അമേരിക്ക സ്വയം ഒറ്റപ്പെടുത്തുന്നു
text_fieldsെഎക്യരാഷ്ട്രസഭയുടെ പൊതുസഭ യു.എസിെൻറ ജറൂസലം പ്രഖ്യാപനം തള്ളിയതോടെ അമേരിക്കയുടെ ഒറ്റപ്പെടലിന് ഒന്നുകൂടി ആഴംകൂടി. വിരട്ടലും പണംകാട്ടിയുള്ള പ്രലോഭനവുമായി സ്വയം പരിഹാസ്യരായ അമേരിക്ക, ബഹുഭൂരിപക്ഷം രാജ്യങ്ങൾ പുലർത്തിയ ന്യായബോധത്തിെൻറ പ്രഹരം ഏറ്റുവാങ്ങുകയായിരുന്നു. ഇസ്രായേലിെൻറ തലസ്ഥാനമായി ജറൂസലമിനെ അംഗീകരിക്കാനും യു.എസ് എംബസി അങ്ങോട്ടു മാറ്റാനുമുള്ള പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ പ്രഖ്യാപനം ലോകത്തെങ്ങുനിന്നുമുള്ള എതിർപ്പ് ഏറ്റുവാങ്ങി. രക്ഷാസമിതിയിൽ അതിനെതിരായി ഇൗജിപ്ത് കൊണ്ടുവന്ന പ്രമേയത്തെ യു.എസ് ഒഴിച്ചുള്ള 14 രാജ്യങ്ങളും അനുകൂലിക്കുകയാണുണ്ടായത്. ഒടുവിൽ വീറ്റോ എന്ന അന്യായമായ ആയുധമുപയോഗിച്ച് അമേരിക്ക മാനം കാക്കുകയായിരുന്നു. തുടർന്നാണ് പൊതുസഭയിൽ യമനും തുർക്കിയും അമേരിക്കൻ തീരുമാനത്തിനെതിരെ പ്രമേയം കൊണ്ടുവന്നതും പൊതുസഭ അടിയന്തര യോഗം ചേർന്ന് അത് വോട്ടിനിട്ടതും. 128 രാജ്യങ്ങൾ പ്രമേയത്തെ പിന്താങ്ങി; 35 എണ്ണം വിട്ടുനിന്നു; ഒമ്പതെണ്ണം എതിർത്തു. വോട്ടിങ്ങിനുമുമ്പ് തുറന്ന ഭീഷണിയും പ്രലോഭനവുമായി അമേരിക്ക രംഗത്തുവന്നിരുന്നു. ട്രംപും യു.എന്നിലെ യു.എസ് അംബാസഡർ നിക്കി ഹാലിയും പരസ്യമായിത്തന്നെ സമ്മർദതന്ത്രങ്ങളിറക്കി. ഇതെല്ലാം മറികടന്നാണ് ഭൂരിപക്ഷം രാജ്യങ്ങൾ യു.എസിെൻറ നിയമലംഘനത്തെ തുറന്നെതിർത്തത്. യു.എൻ അതിെൻറ പ്രസക്തി തെളിയിച്ച സന്ദർഭങ്ങളിൽ ഒന്നാണിതെന്ന് പറയാം. 2012ൽ ഫലസ്തീന് യു.എന്നിൽ ‘അനംഗരാഷ്ട്ര’ (നോൺ മെംബർ സ്റ്റേറ്റ്) പദവി നൽകാൻ തീരുമാനിച്ചപ്പോൾ 138 രാജ്യങ്ങൾ അതിനെ അനുകൂലിച്ചിരുന്നു. അന്നെന്നേപാലെ ഇക്കുറിയും ഫലസ്തീനിെൻറ ന്യായമായ അവകാശങ്ങൾക്കുവേണ്ടി നിലകൊണ്ട് ഇന്ത്യ അതിെൻറ മാന്യതയും വിശ്വസ്തതയും കാത്തുസൂക്ഷിച്ചു. പ്രമേയത്തെ എതിർത്തവർക്കോ വോെട്ടടുപ്പിൽനിന്ന് വിട്ടുനിന്നവർക്കോ അവരുടെ നിലപാടിന് ന്യായം പറയാനില്ല എന്നതും വ്യക്തമായി -അമേരിക്കയെ അനുസരിക്കുക എന്നതുമാത്രമാണ് അവരുടെ ‘സ്വതന്ത്ര’ നിലപാടെന്നുവേണം കരുതാൻ.
