അലഹബാദ് ഹൈകോടതി ഒാർമപ്പെടുത്തിയത്
text_fieldsഉത്തർപ്രദേശിൽ നിയമലംഘനത്തിെൻറ പേരുപറഞ്ഞ് യോഗി ആദിത്യനാഥ് ഗവൺമെൻറ് അനുമതി നിഷേധിച്ച അറവുശാലകൾ തുറന്നുകൊടുക്കാനും പഴയ ലൈസൻസ് പുതുക്കാനും പുതിയത് നൽകാനും ഉത്തരവിട്ട് അലഹബാദ് ഹൈകോടതി വെള്ളിയാഴ്ച പുറപ്പെടുവിച്ച വിധി സമകാലിക ഇന്ത്യക്ക് സവിശേഷമായ സന്ദേശമാണ് നൽകുന്നത്. മാർച്ച് 19ന് വൻ ഭൂരിപക്ഷത്തോടെ യു.പിയിൽ അധികാരത്തിൽ വന്ന ബി.ജെ.പി ഗവൺമെൻറിെൻറ ആദ്യനടപടിയായിരുന്നു മുഴുവൻ നിയമവിരുദ്ധ അറവുശാലകളും കൊട്ടിയടച്ചുകൊണ്ടുള്ള ഉത്തരവ്. നിരോധനമേർപ്പെടുത്തിയത് അനുമതിയില്ലാത്ത അറവുശാലകൾക്കാണെന്ന് പറഞ്ഞെങ്കിലും പ്രയോഗത്തിൽ മാട്ടിറച്ചി നിരോധനത്തിനു കണ്ടെത്തിയ ഉപായമായി അത് കലാശിക്കുകയായിരുന്നു. സർക്കാർ തീരുമാനം നടപ്പിൽവരുത്താൻ ഒൗദ്യോഗികനീക്കം തുടങ്ങുന്നതിനു മുമ്പു തന്നെ, യോഗിയുടെ അനുയായികളും സംഘ്പരിവാർ അണികളും അറവുശാലകൾക്കും മാട്ടിറച്ചി വിൽപനക്കുമെതിരെ ആക്രമണങ്ങളുമായി രംഗത്തിറങ്ങിയതോടെ വലിയൊരു വിഭാഗം ജനങ്ങളുടെ ഉപജീവനമാർഗം വഴിമുട്ടി. ഗോരക്ഷയുടെ പേരിലുള്ള സംഘി ഗുണ്ടായിസത്തിൽ പ്രതിഷേധിച്ച് മാട്ടിറച്ചി വിപണിയുമായി ബന്ധപ്പെട്ട വിവിധ അസോസിയേഷനുകൾ അനിശ്ചിതകാലസമരം പ്രഖ്യാപിച്ചു. ഗവൺമെൻറാകെട്ട, മാർച്ചിനുശേഷം അറവുശാലകൾക്ക് ലൈസൻസ് പുതുക്കി നൽകിയതുമില്ല. ഇതിനെതിരെ അറവുശാല ഉടമകളും ഇറച്ചിവ്യാപാരരംഗത്തുള്ളവരും നൽകിയ പരാതി പരിഗണിച്ചാണ് അനുമതിക്കുള്ള എല്ലാ വഴികളും തുറന്നിടാൻ ഹൈകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഗ്രാമങ്ങളിൽ അറവുശാലകൾ നിർമിച്ച് നൽകേണ്ടത് തദ്ദേശസ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെന്ന് വിധിയിൽ പറയുന്നു. ഉത്തരവ് നടപ്പാക്കിയതിെൻറ പുരോഗതി അടുത്ത ജൂലൈ 17ന് കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസുമാരായ അമരേശ്വർ പ്രതാപ് സാഹി, സഞ്ജയ് ഹർകൗളി എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ നൽകിയ വാഗ്ദത്തം നടപ്പാക്കുന്നതിെൻറ ഭാഗമായാണ് സർക്കാറിെൻറ ആദ്യനീക്കം തന്നെ അറവുശാലകൾക്കെതിരെയാക്കാൻ യോഗി മന്ത്രിസഭ തീരുമാനിച്ചത്. നേരത്തേ തന്നെ ഹിന്ദുത്വവർഗീയ അജണ്ട ഏറ്റെടുത്ത് നടപ്പാക്കി വന്ന യോഗിയുടെ അനുയായികൾക്ക് അറവുശാലയും മാംസഭക്ഷണവും മുടക്കാൻ പിന്നെ രണ്ടുവട്ടം ആലോചിക്കേണ്ടി വന്നില്ല. കാലിക്കടത്തുകാർ വരെ സംഘ്പരിവാറുകാരുടെ തല്ലിയൊതുക്കലിനും തല്ലിക്കൊല്ലലിനുമിരയായി. ഇങ്ങനെ അധികാരത്തിെൻറ കൈക്കരുത്തിൽ ആളുകളുടെ ആഹാരവും ജീവിതമാർഗവും മുടക്കാൻ സംഘടനകൾക്കോ സർക്കാറിനോ അധികാരമില്ലെന്നും അത് ഭരണഘടനയോടുള്ള വ്യക്തമായ വെല്ലുവിളിയാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് കോടതി. അക്ഷരത്തിനും അന്നത്തിനും അനുഷ്ഠാനങ്ങൾക്കും പൂട്ടിടാനും അതിെൻറ പേരിൽ സാമൂഹികശൈഥില്യം സൃഷ്ടിക്കാനുമുള്ള നീക്കം ഭരണഘടനാവിരുദ്ധമാണെന്നും രാജ്യത്തെ ഏകശിലാരീതിയിലേക്കു നയിക്കാനുള്ള ഫാഷിസ്റ്റ് അജണ്ടയാണെന്നും രാജ്യത്തെ മുഴുവൻ ജനാധിപത്യവിശ്വാസികളും മുന്നറിയിപ്പ് നൽകിക്കൊണ്ടിരുന്നതാണ്. എന്നാൽ, കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ഭരണം കൈവന്നതോടെ ഉന്മാദം പൂണ്ട ഫാഷിസ്റ്റുകളുടെ പേയിളകിപ്പാച്ചലിന് തടയിടാൻ ആരുമില്ലെന്ന നില വന്നു. അതിനിടെ വന്ന അലഹബാദ് ഹൈകോടതി വിധി ജീവിതമാർഗം മുട്ടിപ്പോയ ഉത്തർപ്രദേശിലെ വലിയൊരു വിഭാഗത്തിനു മാത്രമല്ല, രാജ്യത്തെ ബഹുസ്വരസംസ്കാരത്തിനു നേരെയുള്ള അതിക്രമങ്ങളിൽ അന്തംവിട്ടുനിൽക്കേണ്ടി വരുന്നവർക്കുകൂടി സമാശ്വാസം പകരുന്നതാണ്. ഭരണഘടനയും നിയമാനുസൃത രീതികളുെമാന്നും മാനിക്കാതെ ജനതയിലൊരു വിഭാഗത്തെ ശത്രുക്കളാക്കി നിർത്തി അവർെക്കതിരെ നടത്തുന്ന വൈരനിര്യാതനനീക്കത്തിെൻറ മുന്തിയ ഉദാഹരണമാണ് മാട്ടിറച്ചിക്കെതിരെയെന്ന പേരിൽ സംഘ്പരിവാർ നടത്തിവരുന്ന കലാപം. അതിെൻറ മർമമറിഞ്ഞുള്ള നിരീക്ഷണങ്ങളാണ് അറവുശാലകൾക്ക് അനുമതി നൽകാനാവശ്യപ്പെട്ട് അലഹബാദ് ഹൈകോടതി നടത്തിയിരിക്കുന്നത്.
