Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഭരണ സുസ്ഥിരതക്കായൊരു...

ഭരണ സുസ്ഥിരതക്കായൊരു സാമ്പത്തിക നയരേഖ

text_fields
bookmark_border
Union Budget 2024, Nirmala Sitharaman
cancel


കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമന്റെ ഏഴാമത്തെ ബജറ്റ് പ്രസംഗത്തിനാണ് ​ചൊവ്വാഴ്ച ലോക്സഭ സാക്ഷ്യം വഹിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന്, ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അവതരിപ്പിച്ച ഇടക്കാല ബജറ്റ് മാറ്റിനിർത്തിയാൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ പ്രസംഗമായിരുന്നു ഇന്നലത്തേത്. നിർമലയുടെ പഴയ ബജറ്റ് പ്രസംഗങ്ങൾ വിലയിരുത്തുമ്പോൾ അവക്ക് രണ്ട് മുഖങ്ങൾ കാണാം. ഒന്ന്, ഇടക്കാല ബജറ്റിൽ കേട്ടതുപോലുള്ള മോദി സ്തുതികൾ. ബജറ്റ് പ്രഭാഷണത്തിന്റെ കീഴ്വഴക്കങ്ങൾ പാലിച്ചുകൊണ്ട് ധനമന്ത്രി പാർലമെന്റിൽ നടത്തിയ രാഷ്ട്രീയ പ്രസംഗമായിരുന്നു അതെന്ന് നിരീക്ഷിച്ചവരുണ്ട്. രണ്ടാമത്തേത്, ഇന്ത്യയുടെ വർത്തമാന യാഥാർഥ്യങ്ങളിൽനിന്ന് എത്രയോ അകലെമാറിയുള്ള വാചാടോപങ്ങളാണ്. രണ്ടേകാൽ മണിക്കൂറിലധികമെടുത്ത് നടത്തിയ കന്നി ബജറ്റും (2019) വ​രാ​നി​രി​ക്കു​ന്ന കാ​ൽ​നൂ​റ്റാ​ണ്ട് കാ​ല​ത്തേ​ക്കു​ള്ള വി​ക​സ​ന​രേ​ഖ എന്ന ആമുഖത്തോടെ 2022ൽ നടത്തിയ പ്രസംഗവുമൊക്കെ ഈ ഗണത്തിലാണ് ഉൾപ്പെടുക. ആ പ്രസംഗങ്ങളൊക്കെ ആരെങ്കിലുമൊക്കെ ഇന്ന് വീണ്ടും മറിച്ചുനോക്കിയാൽ ചിരിയാണ് വരിക: ഡി​ജി​റ്റ​ൽ ക​റ​ൻ​സി കൊ​ണ്ടു​വ​രാ​നു​ള്ള തീ​രു​മാ​ന​വും ഡി​ജി​റ്റ​ൽ സ്വ​ത്തു​ക്ക​ൾ​ക്ക്​ സ​വി​ശേ​ഷ​മാ​യ നി​കു​തി ഏ​ർ​പ്പെ​ടു​ത്തിയതായ പ്രഖ്യാപനങ്ങൾ​ക്കുമെല്ലാം പിന്നീട് എന്ത് തുടർച്ചയുണ്ടായി എന്നന്വേഷിക്കുമ്പോഴാണ് ചുവന്നപട്ടിൽ പൊതിഞ്ഞ ‘നിർമല മാജിക്കി’ന്റെ പൊള്ളത്തരങ്ങൾ വെളിപ്പെടുക. എന്നാൽ, ഇക്കുറി അങ്ങനെയാണെന്ന് പറയാനാകില്ല; പ്രത്യക്ഷത്തിൽതന്നെ മാറ്റങ്ങൾ വ്യക്തമാണ്. മുൻകാലങ്ങളിലേതിൽനിന്ന് തീർത്തും വ്യത്യസ്തമായ ഉള്ളടക്കവും അവതരണവുമായിരുന്നു മൂന്നാം മോദി സർക്കാറിന്റെ പ്രഥമ സമ്പൂർണ ബജറ്റെന്ന് പറയേണ്ടിവരും.

