ആപ്പിലാക്കുന്ന ആരോഗ്യസേതു
text_fieldsകോവിഡ് കാലത്ത് രോഗവ്യാപനം നിയന്ത്രിക്കുന്നതിന് ഭരണകൂടങ്ങളും വൻകിട കമ്പനികളും തയാറാക്കുന്ന ആരോഗ്യ ആപ്പുകളിലൂടെ നടക്കുന്ന വ്യാപക ഡേറ്റ കച്ചവടത്തെ കുറിച്ചും ഉപയോക്താക്കളുടെ സ്വകാര്യത ചോർച്ചകളെ കുറിച്ചും കഴിഞ്ഞ ഏപ്രിൽ 18ന് ഞങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു. ആ മുന്നറിയിപ്പ് ഇന്ത്യയിലും ഭീതിജനകമാംവിധം യാഥാർഥ്യമാകുന്നുവെന്ന് തെളിയിക്കുന്നു ‘ആരോഗ്യസേതു’ വിവാദം. കേന്ദ്ര സർക്കാർ നിർദേശപ്രകാരം ‘ആരോഗ്യസേതു’ ആപ ് ഡൗൺലോഡ് ചെയ്ത ഒമ്പതു കോടി പൗരന്മാരുടെ സ്വകാര്യതകളും ആരോഗ്യാവസ്ഥകളും ഡേറ്റ വിപണിയിലെ ചരക്കായിത്തീരുമോ എന്ന ആശങ്കകളെ ബലപ്പെടുത്തിയിരിക്കുകയാണ് ‘എലിയറ്റ് ആൽഡേഴ്സൺ’ എന്ന അപര നാമത്തിൽ അറിയപ്പെടുന്ന ഫ്രാൻസിൽനിന്നുള്ള എത്തിക്കൽ ഹാക്കർ. പ്രധാനമന്ത്രിയുടെ ഓഫിസ്, ആഭ്യന്തര മന്ത്രാലയം, സൈനിക ആസ്ഥാനം എന്നിവിടങ്ങളിലെ കോവിഡ്ബാധിതരുടെ വിശദാംശങ്ങൾ പുറത്തുവിട്ടു ‘ആരോഗ്യ സേതു’ ആപ്ലിക്കേഷനിലെ ഡേറ്റ എളുപ്പത്തിൽ ചോർത്താവുന്നതാെണന്ന് അദ്ദേഹം തെളിയിച്ചിരിക്കുകയാണ്. ‘ആരോഗ്യ സേതു’ ആപ്ലിക്കേഷൻ വ്യക്തികളുടെ സ്വകാര്യത ചോർത്തുന്ന ഉപകരണമാെണന്നും കേന്ദ്രസർക്കാറിന് പൗരരെ പിന്തുടരാനും നിരീക്ഷിക്കാനുമുള്ള മാർഗവുമാെണന്ന സൈബർമേഖലയിൽനിന്നുള്ള മുന്നറിയിപ്പുകൾക്കും രാഹുൽ ഗാന്ധിയടക്കമുള്ള രാഷ്ട്രീയനേതാക്കളുടെ വിമർശനങ്ങൾക്കും അടിവരയിട്ടിരിക്കുകയാണ് ഈ ഡേറ്റ ചോർച്ച.
കോവിഡ് രോഗവ്യാപനത്തെ നിയന്ത്രിക്കാൻ വിവിധ രാജ്യങ്ങളുടെ മാതൃകയിൽ വിവരാവകാശ മന്ത്രാലയത്തിെൻറ ആവശ്യപ്രകാരം ദേശീയ വിവരാവകാശ സെൻറർ പുറത്തിറക്കിയതാണ് ‘ആരോഗ്യ സേതു’ ആപ്. സ്വകാര്യത സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വിഭിന്നമായി ആപ് നിർമാണത്തിന് ഇന്ത്യ മാതൃകയാക്കിയത് ആഭ്യന്തര മന്ത്രാലയത്താൽ പൗരനിരീക്ഷണം ശക്തമാക്കുന്ന ഇസ്രായേലിനെയാണ്. ആപ് ഡൗൺലോഡ് ചെയ്യുന്ന വ്യക്തിയുടെ സമ്പർക്കങ്ങളെ കണ്ടെത്തുകയും നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുന്നതിലൂടെ (കോൺടാക്ട് ട്രേസിങ്) കോവിഡ് ബാധിതരെ കുറിച്ച വിവരങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിെൻറ ഡാറ്റാബേസിൽ ശേഖരിക്കുകയും ആപ്പിലേക്ക് കൈമാറുകയും ചെയ്യുന്നു. അങ്ങനെ, രോഗബാധിതനായ വ്യക്തി ഉപയോക്താവിന് സമീപമെത്തുമ്പോൾ ജി.പി.എസ്, ബ്ലൂ ടൂത്ത് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മുന്നറിയിപ്പ് നൽകുന്ന സംവിധാനമാണ് ‘ആരോഗ്യസേതു’വിലുള്ളത്. രോഗവ്യാപനം തടയാൻ എന്ന വാദത്തിലാണെങ്കിലും ജി.പി.എസ് സംവിധാനം ഉപയോഗിച്ച് ഉപയോക്താക്കളുടെ ഓരോ ചലനവും നിരന്തരം ശേഖരിക്കുന്ന നിരീക്ഷണസംവിധാനം, സ്വകാര്യത മൗലികാവകാശമാക്കിയ സുപ്രീംകോടതിയുടെ വിധിക്ക് വിരുദ്ധമാണ്. നിലവിൽ ഇന്ത്യയിൽ സമഗ്രമായ വിവര സുരക്ഷ നിയമങ്ങൾ ഒന്നുംതന്നെ നിലവിലില്ല എന്നത് സാഹചര്യം കൂടുതൽ ഗൗരവതരമാക്കുകയും ചെയ്യുന്നുണ്ട്.