ഭക്ഷണവും ആഹാരരീതികളും അത് ലഭ്യമാക്കുന്നതും ഭരണഘടന 21ാം ഖണ്ഡികയിൽ നൽകിയ ജീവിക്കാനും ഉപജീവനമാർഗം തേടാനുമുള്ള അവകാശത്തിെൻറ പരിധിയിൽ വരുന്നതാണെന്ന് കോടതി ഇടക്കാല ഉത്തരവിൽ ഒാർമിപ്പിച്ചു. യു.പിയിൽ നിലവിലുള്ള വൈവിധ്യമാർന്ന ഭക്ഷണരീതി രാജ്യത്തെ മതനിരപേക്ഷ ബഹുസ്വര സംസ്കാരത്തിെൻറ മുദ്രയായാണ് കോടതി വിശേഷിപ്പിച്ചത്. ആരോഗ്യം, സംസ്കാരം, വ്യക്തിഗതമായ ആഹാരശീലങ്ങൾ, താങ്ങാവുന്ന വിലയിൽ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത, അതിനുള്ള സൗകര്യങ്ങൾ, ജീവിക്കാൻ അത്യാവശ്യമായ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം എന്നിവ ഉറപ്പുവരുത്തുന്നതും ഭരണഘടനയുടെ മതനിരപേക്ഷക്കുടക്കു കീഴിൽ വരുന്ന ഇൗ അവകാശങ്ങളിൽ സന്തുലിതത്വം നിലനിർത്തുന്നതുമായിരിക്കണം സർക്കാറുകളുടെ ഏതു നീക്കവും എന്നു കോടതി ഒാർമിപ്പിച്ചു. പൗരെൻറ ആഹാരത്തിനുമേൽ നിയന്ത്രണമേർപ്പെടുത്തുകയല്ല, അത് പരമാവധി ലഭ്യമാക്കാനുള്ള അവസരമൊരുക്കുകയാണ് അധികാരികളുടെ പ്രാഥമികബാധ്യതയെന്നു കോടതി പറയുന്നു. ഭക്ഷ്യസുരക്ഷ നിയമത്തിെൻറ ഭാഗമായി അനാരോഗ്യകരമായ നിലയിൽ നടത്തിവന്ന അനുമതിയില്ലാ അറവുശാലകളാണ് പൂട്ടിച്ചതെന്ന് യോഗി സർക്കാർ ബോധിപ്പിച്ചെങ്കിലും അനുയോജ്യമായ ഇടങ്ങൾ അനുവദിക്കാതെ ഇത്തരം നിരോധങ്ങൾ ഏർപ്പെടുത്തുന്നത് ഒരേസമയം ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനുള്ള പൗരന്മാരുടെ അവകാശം ഹനിക്കുകയും ഉപജീവനത്തിനുള്ള ഒരു വിഭാഗത്തിെൻറ മാർഗം തടയുകയുമാണ് ചെയ്യുന്നതെന്നും ഇതു രണ്ടും ഭരണഘടന നിർദേശങ്ങളുടെ ലംഘനമാണെന്നുമായിരുന്നു കോടതിയുടെ മറുപടി.
മാട്ടിറച്ചിയുടെ പേരിൽ ദാദ്രിയിലെ മുഹമ്മദ് അഖ്ലാഖിനെയും ആൽവാറിലെ പഹ്ലൂഖാനെയും അടിച്ചുകൊന്ന് ആൾക്കൂട്ട രാഷ്ട്രീയത്തിൽ ഫാഷിസ്റ്റ് അജണ്ട നടപ്പാക്കിയവർ അധികാരത്തിൽ തരംകിട്ടിയപ്പോൾ െചയ്യുന്നതും അതേ പണിയാണെന്നും ഭരണഘടനയെ അസാധുവാക്കുന്ന അതിക്രമമാണ് അതെന്നും ചൂണ്ടിക്കാണിക്കുന്നതിലൂടെ മതനിരപേക്ഷ ഇന്ത്യയുടെ സാമാന്യബോധത്തെ ശരിവെക്കുകയാണ് അലഹബാദ് ഹൈകോടതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.