അരക്കൊല്ലം കഴിഞ്ഞും അനിശ്ചിതത്വം ബാക്കി
text_fieldsലോകത്തെ വിറപ്പിച്ച കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ രാജ്യം ലോക്ഡൗൺ പ്രഖ്യാപിച്ചിട്ട് ആറുമാസം പൂർത്തിയായിരിക്കുന്നു. മാർച്ച് 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിവിഷനിലൂടെ 21 ദിവസത്തെ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ രാജ്യത്ത് രേഖപ്പെടുത്തപ്പെട്ട കോവിഡ് കേസുകൾ അറുനൂറിന് തൊട്ടുമുകളിലായിരുന്നു. മരണം പത്തിൽ താഴെയും. ഇന്ന് കോവിഡ് രോഗികളുടെ എണ്ണം 58 ലക്ഷത്തിനു മുകളിലാണ്. മരണം 92,000 കവിഞ്ഞു. സമസ്ത മേഖലകളെയും കശക്കിയെറിഞ്ഞു ലോക്ഡൗൺ കാലം. ഘട്ടംഘട്ടമായി ലോക്ഡൗൺ ഒഴിവാക്കിയിട്ടും പ്രധാനമന്ത്രിയും ധനമന്ത്രിയും ലക്ഷം കോടികളുടെ പലവിധ പാക്കേജുകളും കൊണ്ടുവന്നിട്ടും സാമ്പത്തികവും സാമൂഹികവുമായ തകർച്ചയെ പിടിച്ചുകെട്ടാൻ കഴിയുന്നില്ലെന്നതാണ് ദിനംപ്രതി പുറത്തുവരുന്ന വിവരങ്ങൾ. ആരോഗ്യപ്രവർത്തകർ ആത്മാർഥമായി പ്രതിരോധത്തിെൻറ കോട്ട കെട്ടാൻ ശ്രമിക്കുന്നുവെങ്കിലും വാക്സിൻ കണ്ടെത്തൽ ഇതുവരെ സഫലീകരിക്കാനായിട്ടില്ല.
അധികാരികളുടെ ആസൂത്രണമില്ലായ്മകളും പിഴവുകളും സൃഷ്ടിക്കുന്ന പട്ടിണികളും തൊഴിൽ നഷ്ടങ്ങളും നിമിത്തം ജനങ്ങൾ ജാഗ്രത കൈവിടാൻ നിർബന്ധിതരാകുകയും രോഗവ്യാപനം വർധിക്കാൻ ഇടവരുകയും ചെയ്യുന്നു. രാജ്യത്തെ അഭിമുഖീകരിച്ച് മാർച്ച് 24ന് പ്രധാനമന്ത്രി പറഞ്ഞ വാക്കുകൾ അറംപറ്റുകയാണ് -''വൈറസിെൻറ വ്യാപന ചക്രം തകർക്കാൻ 21 ദിവസമെങ്കിലും വേണം. ഈ 21 ദിവസം നമുക്കതിനെ കൈകാര്യം ചെയ്യാനായില്ലെങ്കിൽ 21 വർഷമായിരിക്കും രാജ്യം പിന്നോട്ട് പോകുക.'' ഓഹരിവിപണിയിൽ കഴിഞ്ഞ ആറ് ദിവസത്തിനിടയിലുണ്ടായ 11.31 ലക്ഷം കോടിയുടെ വൻ ഇടിവ് രാജ്യം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ രൂക്ഷത അടയാളപ്പെടുത്തുന്നു.
