ഭരണത്തിലാവെട്ട ഭേദഗതി, ഭരണഘടനയിലല്ല
text_fieldsഇന്ത്യയുടെ ഭരണഘടനയും നിയമസംഹിതയും ഭാരതീയ ധർമചിന്തയുടെ അടിസ്ഥാനത്തിൽ ഭേദഗതി ചെയ്യണമെന്ന് ആർ.എസ്.എസ് സർസംഘ് ചാലക് മോഹൻ ഭാഗവത് നടത്തിയ പ്രസ്താവന സംഘ്പരിവാർ ഇന്ത്യയെ എങ്ങോട്ടു പോകുമെന്നതു സംബന്ധിച്ച് ഉയർന്ന ആശങ്കയെ ശരിവെക്കുന്നതാണ്. രാജ്യഭരണവും രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനവും കൈയിെലാതുക്കുകയും ജുഡീഷ്യറിയും എക്സിക്യൂട്ടീവും മാറ്റിപ്പണിയുന്ന പ്രവർത്തനങ്ങൾ തകൃതിയായി നടത്തിവരികയും ചെയ്യുന്ന സംഘ്പരിവാറിന് ഇനി ‘ശരിയാക്കാനുള്ളത്’ ഭരണഘടനയാണെന്നത് നേരത്തേ വ്യക്തമായതാണ്. അതിനു അടിവരയിടുകയായിരുന്നു കഴിഞ്ഞ ഞായറാഴ്ച ഹൈദരാബാദിൽ സംഘി അഭിഭാഷകസംഘടനയായ അഖില ഭാരതീയ അധിവക്ത പരിഷതിെൻറ രജതജൂബിലി സമ്മേളനത്തിെൻറ സമാപനത്തിൽ മോഹൻ ഭാഗവത് ചെയ്ത പ്രസംഗം. ‘നമ്മുടെ ഭരണഘടന പൂർവീകരുടെ ഭാരതീയ ധർമചിന്തയെ സംബന്ധിച്ച ധാരണയോടെയാണ്. എന്നാൽ ഇന്നും നമ്മൾ ഉപയോഗിക്കുന്ന നിയമങ്ങളധികവും വിദേശസ്രോതസ്സുകളെ ആസ്പദിച്ചും അവരുടെ ചിന്തക്കനുസരിച്ചുമുള്ളതാണ്. സ്വാതന്ത്ര്യം നേടി ഏഴു പതിറ്റാണ്ട് പിന്നിട്ടിട്ടും തുടരുന്ന സ്ഥിതിവിശേഷത്തിനു മാറ്റം വരണമെന്നാണ് അദ്ദേഹത്തിെൻറ പക്ഷം. ഇക്കാര്യത്തിൽ സമഗ്രമായ ദേശീയസംവാദത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് അദ്ദേഹം. ഭരണഘടനയിൽ എന്താണ് വിദേശീയം എന്നോ, ഭാരതീയ ധർമചിന്ത കൊണ്ട് ലക്ഷ്യമിട്ടതെന്തെന്നോ ഒന്നും അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഭരണഘടനക്കെതിരെ നേരത്തേയും രംഗത്തുവന്നിട്ടുള്ള ഹിന്ദുത്വവംശീയവാദികൾ അത് മാറ്റിപ്പണിയാൻ ഉദ്ദേശിക്കുന്നത് ആയിരക്കണക്കിനു വർഷങ്ങൾക്കപ്പുറത്തെ ഹിന്ദുവേദങ്ങളുടെയും ഇതിഹാസങ്ങളുടെയും ചുവടുപിടിച്ചാണെന്ന് മുേമ്പ വ്യക്തമാക്കിയതാണ്. ഇപ്പോൾ സംഘ്ചാലക് മുന്നോട്ടുവെക്കുന്ന ഭാരതീയ ധർമചിന്തയുടെ അർഥവും മറ്റൊന്നല്ല. നീതിന്യായവ്യവസ്ഥയെ നിയമത്തിനു പകരം ധർമത്തിെൻറ അടിസ്ഥാനത്തിലാണ് പരിഷ്കരിക്കേണ്ടതെന്നും അദ്ദേഹം പറയുന്നു.
രണ്ടു വർഷവും 11 മാസവും 18 ദിവസവുമെടുത്ത് ഇന്ത്യയുടെ ഭരണഘടന തയാറാക്കാൻ മഹാന്മാരായ പൂർവികർ എടുത്ത അധ്വാനം ഭാരിച്ചതാണ്. 22 ഭാഗങ്ങളായി 444 അനുഛേദങ്ങളും 12 ഷെഡ്യൂളുകളും 118 ഭേദഗതികളും 1,46,385 വാക്കുകളുമായി ലോകത്തെ ഏറ്റവും കിടയറ്റ നിയമസംഹിതകളിലൊന്നായി ഇതു തയാറാക്കുന്നതിന് അക്ഷരംപ്രതി കൂലങ്കശമായ കൂടിയാലോചനകൾ നടന്നതായി ഭരണഘടനയുടെ ചരിത്രം വെളിപ്പെടുത്തുന്നു.
ലോകത്തെ പുരോഗമനാത്മക ഭരണഘടന എന്നു പറയുേമ്പാൾ തന്നെ കാലാനുക്രമമായ പരിഷ്കരണം അതിൽ പാടില്ലെന്നു പറയുന്നതിൽ കഴമ്പില്ല. എന്നല്ല, ഭരണഘടന തന്നെ, പൗരാവകാശങ്ങൾക്ക് സുരക്ഷയൊരുക്കി, അത് ഭേദഗതി ചെയ്യാനുള്ള അവകാശം 368ാം അനുഛേദത്തിൽ നൽകുന്നുണ്ട്. ആർട്ടിക്ക്ൾ 32, 136, 226, 227 എന്നിവയനുസരിച്ച് കോടതിക്കും നിയമസംഹിതയുടെ പുനരവലോകത്തിനുള്ള അവസരമൊരുക്കി. അടിയന്തരാവസ്ഥയിൽ ഇന്ദിരഗാന്ധി അധികാരം അരക്കിട്ടുറപ്പിക്കാൻ ഭരണഘടന ഭേദഗതിക്കു മുതിർന്നു. പ്രതിപക്ഷനിരയിലെ മിക്കവരും ജയിലിലായിരിക്കെ കൈവന്ന പാർലമെൻറിലെ ഭൂരിപക്ഷത്തിലൂടെ രാജ്യത്തിെൻറ തലക്കെട്ടിൽ അവർ ‘സോഷ്യലിസം, മതേതരത്വം’ എഴുതിച്ചേർത്തു. എന്നാൽ ഭരണഘടനയുടെ ‘മൗലികഘടന’യെ പൊളിക്കുന്ന ഭേദഗതി നടത്തരുതെന്ന് സുപ്രീംകോടതി കർശനമായി ഇടപെട്ടു. ജനാധിപത്യ റിപ്പബ്ലിക് ആയ ഇന്ത്യ ആ അടിസ്ഥാനഭാവത്തിന് ഉൗനം തട്ടുന്നതൊന്നും ചെയ്യരുതെന്ന് കോടതി വിലക്കി. ജനാധിപത്യത്തിൽ ഭൂരിപക്ഷത്തിനാണ് സ്ഥാനം. ഭൂരിപക്ഷാധിപത്യത്തിനു മുന്നിൽ ന്യൂനപക്ഷാവകാശങ്ങൾ ഹനിക്കപ്പെടാനുമിടയുണ്ട്. എന്നാൽ അവിടെ പ്രതിരോധം തീർക്കുന്നത് ഇന്ത്യയുടെ റിപ്പബ്ലിക് ഗുണമാണ്. നിയമത്തിന് ആരും അതീതരല്ലെന്നതാണ് റിപ്പബ്ലിക്കിെൻറ മുഖമുദ്ര. ഒാരോ പൗരെൻറയും താൽപര്യങ്ങളെ ജാതി, മത, വംശ, ലിംഗഭേദങ്ങൾക്കതീതമായി തുല്യനിലയിൽ മാനിക്കുവാൻ അത് ബാധ്യസ്ഥമാണ്.
