അമിത് ഷാ പുത്രന്റെ ഇന്ദ്രജാലം
text_fieldsബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ പുത്രൻ ജയ് ഷാ പിതാവ് വിരിച്ച അധികാരത്തണലിൽ അവിശ്വസനീയമായ ബിസിനസ് നേട്ടമുണ്ടാക്കിയെന്ന റിപ്പോർട്ട് സൃഷ്ടിച്ച വിവാദം നിഷേധം കൊണ്ടോ മാനനഷ്ടക്കേസ് കൊണ്ടോ പെട്ടെന്നൊന്നും കെട്ടടങ്ങുമെന്ന് തോന്നുന്നില്ല. ‘ദ വയർ’ എന്ന ഓൺലൈൻ പോർട്ടലിൽ അന്വേഷണാത്മക മാധ്യമപ്രവർത്തക രോഹിണി സിങ്ങാണ് ഞെട്ടിക്കുന്ന ഒരഴിമതിയുടെ ആധികാരിക കണക്ക് പുറത്തുവിട്ടിരിക്കുന്നത്. ജയ് ഷാ ഡയറക്ടറായ ടെമ്പിൾ എൻറർൈപ്രസസ് ൈപ്രവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ വിറ്റുവരവിൽ ഒരുവർഷം കൊണ്ട് 16,000 മടങ്ങ് വർധനയുണ്ടായതാണ്, അമിത് ഷായുടെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് പുത്രൻ വൻതുക വായ്പയായി എടുക്കുകയും അവിഹിത മാർഗത്തിലൂടെ കോടിക്കണക്കിനു രൂപ സംഭരിക്കുകയും ചെയ്തു എന്ന നിഗമനത്തിൽ എത്തിച്ചേരുന്നതിന് ഇടയാക്കിയത്. നിയമം അനുശാസിക്കും വിധം കമ്പനി രജിസ്ട്രാർക്ക് സമർപ്പിച്ച രേഖകളിൽനിന്നാണ് യു.പി.എയുടെ കാലത്ത് നഷ്ടത്തിലോടിയ കമ്പനി നരേന്ദ്ര മോദി അധികാരത്തിൽവന്നതോടെ വൻ ലാഭത്തിലേക്ക് കുതിച്ചുചാടിയ ‘ഇന്ദ്രജാലം’ ബോധ്യമാവുന്നത്. കാർഷിക ഉപകരണങ്ങളുടെ മൊത്ത വ്യാപാരം നടത്തുന്ന കമ്പനി എന്ന നിലക്കാണ് 2004ൽ ജയ് ഷായും കുടുംബസുഹൃത്ത് ജിതേന്ദ്ര ഷായും ഡയറക്ടർമാരായി കമ്പനി രൂപവത്കരിക്കുന്നത്. യു.പി.എ ഭരണം അവസാനിച്ച 2013–14 കാലയളവിൽ കമ്പനി കണക്കിൽ സ്ഥിരനിക്ഷേപമേ കാണുന്നില്ല. നഷ്ടമായി 6230 രൂപ കാണിച്ചിട്ടുമുണ്ട്. 2015 ആയപ്പോഴേക്കും ലാഭം 18,728 ആണെങ്കിൽ 2016ൽ വിറ്റുവരവ് 80.5 കോടിയായി കുതിച്ചുചാടുകയായിരുന്നു. അതോടെ കച്ചവടം അവസാനിപ്പിച്ചുവെന്നതാണ് ഏറ്റവും വിചിത്രമായ വശം.
