Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഐക്യരാഷ്ട്ര സഭക്ക്...

ഐക്യരാഷ്ട്ര സഭക്ക് പുതിയ സാരഥി

text_fields
bookmark_border
ഐക്യരാഷ്ട്ര സഭക്ക് പുതിയ സാരഥി
cancel

ഐക്യരാഷ്ട്രസഭയുടെ ഒമ്പതാമത് സെക്രട്ടറി ജനറലായി മുന്‍ പോര്‍ചുഗീസ് പ്രധാനമന്ത്രി അന്‍േറാണിയോ ഗുട്ടെറസ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. യു.എന്‍ രക്ഷാസമിതി അദ്ദേഹത്തെ നിര്‍ദേശിച്ചതിനു പിന്നാലെ പൊതുസഭ ഇപ്പോള്‍ അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഡിസംബര്‍ 31ന് ഇപ്പോഴത്തെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ സ്ഥാനമൊഴിയുന്നതോടെ ഗുട്ടെറസ് പുതിയ മേധാവിയായി ചുമതലയേല്‍ക്കും. സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്‍െറ നിയോഗം പൊതുവേ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്. അതിന് ഒരു കാരണം, അധികാരത്തിന്‍െറ സൗകര്യങ്ങളില്‍ ഭ്രമിക്കാതെ സാമാന്യജനതയുടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ അദ്ദേഹം കാണിച്ചിട്ടുള്ള താല്‍പര്യമാണ്. അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഹൈകമീഷണര്‍ എന്ന നിലക്ക് കഴിഞ്ഞ ഡിസംബര്‍ വരെയുള്ള പത്തുവര്‍ഷക്കാലം അദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ വെറുമൊരു ഒൗപചാരിക കൃത്യനിര്‍വഹണമായിരുന്നില്ല, മറിച്ച് ഒരു ആക്ടിവിസ്റ്റിന്‍െറ ആവേശമുള്‍ക്കൊണ്ടുള്ള ഇടപെടലുകളായിരുന്നു. അഭയാര്‍ഥി പ്രശ്നം ഇന്ന് ലോകം നേരിടുന്ന മുഖ്യപ്രശ്നങ്ങളിലൊന്നായിരിക്കെ ഗുട്ടെറസിന്‍െറ അനുഭവപരിചയവും ഒപ്പം സഹാനുഭൂതിയും പരിഹാരമാര്‍ഗം സുഗമമാക്കുമെന്ന് കരുതുന്നവര്‍ ധാരാളമുണ്ട്. സിറിയന്‍ അഭയാര്‍ഥികള്‍ക്കായി അദ്ദേഹം ഇറങ്ങിച്ചെന്ന് നല്‍കിയ സേവനങ്ങള്‍ അവര്‍ അനുസ്മരിക്കുന്നു.

പുതിയ സെക്രട്ടറി ജനറലിന് നേരിടേണ്ടിവരുന്ന മറ്റൊരു പ്രശ്നം ആഗോളഭീകരതയാവും. രണ്ടുപതിറ്റാണ്ടിലേറെയായി ലോകമെങ്ങും ഭീകരത എന്ന പ്രശ്നം എങ്ങനെ വ്യാപിച്ചുവെന്നും, അതിന്‍െറ അടിസ്ഥാന കാരണങ്ങള്‍ എന്തെല്ലാമാണെന്നും മനസ്സിലാക്കിക്കൊണ്ടേ ഇതിന് പരിഹാരം കാണാനാവൂ. അതിനു പകരം യു.എന്‍ സാമ്രാജ്യത്വശക്തികളുടെ കൈയിലെ കളിപ്പാവയായി നിന്നുകൊടുത്തിട്ടേയുള്ളൂ ഇതുവരെ. യു.എസ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളുടെ വ്യാഖ്യാനങ്ങള്‍ക്കും തന്ത്രങ്ങള്‍ക്കും കീഴൊപ്പ് ചാര്‍ത്തുന്ന ഉപവകുപ്പായി ഐക്യരാഷ്ട്രസഭ മാറിയതാണ് ഭീകരതയെന്ന ആസുരത ഇത്രയേറെ വളരാനും വ്യാപിക്കാനും കാരണം. സാമ്രാജ്യത്വ ശക്തികളുടെ ഗൂഢതന്ത്രങ്ങള്‍ക്കു വഴിപ്പെടാത്ത ഒരു യു.എന്‍ നേതൃത്വം ഉണ്ടായിരുന്നെങ്കില്‍ ആഗോളഭീകരതതന്നെ ഉണ്ടാവില്ലായിരുന്നു. ഭീകരതക്കൊരു നിര്‍വചനം നല്‍കാന്‍ പോലും യു.എന്‍ ഇതുവരെ ശ്രമിച്ചിട്ടില്ല - അതിന് സാമ്രാജ്യത്വ ശക്തികളെ നിര്‍ബന്ധിച്ചിട്ടുമില്ല. ഇപ്പോള്‍ പടിയിറങ്ങാന്‍ പോകുന്ന ബാന്‍ കിമൂണിന്‍െറ (കുറെയൊക്കെ അതിനു മുമ്പത്തെ കോഫി അന്നാന്‍െറയും) പ്രധാന യോഗ്യത യു.എസിനെ അലോസരപ്പെടുത്താതിരിക്കാന്‍ പരമാവധി ശ്രമിച്ചു എന്നതാണ്.

