തിലെ കൂടിയാലോചനകൾക്കായി 2017ൽ കമ്യൂണിസ്റ്റ് റഷ്യ മുൻകൈയെടുത്ത് രൂപംകൊടുത്തതാണ് മോസ്കോ ഫോർമാറ്റ്. അഫ്ഗാനിസ്താനും റഷ്യക്കും പുറമെ മധ്യേഷ്യൻ റിപ്പബ്ലിക്കുകളായ കസാഖ്സ്താൻ, തജികിസ്താൻ, കിർഗിസ്താൻ, ഉസ്ബകിസ്താൻ, തുർകുമെനിസ്താൻ എന്നിവക്കൊപ്പം ഇന്ത്യ, പാകിസ്താൻ, ഇറാൻ, ചൈന എന്നീ രാജ്യങ്ങൾ ചേർന്ന വേദിയാണിത്.
അഫ്ഗാനിലെ ഭരണമാറ്റം സമാധാനപരമായി ജനാധിപത്യരീതിയിൽ സാധ്യമാക്കുക എന്നതു പ്രാഥമികലക്ഷ്യമായി നിർണയിച്ചതിനാൽ താലിബാനും ഈ വേദിയുടെ ചർച്ചകളിലെ അവിഭാജ്യഘടകമായി. കടുത്ത തീവ്രവാദിവാഴ്ചയുടെ മുന്നനുഭവത്തിൽ അമേരിക്കയുടെ പിന്മാറ്റത്തിനു പിറകെ താലിബാൻ ഭരണത്തിലേറിയത് അന്താരാഷ്ട്ര സമൂഹത്തിെൻറ ഉത്കണ്ഠക്കു വഴിവെച്ചതാണ്. മാറ്റത്തെക്കുറിച്ച അവരുടെ വാഗ്ദാനങ്ങളെ വൃഥാവിലാക്കുന്നതായിരുന്നു ഭരണമേറ്റെടുത്ത ശേഷമുണ്ടായ പ്രാകൃത നടപടികളും ശിക്ഷാവിധികളും. അതേസമയം, അഫ്ഗാനിസ്താെൻറ തന്ത്രപ്രാധാന്യം തിരിച്ചറിയുന്ന വൻശക്തികൾ കാര്യങ്ങൾ എങ്ങനെ തങ്ങൾക്ക് അനുകൂലമാക്കിയെടുക്കാം എന്നു തലപുകച്ചുകൊണ്ടേയിരിക്കുകയാണ്.
ഇന്ത്യയെപ്പോലെ, പഴയ ചേരിചേരാനയം കൈവിടുകയും എന്നാൽ ആരുടെ ഓരം ചാരും എന്നു തിട്ടമില്ലാതെ വരുകയും ചെയ്ത രാജ്യങ്ങളാകട്ടെ തികഞ്ഞ ആശയക്കുഴപ്പത്തിലുമാണ്. ഇതുവരെ അമേരിക്കയടക്കമുള്ള അഫ്ഗാനിലെ അധിനിവേശശക്തികളുടെയും അവരുടെ പക്ഷം ചേരുന്ന പടിഞ്ഞാറൻ രാജ്യങ്ങളെയും പിന്തുടരുകയായിരുന്നു ഇന്ത്യ. എന്നാൽ, റഷ്യയുടെ മേൽനോട്ടത്തിൽ ചൈനയും പാകിസ്താനും ഇറാനും പങ്കുകൊള്ളുന്ന വേദിയിലും ഇന്ത്യ ഇപ്പോൾ സജീവമാണ്. മോസ്കോ ഫോർമാറ്റിെൻറ ഔദ്യോഗികപരിപാടികൾക്കു പുറമെ ഇന്ത്യയും അഫ്ഗാനിലെ പുതിയ താലിബാൻ ഭരണപ്രതിനിധികളും തമ്മിൽ സമ്മേളനത്തിനിടെ ചർച്ചയും നടന്നു. അഫ്ഗാനിസ്താനിലേക്ക് മാനുഷികസഹായവും പുനർനിർമാണപ്രവർത്തനങ്ങളിൽ പങ്കാളിത്തവും ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇരുവിഭാഗവും തങ്ങളുടെ വിഷയങ്ങൾ പരസ്പരം തെര്യപ്പെടുത്തുകയും നയതന്ത്ര, സാമ്പത്തികബന്ധം മെച്ചപ്പെടുത്തുമെന്ന് ഉറപ്പുവരുത്തുകയും ചെയ്തതായി താലിബാൻ വക്താവ് സബീഹുല്ലാ മുജാഹിദ് വെളിപ്പെടുത്തുകയും ചെയ്തു. ഗോതമ്പും മറ്റു ഭക്ഷ്യധാന്യങ്ങളുമടങ്ങുന്ന ആദ്യഘട്ട സഹായം ഇന്ത്യയിൽനിന്നു അഫ്ഗാനിസ്താനിലെത്തിയതായും വാർത്തകളുണ്ട്.
