അമിത് ഷായുടെ ആക്രോശം
text_fieldsകണ്ണൂരിൽ ബി.ജെ.പി ജില്ല ഒാഫിസിെൻറ ഉദ്ഘാടനം നിർവഹിച്ച് പാർട്ടി അധ്യക്ഷൻ അമിത് ഷാ നടത്തിയ പ്രസ്താവന രാജ്യത്തെ മൊത്തം അമ്പരപ്പിച്ചത് സ്വാഭാവികം. ശബരിമല ക്ഷേത്രത്തിൽ യുവതി പ്രവേശനത്തിന് നിർദേശം നൽകിയ സുപ്രീംകോടതിയെയും അത് നടപ്പാക്കാൻ നടപടി സ്വീകരിച്ച സംസ്ഥാന ഭരണകൂടത്തെയും വിരട്ടുന്നതായിരുന്നു കേന്ദ്രസർക്കാറിനെ നയിക്കുന്ന പാർട്ടിയുടെ അഖിലേന്ത്യ അധ്യക്ഷെൻറ പ്രസംഗം. നടപ്പാക്കാനാവുന്ന വിധിയേ കോടതി പുറപ്പെടുവിക്കാവൂ എന്നും ജനങ്ങളുടെ വിശ്വാസം തകർക്കുന്ന ഉത്തരവുകൾ നൽകരുതെന്നുമായിരുന്നു അദ്ദേഹത്തിെൻറ തീട്ടൂരം. കോടതിവിധി നടപ്പാക്കാൻ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ചാൽ വലിച്ചു താഴെയിറക്കുമെന്നായിരുന്നു സംസ്ഥാന ഭരണകൂടത്തിനുള്ള താക്കീത്. രാജ്യത്തെ ജനാധിപത്യസംവിധാനങ്ങൾക്കു നേരെയുള്ള അമിത് ഷായുടെ കണ്ണുരുട്ടൽ രാഷ്ട്രീയനേതാവിെൻറ സാന്ദർഭികമായ വികാരവിക്ഷോഭമായി കാണാനാവില്ല. രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന വിഷയത്തിൽ അദ്ദേഹം നടത്തിയ അഭിപ്രായപ്രകടനം തെൻറ പാർട്ടിയുടെ ആലോചിച്ചുറച്ച ചില തീരുമാനങ്ങളുടെ ഭാഗമാെണന്ന് അതിന് അകമ്പടിയെന്നോണം പാർട്ടിയുടെയും സംഘ്പരിവാറിെൻറയും ദേശീയ നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ തെളിയിക്കുന്നു.
ശബരിമല വിഷയത്തിൽ സംഘ്പരിവാർ നടത്തിയ മലക്കംമറിച്ചിൽ എല്ലാവരുടെയും മുന്നിലുണ്ട്. അയ്യപ്പദർശനത്തിന് പ്രായ, ലിംഗ ഭേദമന്യേ എല്ലാവർക്കും അനുമതി വേണമെന്ന തുറന്നവാദമായിരുന്നു ആർ.എസ്.എസിനും പരിവാറിനുമുണ്ടായിരുന്നത്. ശനി ശിഖ്നാപൂരിൽ കോടതി അതിന് അനുമതി നൽകിയപ്പോൾ അത് നടപ്പാക്കാൻ മഹാരാഷ്ട്രയിലെ ബി.െജ.പി സർക്കാർ എല്ലാ നടപടികളും സ്വീകരിച്ചു. ഇൗ പശ്ചാത്തലത്തിൽ ശബരിമലയിൽ യുവതി പ്രവേശനത്തിന് അനുകൂലമായി സുപ്രീംകോടതി വിധിയുണ്ടായപ്പോൾ അതിനനുകൂലമായ നിലപാടാകും സംഘ്പരിവാർ സ്വീകരിക്കുക എന്നായിരുന്നു ധാരണ. എന്നാൽ, സംസ്ഥാന സർക്കാർ കോടതിവിധി നടപ്പാക്കാൻ മുന്നിട്ടിറങ്ങിയേപ്പാൾ രാഷ്ട്രീയവിരോധം തീർക്കാനും എങ്ങനെയെങ്കിലും കേരളത്തിൽ കാലുറപ്പിക്കാനുള്ള വർഗീയ ധ്രുവീകരണത്തിന് ഒരു കൈ നോക്കാനുമുള്ള ഉപാധിയായി ശബരിമലയെ മാറ്റിയെടുക്കാമെന്ന സൃഗാലബുദ്ധിയാണ് സംഘ്പരിവാറിൽ ഉണർന്നത്.
