പ്രതിക്കൂട്ടിൽ നിർത്താൻ അമേരിക്കയും
text_fieldsചുറ്റുവട്ട വിദേശരാജ്യങ്ങളുമായുള്ള നയതന്ത്രബന്ധത്തിൽ വിള്ളലുകൾ വീഴുകയോ അറ്റുപോയ ബന്ധങ്ങൾ വിളക്കിച്ചേർക്കുന്നതിൽ പരാജയപ്പെടുകയോ ചെയ്യുമ്പോഴും അമേരിക്കയടക്കമുള്ള പടിഞ്ഞാറൻ രാജ്യങ്ങളുമായുള്ള ഉറ്റ ബന്ധത്തിന്‍റെ പേരുപറഞ്ഞാണ് ബി.ജെ.പിയുടെ കേന്ദ്രഭരണകൂടം ഊറ്റം കൊള്ളാറുള്ളത്. പാശ്ചാത്യ മുതലാളിത്ത രാജ്യത്തലവന്മാർക്ക് ആതിഥ്യമരുളിയും അവരുടെ ആതിഥേയത്വം സ്വീകരിച്ചും സഹസ്രകോടികളുടെ പ്രതിരോധ, വാണിജ്യ കരാറുകളിലേർപ്പെട്ടും ആ ബന്ധത്തിന്‍റെ ആഴവും പരപ്പും രാജ്യത്തിനു മുന്നിൽ ബോധ്യപ്പെടുത്താനുള്ള എല്ലാ ശ്രമവും കേന്ദ്രത്തിലെ മോദിസർക്കാർ നടത്തിവരുന്നുമുണ്ട്.
ഭരണത്തിന്‍റെ പതിവുകളായിക്കണ്ട് മുൻ ഭരണകൂടങ്ങൾ നിർവഹിച്ചുപോന്ന പലതും അന്തർദേശീയതലത്തിൽ ഇന്ത്യയുടെ കേമത്തം ഉയർത്തുന്ന നവീന പരിപാടികളായാണ് കേന്ദ്ര സർക്കാർ അവതരിപ്പിക്കുന്നത്. ലോകം നമ്മെ ഉറ്റുനോക്കുകയാണെന്നും അടുത്ത സൂപ്പർ പവർ ഇന്ത്യയാണെന്നും ലോകത്തിനു മുന്നിൽ രാഷ്ട്രം വിശ്വഗുരുവായി മാറിയെന്നുമൊക്കെയുള്ള അവകാശവാദങ്ങൾ പ്രചണ്ഡമായ പ്രചാരവേലകളായി ഭരണകൂടം നടത്തിവരുന്നുമുണ്ട്. എന്നാൽ, പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളുമായുള്ള ചങ്ങാത്തവും ഏകപക്ഷീയ വെച്ചുകെട്ടലിനപ്പുറം മുന്നോട്ടുപോകുന്നില്ല എന്നാണ് അന്തർദേശീയ രംഗത്ത് വന്നുകൊണ്ടിരിക്കുന്ന തിരിച്ചടികൾ സൂചിപ്പിക്കുന്നത്.
ഈ വർഷം ജൂൺ 18ന് ഇന്ത്യയുടെ ഭീകരപ്പട്ടികയിൽ ഉൾപ്പെട്ട ഖാലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യയെ പ്രതിക്കൂട്ടിൽ നിർത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ നടപടി ഇന്ത്യയെ ശക്തമായ മറുനീക്കത്തിന് നിർബന്ധിച്ചു. നിജ്ജർ വധത്തിൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് പങ്കുണ്ട് എന്ന ട്രൂഡോയുടെ വെളിപ്പെടുത്തൽ രാജ്യത്തെ ഞെട്ടിച്ചു. ഉഭയകക്ഷി വ്യാപാര, വാണിജ്യ, കുടിയേറ്റ ബന്ധങ്ങൾ ശക്തമായ കാനഡയുമായുള്ള ബന്ധം ഇന്ത്യ മരവിപ്പിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ മുറിച്ചിട്ട ബന്ധം വീണ്ടും കരുപ്പിടിപ്പിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ ഏകപക്ഷീയമായി പുനരാരംഭിച്ചുവരുകയായിരുന്നു.
അതിനിടെയാണ് കഴിഞ്ഞദിവസം മറ്റൊരു ഖാലിസ്താൻ നേതാവിനെതിരായ വധശ്രമത്തിൽ ഇന്ത്യയുടെ നയതന്ത്ര ദൗത്യത്തിനെതിരെ അമേരിക്ക വിരൽചൂണ്ടിയിരിക്കുന്നത്. ന്യൂയോർക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘സിഖ്സ് ഫോർ ജസ്റ്റിസ്’എന്ന സിഖ് വിഘടനവാദി സംഘടനയുടെ നേതാവ് ഗുർപട്വന്ത് പന്നൂനിനെ കൊലപ്പെടുത്താൻ ഇന്ത്യൻ രഹസ്യാന്വേഷണ/ സുരക്ഷ ഉദ്യോഗസ്ഥൻ ഇന്ത്യക്കാരനായ നിഖിൽ ഗുപ്തയെ വാടകക്കെടുത്തു എന്ന അതിഗുരുതരമായ ആരോപണമാണ് അമേരിക്ക ഉന്നയിച്ചിരിക്കുന്നത്.