ഭരണം കൈയേൽക്കാൻ നേരത്തേ താലിബാനു മുന്നിൽ അമേരിക്കയുടെ പടിഞ്ഞാറൻ സഖ്യം മുന്നോട്ടുവെച്ച ദോഹ കരാറിലെ എല്ലാ കാര്യവും മോസ്കോ സമ്മേളനവും ആവർത്തിച്ചിട്ടുണ്ട്. നിലവിലേത് ഇടക്കാല ഗവൺമെൻറാണ് എന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന താലിബാൻ ഇക്കാര്യങ്ങളിലെല്ലാം വാക്കാൽ ഉറപ്പുനൽകിയിട്ടുമുണ്ട്. എന്നാൽ, പ്രവൃത്തിപഥത്തിൽ അവർ എത്തുേമ്പാഴേ വിശ്വസിക്കാനാവൂ എന്ന തീർപ്പിലാണ് മോസ്കോ അച്ചുതണ്ടിലെ രാജ്യങ്ങളും. അതേസമയം, പടിഞ്ഞാറൻ സഖ്യത്തെ മാറ്റിനിർത്തിയുള്ള ഈ സഖ്യത്തിെൻറ ഉപാധികൾക്കു വഴങ്ങി അന്താരാഷ്ട്ര സമൂഹത്തിെൻറ അംഗീകാരത്തിനുള്ള ശ്രമം ത്വരിതപ്പെടുത്താനാണ് പരിപാടിയെന്ന് സമ്മേളനത്തിനെത്തിയ താലിബാൻ പ്രതിനിധികളും വ്യക്തമാക്കിയിട്ടുണ്ട്. മോസ്കോ സഖ്യത്തിെൻറ സമ്മർദ സഹകരണ നയതന്ത്രം വിജയം കണ്ടാൽ അഫ്ഗാനിസ്താെൻറ ഭാവി രാഷ്ട്രീയചിത്രം തന്നെ മാറിക്കൂടായ്കയില്ല.
അതേസമയം, മേഖലയെ അമേരിക്കമുക്തമാക്കുക എന്ന റഷ്യ, ചൈന, പാകിസ്താൻ ട്രോയ്കാ സഖ്യത്തിെൻറ തന്ത്രമാണ് മോസ്കോ ഫോർമാറ്റ് നീക്കത്തിനു പിന്നിലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അഫ്ഗാനിൽനിന്നു പിൻവാങ്ങുേമ്പാൾ മേഖലയിൽ ഒരു ഇടത്താവളം അമേരിക്ക ആലോചിച്ചതാണ്. എന്നാൽ, അതിന് ഇന്ത്യ, പാകിസ്താൻ, ഇറാൻ അടക്കം ആരും അനുമതി നൽകിയില്ല. മധ്യേഷ്യൻ രാജ്യങ്ങളെ മൊത്തം റഷ്യ വരുതിയിലാക്കുകയും ചെയ്തു. മറുഭാഗത്ത് ഇറാനുമായി ചില നീക്കുപോക്കുകൾക്ക് അമേരിക്ക ഒരുങ്ങുന്നതും ഇതു കണ്ടാണ്. ഏതായാലും അഫ്ഗാനിസ്താെൻറ പരമാധികാരവും സ്വാതന്ത്ര്യവും വകവെച്ചു കൊടുത്തു വരുതിയിൽ നിർത്തി മേഖലയുടെ മേൽക്കോയ്മ പിടിക്കാനാണ് റഷ്യയും ചൈനയും ശ്രമിക്കുന്നത്. അവരുടെ ആവേശം മുതലെടുത്ത് രാജ്യത്ത് അന്താരാഷ്ട്ര സമൂഹത്തിെൻറ ആശീർവാദവും പിന്തുണയുമുള്ള സമ്പൂർണഭരണം സ്ഥാപിച്ചെടുക്കാനാവുമോ എന്നാണ് താലിബാെൻറ നോട്ടം. ആരു വിജയിക്കും എന്നു കാത്തിരുന്നു കാണണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.