Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightദാഭോൽകറുടെ കൊലയാളികൾ...

ദാഭോൽകറുടെ കൊലയാളികൾ സുരക്ഷിതരോ?

text_fields
bookmark_border
Dhabholkar
cancel

മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതി സ്ഥാപകനും പ്രമുഖ യുക്തിവാദിയുമായ നരേന്ദ്ര ദാഭോൽകർ വധക്കേസിൽ 11 വർഷത്തിനുശേഷം പുണെ അഡീഷനൽ സെഷൻസ് ജഡ്ജി പി.പി. യാദവ് പുറപ്പെടുവിച്ച വിധി ഒരേസമയം ആശ്വാസത്തിനും ഉത്കണ്ഠക്കും വകനൽകുന്നതാണ്. പ്രമാദമായ ഒരു കൊലക്കേസ് സി.ബി.ഐ ഏറ്റെടുത്ത് സമഗ്രമായി അന്വേഷണം നടത്തി പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച ശേഷം വിചാരണക്കോടതി വിധിപറയാൻ നീണ്ട 11 വർഷമെടുത്തിട്ടും അതിന്റെ പിന്നിലെ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ല എന്നതാണ് ദുഃഖകരവും ആശങ്കജനകവുമായ കാര്യം. അതേയവസരം ദാഭോൽകറെ വെടിവെച്ചുകൊന്ന പ്രതികളായ സച്ചിൻ അന്ദുരെ, ശരദ് കലാസ്കർ എന്നിവർക്ക് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത് ആശ്വാസകരവുമാണ്. കേസിലെ മറ്റു മൂന്നു പ്രതികളായ ഇ.എൻ.ടി സർജൻ ഡോ. വിരേന്ദ്രസിങ് തവാഡെ, മുംബൈയിലെ അഭിഭാഷകൻ സഞ്ജീവ് പുനലേക്കർ, സഹായ് വിക്രം ഭാവെ എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയക്കുകയും ചെയ്തു. യഥാർഥത്തിൽ ഇവർ നേതൃത്വം നൽകിയ സനാതൻ സൻസ്ത എന്ന തീവ്ര ഹിന്ദുത്വ സംഘടനയാണ് ക്രൂരമായ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് ഏറെക്കുറെ വിശ്വാസ്യമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടും ആദ്യം കേസന്വേഷിച്ച മഹാരാഷ്ട്ര പൊലീസിനോ പിന്നീട് അന്വേഷണം ഏറ്റെടുത്ത സി.ബി.ഐക്കോ അത് തെളിയിക്കാനായില്ലെന്നതാണ് ഏറ്റവും ദുഃഖകരമായ മറുവശം. ഈ ദൗർബല്യത്തിലേക്ക് വിചാരണക്കോടതി തന്നെ ശക്തമായി വിരൽചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. 2015 ഫെബ്രുവരിയിൽ സി.പി.ഐ നേതാവും പുരോഗമനവാദിയുമായ ഗോവിന്ദ് പൻസാരെയും ആഗസ്റ്റ് 30ന് സാഹിത്യകാരൻ കൽബുർഗിയും 2017 സെപ്റ്റംബർ അഞ്ചിന് ബംഗളൂരുവിൽ പത്രപ്രവർത്തക ഗൗരി ലങ്കേഷും സമാന സാഹചര്യത്തിൽ കൊല്ലപ്പെട്ടതിനു പിന്നിലും സനാതൻ സൻസ്തയാണെന്ന് വ്യക്തമായ സൂചന ലഭിച്ചിട്ടും അക്കാര്യമൊന്നും കോടതി മുമ്പാകെ തെളിയിക്കാൻ അന്വേഷണ ഏജൻസികൾക്ക് സാധ്യമാകാതെ പോയത് പലവിധ സംശയങ്ങൾക്കും വഴിയൊരുക്കുന്നു. ദാഭോൽകറുടെ കുടുംബം വിചാരണക്കോടതിയുടെ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് വ്യക്തമാക്കിയിരിക്കെ യഥാർഥ ചിത്രം വൈകിയെങ്കിലും രാജ്യത്തിന്റെ മുന്നിൽ വരുമെന്ന് പ്രതീക്ഷിക്കുകയേ തൽക്കാലം നിർവാഹമുള്ളൂ.