വർഗീയ അജണ്ടകളുമായി അന്തരീക്ഷം സംഘർഷഭരിതമാക്കുന്നതിനിടയിൽ സംഘ്പരിവാറുമായി ബന്ധമുള്ളവർ കോർപറേറ്റ് ശക്തികളുമായി കൈകോർത്ത് സാമ്പത്തിക മേഖലയിൽ വൻതോതിലുള്ള അഴിമതികൾ നടത്തുന്നു എന്ന പ്രതിപക്ഷത്തിെൻറ ആരോപണങ്ങൾക്ക് നടുവിലാണ് അമിത് ഷായുടെ മകെൻറ അഴിമതി ബിസിനസിനെ കുറിച്ചുള്ള റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വാദ്രയും വലിയൊരു റിയൽ എസ്റ്റേറ്റ് സ്ഥാപനവുമായുള്ള അവിഹിത ഇടപാടിനെ കുറിച്ചുള്ള വാർത്തകൾ പുറത്തുവിട്ട അതേ മാധ്യമപ്രവർത്തകയാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയതെന്നിരിക്കെ, അമിത് ഷാക്കോ പുത്രനോ ഒറ്റയടിക്ക് എല്ലാം നിഷേധിച്ച് കൈകഴുകി രക്ഷപ്പെടാൻ സാധിക്കുമെന്ന് തോന്നുന്നില്ല. ഇപ്പോഴും സോണിയ ഗാന്ധിയെ വേട്ടയാടാനും പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയ രംഗപ്രവേശനത്തിന് വൈതരണി സൃഷ്ടിക്കാനും ബി.ജെ.പിയും കൂട്ടാളികളും വാദ്രയെ സംശയത്തിെൻറ നിഴലിൽ നിർത്തുക എന്ന അടവാണ് പ്രയോഗിക്കുന്നത്. അമിത് ഷായുടെ പുത്രൻ എങ്ങനെ 80 കോടി കീശയിലാക്കി എന്ന് കമ്പനി രജിസ്ട്രാർക്ക് സമർപ്പിച്ച രേഖകളിലൂടെ കണ്ണോടിച്ചാൽ കണ്ടെത്താവുന്നതേയുള്ളൂ. രാജ്യസഭ എം.പിയും റിലയൻസ് സ്ഥാപനങ്ങളുടെ എക്സിക്യൂട്ടിവുമായ പരിമൾ നഥ്വാനിയുടെ ബന്ധു രാജേഷ് ഖണ്ഡ്വാലയുടെ നേതൃത്വത്തിലുള്ള ധനകാര്യസ്ഥാപനത്തിൽനിന്ന് ഈടൊന്നുമില്ലാതെ, 15.78 കോടി രൂപ വായ്പയായി എത്തിയതോടെയാണ് രായ്ക്കുരാമാനം കമ്പനി ലാഭത്തിലേക്ക് കുതിച്ചത്.
വിഷയം രാഷ്ട്രീയ എതിരാളികൾ ഏറ്റെടുത്തതോടെ, വാർത്ത പുറത്തുവിട്ട ഓൺലൈൻ മാധ്യമത്തിന് എതിരെ അമിത് ഷായുടെ പുത്രൻ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കയാണ്. കമ്പനി രേഖകൾ മുന്നിൽവെച്ച് സംശയദൂരീകരണത്തിന് ശ്രമിച്ചപ്പോൾ ജയ് ഷായുടെ അഭിഭാഷകെൻറ ഭാഗത്തുനിന്ന് നിയമനടപടികളെ കുറിച്ച് കടുത്ത ഭാഷയിലുള്ള ഭീഷണിയാണ് ഉയർന്നതെന്നും തങ്ങളുടെ സ്വകാര്യസ്ഥാപനത്തെ തൊട്ടുകളിക്കരുതെന്നുമുള്ള താക്കീതാണ് ലഭിച്ചതെന്നും ഓൺലൈൻ മാധ്യമം വെളിപ്പെടുത്തുന്നുണ്ട്. രാഷ്ട്രീയ നേതാക്കളുടെ കുടുംബാംഗങ്ങൾ കോർപറേറ്റ് ശക്തികളുമായി ചേർന്ന് നടത്തുന്ന ഏത് ഇടപാടും പൊതുജന മധ്യത്തിൽ നിഷ്കൃഷ്ട പരിശോധനക്ക് വിധേയമാകുമെന്നതിെൻറ തെളിവായിരുന്നു സോണിയയുടെ മരുമകെൻറ ബിസിനസ് ഇടപാടുകളെ കുറിച്ച് യു.പി.എ സർക്കാറിെൻറ കാലത്ത് മൂന്നുകൊല്ലം തുടർച്ചയായി ഹിന്ദുത്വശക്തികൾ നടത്തിയ കോലാഹലങ്ങളും ചളിവാരിയെറിയലും. ഇവിടെ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ദേശീയ അധ്യക്ഷനാണ് മകെൻറ അവിഹിത സമ്പാദ്യത്തിെൻറ പേരിൽ പ്രതിക്കൂട്ടിൽ കയറ്റിനിർത്തപ്പെടുന്നത്. രാജേഷ് ഖണ്ഡ്വാലയുടെ മകളെ വിവാഹം ചെയ്തിരിക്കുന്നത് പരിമൾ നഥ്വാനിയുടെ മകനാണ്. നഥ്വാനിയാവട്ടെ ഗുജറാത്തിൽ റിലയൻസ് ഇൻഡസ്ട്രീസിെൻറ മേൽനോട്ടം വഹിക്കുന്നയാളാണ്.