അമേരിക്കക്കും ട്രംപ് ഭരണകൂടത്തിനും അന്താരാഷ്ട്ര സമൂഹം നൽകിയ തിരിച്ചടി ചെറുതല്ല. പ്രമേയം രക്ഷാസമിതി പാസാക്കിയിരുന്നെങ്കിൽ എല്ലാവർക്കും ബാധകമാകുമായിരുന്നു. എന്നാൽ, പൊതുസഭയുടേതാകുേമ്പാൾ തീരുമാനം നടപ്പാക്കാനുള്ള ബാധ്യതയില്ല. എങ്കിൽപോലും യു.എസിന് മുമ്പില്ലാത്ത വിധത്തിലുള്ള ഒറ്റപ്പെടലാണ് ഉണ്ടായിരിക്കുന്നത്. യു.എസ് പെെട്ടന്നൊരു ലക്കുകെട്ട തീരുമാനമെടുക്കുക, എന്നിട്ട് അതിനെ പിന്താങ്ങാത്തവരുടെ പേര് കുറിച്ചുവെക്കുമെന്ന് നിക്കി ഹാലി ഭീഷണിപ്പെടുത്തുക, ഞങ്ങളുടെ സഹായം വാങ്ങുന്നവർ ഞങ്ങൾ പറയുന്നത് അനുസരിക്കണമെന്ന് ട്രംപ് ആജ്ഞ പുറപ്പെടുവിക്കുക -യു.എസ് എന്ന ‘വൻ ശക്തി’ ധാർമികമായി എത്രത്തോളം അധഃപതിച്ചു എന്നതിെൻറ തെളിവ് അവരുടെ നാക്കിൽനിന്നുതന്നെ പുറത്തുവന്നിരിക്കുന്നു. ‘പേര് കുറിച്ചിടുന്ന നിക്കി ഹാലിയുടെ ആ പുസ്തകത്തിൽ ഞങ്ങളുടെ പേര് ആദ്യം എഴുതിക്കൊള്ളൂ; ആ ബഹുമതി ഞങ്ങൾക്കു വേണം’ എന്നു പറഞ്ഞ ബൊളീവിയ പ്രതിനിധിയും ജനാധിപത്യ രാഷ്ട്രങ്ങളുടെ അന്തസ്സും പരമാധികാരവും വിൽപനക്കു വെച്ചിട്ടില്ലെന്നു പ്രഖ്യാപിച്ച തുർക്കി പ്രസിഡൻറുമൊക്കെ ട്രംപിെൻറ അഹന്തക്ക് മുറിവേൽപിക്കുക മാത്രമല്ല, അന്താരാഷ്ട്ര നിയമങ്ങൾ ഉയർത്തിപ്പിടിക്കുകയുമാണ് ചെയ്തത്. ഫലസ്തീനോട് എപ്പോഴും െഎക്യം പുലർത്താത്ത ചില രാജ്യങ്ങൾ ഇത്തവണ യു.എസിനെ എതിർത്തത് അന്താരാഷ്ട്ര തലത്തിൽ നിയമവാഴ്ചക്കുവേണ്ടിയാണ്. ട്രംപ് പറയുന്നതല്ല നിയമം -രാജ്യങ്ങൾ തമ്മിൽ ചർച്ച വഴി ഉണ്ടാക്കുന്ന ധാരണകളാണ്. ജറൂസലമിലെ കുടിയേറ്റവും അധിനിവേശവും നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കുന്ന പ്രമേയങ്ങൾതന്നെ യു.എൻ നിരവധി തവണ പാസാക്കിയിട്ടുണ്ട്. അതൊന്നും തങ്ങൾക്ക് ബാധകമല്ലെന്നാണ് ഇസ്രായേലിെൻറ നിലപാട്. ആ രാജ്യം പരസ്യമായി ലംഘിച്ചിട്ടുള്ള അന്താരാഷ്ട്ര നിയമങ്ങൾ 67 എണ്ണം വരും. യു.