അമിത് ഷായുടെ അഖിലേന്ത്യ നേതൃത്വം വർഗീയത ആളിക്കത്തിക്കാനുള്ള സുവർണാവസരമാണിതെന്ന് തിരിച്ചറിഞ്ഞ് പ്രക്ഷോഭം നേരിട്ട് ഏറ്റെടുക്കുകയായിരുന്നു. അതിന് എരിവും പുളിയും പകരാനാണ് ഷാ കേരളത്തിലെത്തിയത്. വിശ്വാസികളുടെ തീർഥാടനത്തിന് വഴിമുടക്കി സംഘർഷത്തിനു ശ്രമിച്ച ആക്രമികളെ പിടികൂടാൻ തുനിഞ്ഞതിെൻറ പേരിലാണ് സംസ്ഥാന സർക്കാറിനെ പിരിച്ചുവിടുമെന്ന അമിത് ഷായുടെ ഭീഷണി. പ്രവർത്തകരുടെ അറസ്റ്റ് തുടർന്നാൽ സർക്കാറിനെ വലിച്ചു താഴെയിടുമെന്ന ഷായുടെ പ്രസ്താവന ഏതായാലും ഒരു കാര്യം തെളിയിക്കുന്നു. വിശ്വാസികളുടെ പേരിൽ ശബരിമലയിലും മറ്റിടങ്ങളിലും സംഘർഷത്തിനു മുതിരുന്നതും ഭക്തരുടെ ലക്ഷ്യസ്ഥാനംപോലും സമരത്തിന് ഉപയോഗിക്കുന്നതും സംഘ്പരിവാറാണെന്ന സത്യമാണ് ദേശീയ അധ്യക്ഷൻതന്നെ വിളിച്ചു പറഞ്ഞിരിക്കുന്നത്.
ബി.ജെ.പി പ്രസിഡൻറിെൻറ കണ്ണൂർ പ്രസംഗം സമാധാനകാംക്ഷികളായ കേരളീയരുടെ ഉള്ളിൽ തീ കോരിയിടുന്നതാണ്. മത വർഗീയ നേതാവിെൻറ പ്രകോപനപരമായ പ്രസംഗമായിരുന്നു അദ്ദേഹത്തിേൻറത്. ഭരണഘടനയെയും ഭരണഘടന സ്ഥാപനങ്ങളെയും വെല്ലുവിളിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന പതിവ് നേരത്തേ സംഘ്പരിവാറിലെ സന്യാസി വേഷധാരികൾ സ്വീകരിച്ചുവന്ന രീതിയാണ്. ഏതു കാര്യത്തിലും ഹിന്ദുത്വ വർഗീയവാദികളുടെ ഇംഗിതം നടപ്പാകണമെന്നും അതിനു വഴിമുടക്കുന്നതാരായാലും അതിനെ ലംഘിച്ച് സ്വാഭീഷ്ടം നടപ്പാക്കുകയുമാണ് ഇതുവരെ അവർ ചെയ്തുവന്നത്. ബാബരി മസ്ജിദ് ധ്വംസനത്തിലടക്കം കണ്ടത് അതാണ്. ഭരണഘടന സ്ഥാപനങ്ങളെ അക്രമങ്ങളിലൂെട അപ്രസക്തമാക്കുന്ന ആ നീക്കങ്ങൾക്ക് മൗനാനുമതിയും മറക്കു പിന്നിൽനിന്നുള്ള പിന്തുണയുമായിരുന്നു ഇതുവരെ ബി.ജെ.പിയുടെ ശൈലി. എന്നാൽ, ഏതു സന്യാസിവേഷവും ഏതു അധികാരസ്ഥാപനത്തിനും ചേരുമെന്നു വന്ന മോദി കാലത്ത് ഒൗദ്യോഗിക സംവിധാനങ്ങളെ അട്ടിമറിക്കുന്ന പ്രവർത്തനങ്ങൾ പാർട്ടി നേതൃത്വംതന്നെ ഏറ്റെടുത്തിരിക്കുകയാണ്. സി.ബി.െഎയിൽ നടന്ന പാതിരാ അട്ടിമറിയുടെ ഞെട്ടലിൽനിന്ന് രാജ്യം മുക്തമാകും മുേമ്പയാണ് അമിത് ഷാ കണ്ണൂരിലെത്തിയത്.
