ആ ചാറ്റുകളെ അവഗണിക്കരുത്
text_fieldsബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച് കൗൺസിലിെൻറ (ബാർക്) മുൻ മേധാവി പാർഥ ദാസ്ഗുപ്ത, 'റിപ്പബ്ലിക്' ചാനലുകളുടെ മേധാവി അർണബ് ഗോസ്വാമിയുമായി നടത്തിയെന്നു പറയുന്ന വാട്സ്ആപ് ചാറ്റുകൾ നിയമവാഴ്ചയുമായും ഭരണവിശുദ്ധിയുമായും രാജ്യസുരക്ഷയുമായും ബന്ധപ്പെട്ട കുറെയേറെ മാനങ്ങൾ ഉൾക്കൊള്ളുന്നു. ചാറ്റുകൾ യഥാർഥമോ എന്ന് വിദഗ്ധർ പറയേണ്ടതാണ്; എന്നാൽ, 'ബാർകോ' ദാസ്ഗുപ്തയോ ഗോസ്വാമിയോ ചാറ്റുകളിൽ പരാമർശിക്കപ്പെട്ട പ്രമുഖരോ ഇത് നിഷേധിച്ചിട്ടില്ല. ചാറ്റുകളിൽ സത്യത്തിെൻറ ചില അടയാളങ്ങളെങ്കിലും സ്ഥിരീകരിച്ചിട്ടുണ്ടുതാനും. ചാറ്റുകൾ കോടതിയിൽ തെളിവായി അംഗീകരിക്കാൻ സാധ്യത കുറവാണ്. എന്നാലും റേറ്റിങ് തട്ടിപ്പിനെക്കാൾ ഗൗരവപ്പെട്ട പല പ്രശ്നങ്ങളും അവ ഉയർത്തുന്നുണ്ട്. ടെലിവിഷൻ ചാനലുകളുടെ റേറ്റിങ്ങിൽ കൃത്രിമം കാട്ടിയെന്ന കേസിൽ ദാസ്ഗുപ്ത അടക്കം മൂന്നുപേർക്കെതിരെ മുംബൈ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തോടൊപ്പം തെളിവെന്നോണം 500 പേജ് വരുന്ന ചാറ്റുകൾ ചേർത്തിരുന്നു. അതാണ് പുറത്തേക്ക് ചോർന്നത്. റേറ്റിങ് കൃത്രിമങ്ങളെക്കുറിച്ച അന്വേഷണം അതിലും വലിയ ചിലതൊക്കെ പുറത്തുകൊണ്ടുവരുന്നു എന്ന് ഇതിലെ ഉള്ളടക്കം പരിശോധിച്ച ആർക്കും എളുപ്പത്തിൽ മനസ്സിലാക്കാനാവും. വെളിപ്പെടുത്തലുകൾ നിയമപരമായി തെളിയിച്ചാലുമില്ലെങ്കിലും അവ അസത്യമായിരിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും പരിശോധനയിൽ ബോധ്യപ്പെടും. ചോർന്ന ചാറ്റുകളുടെ നിയമസാധുതയെക്കാളും ജനങ്ങളെ അലോസരപ്പെടുത്തേണ്ടത് അവയിൽ സൂചിപ്പിക്കപ്പെട്ട അഴിമതിയും അധികാര ദുരുപയോഗവും രാഷ്ട്രീയ ഉപജാപങ്ങളുമെല്ലാം ഇന്നത്തെ ഇന്ത്യയിൽ അസംഭവ്യമല്ല എന്നതാണ്. ടെലിവിഷൻ റേറ്റിങ് ഒരു സമ്പൂർണ തട്ടിപ്പാക്കി മാറ്റിയിരിക്കുന്നു ബന്ധപ്പെട്ടവർ. ഭരണപക്ഷത്തെ എല്ലാ കാര്യത്തിലും പിന്തുണക്കുന്ന