എല്ലാം ശരിയായോ, ശരിയാവുമോ?
text_fieldsഎൽ.ഡി.എഫ് വന്നാൽ എല്ലാം ശരിയാകും എന്ന് കേരളത്തിലെ ജനങ്ങളെ വിശ്വസിപ്പിച്ച് അവരുടെ നിർലോഭ പിന്തുണ നേടി അധികാരത്തിലേറിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഭരണത്തിെൻറ ആദ്യവർഷം പിന്നിടുേമ്പാൾ, സ്വാഭാവികമായി ഉയരുന്ന ചോദ്യം എല്ലാം ശരിയാേയാ എന്നല്ല, എല്ലാ ശരിയാക്കുന്ന ദിശയിലേക്കാണോ പോക്ക് എന്നുള്ളതാണ്. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച ഒരു വർഷത്തെ നേട്ടങ്ങളുടെ പട്ടിക തീർച്ചയായും ആശ്വാസകരവും ഭാവിയെ സംബന്ധിച്ചിടത്തോളം പ്രത്യാശജനകവുമാണ്. മാർച്ച് 31 വരെ 48.5 ലക്ഷം പേർക്കായി 5100 കോടി രൂപ പെൻഷൻ തുക, വിദ്യാഭ്യാസ വായ്പ കുടിശ്ശിക 900 കോടി, പോയവർഷത്തെ 1.97 ലക്ഷം ഹെക്ടറിെൻറ സ്ഥാനത്ത് 2.02 ലക്ഷം ഹെക്ടർ ഭൂമിയിൽ നെൽകൃഷി എന്നിവയാണ് മുഖ്യമന്ത്രി എടുത്തുപറഞ്ഞ സ്ഥിതിവിവരക്കണക്കുകൾ.
അടിസ്ഥാന വികസന സാമ്പത്തിക സമാഹരണത്തിന് കിഫ്ബി എന്ന നൂതന സംവിധാനം, 6500 കോടി രൂപ മുതൽമുടക്കുള്ള തീരദേശ ഹൈവേ, 3500 കോടി രൂപ ചെലവുവരുന്ന മലയോര ഹൈവേ, സർക്കാർ^എയ്ഡഡ് സ്കൂളുകളിലെല്ലാം സ്മാർട്ട് ക്ലാസ്മുറികൾ, കേരള ബാങ്ക് എന്നിവയാണ് നടപ്പാക്കാനുദ്ദേശിക്കുന്ന ഭാവി പദ്ധതികൾ. പൊതുമേഖല കശുവണ്ടി ഫാക്ടറികൾ തുറന്നതും ദേശീയ പാത വികസനം, എൽ.എൻ.ജി ൈപപ്പ് പദ്ധതി, കൂടങ്കുളം വൈദ്യുതി ലൈൻ പദ്ധതി എന്നിവയുടെ മാർഗത്തിലെ തടസ്സങ്ങൾ ഏറക്കുറെ നീക്കാനായതും പിണറായി സർക്കാറിെൻറ നേട്ടങ്ങളായെണ്ണുന്നു. നേരേത്ത തുടങ്ങി മുഴുമിക്കാറായ കണ്ണൂർ വിമാനത്താവളവും െകാച്ചി മെട്രോ റെയിലും താമസിയാതെ ഉദ്ഘാടനത്തിന് സുസജ്ജമാവുമെന്നതും ഭരണേനട്ടങ്ങളായി അേദ്ദഹം അവകാശപ്പെടുന്നു. പരിസ്ഥിതി സംരക്ഷണത്തിന് ഹരിത കേരളം, ആരോഗ്യരംഗത്തെ ആർദ്രം, എല്ലാവർക്കും വീടെന്ന ലക്ഷ്യത്തോടെ ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണം എന്നീ പദ്ധതികളാണ് വരാനിരിക്കുന്ന നാലു വർഷങ്ങളിൽ സർക്കാർ മുന്തിയ പരിഗണന നൽകാൻ പോവുന്നതെന്നും പിണറായി വിജയൻ പ്രഖ്യാപിക്കുന്നു.