വിദേശീയമായതിനെ മാറ്റി സ്വദേശിവത്കരിക്കണം ഭരണഘടനയെന്നും അത് ഭാരതീയ ധർമചിന്തയെ സമ്പൂർണമായി പ്രതിനിധാനം ചെയ്യണമെന്നും പറയുേമ്പാൾ ആർ.എസ്.എസ് ആചാര്യൻ ഉദ്ദേശിക്കുന്നത് ഹിന്ദുത്വവാദികളുടെ സവർണ വംശീയഭരണക്രമത്തിനുതകുന്ന തരത്തിൽ ഭരണഘടന പൊളിച്ചെഴുതണമെന്നാണ്. നിയമത്തിനു പകരം ധർമമായിരിക്കണം ഭരണഘടനക്ക് ആധാരം എന്ന പ്രസ്താവനയിൽ ഏതു ധർമം എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ലെങ്കിലും ആർ.എസ്.എസ് മുന്നോട്ടുവെക്കുന്ന ജനതയെ വിവിധ തരത്തിലേക്ക് വിഭജിക്കുന്ന പൗരാണികനിയമങ്ങളിലേക്കാണ് അദ്ദേഹം വിരൽ ചൂണ്ടുന്നത്. ബ്രിട്ടീഷ് കാല നിയമങ്ങൾ പഴഞ്ചനായതിനാലാണ് അത് മാറ്റാനുള്ള തിടുക്കം. പകരം വെക്കുന്നതോ, അതിലും ആയിരക്കണക്കിനു വർഷങ്ങൾ പിറകിലുള്ള കാൽപനിക തത്ത്വങ്ങളും! പറച്ചിലിനപ്പുറം ഭരണഘടനക്കോ ഭരണക്രമത്തിനോ പകരം വെക്കാൻ സംഘ്ചാലകിനു മുമ്പിൽ ഒന്നുമില്ലെന്ന് ഇതിനകം രാജ്യത്തെ പല പ്രമുഖ സ്ഥാപനങ്ങളുടെയും മേധാവികളായി സംഘ്പരിവാർ വാഴിച്ചവർ വിളമ്പുന്ന വിവരക്കേടുകൾ കേട്ടാലറിയാം. വിദേശീയമായതിനോടു വിരക്തി പുലർത്തുന്ന ഇൗ പ്രസ്താവനയിൽ വല്ല കഴമ്പുമുണ്ടെങ്കിൽ ഇന്ത്യയെ സാമ്പത്തികമായി വിദേശികൾക്കും അവരുടെ താൽപര്യസംരക്ഷണത്തിനും പണയപ്പെടുത്തിക്കൊടുക്കുന്ന മോദി ഭരണത്തെ സ്വദേശി ധർമചിന്തയുടെ നേർവഴിക്ക് നയിക്കാൻ ശ്രമിക്കുമോ? വൻഭൂരിപക്ഷത്തിെൻറ ബലമൊത്തിട്ടും പടിഞ്ഞാറൻ മുതലാളിത്തക്രമത്തെ ചാണിനു ചാണായി പിന്തുടരാൻ മാത്രമേ നരേന്ദ്രമോദിയുടെ ബി.ജെ.പി സർക്കാറിനു കഴിയുന്നുള്ളൂ. മൻമോഹൻസിങ് നടപ്പാക്കിയ മുതലാളിത്തപരിഷ്കരണങ്ങളുടെ പിന്തുടർച്ചക്കാരനായി അതിലുമെത്രയോ അതിവേഗത്തിൽ രാജ്യത്തെ കുത്തുപാളയെടുപ്പിക്കുന്നതിലേക്കാണ് മോദിയുടെ പോക്ക്. ഭരണഘടനയുടെ കുഴപ്പമല്ല; ഭരണമറിയാത്തതിെൻറ പിഴയാണ് മോദി സർക്കാർ ഒടുക്കിക്കൊണ്ടിരിക്കുന്നതെന്നിരിക്കെ, അതു ശരിപ്പെടുത്താനാവെട്ട സർസംഘ് ചാലകിെൻറ ആദ്യശ്രമം. കുട്ടിച്ചോറാക്കിയ ഭരണത്തെ കാര്യഗൗരവത്തിൽ മാറ്റിപ്പണിതാകാം ഭരണഘടനയിൽ തൊട്ടുകളിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.