‘ആരോഗ്യ സേതു’വിലൂടെ ശേഖരിക്കപ്പെടുന്ന ഡേറ്റയെക്കുറിച്ച് കൃത്യമായ വിവരങ്ങൾ സർക്കാർ പുറത്തുവിടുന്നില്ലെന്നാണ് സൈബർമേഖലയിലെ പല വിദഗ്ധരും ആരോപിക്കുന്നത്. ആപ്പിനുവേണ്ടി തയാറാക്കിയിരിക്കുന്ന സ്വകാര്യത നയം അങ്ങേയറ്റം അവ്യക്തമാെണന്നും അവർ വാദിക്കുന്നു. ജി.പി.എസ് സ്ഥാനം മുതൽ ഉപയോക്താവിെൻറ ഇൻറർനെറ്റ് വിവരങ്ങളും മൊബൈൽ ഉള്ളടക്കങ്ങളുമടക്കം ഒമ്പത് തരം വിവരങ്ങൾ നിരീക്ഷിക്കാനും ഉപയോഗിക്കാനും കേന്ദ്രത്തിന് അനുമതി നൽകിക്കൊണ്ടാണ് ആപ് ഒാരോരുത്തരും ഡൗൺലോഡ് ചെയ്യുന്നത്. മാത്രമല്ല, ഒാരോ ഉപയോക്താവും സ്വന്തം വിവരങ്ങൾ ഇടയ്ക്കിടക്ക് നവീകരിക്കുകയും വേണം. അല്ലാത്തവരുടെ വിവരങ്ങൾ പൊലീസിനെ അറിയിക്കുകയും ആവശ്യമാെണങ്കിൽ അവരെ കസ്റ്റഡിയിൽ എടുക്കുവാനും ദുരന്തനിവാരണ നിയമപ്രകാരം പുറപ്പെടുവിച്ച കേന്ദ്ര സർക്കാർ ഉത്തരവ് അവകാശം നൽകുന്നുണ്ട്. അതനുസരിച്ച് എല്ലാ സർക്കാർ പൊതു, സ്വകാര്യമേഖല ജീവനക്കാരും ‘നിയന്ത്രണ’ മേഖലകളിൽ താമസിക്കുന്ന എല്ലാവരും ആപ് ഡൗൺലോഡ് ചെയ്യാൻ നിർബന്ധിതരാണ്. കെ.എസ്. പുട്ടുസ്വാമി കേസിലെ സുപ്രീംകോടതി വിധി പ്രകാരം ഇങ്ങനെ നിർബന്ധമാക്കാൻ സർക്കാറിന് അവകാശമില്ല. എന്നിട്ടും ആപ് ഡൗൺലോഡ് ചെയ്യാൻ സന്നദ്ധരല്ലാത്തവർക്കെതിരെ ലോക്ഡൗൺ ലംഘനം ആരോപിച്ച് ഐ.പി.സി 188 പ്രകാരം പലയിടത്തും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നു.
കോവിഡ് പ്രതിരോധത്തിനായി ആരോഗ്യവകുപ്പ് പുറത്തിറക്കുകയും നിർബന്ധമാക്കുകയും ചെയ്ത ‘ആരോഗ്യ സേതു’ ആപ്പിെൻറ ‘സാങ്കേതിക ആരോഗ്യ’വും ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. രോഗികളുടെ സ്വകാര്യവിവരങ്ങൾ ഭദ്രമാണോ, ഡേറ്റകളുടെ കച്ചവടത്തിന് ആപ് ഉപാധിയാകുമോ തുടങ്ങിയ ധാരാളം സംശയങ്ങൾ കനപ്പെടുകയും ചെയ്തിരിക്കുന്നു. ഫെബ്രുവരി അവസാനവാരം വടക്കുകിഴക്കൻ ഡൽഹിയിൽ അരങ്ങേറിയ വംശീയാക്രമണത്തിൽ വാഹന ഉപഭോക്താക്കളുടെ ഡേറ്റ സമർഥമായി ഉപയോഗിച്ചുവെന്ന് തെളിഞ്ഞതാണ്. വരാൻപോകുന്ന ഡേറ്റ സമ്പദ്വ്യവസ്ഥയിലേക്കും സാങ്കേതികാധിപത്യത്തിലേക്കും (ടെക്നോ ടോട്ടാലിറ്റേറിയൻ സ്റ്റേറ്റ്) ഭരണകൂടം നടത്തുന്ന ഒളിയജണ്ടകൾക്ക് ജനങ്ങളെ വിധേയപ്പെടുത്തുകയാണ് കോവിഡ്കാലം. അസാധാരണകാലത്തിെൻറ പേരിൽ ജീവൻ വേണോ ഡേറ്റ വേണോ എന്ന അസംബന്ധ ചോദ്യങ്ങൾ ഉയർത്തുന്നത് നിർത്തി പൗരാവകാശത്തെ കുറിച്ച് ഗൗരവ ചോദ്യങ്ങൾ ഉയർത്താൻ സമയമായിരിക്കുന്നു. അല്ലെങ്കിൽ കോവിഡാനന്തരം ഡേറ്റ തടവുകാരനായ ജീവിതമായിരിക്കും ബാക്കിയാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.