പ്രതിപക്ഷ സാമ്പ്രദായിക ധർമമനുസരിച്ച് ഒന്നും ശരിയാകാത്ത ഒന്നാം വർഷം എന്ന് ഇടതുസർക്കാറിനെ കുറ്റപ്പെടുത്തിയ രമേശ് ചെന്നിത്തല എടുത്തുപറയാവുന്ന ഒരു നേട്ടംപോലുമില്ലെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇൗ കാലയളവിൽ അഴിമതി ആരോപണങ്ങളൊന്നും ഉയർന്നില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദത്തെ, ഇ.പി. ജയരാജൻ സ്വന്തക്കാരെ നിയമിച്ചതിെൻറ പേരിൽ മന്ത്രിസഭയിൽനിന്ന് പുറത്തുപോവേണ്ടിവന്നത് അഴിമതി മൂലമല്ലേ എന്ന് തിരിച്ചുചോദിക്കുന്നു പ്രതിപക്ഷനേതാവ്. നേട്ടങ്ങളായി പിണറായി വിജയൻ പറഞ്ഞ കാര്യങ്ങളെല്ലാം മുൻ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് ആരംഭിച്ചതാണെന്ന അവകാശവാദവും അദ്ദേഹത്തിനുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു പുതിയ പദ്ധതിയോ അടിസ്ഥാന സൗകര്യവികസനത്തിനുതകുന്ന പരിപാടിയോ പ്രഖ്യാപിക്കാൻ സർക്കാറിനായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പരസ്പരവിരുദ്ധമായ ഇൗ അവകാശവാദങ്ങൾക്കിടയിൽ സത്യംകണ്ടെത്താൻ ശ്രമിക്കുന്ന സാധാരണ ജനങ്ങൾക്ക് എല്ലാം ശരിയായിട്ടില്ലെങ്കിലും ചിലതൊക്കെ ഇടതുസർക്കാറിന് ശരിയാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും എന്നാൽ അനാവശ്യവിവാദങ്ങൾക്ക് വഴിവെക്കുന്ന നടപടികളുമുണ്ടായിട്ടുണ്ടെന്നുമാണ് മനസ്സിലാക്കാനാവുക. മന്ത്രിസഭയിലെ രണ്ടാമനോ മൂന്നാമനോ ആയ മുതിർന്ന നേതാവ് പാർട്ടി നേതൃത്വത്തിെൻറതന്നെ ശാസന ക്ഷണിച്ചുവരുത്തിയ സ്വജനപക്ഷപാതാേരാപണം മൂലം രാജിവെക്കേണ്ടിവന്നത് പ്രതിച്ഛായ കളങ്കപ്പെടുത്തിയിട്ടുണ്ട്. മറ്റൊരു മന്ത്രി രാജിവെക്കാനിടയായതും ധാർമിക പ്രതിച്ഛായയെ പ്രതികൂലമായി ബാധിച്ചു. മന്ത്രിസഭക്ക് കൂട്ടുത്തരവാദിത്തമില്ലെന്നും മുഖ്യമന്ത്രി സഹപ്രവർത്തകരെ വിശ്വാസത്തിലെടുക്കുന്നില്ലെന്നും പൊതുസമൂഹം ധരിക്കാനിടവരുന്ന വിധത്തിലാണ് കാര്യങ്ങൾ. നിലമ്പൂർ വനത്തിലെ മാവോവാദി ഏറ്റുമുട്ടൽ, മൂന്നാർ ഭൂമി കൈയേറ്റം, ജിഷ്ണുവിെൻറ ആത്മഹത്യ മുതലായ വിഷയങ്ങളിൽ മുന്നണിയിലെ മുഖ്യഘടകങ്ങളായ സി.പി.എമ്മും സി.പി.െഎയും തമ്മിൽ പരസ്യമായി ഇടഞ്ഞതും സർക്കാറിനെ നയിക്കുന്നവർക്കിടയിൽ സമവായമില്ല എന്ന തോന്നൽ സൃഷ്ടിച്ചിട്ടുണ്ട്.
അഴിമതിമുക്തിയെക്കുറിച്ച മുഖ്യമന്ത്രിയുടെ അവകാശവാദത്തിന് മങ്ങേലൽപിക്കുന്നതാണ് മുൻ മുഖ്യമന്ത്രിയും ഇപ്പോൾ ഭരണപരിഷ്കരണ കമീഷൻ അധ്യക്ഷനുമായ വി.എസ്. അച്യുതാനന്ദൻ അഴിമതിയുടെ പേരിൽ ജയിലിലടപ്പിച്ച ആർ. ബാലകൃഷ്ണപിള്ളയെ കാബിനറ്റ് പദവിയിൽ മുന്നാക്ക സമുദായ വികസന കോർപറേഷെൻറ തലപ്പത്ത് പുനരധിവസിപ്പിച്ച നടപടി. മുൻ ഡി.ജി.പി രമൺ ശ്രീവാസ്തവ ഉൾപ്പെടെ അര ഡസൻ ഉപദേഷ്ടാക്കളെ നിയമിക്കേണ്ട സാഹചര്യം പിണറായി വിജയെൻറ ആത്മവിശ്വാസത്തെക്കുറിച്ചും ഭരണപ്രാപ്തിയെക്കുറിച്ചും സംശയങ്ങളാണ് ഉണർത്തുക. കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് രൂപവത്കരിക്കാനുള്ള തീരുമാനം ധീരമാണെങ്കിലും അത് ഭരണത്തിെൻറ സിരാകേന്ദ്രമായ സെക്രേട്ടറിയറ്റിൽ സൃഷ്ടിച്ച അലയൊലികൾ അടങ്ങിയിട്ടില്ല. െഎ.എ.എസ്^െഎ.പി.എസ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണവും ഭരണത്തിെൻറ സുഗമമായ നടത്തിപ്പിന് വിഘാതമായി നിൽക്കുന്നു. മന്ത്രി എം.എം. മണിയെപ്പോലുള്ളവരുടെ ഭാഷയും ശൈലിയും പൊതുസമൂഹത്തിന് രുചിക്കുന്നില്ലെന്നതും നേരാണ്. ഏറ്റവുമൊടുവിൽ മുഖ്യമന്ത്രി നേട്ടമായെണ്ണിയ വിഴിഞ്ഞം പദ്ധതിക്കായി നരേന്ദ്ര മോദിയുടെ സ്വന്തം അദാനിയുമായി ഉണ്ടാക്കിയ കരാർ സംസ്ഥാനത്തിന് വൻ നഷ്ടമുണ്ടാക്കുമെന്ന സി.എ.ജി റിപ്പോർട്ട് ഇടതുസർക്കാറിന് തലവേദന സൃഷ്ടിക്കുമെന്നുറപ്പ്. ചുരുക്കത്തിൽ, തെറ്റുകൾ തിരുത്തി എല്ലാം ശരിയാക്കി മുന്നോട്ടുനീങ്ങാനുള്ള ആർജവവും വിശാലതയും പിണറായി സർക്കാർ കാണിച്ചില്ലെങ്കിൽ കൊമ്പന് പിറകെ മോഴയും എന്ന് ജനങ്ങൾ നിരാശപ്പെടുന്ന സ്ഥിതിയുളവാകുമെന്ന് തീർച്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.