ബജറ്റ് സമീപനം മാറിയെന്ന് പറയുമ്പോഴും അത് ഗുണാത്മകമായൊരു രാഷ്ട്രീയ പരിവർത്തനമായി കണക്കാക്കാനാവില്ല. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ, അത്തരമൊരു സമീപനത്തിലേക്ക് വഴിമാറാൻ ബി.ജെ.പിയും കേന്ദ്രസർക്കാറും നിർബന്ധിതരായി എന്നാണ് കാര്യങ്ങൾ പ്രാഥമികമായി വിലയിരുത്തുമ്പോൾ മനസ്സിലാകുന്നത്. 400ൽ കൂടുതൽ സീറ്റ് നേടുമെന്ന അവകാശവാദത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിക്ക് അധികാരത്തുടർച്ചയുണ്ടായെങ്കിലും പാർട്ടിയും സംഘ്പരിവാറും തെരഞ്ഞെടുപ്പ് ഫലത്തിൽ ഒട്ടും തൃപ്തരല്ല; ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാർട്ടിയുടെയും (ടി.ഡി.പി) ബിഹാർ ഭരിക്കുന്ന നിതീഷ് കുമാറിന്റെ ജനതാദൾ യുനൈറ്റഡിന്റെയും ദയാദാക്ഷിണ്യത്തിൽ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്ന മോദി സർക്കാറിനെ സംബന്ധിച്ച് രാഷ്ട്രീയവും ഭരണപരവുമായ സുസ്ഥിരത അനിവാര്യമാണ്. ഇരുകക്ഷികളെയും ഒരുനിലക്കും പിണക്കാൻ കഴിയാത്ത ഈ സാഹചര്യത്തെ മുൻനിർത്തി തയാറാക്കിയ​താണോ ബജറ്റ് നിർദേശങ്ങളെന്ന് ആരും സംശയിച്ചുപോകും. പ്രത്യേക സംസ്ഥാന പദവി ആവശ്യപ്പെട്ട ആന്ധ്രക്ക് അത് ലഭിച്ചില്ലെങ്കിലും തത്തുല്യമെന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന പല വാഗ്ദാനങ്ങളും ബജറ്റിൽ കാണാം. 15,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണ് ആന്ധ്രക്കായി മാറ്റിവെച്ചിരിക്കുന്നത്; ഒപ്പം, സംസ്ഥാനത്ത് നിക്ഷേപം വർധിപ്പിക്കുന്നതിനുള്ള ഒട്ടനവധി പദ്ധതികൾ വേറെയും. ബിഹാറിന്റെ കാര്യവും വ്യത്യസ്തമല്ല. കാൽ ലക്ഷം കോടിയുടെ ആഭ്യന്തര സൗകര്യ വികസനത്തിന് പുറമെ ആവശ്യത്തിന് മെഡിക്കൽ കോളജുകളും വിമാനത്താവളങ്ങളുമെല്ലാം നിതീഷിനെ പ്രീതിപ്പെടുത്താനായി പ്രഖ്യാപിച്ചിരിക്കുന്നു. ഇതിനുപുറമെ, പ്രത്യേക പ്രളയരക്ഷാ ഫണ്ടും ഈ രണ്ട് സംസ്ഥാനങ്ങൾക്കും അനുവദിച്ചിട്ടുണ്ട്. സർക്കാറിനെ താങ്ങിനിർത്താനായി അനുവദിക്കപ്പെട്ട രക്ഷാപാക്കേജുകളായിത്തന്നെ ഇവയെ കാണാം.

ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്​ട്ര, ഹരിയാന സംസ്ഥാനങ്ങളിലും പരോക്ഷമായ ബജറ്റ് ഇടപെടൽ കാണാം. ലോക്സഭാ തെരഞ്ഞെടുപ്പിൽ, ഈ സംസ്ഥാനങ്ങളിലെ കർഷക മേഖലകളിലാണ് ബി.ജെ.പിക്ക് കനത്ത തിരിച്ചടി നേരിട്ടത്. അതുകൊണ്ടുതന്നെ, കാർഷിക സമൂഹത്തെ ലാക്കാക്കി 1.52 ലക്ഷം കോടിയുടെ പ്രഖ്യാപനങ്ങൾ നടത്തുമ്പോൾ കണ്ണ് സംസ്ഥാന തെരഞ്ഞെടുപ്പിലാണെന്ന് കാണാതിരിക്കാനാവില്ല. അതേസമയം, ഈ പ്രഖ്യാപനങ്ങൾ കേവല രാഷ്ട്രീയ അജണ്ടകളായി പരിമിതപ്പെടുത്താനും കഴിയില്ല. വിശാല സമ്പദ്‍വ്യവസ്ഥയിൽ സ്ഥിരത കൈവരിക്കാനും അതുവഴി രാജ്യത്തിന്റെ ധനക്കമ്മി ജി.ഡി.പിയുടെ നാലര ശതമാനത്തിലേക്ക് കൊണ്ടുവരാനുമുള്ള തീവ്ര​ശ്രമങ്ങൾകൂടിയുണ്ട് ഈ പ്രഖ്യാപനങ്ങളിൽ. കോർപറേറ്റ് നികുതി കുറച്ചതടക്കമുള്ള നടപടികൾ കാലങ്ങളായി മോദി സർക്കാർ തുടരുന്ന കോർപറേറ്റ് സേവയുടെ ഗണത്തിൽതന്നെയാണ് വിലയിരുത്തേണ്ടതെങ്കിലും മേൽസൂചിപ്പിച്ച വിശാല സമ്പദ് വ്യവസ്ഥ അഭിവൃദ്ധിപ്പെടുത്താൻ അത് ഉപകാരപ്പെടും. ഇതി​ന്റെ ഗുണഭോക്താക്കൾ ആരെന്നത് വേറെ കാര്യം. അപ്പോഴും, ഭവനപദ്ധതികളിലടക്കം മധ്യവർഗക്കാരെക്കൂടി പരിഗണിച്ചുവെന്നതും ശ്രദ്ധേയമായ മാറ്റമായി കാണാവുന്നതാണ്. അതുകൊണ്ടുകൂടിയാണ്, ഈ ബജറ്റ് പ്രസംഗം മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമാകുന്നത്.