ചാനലുകൾക്ക് ലഭ്യമാകുന്നതായി സൂചിപ്പിക്കപ്പെടുന്ന അവിഹിത ആനുകൂല്യങ്ങൾ തട്ടിപ്പിനപ്പുറത്ത് ദുർഭരണത്തിലേക്ക് വെളിച്ചംവീശുന്നു. നിയമാധിഷ്ഠിത ഭരണസംവിധാനത്തിൽ ഊഹിക്കാൻപോലുമാകാത്ത ദുഃസ്വാധീനങ്ങൾ ഭരണത്തിെൻറ വിവിധ മേഖലകളിൽ പിടിമുറുക്കിയെന്നാണ് മനസ്സിലാകുന്നത്. ഇതെല്ലാമാണ്, വെറുമൊരു ക്രിമിനൽ കേസിലെ സത്യവാങ്മൂലം മാത്രമാകുമായിരുന്ന കുറെ വാട്സ്ആപ് ചാറ്റുകൾ രാജ്യത്തിെൻറ അടിസ്ഥാനതത്ത്വങ്ങളെത്തന്നെ സ്പർശിക്കുന്ന ഒന്നായി മാറിയത്. ചാറ്റുകളടക്കം എല്ലാം തങ്ങളുടെ കൈയിൽ ഭദ്രമായും സ്വകാര്യമായും നിൽക്കുമെന്ന് വാട്സ്ആപ് അധികൃതർ അവകാശപ്പെട്ടതിനു തൊട്ടുപിന്നാലെ ഇങ്ങനെയൊരു ചോർച്ചയുണ്ടായത് ആ അവകാശവാദത്തിെൻറ മർമത്താണ് ആഘാതമേൽപിച്ചത് എന്നത് മറ്റൊരു വിഷയം. (ഐക്ലൗഡ് ബാക്കപ്പിൽനിന്ന് വാട്സ്ആപ് വിവരങ്ങൾ ചോർത്താനാകുമത്രെ.)
ചോർന്ന രേഖകൾ ഉയർത്തുന്ന വലിയ ആശങ്ക, ഭരണതീരുമാനങ്ങളുടെ വിവിധ തലങ്ങളിൽ നിയമബാഹ്യകേന്ദ്രങ്ങൾ ചെലുത്തുന്ന സ്വാധീനമാണ്. ചാനൽ റേറ്റിങ് അന്യൂനമാക്കാൻ പുതിയ സോഫ്റ്റ്വെയർ സ്ഥാപിക്കുന്നത് തടയുന്ന രൂപത്തിൽ ഗോസ്വാമി ഇടപെട്ടതായ പരാമർശം മുതൽ, അന്നത്തെ വാർത്താവിതരണ മന്ത്രി സ്മൃതി ഇറാനിയുമായി സ്വകാര്യ കൂടിയാലോചന തരപ്പെടുത്തിയതും പ്രധാനമന്ത്രിയുടെ ഓഫിസിൽ സമ്മർദം ചെലുത്തി ഉപദേശക തസ്തിക സംഘടിപ്പിച്ചുതരാൻ ദാസ്ഗുപ്ത ഗോസ്വാമിയോട് അഭ്യർഥിച്ചതും വരെ ഉന്നതങ്ങളിലെ അന്തപ്പുര രഹസ്യങ്ങളിലേക്കുള്ള ചെറിയ കിളിവാതിൽകൂടിയാണ് ചാറ്റുകൾ. പി.എം.ഒ, എൻ.എസ്.എ, എം.ഐ.ബി മുതലായ അധികാരകേന്ദ്രങ്ങൾക്കു പുറമെ 'എ.എസ്' എന്ന ശക്തനായ ഉന്നതനും കൂടക്കൂടെ പരാമർശിക്കപ്പെടുന്നു. വ്യവസ്ഥാപിത നിയമങ്ങൾക്കും ചട്ടങ്ങൾക്കും മീതെ സമാന്തരമായൊരു ഗൂഢവ്യവസ്ഥ രൂപംകൊള്ളുന്നു എന്നതാണ് ഈ ചാറ്റുകൾ തുറന്നിടുന്ന സാധ്യത. മുമ്പ് മൻമോഹൻ സിങ് സർക്കാറിെൻറ കാലത്ത് പുറത്തുവന്ന 'നീര റാഡിയ ടേപ്പുകൾ', ഭരണത്തിൽ സ്വാധീനം ചെലുത്തുന്ന