ആശ്വാസകരമായ വിധി
text_fieldsആലുവയിൽ താമസിക്കുന്ന ബിഹാറുകാരായ അന്തർ സംസ്ഥാന തൊഴിലാളി ദമ്പതികളുടെ അഞ്ചുവയസ്സുകാരി കുഞ്ഞിനെ ജൂലൈ 28ന് വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കെ മിഠായി വാങ്ങിത്തരാമെന്നുപറഞ്ഞ് പ്രലോഭിപ്പിച്ച് കൊണ്ടുപോയി പൈശാചികമായി ബലാത്സംഗം ചെയ്തും ദേഹമാസകലം പരിക്കേൽപിച്ചും കൊന്നുകളഞ്ഞ ബിഹാർ സ്വദേശിയായ പ്രതി അസ്ഫാഖ് ആലമിന് വധശിക്ഷ വിധിച്ച കൊച്ചി പോക്സോ കോടതി ജഡ്ജി കെ. സോമന്റെ നടപടിയെ നാട് പരക്കെ സ്വാഗതം ചെയ്തത് തികച്ചും സ്വാഭാവികമാണ്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് ചൂണ്ടിക്കാട്ടിയ ന്യായാധിപൻ പ്രതി ഒരുവിധ ദയയും അർഹിക്കുന്നില്ലെന്നും അയാൾ സമൂഹത്തിനാകെ ഭീഷണിയാണെന്നും നിരീക്ഷിച്ചിട്ടുണ്ട്.
ചുമത്തപ്പെട്ട 13 വകുപ്പുകൾ പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ഓരോ വകുപ്പ് പ്രകാരവുമുള്ള ശിക്ഷയും വിധിച്ചിരിക്കുന്നു. ഐ.പി.സി 302ാം വകുപ്പുപ്രകാരം വധശിക്ഷയും പോക്സോ ആക്ട് പ്രകാരമുള്ളത് ഉൾപ്പെടെ മറ്റു അഞ്ചു കുറ്റങ്ങൾക്ക് ജീവപര്യന്തം തടവും വിധിയിൽ ഉറപ്പുവരുത്തിയതിനുപുറമെ ജീവപര്യന്തമെന്നാൽ ജീവിതാവസാനം വരെ എന്ന് പ്രത്യേകം നിഷ്കർഷിച്ചിട്ടുമുണ്ട്. പ്രതിയുടെ പ്രായം 28 ആണെന്ന കാര്യവും മാനസാന്തര സാധ്യതയും പരിഗണിച്ച് വധശിക്ഷ ഇളവുചെയ്യാൻ പ്രതിഭാഗം അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും അത്തരം ഇളവുകൾക്കൊന്നും കോടതി തയാറായിട്ടില്ല. ഡൽഹിയിൽ 10 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരുമാസം ജയിലിൽ കിടന്ന അസ്ഫാഖ് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നുവെന്നതും അയാൾ ലഹരിയുടെ അടിമയാണെന്നും ലൈംഗിക വൈകൃതങ്ങളിൽ അഭിരമിക്കുന്ന പ്രകൃതി അയാൾക്കുണ്ടെന്നതും പോക്സോ കോടതിയുടെ വിധിന്യായങ്ങളെ ബലപ്പെടുത്തുന്നു.
ഡൽഹിയിലെ വേദനജനകമായ ‘നിർഭയ സംഭവ’ത്തെ തുടർന്ന് സർക്കാർ കൊണ്ടുവന്ന പോക്സോ നിയമത്തിലൂടെ ബാലികമാർ പിച്ചിച്ചീന്തപ്പെടുന്ന കേസുകൾക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തിയിട്ടുണ്ടെന്നത് ശരിതന്നെ. പക്ഷേ, നിയമം പ്രാബല്യത്തിൽവന്ന് 11 വർഷം പിന്നിട്ടുവെങ്കിലും ഇളം പെൺ ഉടലുകളെ പൈശാചികമായി കാമപൂർത്തിക്കിരകളാക്കി ജീവൻ അപായപ്പെടുത്തുന്ന കൊടും ക്രൂരസംഭവങ്ങൾ രാജ്യത്താകെ പെരുകുകയേ ചെയ്തിട്ടുള്ളൂവെന്ന് ക്രൈം റെക്കോഡുകൾ വെളിപ്പെടുത്തുന്നു. പല കാരണങ്ങളിൽ പ്രധാനമായത് ലഹരി-മയക്കുമരുന്ന് ഉപയോഗം ഭയാനകമായി വർധിക്കുന്നതും പ്രതികളെ യഥാസമയം പിടികൂടുന്നതിൽ പൊലീസിനും അന്വേഷണ ഏജൻസികൾക്കും സംഭവിക്കുന്ന ഗുരുതരമായ വീഴ്ചകളും ശാസ്ത്രീയ തെളിവുകളുടെ അഭാവവും വിചാരണ പൂർത്തിയാക്കി വിധി പുറപ്പെടുവിക്കുന്നതിലെ അക്ഷന്തവ്യമായ കാലവിളംബവുമൊക്കെയാണ്.