സാമ്പത്തിക സർവേ റിപ്പോർട്ട് നിർദേശിക്കുംവിധ വളർച്ചയിലേക്ക് കുതിക്കുക എന്ന ലക്ഷ്യത്തോടെ കൃത്യമായ മുൻഗണനകൾ നിശ്ചയിച്ച് തയാറാക്കിയ ബജറ്റ് എന്നൊക്കെ മോദിയും നിർമല സീതാരാമനും അവകാശപ്പെടുമ്പോഴും സമ്പത്തിന്റെ നീതിയുക്തവും ജനസംഖ്യാനുപാതികവുമായ വിതരണം നടന്നില്ല എന്ന കാര്യം കാണാതെ പോകരുത്. ഈ ബജറ്റിന്റെ ഏറ്റവും വലിയ പോരായ്മയും ഇതാണ്. പോരായ്മ എന്ന കേവല വിശേഷണത്തിൽ ഈ സമീപനത്തെ ചുരുക്കാനുമാകില്ല. കൃത്യമായ ഫാഷിസ്റ്റ് പ്രവണതതന്നെയാണ് ഇതിൽ നിഴലിക്കുന്നത്. പ്രതിപക്ഷ സംസ്ഥാനങ്ങൾക്ക് അർഹമായ നികുതിവിഹിതം നൽകാതെ ഒന്നും രണ്ടും മോദി സർക്കാർ അപ്രഖ്യാപിത ഉപരോധം ഏ​ർപ്പെടുത്തിയതിന്റെ എമ്പാടും ഉദാഹരണങ്ങൾ കേരളത്തിന്റെ അനുഭവത്തിൽതന്നെ നമുക്ക് മുന്നിലുണ്ട്. ഇക്കുറിയും അതാവർത്തിച്ചിരിക്കുന്നു. കേരളമടക്കമുള്ള പല പ്രതിപക്ഷ സംസ്ഥാനങ്ങളെയും ഒരിക്കൽപോലും പരാമർശിക്കാനുള്ള മര്യാദപോലും ധനമന്ത്രി കാണിച്ചില്ല. എയിംസ് അടക്കമുള്ള കേരളത്തിന്റെ ദീർഘകാലാവശ്യങ്ങൾ പതിവുപോലെ നിരാകരിക്കപ്പെട്ടു. വാസ്തവത്തിൽ, പ്രളയരക്ഷാ പാക്കേജിനും ആരോഗ്യ അടിയന്തരാവസ്ഥാ സഹായത്തിനുമെല്ലാം അർഹതയുള്ള സംസ്ഥാനമാണ് കേരളം. സർവം അവഗണിക്കപ്പെട്ടു.

അതോടൊപ്പം, സാമ്പത്തിക സർവേ റിപ്പോർട്ടിലെ സുപ്രധാന നിർദേശങ്ങളോടും കേന്ദ്രം മുഖം തിരിച്ചതായി കാണാം. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ ഏറ്റവും വലിയ തൊഴിലില്ലായ്മയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇതിന് പരിഹാരമായി പ്രതിവർഷം മുക്കാൽ കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്ന നിർദേശം ഒരുതരത്തിലും സർക്കാർ മുഖവിലക്കെടുത്തിട്ടില്ല. ആരോഗ്യ, കാർഷിക, വിദ്യാഭ്യാസ മേഖലകളിലും ഈ വിടവുകൾ കാണാം. അഥവാ, സമഗ്രവും സുസ്ഥിരവുമായ​ ക്ഷേമമെന്നൊക്കെ പറയുമ്പോഴും ഊന്നൽ ചില മേഖലകളിൽ മാത്രമായി ഒതുങ്ങിപ്പോകുന്നു. ഈ ‘മേഖല’കളുടെ മാനദണ്ഡമാകട്ടെ, അടിസ്ഥാനപരമായി അഞ്ച് വർഷത്തെ ഭരണസ്ഥിരത എന്ന ഒറ്റ ലക്ഷ്യത്തിലൂന്നിയുമാണ്. അതുകൊണ്ടുതന്നെ, ആത്യന്തികമായി അടുത്ത അഞ്ച് വർഷത്തെ ഭരണസ്ഥിരതക്കുള്ള രാഷ്ട്രീയ നയരേഖ എന്നേ ബജറ്റ് പ്രസംഗത്തെ വിശേഷിപ്പിക്കാനാവൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Modi GovernmentNirmala SitharamanUnion Budget 2024
News Summary - An economic policy document for governance stability
Next Story