നേരത്തേ കനേഡിയൻ പ്രധാനമന്ത്രി ചെയ്തതുപോലെ ആരോപണം ഉന്നയിക്കുകയല്ല, ഇന്ത്യൻ ഉദ്യോഗസ്ഥനെ പ്രതിയാക്കി അമേരിക്കയുടെ ജസ്റ്റിസ് ഡിപ്പാർട്മെന്‍റ്, ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.ഐ), യു.എസ് ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷൻ (ഡി.ഇ.എ) എന്നീ മൂന്ന് ഏജൻസികളും അമേരിക്കൻ ഭരണകൂടത്തിന് തെളിവുകൾ കൈമാറിയിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. ‘അന്തർദേശീയ മയക്കുമരുന്ന് കടത്തുകാരൻ’ എന്ന് യു.എസ് ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷൻ (ഡി.ഇ.എ) മുദ്രകുത്തിയ ഗുപ്തയെ കഴിഞ്ഞ ജൂണിൽ അമേരിക്കൻ ആവശ്യപ്രകാരം ചെക്ക് റിപ്പബ്ലിക്കിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏറ്റവും പ്രബലമായ മൂന്ന് ഏജൻസികളും അംഗീകരിച്ച റിപ്പോർട്ടിനെ വിശ്വസനീയമായാണ് അമേരിക്ക കരുതുന്നത്. നേരത്തേ കനേഡിയൻ പ്രസിഡന്‍റ് വിശ്വസനീയമായ തെളിവുണ്ടെന്ന് പറഞ്ഞത് ഇക്കാര്യം മുന്നിൽ വെച്ചാണോ എന്ന ചർച്ച ഉയർന്നുകഴിഞ്ഞു.
രാജ്യത്ത് വലിയ ദുരന്തങ്ങൾക്ക് നിമിത്തമാകുകയും ഇപ്പോഴും ഭീഷണി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതുമായ ഖാലിസ്ഥാൻ വിഘടനവാദത്തിന് ഇന്ത്യ അതിന്‍റെ രാഷ്ട്രാന്തരീയ ബന്ധങ്ങൾകൂടി വിലയായി നൽകേണ്ടിവരുന്ന ദുരവസ്ഥയാണിപ്പോൾ വന്നുപെട്ടിരിക്കുന്നത്. ഖാലിസ്താൻ ഭീകരവാദികൾക്ക് ഇന്ത്യവിരുദ്ധ പ്രവർത്തനങ്ങൾ നിർബാധം നടത്താൻ സ്വാതന്ത്ര്യം നൽകുക മാത്രമല്ല, വിഘടനവാദികൾ നേരിടുന്ന അത്യാഹിതങ്ങൾക്ക് ഇന്ത്യയെ പഴിചാരുക കൂടിയാണിപ്പോൾ പാശ്ചാത്യരാജ്യങ്ങളുടെ രീതി.
ഖാലിസ്താൻ തീവ്രവാദവുമായി ബന്ധപ്പെട്ട് ആവർത്തിച്ച ദുരനുഭവങ്ങളുടെ വെളിച്ചത്തിൽ ഇന്ത്യ ഉന്നയിക്കുന്ന വിഷയങ്ങൾ അർഹിക്കുന്ന ഗൗരവത്തിലെടുക്കാൻ കാനഡ, അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ തയാറാകുന്നില്ല. ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള വിഘടനവാദിശ്രമങ്ങൾക്ക് തടയിടാനുള്ള നയതന്ത്രസമ്മർദം സ്വരൂപിക്കുന്നതിൽ മോദി ഗവൺമെന്‍റിന് വിജയിക്കാനാകുന്നില്ല. കാനഡയുടെ ആരോപണം നിലനിൽക്കെത്തന്നെയാണ് ഏതാണ്ട് രണ്ടു മാസം മുമ്പ് ഇന്ത്യ നിർത്തിവെച്ച ഇലക്ട്രോണിക് വിസ സേവനം ഈ നവംബർ 22ന് പുനരാരംഭിച്ചത്.
ഇപ്പോൾ അമേരിക്കയുടെ വെളിപ്പെടുത്തലിനെ പിന്തുണക്കുന്ന വിധത്തിലാണ് കാനഡ, ബ്രിട്ടൻ, ആസ്ട്രേലിയ എന്നീ ഇന്ത്യയുടെ ഉറ്റ മിത്രങ്ങളെന്നു കരുതുന്നവർ തന്നെ മുന്നോട്ടുവന്നിരിക്കുന്നത്. രാജ്യത്തെ ശിഥിലീകരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് സ്വന്തം മണ്ണിൽ അവസരമൊരുക്കുകയും അവിടങ്ങളിലെ നിഗൂഢ കൊലപാതകങ്ങളുടെ പേരിൽ ഇന്ത്യയെ പ്രതിക്കൂട്ടിൽ നിർത്തുകയുംചെയ്യുന്ന പാശ്ചാത്യരാജ്യങ്ങളുടെ നിലപാടിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ലോകത്തിനു മുന്നിലെ ഇന്ത്യയുടെ സ്ഥാനം. അനുയായികളെ അണിനിരത്തിയുള്ള പാർട്ടി മാമാങ്കങ്ങളിലല്ല, കരുതലോടെയുള്ള നയതന്ത്രനീക്കങ്ങളിലാണ് വിദേശങ്ങളിൽ ഇന്ത്യ തെളിഞ്ഞും ഞെളിഞ്ഞും നിൽക്കേണ്ടത്. അതിനു കഴിയുമോ എന്ന പരീക്ഷണത്തെയാണ് ഇപ്പോൾ മോദിസർക്കാർ അഭിമുഖീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.