അലസിയ ‘അപെക്’ ഉച്ചകോടി
text_fieldsപസഫിക് മേഖലയിലെ രാഷ്ട്രങ്ങൾക്കു മേലുള്ള കോയ്മ സംബന്ധിച്ച മൂപ്പിളമത്തർക്കത്തിൽ ഉടക്കി ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ സംഘടനയായ ‘അപെക്’ ഉച്ചകോടി അലസിപ്പിരിഞ്ഞിരിക്കുന്നു. ഞായറാഴ്ച പാപ്വന്യൂഗിനിയൻ തലസ്ഥാനമായ പോർട് മോറസ്ബിയിൽ ഉച്ചകോടി സമാപിച്ചത് ചരിത്രത്തിലാദ്യമായി ഒരു സംയുക്ത പ്രസ്താവനപോലും പുറപ്പെടുവിക്കാതെയാണ്. അമേരിക്കയും ചൈനയും തമ്മിലുള്ള ശാക്തിക വടംവലിയാണ് ഉച്ചകോടി അനിശ്ചിതത്വത്തിൽ പിരിയാനുള്ള കാരണം. ലോക വ്യാപാരസംഘടനയുടെ കാലപ്പഴക്കം ചെന്ന വ്യാപാര ഉടമ്പടി പൊളിച്ചെഴുതുന്നതു സംബന്ധിച്ച തർക്കവും ഏഷ്യ, യൂറോപ്, ആഫ്രിക്ക എന്നീ മൂന്നു വൻകരകളെ കോർത്തിണക്കി ചൈന പണിയുന്ന ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയും അമേരിക്കയും അപെകിലെ സഖ്യക്കാരും ചേർന്ന് ചൈനയെ ഒതുക്കാനുള്ള ആയുധമായി പ്രയോഗിക്കാൻ നടത്തിയ നീക്കമാണ് ഉച്ചകോടി പൊളിയാനുള്ള കാരണം. സംയുക്ത പ്രസ്താവനക്ക് പകരം ആതിഥേയരാജ്യമെന്ന നിലയിൽ പാപ്വന്യൂഗിനി ഒരു കമ്യൂണിക്കേ ഇറക്കുമെന്ന് പ്രധാനമന്ത്രി പീറ്റർ ഒാ നീൽ പ്രസ്താവനയിറക്കിയെങ്കിലും അതിനും കഴിഞ്ഞിട്ടില്ല. സ്വരച്ചേർച്ചയില്ലാതെയാണ് ഉച്ചകോടി അവസാനിച്ചതെന്ന് തുറന്നുപറഞ്ഞ അദ്ദേഹത്തിനും പ്രശ്നപരിഹാരത്തെക്കുറിച്ച് ഒരു തിട്ടവുമില്ല.
‘ആദ്യം അമേരിക്ക’ എന്ന മുദ്രാവാക്യവുമായി അമേരിക്കയുടെ അപ്രതിരോധ്യമായ മേധാശക്തി ഏതു വിധേനയും നിലനിർത്തിക്കിട്ടാൻ സാഹസികമായി പൊരുതുന്ന പ്രസിഡൻറ് ഡോണൾഡ് ട്രംപിന് ഏറെ തലവേദനയുണ്ടാക്കുന്നതാണ് കിഴക്കുനിന്നുള്ള ചൈനയുടെ നാൾക്കുനാൾ പുരോഗമിക്കുന്ന മുന്നേറ്റം. വ്യാപാര, സാേങ്കതിക, വ്യവസായരംഗങ്ങളിലെ സേവനക്കൈമാറ്റങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയും ഇറക്കുമതി തീരുവ ക്രമാതീതമായി വർധിപ്പിച്ചും മേഖലയിലെ തങ്ങളുടെ വളരുന്ന സ്വാധീനത്തെ തളർത്താനാണ് അമേരിക്കയുടെ ശ്രമമെന്ന് ചൈന വിശ്വസിക്കുന്നു. ഇതിനകം 250 ബില്യൺ ഡോളറിെൻറ ഏഴായിരത്തിലധികം വരുന്ന ഉൽപന്നങ്ങൾക്ക് അമേരിക്ക ഇറക്കുമതി തീരുവ ചുമത്തി. ഇതിനു മറുപടിയെന്നോണം 60 ബില്യൺ ഡോളറിെൻറ തുകക്കുള്ള അമേരിക്കൻ ഉൽപന്നങ്ങൾക്ക് ചൈനയും ഡ്യൂട്ടി ചുമത്തി. അമേരിക്കയുടേതിനു സമാനമായി ‘മേക് ഇൻ ചൈന 2025’ എന്ന സ്വയം പര്യാപ്ത ദൗത്യവുമായി ബെയ്ജിങ്ങും മുന്നോട്ടുനീങ്ങുകയാണ്. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഇൗ പോര് അവർക്കും ലോകസമ്പദ്ഘടനക്കും മാരകമായ മുറിവേൽപിക്കുന്നുണ്ടെന്നത് സത്യമാണ്. അതുകൊണ്ടുതന്നെയാണ് അപെക് ഇരുവിഭാഗത്തിനുമിടയിൽ മഞ്ഞുരുക്കാനുള്ള സുവർണാവസരമായിത്തീരുമെന്ന് നിരീക്ഷകർ ധരിച്ചത്. എന്നാൽ, യു.എസ് പ്രസിഡൻറ് ട്രംപോ മറ്റൊരു വൻശക്തിയായ റഷ്യയുടെ പുടിനോ ഉച്ചകോടിക്കെത്തിയില്ല. ചൈനീസ് നേതാവ് ഷി ജിൻപിങ് ഉച്ചകോടിക്കെത്തി മേഖലയിൽനിന്നു തനിക്കു പാട്ടിലാക്കാനുള്ളവരുമായൊക്കെ സമ്പർക്കപരിപാടി സജീവമാക്കി. അതേസമയം, അമേരിക്കയുടെയും കൂട്ടാളികളുടെയും പിടിവാശിക്കു മുന്നിൽ വഴങ്ങുകയില്ലെന്ന വിസമ്മതം തുറന്നു പ്രകടിപ്പിക്കുകയും ചെയ്തു. വ്യാപാരരംഗത്ത് ചൈനക്കുള്ള തീരുവ ഉപരോധം തുടരുമെന്നറിയിച്ച അമേരിക്കൻ വൈസ്പ്രസിഡൻറ് ൈമക് പെൻസ് ചൈന തീരുമാനം മാറ്റണമെന്നാണ് ഉപാധി െവച്ചത്
എന്നാൽ, ആഗോള സാമ്പത്തികവളർച്ച തടയുന്നത് അമേരിക്കയുടെയും സഖ്യക്കാരുടെയും ഏകപക്ഷീയവും സ്വജനപക്ഷപാതപരവുമായ നിലപാടാണെന്ന് ചൈനീസ് നേതാവ് ഷി പിങ് തിരിച്ചടിച്ചു. ലോക വ്യാപാരസംഘടനയുടെ പഴയകാല വ്യാപാര വിനിമയനിയമങ്ങളും നിയന്ത്രണങ്ങളും കാലോചിതമായി പരിഷ്കരിക്കണെമന്ന് അമേരിക്കൻ പക്ഷം വാദിക്കുേമ്പാൾ അത് അനുവദിക്കുകയില്ലെന്ന നിലപാടിലാണ് ചൈനയുള്ളത്. പസഫിക് മേഖല കുത്തകയാക്കി വെച്ചിരിക്കുന്ന അമേരിക്കക്കും ആസ്ട്രേലിയക്കും സഖ്യകക്ഷികളായ ജപ്പാനും യൂറോപ്യൻ യൂനിയനുമൊക്കെ ഒരുപോലെ അസഹ്യമായിരിക്കുന്നത് ചൈന പുതുതായി നേടിവരുന്ന സ്വാധീനമാണ്. ശ്രീലങ്ക അവരുടെ തെക്കൻ ഭാഗത്തെ മുഖ്യ തുറമുഖമായ ഹാമ്പൻടോട്ടയിലെ വാണിജ്യപ്രവർത്തനങ്ങൾ ചൈനക്കായി തുറന്നുകൊടുത്തു കഴിഞ്ഞു. ഉച്ചകോടിയുടെ ആതിഥേയരായ പാപ്വന്യൂഗിനിയിലും ചൈന വൻതോതിൽ നിക്ഷേപമിറക്കിയിരിക്കുന്നു. ഇതുവഴി നേടുന്ന സ്വാധീനം പശ്ചിമ ശാന്തസമുദ്രത്തിലെ യു.എസിെൻറ ഗുവാം സൈനികതാവളത്തിലേക്ക് കണ്ണുനടാൻ ചൈനയെ സഹായിക്കുമെന്നതാണ് അമേരിക്കയുടെ അസ്വാസ്ഥ്യം. ഇതു കണ്ടറിഞ്ഞ് രണ്ടാം ലോകയുദ്ധത്തിലെ യു.