പ്രതിച്ഛായ നിർമാണത്തിനുള്ള പ്രകടനാത്മക പ്രവർത്തനങ്ങൾ മാത്രമായി കോവിഡ് പ്രതിരോധം ചുരുങ്ങിയതാണ് ഈ മഹാമാരിക്കു മുന്നിൽ സമ്പൂർണമായി നമ്മെ പരാജയപ്പെടുത്തിയത്. നമ്മുടെ ഭരണാധികാരികൾ ചെയ്തുകൂട്ടിയ വിഡ്ഢിത്തങ്ങൾക്ക് ലോകം സമ്മാനിച്ചത് പരിഹാസ്യത്തിെൻറ നൊബേൽ (IG NOBEL) ആെണന്നത് എത്ര ലജ്ജാകരം. 41 വർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ചയാണ് രാജ്യം അഭിമുഖീകരിക്കുന്നതെന്ന സാമ്പത്തിക, സാമൂഹിക ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പുകൾ കേന്ദ്രം നിഷ്കരുണം തള്ളിക്കളഞ്ഞു. ജി.ഡി.പിയുടെ തകർച്ച 24 ശതമാനം. കഴിഞ്ഞ ഏപ്രിലിനും ആഗസ്റ്റിനുമിടയിൽ ജോലി പോയ ശമ്പളക്കാർ 2.2 കോടി. വ്യവസായശാലകളും കച്ചവടകേന്ദ്രങ്ങളും നിശ്ചലമായിക്കിടക്കുന്നു.
ഏറ്റവും കടുത്ത പ്രത്യാഘാതമുണ്ടായ അസംഘടിത തൊഴിൽ മേഖലയിൽ പട്ടിണി വ്യാപകമാകുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. മാനസികസമ്മർദങ്ങൾ നിമിത്തമുള്ള ആത്മഹത്യകൾ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ വർധിക്കുന്നുവെന്ന് മറ്റൊരു പഠനം. എന്നിട്ടും, രാജ്യം ഉത്തരോത്തരം പുരോഗമിക്കുന്നുവെന്ന വ്യാജം പ്രചരിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമം. ലോക്ഡൗണിൽ തൊഴിലും കിടപ്പാടവും നഷ്ടമായവരുടെ കാൽനട പലായനത്തിനിടയിൽ കൊല്ലപ്പെട്ടവരുടെ വിവരം ശേഖരിക്കാൻപോലും സർക്കാറിന് കഴിഞ്ഞില്ല. കോവിഡ് പ്രതിരോധത്തിലെ കേന്ദ്രത്തിെൻറ നിഷ്ക്രിയത ബോധ്യപ്പെടാൻ ഇതിൽപരം തെളിവ് ആവശ്യമില്ല.
കോവിഡ് പ്രതിരോധത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാന സർക്കാറും ആറുമാസം പിന്നിടുമ്പോൾ മഹാമാരിയുടെ മുന്നിൽ തോൽവി സമ്മതിക്കുകയാണ്. രോഗവ്യാപനവും മരണവും ഏറ്റവും ഉയർന്ന അവസ്ഥയിലാണിപ്പോൾ. ആദ്യഘട്ടങ്ങളിൽ വിജയിച്ച സർക്കാറിനെ പിന്നീട് പരാജയപ്പെടുത്തിയത് ജനങ്ങളുടെ ജാഗ്രതക്കുറവിനേക്കാളുപരി ലോകം കോവിഡ് പ്രതിരോധത്തിൽ ആർജിച്ച ബോധ്യങ്ങൾക്കനുസൃതമായ ശൈലീമാറ്റങ്ങൾക്കു മുന്നിൽ വിലങ്ങടിച്ചുനിന്ന അശിക്ഷിത ആരോഗ്യവിദഗ്ധരുടെ ഉപദേശങ്ങൾക്ക് പൂർണമായി വഴങ്ങിക്കൊടുത്തതാണ്. പ്രായമുള്ളവരോടുള്ള കരുതലും (കോവിഡ് മരണത്തിൽ 70 ശതമാനവും 60 വയസ്സിന് മുകളിലുള്ളവരാണ്) കോവിഡിനോടൊപ്പമുള്ള സ്വാഭാവികജീവിതവും ശരിയാംവണ്ണം വിളക്കിച്ചേർക്കുക എന്നതാണ് സർക്കാറുകളുടെ പ്രധാന ദൗത്യം. അൺലോക് നാലാം ഘട്ടത്തിലെത്തുമ്പോഴും അെതങ്ങനെ വിജയകരമായി സാധിക്കുമെന്ന കാര്യത്തിൽ ഇരു സർക്കാറുകളും ഇരുട്ടിൽ തപ്പുകതന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.