ചായകുടിക്കാൻ പോയവരും യു.എ.പി.എയും
text_fields'ആ പരിശോധന നടത്തിക്കഴിഞ്ഞല്ലോ. അവർ മാവോയിസ്റ്റുകളാണെന്ന് വ്യക്തമായിക്കഴിഞ്ഞല്ലോ. അതിലെന്താ പ്രശ്നം വന്നിരിക്കുന്നത്? അവർ സി.പി.എം പ്രവർത്തകരൊന്നുമല്ല. യു.എ.പി.എ ചുമത്തിയത് ഒരു മഹാ അപരാധമായിപ്പോയി എന്ന് പറയണമെന്നല്ലേ നിങ്ങൾ ആഗ്രഹിക്കുന്നത്? അത് ഞാൻ പറയുന്നില്ല.
അവരെന്തോ പരിശുദ്ധന്മാരാണ്; എന്തോ ചായ കുടിക്കാൻ പോയപ്പോ പിടിച്ചതാണ് എന്ന മട്ടിലുള്ള ധാരണ വേണ്ട'– 2019 നവംബർ ഒന്നിന് കോഴിക്കോടുനിന്ന് പൊലീസ് പിടിച്ചു കൊണ്ടുപോയ അലൻ ഷുഹൈബ്, താഹ ഫസൽ എന്നീ സി.പി.എം പ്രവർത്തകരായ വിദ്യാർഥികൾക്കെതിരെ യു.എ.പി.എ ചുമത്തിയത് വലിയ രാഷ്ട്രീയവിവാദമായി പടരവെ, 2020 ജനുവരി ഒന്നിന്, പത്രസമ്മേളനത്തിൽ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതാണ് ഇൗ വാക്കുകൾ. പത്തുമാസത്തെ ജുഡീഷ്യൽ കസ്റ്റഡിക്ക് ശേഷം ഇപ്പോൾ രണ്ടുപേർക്കും കൊച്ചി എൻ.ഐ.എ പ്രത്യേക കോടതി ജാമ്യം അനുവദിച്ചിരിക്കുന്നു.
ജാമ്യം അനുവദിച്ച് ജഡ്ജി അനിൽ കെ. ഭാസ്കർ നടത്തിയ വിധിപ്രസ്താവം മുഖ്യമന്ത്രിയുടെയും സി.പി.എമ്മിെൻറയും നിലപാടുകൾക്കേറ്റ പ്രഹരമാണ്. ഒപ്പം, ദുർനിയമങ്ങൾ ഉപയോഗിച്ചുകൊണ്ട് പ്രതിസ്വരങ്ങളെ അടിച്ചമർത്താൻ വ്യാമോഹിക്കുന്ന മുഴുവൻ ആളുകൾക്കുമുള്ള മറുപടിയുമാണ്. ദേശീയതയെയും ദേശസ്നേഹത്തെയും മുൻനിർത്തി കെട്ടിപ്പടുത്തുകൊണ്ടിരിക്കുന്ന ജനാധിപത്യവിരുദ്ധ അന്തരീക്ഷത്തിൽ പ്രതീക്ഷ നൽകുന്നതാണ് ആ വിധി പ്രസ്താവത്തിലെ വരികൾ.
പ്രതികളുടെ പ്രവർത്തനങ്ങളും നീക്കങ്ങളും നിരോധിത സംഘടനയുടെ നിയന്ത്രണത്തിലാണെന്ന് പറയാനാവില്ലെന്നും പ്രതികൾ സി.പി.ഐ മാവോയിസ്റ്റ് കേഡർമാരാണെന്നും അവരുടെ നീക്കങ്ങളും പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത് സംഘടനയാണെന്നും സ്ഥാപിക്കാൻ േപ്രാസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും വിധിയിൽ പറയുന്നു.
'അവർ മാവോയിസ്റ്റുകളാണ്, അതിലെന്താ സംശയം' എന്നു ചോദിച്ച, ഈ വിദ്യാർഥികൾക്കുമേൽ യു.എ.പി.എ ചുമത്തിയ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കും ആ നിലപാടിനെ പിന്തുണച്ച കേരളത്തിലെ സി.പി.എം നേതൃത്വത്തിനുമുള്ള പ്രഹരം തന്നെയാണ് കോടതിയുടെ ഈ പ്രസ്താവനകൾ. 'നിരോധിത മാവോയിസ്റ്റ് സംഘടനയോട് പ്രതികൾക്ക് ഒരു ചായ്വുള്ളതായി സൂചിപ്പിക്കുന്നുണ്ട്. നിരോധിത സംഘടനയുടെ പതാക, സംഘടന പ്രസിദ്ധീകരിച്ച മാഗസിൻ, ലഘുലേഖ എന്നിവ താഹയുടെ കൈവശമുണ്ടെന്നാണ് േപ്രാസിക്യൂഷൻ ആരോപണം.
എന്നാൽ, പ്രതികൾക്കെതിരെ ഭീകര പ്രവർത്തനങ്ങളൊന്നും ആരോപിക്കാൻ കഴിഞ്ഞിട്ടില്ല. അതേപോലെ ഈ കേസിലെ സാക്ഷിമൊഴികൾ പ്രകാരം പ്രതികൾ നിരോധിത സംഘടനയിലെ അംഗങ്ങളാണെന്നും അവർക്ക് ഏതെങ്കിലും വിധത്തിൽ സഹായങ്ങൾ ചെയ്തെന്നും വ്യക്തമല്ല. സമൂഹത്തിലെ ദുർബലവിഭാഗങ്ങൾ നേരിടുന്ന അടിച്ചമർത്തലുകൾ മാവോയിസ്റ്റ് തത്ത്വചിന്തയിലേക്ക് നിരവധി ആളുകളെ ആകർഷിക്കുന്നുണ്ട്. എന്നാൽ, എല്ലാവരെയും തീവ്രവാദ സംഘടനയിലെ ആളുകളായി കാണാൻ കഴിയില്ല' -ഇങ്ങനെ പോവുന്നു കോടതിയുടെ നിലപാടുകൾ.