എസ് സൈനികത്താവളമായിരുന്ന പാപ്വന്യൂഗിനിയിലെ മാനുസ് ദ്വീപിൽ ഒരു സൈനികത്താവളം നിർമിക്കാൻ അമേരിക്കയും ആസ്ട്രേലിയയും ഒത്തുചേരുകയാണ്. ചൈന അവരുടെ ഭാഗമായി കരുതുന്ന തായ്വാനെ കരുവാക്കി ചില തന്ത്രപ്രധാന നീക്കങ്ങൾക്കും അവർ ശ്രമിക്കുന്നുണ്ട്. ഇങ്ങനെ പരമ്പരാഗതമായി തങ്ങൾ ആധിപത്യം പുലർത്തിയ മേഖലയിൽ അടിസ്ഥാനസൗകര്യ വികസനത്തിനും വികസനപ്രവർത്തനങ്ങൾക്കുമായി ചൈന വൻതോതിൽ നിക്ഷേപമിറക്കുന്നതാണിപ്പോൾ അമേരിക്ക, ആസ്ട്രേലിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്.
പരമാധികാരം പണയപ്പെടുത്തി ഒരു വായ്പയും സ്വീകരിക്കരുതെന്നും സ്വന്തം താൽപര്യങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കണമെന്നും അമേരിക്കയെപ്പോലെ സ്വന്തം രാജ്യം ആദ്യം എന്നായിരിക്കണം എല്ലാവരും സൂക്ഷിക്കേണ്ട മനോഭാവമെന്നുമൊക്കെയുള്ള ഉദ്ബോധനവും അമേരിക്കൻ വൈസ് പ്രസിഡൻറ് പെൻസ് ഉച്ചകോടിയിൽ നൽകിയിരുന്നു. ദക്ഷിണ, മധ്യ-പശ്ചിമ ഏഷ്യ, യൂറോപ്്, ആഫ്രിക്കൻ രാജ്യങ്ങളെ കരയും കടലുമായി ബന്ധിപ്പിച്ചു തയാറാക്കിയ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിലൂടെ ശാന്തസമുദ്രത്തിലെ തന്ത്രപ്രധാന മേഖല ചൈന ചുറ്റിപ്പിടിക്കുമെന്നാണ് പടിഞ്ഞാറൻ സഖ്യത്തിെൻറ ആശങ്ക. എന്നാൽ, 2013ൽ പ്രഖ്യാപിക്കപ്പെട്ട ഇത് ആരെയും പുറന്തള്ളുന്ന പദ്ധതിയല്ലെന്നും അംഗങ്ങളല്ലാത്തവർക്ക് അയിത്തം കൽപിക്കുന്ന രീതി ഇക്കാര്യത്തിൽ ഉണ്ടാവുകയില്ലെന്നും ചൈന ഉറപ്പുപറയുന്നു. ഇൗ വടംവലിക്കിടയിൽ ‘ഇര രാജ്യങ്ങൾ’ ഇരുഭാഗത്തുനിന്നും തങ്ങൾക്കു കിട്ടുന്ന സഹായം പരമാവധി ഉപയോഗപ്പെടുത്തുകയെന്ന നയമാണ് കൈക്കൊണ്ടിരിക്കുന്നത്. ലോകത്തിെൻറ സമ്പദ്സമൃദ്ധിക്ക് ആകാശങ്ങളുടെയും സമുദ്രങ്ങളുടെയും സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുമെന്ന് ഉച്ചകോടിയിൽ പ്രഖ്യാപിച്ചിരിക്കുന്നു അമേരിക്ക. ആരെയും അധീനപ്പെടുത്താൻ അനുവദിക്കാത്ത ആ സ്വാതന്ത്ര്യം ആരുടേതാണെന്ന് അവർക്കു മാത്രമല്ല, ലോകത്തിനുമറിയാം. അതൊന്നുകൂടി ആവർത്തിച്ചുറപ്പിച്ചാണ് അപെക് ഉച്ചകോടി അലസിപ്പിരിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.