സി.ബി.െഎയിലെ ഇളക്കിപ്രതിഷ്ഠയിൽ സുപ്രീംകോടതി ഇടപെട്ടത് പാർട്ടിക്ക് പിടിച്ചില്ല. തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിെൻറ തീരുമാനങ്ങളിൽ ഇടപെടുേമ്പാൾ സുപ്രീംകോടതി അൽപം കരുതണമെന്നായിരുന്നു ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ ഉപദേശം. എന്നാൽ, ഇവിടെ തെരഞ്ഞെടുക്കപ്പെട്ട കേരള സർക്കാറിെന മറിച്ചിടണമെന്ന് ഭീഷണിപ്പെടുത്താൻ പാർട്ടി ചീഫിന് അത്തരം കരുതലൊന്നുമുണ്ടായില്ല. സുപ്രീംകോടതി വ്യവഹാരങ്ങളിൽ ബാഹ്യരാഷ്ട്രീയ ഇടപെടലുണ്ടാകുന്നുവെന്നു നേരത്തേ ജഡ്ജിമാർതന്നെ വാർത്തസമ്മേളനം വിളിച്ചു പറഞ്ഞിരുന്നു. അവരുന്നയിച്ച ആരോപണങ്ങളുടെ നിഴലിലുള്ളയാൾകൂടിയാണ് അമിത് ഷാ എന്നിരിക്കെ കോടതിക്കെതിരെ അദ്ദേഹം നടത്തുന്ന ആക്രോശങ്ങൾ ആശങ്കയോടെതന്നെ കാണണം.
അമിത് ഷായുടേത് അൽപെൻറ ജൽപനമാണെന്ന മുഖ്യമന്ത്രി പിണറായി വിജയെൻറ നിരീക്ഷണം ശരിയാണ്. അൽപന് അർഥവും അധികാരവും ലഭിച്ചാൽ എന്തു നടക്കുേമാ അതാണിപ്പോൾ രാജ്യത്ത് നരേന്ദ്ര മോദി-അമിത്ഷാ കൂട്ടുെകട്ട് നടത്തിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യത്തോടും മതനിരപേക്ഷതയോടും സഹവർത്തിത്വത്തിെൻറ സമാധാനാന്തരീക്ഷത്തോടും പരമപുച്ഛം പുലർത്തുന്ന സംഘ്പരിവാർ അധികാരമുഷ്കിെൻറ ദംഷ്ട്രകൾ കൂടക്കൂടെ വെളിക്കു നീട്ടുകയാണെന്ന് ഉന്നതസ്ഥാനീയരുടെ ദിനേനയുള്ള ഉദീരണങ്ങൾ വ്യക്തമാക്കുന്നു. അതിനെ നേരിടാൻ ഉരുളക്കുപ്പേരി മറുവാക്കുകൾ മതിയാവില്ല. ജനാധിപത്യത്തിെൻറ കരുത്തിൽ ശിഥിലീകരണ ശക്തികളെ തളക്കാൻ രാജ്യസ്നേഹികളായ മുഴുവൻ മനുഷ്യസ്നേഹികളും ഒത്തുപിടിച്ചേ തീരൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.