കോർപറേറ്റ്-മാധ്യമ-രാഷ്ട്രീയ കൂട്ടുകെട്ടിലേക്ക് വിരൽചൂണ്ടിയിരുന്നു. ആ ടേപ്പുകൾ വിവിധ സംഭാഷണങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു. ഇപ്പോഴത്തേതാകട്ടെ രണ്ടു മേധാവികൾ തമ്മിലുള്ള ചാറ്റ് മാത്രം. ലാഭകരമായ ഇടപാടുകൾക്കപ്പുറം രാഷ്ട്രീയ ഗൂഢാലോചനകളിലേക്കും അവ സൂചന നൽകുന്നു.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ജനാഭിപ്രായം ഭരണപക്ഷത്തിനനുകൂലമല്ല എന്ന വിലയിരുത്തലുണ്ടായ സമയത്താണ് പുൽവാമ-ബാലാകോട്ട് സംഭവങ്ങൾ നിർണായകമായ വഴിത്തിരിവായത്. പുൽവാമ ഭീകരാക്രമണത്തെപ്പറ്റി 'നമുക്ക് വൻ വിജയം' എന്ന് ഗോസ്വാമി കുറിച്ചതിെൻറ അർഥമെന്ത് എന്ന ചോദ്യമുയർന്നിട്ടുണ്ട്. ഭീകരാക്രമണത്തിന് തിരിച്ചടിയെന്ന നിലക്ക് ബാലാകോട്ട് ആക്രമണം നടത്തിയപ്പോഴാകട്ടെ, മൂന്നു നാൾ മുേമ്പ ഗോസ്വാമി കാര്യമറിഞ്ഞിരുന്നുവെന്ന് ചാറ്റ് കാണിക്കുന്നു. ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി എടുത്തുകളഞ്ഞതടക്കമുള്ള മർമപ്രധാനമായ ഭരണതീരുമാനങ്ങൾ അർണബിനെപ്പോലുള്ളവർക്ക് എങ്ങനെയോ ലഭിക്കുന്നു എന്നാണല്ലോ ഇതിനർഥം. ഇതിൽ പലതും ഭരണത്തിെൻറ ഉന്നതതലങ്ങളിൽ മാത്രമറിയുന്നതും ഏതാനും വ്യക്തികളിൽ മാത്രം അതിരഹസ്യമെന്ന നിലക്ക് ഒതുങ്ങുന്നതുമായ കാര്യങ്ങളാണ്. അതൊക്കെ വളരെ ലാഘവത്തോടെ തീരുമാനിക്കപ്പെടുകയും നടപ്പാക്കപ്പെടുകയും ചെയ്യുന്നു എന്നും ഇതിലെല്ലാം നിയമത്തിെൻറ ജനാധിപത്യ മുറകളല്ല മറ്റേതോ സമാന്തര ഭരണ'മര്യാദ'കളാണ് പാലിക്കപ്പെട്ടതെന്നുമുള്ള ധാരണയാണ് വാട്സ്ആപ് ചാറ്റുകൾ നൽകുന്നത്. ഭരണഘടനയും നിയമവാഴ്ചയും താൽപര്യപ്പെടുന്നത് വാട്സ്ആപ് ചാറ്റുകളെക്കുറിച്ച് സ്വതന്ത്രവും വിശ്വസനീയവുമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നാണ്. വെറും നിഷേധമോ വ്യാഖ്യാനക്കസർത്തോകൊണ്ട് ഇല്ലാതാക്കാവുന്നതല്ല രാഷ്ട്രമനസ്സാക്ഷിയിൽ ഉയർന്നിരിക്കുന്ന അതിഗുരുതരമായ സംശയങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.