പിന്നെയും സംവരണ അട്ടിമറി
text_fields
സംസ്ഥാനത്ത് എം.എസ്സി നഴ്സിങ് പ്രവേശനത്തിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെ, സംവരണ അട്ടിമറിയുടെ പുതിയ കഥകൂടി പുറത്തുവന്നിരിക്കുന്നു. മെഡിക്കൽ പി.ജി സീറ്റുകളിലെ പിന്നാക്ക (എസ്.ഇ.ബി.സി) സംവരണത്തിൽ ഇൗഴവ, മുസ്ലിം വിഭാഗങ്ങളുടെ വിഹിതം ഒരു ശതമാനം വീതം വെട്ടിയിരിക്കുകയാണ്. വിശ്വകർമ, ധീവര, കുശവ വിഭാഗങ്ങൾക്കുണ്ടായിരുന്ന പ്രത്യേക സംവരണം ഇല്ലാതാക്കി, ഇവരെ പിന്നാക്ക ഹിന്ദു വിഭാഗത്തിൽ ഉൾപ്പെടുത്തിയ വകയിലും ഒരു ശതമാനം സംവരണം കവർന്നെടുക്കപ്പെട്ടിരിക്കുന്നു. സംസ്ഥാന സർക്കാറിെൻറ സംവരണവിരുദ്ധ മനോഭാവത്തെ തുറന്നുകാണിക്കുന്നുണ്ട് ഇൗ തീരുമാനം.
മെഡിക്കൽ പി.ജി സീറ്റുകളിലുണ്ടായിരുന്ന ഒമ്പതു ശതമാനം പിന്നാക്ക സംവരണം 30ലേക്ക് ഉയർത്തണെമന്നത് സംസ്ഥാന പിന്നാക്ക കമീഷൻ നേരത്തേ സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നതാണ്. അത് അപ്പടി സ്വീകരിച്ചിരുന്നുവെങ്കിൽ സംവരണതത്ത്വങ്ങൾ പൂർണമായും പാലിച്ചുകൊണ്ടുള്ള പ്രവേശനനടപടികൾ സാധ്യമാകുമായിരുന്നു. അതിനു തയാറാകാതെ സംവരണം 27 ശതമാനമാക്കാനായിരുന്നു സർക്കാർ തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവിൽ ഉപസംവരണം എങ്ങനെയായിരിക്കുമെന്നതിനെക്കുറിച്ചും വ്യക്തതയുണ്ടായിരുന്നില്ല. എം.എസ്സി നഴ്സിങ് പ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച പ്രോസ്പെക്ടസിൽ ഉപസംവരണം എങ്ങനെയെന്ന് വിശദീകരിക്കുന്നുണ്ട്.
ഇതനുസരിച്ച്, മുസ്ലിംകൾക്കും ഇൗഴവർക്കും ഒാരോ ശതമാനം വീതം സംവരണം കുറയും. എല്ലാ മെഡിക്കൽ പി.ജി കോഴ്സുകൾക്കും ഇത് ബാധകമാകുന്നതോടെ, സർക്കാർ മെഡിക്കൽ കോളജുകളിൽനിന്നു മാത്രം പ്രതിവർഷം അഞ്ചു വീതം സംവരണ വിഭാഗക്കാർ പുറത്താക്കപ്പെടും. മുസ്ലിം, ഇൗഴവ വിഭാഗങ്ങൾക്ക് ഭാവിയിൽ വലിയതോതിൽ മെഡിക്കൽ പി.ജി സീറ്റ് നഷ്ടത്തിലേക്കാണ് ഇൗ തലതിരിഞ്ഞ ഉത്തരവ് വഴിവെച്ചിരിക്കുന്നത്.
ജാതീയവും ചരിത്രപരവുമായ കാരണങ്ങളാൽ സമൂഹത്തിൽ പിന്നാക്കംപോയവരെയും വിവേചനം നേരിട്ടുകൊണ്ടിരിക്കുന്നവരെയും മുഖ്യധാരയിലെത്തിച്ച് സമത്വം ഉറപ്പുവരുത്താനുള്ള ഭരണഘടനാപദ്ധതിയാണ് സംവരണം. മറ്റു വിഭാഗങ്ങളിൽനിന്ന് വ്യത്യസ്തമായി നൽകപ്പെടുന്ന ഇൗ 'രചനാത്മക വിവേചന'ത്തെ തച്ചുടക്കാനാണ് മോദിയുടെ നേതൃത്വത്തിലെ ഹിന്ദുത്വ സർക്കാർ തുടക്കംമുതലേ ശ്രമിച്ചത്.
മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കായി 2019 ജനുവരിയിൽ പാർലമെൻറ് പാസാക്കിയ 'സാമ്പത്തിക സംവരണ' ബിൽ സംവരണഹിംസക്കുള്ള മികച്ച ആയുധങ്ങളിലൊന്നായിരുന്നു. നിർഭാഗ്യകരമെന്നു പറയെട്ട, ഫാഷിസ്റ്റ് അജണ്ടയിൽ ചുെട്ടടുത്ത ആ നിയമത്തിെൻറ രാജ്യത്തെ ആദ്യ പ്രയോക്താക്കൾ കേരളത്തിെല ഇടതുസർക്കാറാണ്. എന്തിനേറെ, പ്രസ്തുത നിയമം വരുന്നതിന് മുേമ്പതന്നെ ദേവസ്വം വകുപ്പിൽ ഇതേ 'സവർണ സംവരണം' നടപ്പാക്കിയവരാണ് പിണറായി സർക്കാർ! കേരളത്തിലെ അഗ്രഹാരങ്ങളിലെ ദാരിദ്ര്യവും മറ്റും വിശദീകരിച്ചായിരുന്നു ഇൗ നടപടി. ഇതര വിഭാഗക്കാർക്ക് സംവരണ നഷ്ടം സംഭവിക്കാതെയാകും തങ്ങൾ 'സവർണ സംവരണം' നടപ്പാക്കുകയെന്നും സർക്കാറിെൻറയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും വക്താക്കൾ ആവർത്തിച്ച് ന്യായീകരിച്ചു. എന്നാൽ, പ്ലസ് വൺ മുതൽ മെഡിക്കൽ പി.ജി വരെയുള്ള ക്ലാസുകളിലേക്കുള്ള അഡ്മിഷൻ നടപടികൾ വന്നപ്പോഴാണ് ഇൗ ന്യായീകരണങ്ങളുടെ പൊള്ളത്തരങ്ങൾ വെളിച്ചത്തുവന്നത്.