നഥ്വാനി 2014ൽ രാജ്യസഭയിലേക്ക് ഝാർഖണ്ഡിൽനിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത് ബി.ജെ.പി എം.എൽ.എമാരുടെ പിന്തുണയോടെയാണ്. ഈ ബന്ധങ്ങളും ഇടപാടുകളുമെല്ലാം കൂട്ടിവായിക്കുമ്പോൾ ആർക്കും എളുപ്പത്തിൽ എത്തിച്ചേരാനാവുന്ന ഒരു നിഗമനമുണ്ട്: ജയ് ഷായുടെ അരലക്ഷം രൂപയുടെ ബിസിനസിലേക്ക് ബി.ജെ.പി എം.പി കോടികൾ മുടക്കിയിരിക്കുന്നത് അമിത് ഷായുടെ രാഷ്ട്രീയ സ്വാധീനത്തിെൻറ ബലം കൊണ്ടാണ്. ഇത്തരത്തിലുള്ള എത്രയോ ഇടപാടുകൾ അണിയറയിൽ വേവിച്ചെടുക്കുന്നുണ്ടെങ്കിലും ഭരണകൂടത്തിെൻറ ദുഷ്ചെയ്തികൾക്ക് കാവലിരിക്കുന്ന മുൻനിര മാധ്യമങ്ങളെല്ലാം കുറ്റകരമായ മൗനത്തിലും ലജ്ജാവഹമായ പ്രീണനത്തിലുമാണ്. അധികാരത്തിലിരിക്കുന്നവരുടെ അഴിമതിയും വൃത്തികേടുകളും തുറന്നുകാണിച്ചാൽ എന്തായിരിക്കും അവസ്ഥയെന്ന് തെഹൽകയുടെ അനുഭവം ഓർമപ്പെടുത്തുന്നു. മുൻ ബി.ജെ.പി സർക്കാറിെൻറ കാലത്ത് മന്ത്രിമാരുടെയും പാർട്ടി നേതാക്കളുടെയും അഴിമതി ഒളികാമറയിൽ പകർത്തി രാജ്യത്തിെൻറ മുന്നിൽ അനാവരണം ചെയ്തതിനു ഏറ്റുവാങ്ങേണ്ടിവന്ന ശിക്ഷ കടുത്തതായിരുന്നു. ബദൽ മീഡിയ എന്ന നിലയിൽ ധീരമായ മാധ്യമപ്രവർത്തനം കാഴ്ചവെക്കുന്ന ‘ദ വയർ’ അഭിമുഖീകരിക്കാൻ പോകുന്ന വെല്ലുവിളിയും നിസ്സാരമായിരിക്കില്ല; എങ്കിലും വെളിപ്പെടുത്തലിൽ തങ്ങൾ ഉറച്ചുനിൽക്കുന്നുവെന്ന ‘ദ വയറി’െൻറ നിലപാട് ശ്ലാഘനീയം തന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.