ഏതുനിലക്കും കടുത്ത അപരാധവും നിയമലംഘനവും യുദ്ധക്കുറ്റം പോലുമായിരുന്ന 2014ലെ ഇസ്രായേലിന്‍െറ ഗസ്സാ ആക്രമണകാലത്ത് ബാന്‍ കി മൂണിന്‍െറ ഈ വിധേയത്വം വെളിവായതാണ്. ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കുവേണ്ടി ഐക്യരാഷ്ട്രസഭ നടത്തുന്ന സ്കൂളടക്കം സിവിലിയന്‍ പ്രദേശങ്ങളും വീടുകളും ബോംബിട്ട് തകര്‍ത്തിട്ടും ഇസ്രായേലിനെ തുറന്നപലപിക്കാന്‍ അദ്ദേഹം തയാറായില്ല. ഈ നട്ടെല്ലില്ലായ്മയെ വിമര്‍ശിച്ച് അന്താരാഷ്ട്ര അഭിഭാഷകശ്രേഷ്ഠരും സന്നദ്ധസംഘടനകളും ഒപ്പിട്ട നിവേദനത്തില്‍ അദ്ദേഹത്തോടു പറഞ്ഞു - ഒന്നുകില്‍ നീതിക്കുവേണ്ടി നിലകൊള്ളുക, അല്ളെങ്കില്‍ രാജിവെക്കുക. അദ്ദേഹം രണ്ടും ചെയ്തില്ല. അതിനുമുമ്പ് 2008-2009ല്‍ ഗസ്സയിലെ സ്കൂളുകള്‍ക്കുമേല്‍ ഇസ്രായേല്‍ ബോംബ് വര്‍ഷിച്ചപ്പോള്‍ യു.എന്നിന് സ്വതന്ത്ര അന്വേഷക സംഘത്തെ നിയോഗിക്കേണ്ടിവന്നു. എന്നാല്‍, ഇസ്രായേലിനെ വ്യക്തമായി കുറ്റപ്പെടുത്തിയ റിപ്പോര്‍ട്ടിനെ തള്ളിപ്പറഞ്ഞുകൊണ്ട് ബാന്‍ കി മൂണ്‍ യു.എസ് വൈറ്റ്ഹൗസ് ഉദ്യോഗസ്ഥ സൂസന്‍ റൈസുമായി ഒത്തുകളിച്ച വിവരം വിക്കിലീക്സ് ഈയിടെ പുറത്തുവിട്ടപ്പോഴാണ് ലോകമറിയുന്നത്.

ഘടനാപരമായിത്തന്നെ യു.എന്‍ വന്‍ശക്തികള്‍ക്കനുകൂലമായി ചരിഞ്ഞാണ് നില്‍പ്. അതിന്‍െറ നേതൃത്വത്തിലുള്ളവര്‍കൂടി അങ്ങോട്ട് ചരിയുമ്പോള്‍ സംഭവിക്കുക യു.എന്‍ അതിനത്തെന്നെ തോല്‍പിക്കുക എന്നതാണ്. അന്‍േറാണിയോ ഗുട്ടെറസ് പതിതരോട് ഹൃദയൈക്യം പ്രകടിപ്പിച്ചയാളെന്ന നിലക്ക് വലിയ പ്രതീക്ഷയാണ് ഉയര്‍ത്തുന്നത്. അഭയാര്‍ഥി പ്രശ്നം, ഭീകരത, ഇവക്ക് കാരണമായ സാമ്രാജ്യത്വ കളികള്‍, സംഘര്‍ഷങ്ങള്‍, കാലാവസ്ഥാമാറ്റം തുടങ്ങിയ വലിയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആത്മാര്‍ഥതയും ചങ്കൂറ്റവും ലോക സമൂഹത്തിന്‍െറ പിന്തുണയുമുണ്ടെങ്കില്‍ കഴിയും. ഗുട്ടെറസിന് അനുകൂലമായി ഇന്ന് നിലനില്‍ക്കുന്ന ആഗോള സൗമനസ്യം പാഴായിപോകാതിരിക്കട്ടെ എന്ന് ആശ്വസിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialun secretary generalAntonio Guterres
News Summary - Antonio Guterres new UN chief
Next Story