സർക്കാർ മെഡിക്കൽ കോളജുകളിൽ എം.ബി.ബി.എസിന് 1500 സീറ്റുള്ള സംസ്ഥാനത്ത് എണ്ണായിരത്തിനു മുകളിൽ റാങ്ക് വാങ്ങിയ മുന്നാക്കക്കാരന് അഡ്മിഷൻ കിട്ടിയതും അതിനും മുകളിൽ റാങ്കുള്ള പിന്നാക്കക്കാരൻ തഴയപ്പെട്ടതും ഇക്കഴിഞ്ഞ വർഷമാണ്. അപ്പോഴും, 'സവർണ സംവരണ'ത്തെ എന്തു വിലകൊടുത്തും നിലനിർത്താനുള്ള മാർഗങ്ങളാണ് സർക്കാർ ആലോചിച്ചത്. ഇപ്പോൾ മെഡിക്കൽ പി.ജി കോഴ്സുകളുടെ കാര്യത്തിലും അതാണ് സംഭവിച്ചിരിക്കുന്നത്. മുസ്ലിം, ഇൗഴവ സംവരണം വെട്ടിയൊതുക്കിയപ്പോൾ സവർണ സംവരണ വിഹിതം അപ്പാടെ നിലനിർത്തിയിരിക്കുന്നു.
വിദ്യാഭ്യാസ മേഖലയിലും സർക്കാർ ഉദ്യോഗങ്ങളിലും സംവരണമുണ്ടായിട്ടും പല കാരണങ്ങളാൽ അവസരം നഷ്ടപ്പെടുന്നവരാണ് മുസ്ലിംകളും ഇൗഴവരും. നരേന്ദ്ര കമീഷൻ റിപ്പോർട്ട് അടക്കമുള്ള രേഖകൾ ഇൗ യാഥാർഥ്യം ശരിവെക്കുന്നു. പി.എസ്.സിയുടെ റൊേട്ടഷൻ സമ്പ്രദായത്തിലെ അശാസ്ത്രീയത അടക്കമുള്ള പല ഘടകങ്ങളും ഇതിനു പിന്നിലുണ്ടെന്നതും ഇതിനകം വ്യക്തമാക്കപ്പെട്ടതാണ്. യാഥാർഥ്യം ഇതായിരിക്കെ, ഇൗ വിഭാഗത്തിന് കൂടുതൽ സംവരണനഷ്ടമുണ്ടാകുന്ന തീരുമാനങ്ങൾ കൈക്കൊള്ളാൻ ഉത്തരവാദപ്പെട്ട ഒരു ഭരണകൂടവും മുതിരുകയില്ല. എന്നാൽ, സംസ്ഥാനത്തെ സവർണ ഉദ്യോഗസ്ഥ ലോബിയുടെ കാഴ്ചപ്പാടുകൾക്കനുസരിച്ച് തീട്ടൂരങ്ങൾ പുറത്തിറക്കുന്ന സംവിധാനമായി നമ്മുടെ സർക്കാർ മാറിയിരിക്കുന്നുവെന്ന് പറയാതെ നിർവാഹമില്ല.
വഖഫ് ബോർഡ് നിയമനം പി.എസ്.സിക്കു വിടാനുള്ള തീരുമാനവും ഇതേ സമീപനത്തിെൻറ ഭാഗമായേ കാണാനാവൂ. നിയമനം ആര് നടത്തിയാലും തസ്തിക മുസ്ലിം വിഭാഗത്തിനായിരിക്കുമെന്ന സർക്കാർ വാദത്തിൽ കഴമ്പില്ല. ന്യൂനപക്ഷ സ്കോളർഷിപ്പിെൻറ കാര്യത്തിൽ സംഭവിച്ചപോലെ ഇത് ആർക്കും കോടതിയിൽ ചോദ്യംചെയ്യാവുന്നതേയുള്ളൂ. ഇനി അങ്ങനെ സംഭവിച്ചില്ലെങ്കിൽപോലും പ്രശ്നങ്ങൾ ബാക്കിയാണ്. വഖഫ് ബോർഡ് നിയമനങ്ങൾക്കനുസൃതമായി മറ്റു സർക്കാർ വകുപ്പുകളിലെ തസ്തികകളിൽ കുറവു വരുമെന്നത് പി.എസ്.സിയുടെ നടപടിക്രമങ്ങൾ അറിയുന്ന ആർക്കും ബോധ്യമാകും. ഒരു പ്രത്യേക വിഭാഗത്തെ മുഖ്യധാരയിൽനിന്ന് പുറന്തള്ളാനേ ഇൗ നടപടികൾ ഉപകരിക്കൂ. വ്യവസ്ഥാപിതമായ ഇൗ അരികുവത്കരണത്തിൽനിന്ന് ഇടതുസർക്കാർ പിന്മാറിയേ തീരൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.