എൻ രക്ഷാസമിതി മാത്രം ഇസ്രായേലിെൻറ നിയമലംഘനങ്ങൾക്കെതിരെ 15 പ്രമേയങ്ങൾ പാസാക്കിയിട്ടുണ്ട്. ജറൂസലമിെൻറ പദവി മാറ്റരുതെന്ന കഴിഞ്ഞ കൊല്ലത്തേതടക്കമുള്ള പ്രമേയങ്ങൾ അമേരിക്കക്കും ബാധകമാണ്. നിയമമൊക്കെ അവഗണിക്കുക, സയണിസ്റ്റ് രാഷ്ട്രത്തിനുവേണ്ടി അമേരിക്ക നിർദേശിക്കുന്നത് അനുസരിക്കുക എന്ന ധാർഷ്ട്യത്തിന് മറുപടി നൽകേണ്ടിയിരുന്നത് മറ്റെല്ലാ രാജ്യങ്ങളും ചേർന്നായിരുന്നു. നിർഭാഗ്യവശാൽ ഇക്കാര്യത്തിൽപോലും നിലപാടില്ലാതെ മാറിനിൽക്കാൻ കാനഡയും ആസ്ട്രേലിയയും അടക്കമുള്ളവർക്ക് കഴിഞ്ഞു. ഇൗ നിലപാടില്ലായ്മ തന്നെ ലോകത്തിെൻറ ദുര്യോഗം. യു.എസിനും ഇസ്രായേലിനും അനുകൂലമായി നിലകൊണ്ട മറ്റ് ഏഴു രാജ്യങ്ങൾ ഏറക്കുറെ ഭൂപടത്തിലെ നിറമില്ലാസാന്നിധ്യങ്ങൾ മാത്രമാണ്.
യു.എസിെൻറ വായാടിത്തം എത്ര പൊള്ളയാണെന്നുകൂടി ലോകം അറിയുന്നുണ്ടാകണം. സഹായധനം വേണമെങ്കിൽ ഞങ്ങൾക്കു വഴങ്ങണമെന്ന് വിരട്ടി മണിക്കൂറുകൾക്കുള്ളിൽ യു.എസ് വിദേശകാര്യ വകുപ്പ് വക്താവ് അത് മയപ്പെടുത്തിയത്, യു.എസിനെ മറ്റുള്ളവർക്ക് ആവശ്യമുള്ളതിനേക്കാൾ മറ്റുള്ളവരെ യു.എസിനാണ് ആവശ്യമെന്ന് തിരിച്ചറിഞ്ഞാവണം. ഒന്നാമത്, മറ്റു പല രാജ്യങ്ങളുമായി തട്ടിച്ചാൽ യു.എസ് നൽകുന്ന സഹായം വളരെയേറെയില്ല. ജനസംഖ്യയിൽ യു.എസിെൻറ നാലിലൊന്നു വരുന്ന ജർമനിയും അഞ്ചിലൊന്നു വരുന്ന ബ്രിട്ടനും ഏതാണ്ട് യു.എസിെൻറ അത്രതന്നെ സഹായധനം വിതരണം ചെയ്യുന്നുണ്ട്. യു.എസ് നൽകുന്ന സഹായമാകെട്ട കൂടുതലും അതത് രാജ്യങ്ങളിലെ കോർപറേറ്റുകൾക്കുള്ളതാണ്. ഇൗജിപ്തിന് വലിയ സഹായം നൽകുന്നുണ്ട് -ഫലസ്തീൻ വിഷയത്തിൽ ആ നാടിെൻറ താങ്ങ് കിട്ടാൻ വേണ്ടി മാത്രമല്ല, യു.എസ് ആയുധനിർമാണ കമ്പനികൾക്ക് ലാഭമുണ്ടാക്കുന്ന സൈനിക സഹായമായിട്ടും. ഇത്തരം കാര്യങ്ങൾ തിരിച്ചറിയാൻ മറ്റു രാജ്യങ്ങൾക്ക് യു.എസിെൻറ ജറൂസലം തീരുമാനം സഹായകമായിട്ടുണ്ട്. യഥാർഥ ഭീഷണി ഇപ്പോൾ യു.എസിനാണ് -വിശ്വാസ്യത ഇല്ലാതായി, മുമ്പില്ലാത്ത ഒറ്റപ്പെടലിലേക്ക് നീങ്ങുകയാണ് ആ രാജ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.