മാവോവാദി സംഘടനയോട് ആശയപരമായ അനുഭാവമുണ്ടെന്ന് കരുതി അതിെൻറ പേരിൽ നിയമനടപടി സ്വീകരിക്കാൻ കഴിയില്ലെന്ന് രാജ്യത്തെ പല കോടതികളും മുമ്പ് പലതവണ വിധിച്ചു കഴിഞ്ഞതാണ്. എന്നാൽ, നമ്മുടെ നാട്ടിലെ പൊലീസ് സംവിധാനങ്ങളും അവയെ കൊണ്ടുനടത്തുന്ന സർക്കാറുകളും ഈ വിധികളൊന്നും ഗൗനിക്കാറേയില്ല.
കോൺഗ്രസ്, ബി.ജെ.പി വ്യത്യാസമില്ലാതെയാണ് ദേശീയ തലത്തിൽ യു.എ.പി.എ തങ്ങൾക്കാവശ്യമുള്ള ഏത് ആവശ്യത്തിനും ഭരണകൂടങ്ങൾ എടുത്തു വീശിക്കൊണ്ടിരുന്നത്. എന്നാൽ, യു.എ.പി.എക്കെതിരെ തത്ത്വാധിഷ്ഠിത നിലപാടുണ്ടെന്ന് വീമ്പ് പറയാറുള്ള പാർട്ടിയാണ് സി.പി.എം. ആ പാർട്ടി സംസ്ഥാനം ഭരിക്കുമ്പോഴാണ് സ്വന്തം കേഡർമാരായ രണ്ട് വിദ്യാർഥികൾക്കെതിരെ യു.എ.പി.എ ചുമത്തുന്നതും അതിനെ ന്യായീകരിച്ചു പോന്നതും.
പ്രതികൾക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയാണെങ്കിലും പ്രതികൾക്കെതിരെയുള്ള കുറ്റങ്ങൾ തള്ളിക്കളയുന്നതാണ് വിധിയുടെ ഉള്ളടക്കം. അതായത്, ഈ കേസ് അതിെൻറ അന്തിമ വിചാരണയിലും സമ്പൂർണമായി പരാജയപ്പെടും എന്നുതന്നെ കരുതാനാവും. സി.പി.എം എന്തിനാണ് ഈ നടപടിയെ ന്യായീകരിക്കാൻ ഇറങ്ങിയത് എന്ന് ആശ്ചര്യപ്പെടുന്നതിൽ അർഥമില്ല.
ഭരണകൂടത്തിെൻറ ഭാഷയിൽ സംസാരിക്കാൻ മാത്രമേ അധികാരത്തിലിരിക്കുമ്പോൾ അവർക്കും സാധിക്കുന്നുള്ളൂ എന്നതാണ് വാസ്തവം. പക്ഷേ, പന്തീരാങ്കാവ് യു.എ.പി.എ കേസിൽ സി.പി.എം അതിലപ്പുറവും കടന്നു. അലനും താഹക്കുമെതിരായ നടപടികളെ ന്യായീകരിക്കാൻ ഇസ്ലാമിസ്റ്റുകളെ ഇതുമായി കൂട്ടിക്കെട്ടാൻ ശ്രമിക്കുകയായിരുന്നു സി.പി.എം നേതൃത്വം. മാവോവാദികൾക്ക് സർവ പിന്തുണയും നൽകുന്നത് ഇസ്ലാമിസ്റ്റുകളാണ് എന്ന് പ്രസംഗിച്ചു പാർട്ടിയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറി. സംസ്ഥാന നേതാക്കൾ അതിനെ പിന്തുണച്ചു.
മാവോവാദി ചാപ്പകുത്തി എതിർപ്പുകളെ നേരിടുന്ന ഭരണകൂട യുക്തിയും ഇസ്ലാം പേടി ഉയർത്തി എന്തിനെയും മറികടക്കുകയെന്ന വലതുപക്ഷ യുക്തിയുമാണ് സി.പി.എം ഇവിടെ പ്രയോഗിച്ചത്. യു.ഡി.എഫ് സഖ്യത്തെ കുഞ്ഞുമാണി, കുഞ്ഞൂഞ്ഞ്, കുഞ്ഞാലിക്കുട്ടി സഖ്യം എന്നാക്ഷേപിച്ച് ഹിന്ദു ഏകീകരണം നടത്തിയാണ് കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിനെ അവർ നേരിട്ടത്. സമാനമായ രീതി ഈ തെരഞ്ഞെടുപ്പിലും സ്വീകരിക്കുമെന്നതിെൻറ സൂചനകൾ അവർ നൽകിക്കഴിഞ്ഞു. അതായത്, മാവോയിസമാകട്ടെ, ഇസ്ലാമിസമാവട്ടെ, തീവ്രവാദമാവട്ടെ എന്തിനെയും തങ്ങളുടെ രാഷ്ട്രീയലക്ഷ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള ഉരുപ്പടി മാത്രമായാണ് സി.പി.എം കാണുന്നത്. ആ നിലപാടിനുകൂടി ഏറ്റ തിരിച്ചടിയാണ് എൻ.ഐ.എ സ്പെഷൽ കോടതിയുടെ ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.