ദാഭോൽകറുടെ അറുകൊല കടുത്ത ജനരോഷത്തിന് പ്രേരകമായപ്പോൾ സംഭവം കഴിഞ്ഞ് നാളുകൾക്കകം അന്ധവിശ്വാസ നിർമാർജന നിയമം നിർമിക്കാൻ സംസ്ഥാന സർക്കാർ നിർബന്ധിതമായി എന്ന കാര്യം ശുഭസൂചനയായിരുന്നു. പിന്നീട് കൽബുർഗി വധത്തെ തുടർന്ന് കർണാടക സർക്കാറും അതേ മാതൃക പിന്തുടർന്നു. അസം, ഛത്തിസ്ഗഢ്, ഝാർഖണ്ഡ് സംസ്ഥാനങ്ങളിലും മാരകമായ ദുരാചാരങ്ങൾക്കെതിരെ നിയമങ്ങൾ നിലവിൽവരുകയുണ്ടായി. എന്നാൽ, നരബലി സംഭവങ്ങൾവരെ ജനസമൂഹത്തെ ഞെട്ടിച്ച പ്രബുദ്ധ കേരളത്തിൽ അന്ധവിശ്വാസ നിർമാർജന നിയമം നിർമിച്ച് നടപ്പാക്കുമെന്ന് പുരോഗമനപരമെന്നവകാശപ്പെടുന്ന ഇടതുസർക്കാർ ഉദ്ഘോഷിച്ചിട്ടും വഞ്ചി ഇപ്പോഴും തിരുനക്കരെതന്നെ. യഥാർഥ വിശ്വാസമേത്, അന്ധവിശ്വാസമേത് എന്ന് കൃത്യമായി നിർവചിക്കാൻ കഴിയാത്തതും എന്തു നിയമം കൊണ്ടുവന്നാലും അതിൽ ചില വിഭാഗക്കാർ എതിർപ്പ് പ്രകടിപ്പിക്കുമെന്ന് ആശങ്കിക്കുന്നതുമാണ് തദ്വിഷയകമായ നിയമനിർമാണത്തിന് സർക്കാർ സന്നദ്ധമാകാത്തതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സർവസമ്മതമായ ഒരു നിർവചനം അന്ധവിശ്വാസത്തിനോ അനാചാരത്തിനോ നൽകാൻ കഴിയില്ലെന്നത് വാസ്തവമാണ്. പക്ഷേ, നേരെചൊവ്വേ ചിന്തിക്കുന്ന ഏത് മനുഷ്യനും സമ്മതിക്കുന്നതും രാജ്യത്തിന്റെ ഭരണഘടന അംഗീകരിക്കുന്നതുമായ ചില അനിഷേധ്യ സത്യങ്ങളുണ്ടല്ലോ. മനുഷ്യജീവനും സ്വത്തിനും അഭിമാനത്തിനും ക്ഷതമേൽപിക്കുന്ന ഏതു നീചവൃത്തിയും ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് ശിക്ഷാർഹമാണ്, അനുവദിക്കാൻ നിർവാഹമില്ല എന്ന സത്യം നിരാകരിക്കാൻ ആർക്ക് കഴിയും? അതിലേക്ക് നയിക്കുന്ന എല്ലാ വിശ്വാസാചാരങ്ങളും നിയമദൃഷ്ട്യാ കുറ്റകരമാകണം. അപ്രകാരം സ്ത്രീത്വത്തെ അനാദരിക്കുന്നതും ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കുന്നതുമായ ആചാരങ്ങളെ ഒരർഥത്തിലും അംഗീകരിക്കാനാവില്ല. ഏതു മതത്തിന്റെയോ വിശ്വാസത്തിന്റെയോ പേരിലായാലും മനുഷ്യന്റെ അന്തസ്സിനും മാന്യതക്കും പരിക്കേൽപിക്കുന്ന ചിന്തകളും തദടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സംഘങ്ങളും കർശനമായി വിലക്കപ്പെടുകതന്നെ വേണം. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ജനാധിപത്യപരമായി പൊരുതുകയും ആശയപരമായ ബോധവത്കരണം നടത്തുകയും ചെയ്യുന്ന വ്യക്തികൾക്കും കൂട്ടായ്മകൾക്കും സ്റ്റേറ്റ് സംരക്ഷണം ഉറപ്പുവരുത്തണം. നിർഭാഗ്യവശാൽ കഴിഞ്ഞ ദശവത്സരക്കാലം രാജ്യം അടക്കിഭരിച്ച തീവ്ര വലതുപക്ഷ ശക്തികൾ വികല വിശ്വാസങ്ങളെയും തജ്ജന്യ നിഷ്ഠുരവൃത്തികളെയും സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചുവന്നിട്ടുള്ളത്. അതിനെതിരെ ആർജവത്തോടെ നിലയുറപ്പിക്കുകയും ശബ്ദിക്കുകയും ചെയ്യേണ്ടവർ വോട്ടുനഷ്ടമോ ദ്രവ്യനഷ്ടമോ ഭയന്നും ഭീരുത്വം മൂലവും പതറുകയും മൗനം ഭജിക്കുകയും ചെയ്യുകയാണ്. ദാഭോൽകറെയും പൻസാരെയും കൽബുർഗിയെയും ധീരാത്മാക്കളായി കൊണ്ടുനടക്കുന്നവരുടേത് കാപട്യമല്ലെങ്കിൽ അത് കർമപഥത്തിലാണ് തെളിയിക്കേണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam editorialNarendra Dabholkar
News Summary - Are Dabholkar's killers safe? Madhyamam editorial
Next Story