കൈക്കൂലിയും ദുഃസ്വാധീനവും കേസുകളെ ദുർബലപ്പെടുത്തുന്നുവെന്ന സത്യവും അവശേഷിക്കുന്നു. അതുകൊണ്ടെല്ലാമാണ് ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ വേദനജനകമായ ദുർവിധി അനിതര സാധാരണമായ വേഗത്തിൽ അന്വേഷിച്ച് തുമ്പുണ്ടാക്കി കോടതിയിലെത്തിച്ച പൊലീസിന്റെയും അന്വേഷണ ഏജൻസിയുടെയും അതുല്യ സേവനത്തെ സംസ്ഥാന മുഖ്യമന്ത്രി ഉൾപ്പെടെ സർവരും മുക്തകണ്ഠം പ്രശംസിക്കുന്നത്. 110 ദിവസംകൊണ്ട് ദൗത്യം ഏറ്റവും കാര്യക്ഷമമായി നിർവഹിച്ച ഉദ്യോഗസ്ഥരുടെ ജാഗ്രത തുടരാൻ അവർക്കും അത് മാതൃകയാക്കാൻ രാജ്യത്തെ എല്ലാ ഉദ്യോഗസ്ഥർക്കും സാധിച്ചാൽതന്നെ അനുനിമിഷം ഉയരുന്ന കുറ്റകൃത്യങ്ങളുടെ ഗ്രാഫ് താഴോട്ടു കൊണ്ടുവരാൻ കഴിയുമെന്നതിൽ സംശയമില്ല.
അതേസമയം, കൃത്യം നടന്നതിന് ശേഷം കുറ്റവാളിയെ അന്വേഷിച്ച് കണ്ടെത്തി തെളിവുകൾ ശേഖരിച്ച് സാക്ഷികളെ ഹാജരാക്കുന്ന പ്രക്രിയ ആര് വിചാരിച്ചാലും അത്ര ലളിതമല്ലെന്ന് വ്യക്തം. കോടിക്കണക്കിൽ കേസുകൾ കോടതികളിൽ കെട്ടിക്കിടക്കുന്ന അവസ്ഥ പുറമെ. അതിനാൽ വേണ്ടത് പിഞ്ചോമനകളെ നിഷ്ഠുരമായി പീഡിപ്പിക്കുന്നതിനുപോലും മടിയോ മനസ്സാക്ഷിക്കുത്തോ ഇല്ലാത്ത ക്രിമിനലുകളെ സൃഷ്ടിക്കുന്നതിൽ നമ്മുടെ നിലവിലെ വിദ്യാഭ്യാസ-സാമൂഹിക-സാംസ്കാരിക വ്യവസ്ഥകളുടെയും അവസ്ഥകളുടെയും പങ്ക് യാഥാർഥ്യബോധത്തോടെ വിലയിരുത്തി പ്രതിവിധി കണ്ടെത്തുകയാണ്.
അസ് ഫാഖിന് ശിക്ഷ വിധിച്ചിരിക്കുന്നത് പോക്സോ കോടതിയാണ്. സ്വാഭാവികമായും അപ്പീൽ പ്രതീക്ഷിക്കണം. അന്നേരമാണ് വധശിക്ഷ നിർത്തലാക്കണമെന്നാവശ്യപ്പെടുന്നവരുടെ ഊഴം. എത്ര മാരക കുറ്റങ്ങൾ ചെയ്താലും കുറ്റകൃത്യം സാഹചര്യങ്ങളുടെ സ്വാഭാവിക ഫലമാണെന്ന് അംഗീകരിച്ച് കുറ്റവാളികൾക്ക് മാനസാന്തരത്തിന് അവസരം നൽകുന്നതാണ് നീതിയെന്ന് വാദിക്കുന്നവർ വിവരദോഷികളോ ക്രിമിനൽ ചിന്തയുള്ളവരോ അല്ല. പല രാജ്യങ്ങളിലും ഇതിനകം വധശിക്ഷ എടുത്തുകളഞ്ഞിട്ടുണ്ടുതാനും. നമ്മുടെ രാജ്യത്തും അതിനായി മുറവിളികളുയർന്നിട്ടുണ്ട്, ഇപ്പോഴും ഉയരുന്നുമുണ്ട്. പക്ഷേ, അപൂർവങ്ങളിൽ അപൂർവമായ കേസുകളിലെ പ്രതികൾക്കുമാത്രമാണ് നമ്മുടെ കോടതികൾ മരണശിക്ഷ വിധിക്കാറ്. വ്യക്തിയുടെ മാനസാന്തരസാധ്യതയേക്കാൾ സമൂഹത്തിന്റെ സുരക്ഷിത നിലനിൽപിനാണ് പ്രാധാന്യം നൽകേണ്ടതെന്ന മറുചിന്തയും അത്രതന്നെ പ്രസക്തമാണെന്നോർക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.