ലവ് ജിഹാദിനെ കുറിച്ചുതന്നെ
text_fieldsകേരളത്തിൽ ലവ് ജിഹാദ് നിരോധന നിയമം നടപ്പാക്കാത്തതിൽ സംസ്ഥാന സർക്കാറിനെ കുറ്റപ്പെടുത്തിക്കൊണ്ടാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയും തീവ്ര ഹിന്ദുത്വ നേതാവുമായ യോഗി ആദിത്യനാഥ് വ്യാഴാഴ്ച കേരളത്തിലെ ബി.ജെ.പി തെരഞ്ഞെടുപ്പ് റാലികളിൽ പ്രസംഗിച്ചത്. തെൻറ സംസ്ഥാനത്ത് ലവ് ജിഹാദ് നിരോധന നിയമം നടപ്പാക്കിയത് വലിയ ഭരണനേട്ടമായി അവതരിപ്പിച്ച യോഗി, കോടതികൾ ഗൗരവം ചൂണ്ടിക്കാട്ടിയിട്ടും കേരളത്തിൽ അത് നിയമവിരുദ്ധമാക്കാത്തതിൽ സർക്കാറിനെ കുറ്റപ്പെടുത്തുകയായിരുന്നു. ലവ് ജിഹാദ്, ശബരിമല, ശ്രീരാമക്ഷേത്രം തുടങ്ങിയ മതവൈകാരികതയും വർഗീയതയും ഇളക്കിവിടുന്ന പ്രചാരണങ്ങൾ തന്നെയാണ് കേരളത്തിലെ ബി.ജെ.പി പ്രചാരണങ്ങളിലെ മുഖ്യ ഇനങ്ങൾ. ഇക്കണ്ട വർഗീയത അത്രയും പ്രയോഗിച്ചിട്ടും ഇക്കാലമത്രയും കേരളത്തിൽ വലിയ നേട്ടമൊന്നും ഉണ്ടാക്കാനാവാഞ്ഞ അവർ കലർപ്പില്ലാത്ത വർഗീയത തന്നെ പിന്നെയും പിന്നെയും വിറ്റഴിക്കാൻ പറ്റുമോ എന്നാണ് നോക്കുന്നത്. ജനകീയപ്രശ്നങ്ങൾ മുൻനിർത്തി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ ബി.ജെ.പിക്കാർക്ക് കഴിയില്ല എന്നതാണ് വാസ്തവം.
യോഗി ആദിത്യനാഥ് അടക്കമുള്ള തീവ്ര വർഗീയവാദികൾ ലവ് ജിഹാദ് അടക്കമുള്ള വിഭാഗീയ അജണ്ടകൾ പയറ്റുന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ, അവരുടെ പ്രചാരണങ്ങളെ ശരിയാംവിധം പ്രതിരോധിക്കാനും തുറന്നുകാട്ടാനും മതേതര പക്ഷത്തുള്ളവർ എന്തുകൊണ്ട് മുന്നോട്ടുവരുന്നില്ല എന്നതാണ് ഗൗരവപ്പെട്ട കാര്യം. ലവ് ജിഹാദ് വിഷയത്തിൽ കേരള സർക്കാറിനെയാണ് യോഗി ആദിത്യനാഥ് നേരിട്ട് വിമർശിച്ചിരിക്കുന്നത്. എന്നാൽ, അതിനോട് പ്രതികരിക്കാൻ മുഖ്യമന്ത്രിയോ സി.പി.എം നേതൃത്വമോ ഇതുവരെ സന്നദ്ധമായിട്ടില്ല. ലവ് ജിഹാദ് വെറും പൊള്ളയായ പ്രചാരണമാണെന്ന് ഇതിനകം നടന്ന ഡസനോളം അന്വേഷണങ്ങൾ തെളിയിച്ചതാണ്. ഹൈകോടതി അത് പറഞ്ഞിട്ടുണ്ട്. ഹൈകോടതിയുടെ പ്രത്യേക നിർദേശപ്രകാരം കേരളത്തിലെ മുഴുവൻ ജില്ല പൊലീസ്മേധാവികളും അത് അന്വേഷിച്ച് റിപ്പോർട്ട് കൊടുത്തിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവി തന്നെ ആ റിപ്പോർട്ടുകൾ സമാഹരിച്ച് ഹൈകോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഹാദിയ കേസിനെ തുടർന്ന് സുപ്രീംകോടതിയുടെ നിർദേശ പ്രകാരം ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഇത്തരം കേസുകൾ മുഴുവൻ അന്വേഷിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാറിെൻറ ഏജൻസികൾ, കേന്ദ്ര സർക്കാറിെൻറ ഏജൻസികൾ, ഹൈകോടതി എന്നിവയെല്ലാം തള്ളിക്കളഞ്ഞ തികച്ചും വ്യാജമായ ആരോപണം മാത്രമാണ് ലവ് ജിഹാദ്. ഒടുവിൽ ബി.ജെ.പി നിയന്ത്രണത്തിലുള്ള കേന്ദ്ര ആഭ്യന്തരവകുപ്പു തന്നെ ലവ് ജിഹാദ് എന്നൊരു പരിപാടി ഇല്ലെന്ന് പാർലമെൻറിനെ രേഖാമൂലം അറിയിച്ചിട്ടുമുണ്ട്. എന്നിട്ടും ഒരു ലജ്ജയുമില്ലാതെ അത് ആവർത്തിച്ചുകൊണ്ടേയിരിക്കുകയാണ് സംഘ്പരിവാർ നേതൃത്വം.
സംഘ്പരിവാർ ലവ് ജിഹാദ് വിവാദം കുത്തിപ്പൊക്കുന്നതിെൻറ കാരണവും ലക്ഷ്യങ്ങളും മനസ്സിലാക്കാവുന്നതേയുള്ളൂ. പക്ഷേ, കേരളത്തിലെ മതേതര പുരോഗമന സഖ്യമെന്ന് അവകാശപ്പെടുന്ന എൽ.ഡി.എഫിലെ പ്രധാന ഘടകകക്ഷിയുടെ നേതാവ് ജോസ് കെ. മാണിയും ലവ് ജിഹാദ് വിഷയം ഈ തെരഞ്ഞെടുപ്പ് കാലത്ത് കുത്തിപ്പൊക്കിയത് ഞെട്ടിപ്പിക്കുന്നതായിരുന്നു. ജോസ് കെ . മാണിയുടെ പ്രസ്താവനക്ക് പിറകെ കെ.സി.ബി.സിയും ലവ് ജിഹാദ് ആരോപണവുമായി രംഗത്തുവന്നു. കേരളത്തിലെ മുസ്ലിം സമൂഹത്തിനെതിരെ വിദ്വേഷവും അറപ്പും സൃഷ്ടിക്കുക; അതുവഴി മറ്റു സമുദായങ്ങളുടെ വോട്ട് സമാഹരിക്കുക എന്നത് മാത്രമാണ് ഇതിന് പിന്നിലെ ലക്ഷ്യം. ഒരു എൽ.ഡി.എഫ് നേതാവ് ഇതിന് മുൻകൈയെടുത്തത് അങ്ങേയറ്റം ഖേദകരമായ കാര്യമാണ്.
ജോസ് കെ. മാണി ലവ് ജിഹാദ് വിഷയം കുത്തിപ്പൊക്കിയതിനെക്കാൾ ഗൗരവപ്പെട്ടതാണ് ആ മുന്നണിയെ നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച സമീപനം. ലവ് ജിഹാദ് ആർ.എസ്.എസ് അജണ്ടയാണ് എന്നതാണ് സി.പി.എമ്മിെൻറയും എൽ.ഡി.എഫിെൻറയും പ്രഖ്യാപിത നിലപാട്. എന്നിരിക്കെ ഇടംവലം നോക്കാതെ ജോസ് കെ. മാണിയുടെ നിലപാടിനെ മുഖ്യമന്ത്രിക്ക് തള്ളിപ്പറയാവുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, അദ്ദേഹം അതിന് സന്നദ്ധമായില്ല. വാർത്തസമ്മേളനത്തിൽ ജോസ് കെ. മാണിയുടെ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോൾ അതേക്കുറിച്ച് അറിയില്ല എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
ജോസ് കെ. മാണിയുടെ പ്രസ്താവനയെ കുറിച്ച് സംസ്ഥാന മുഖ്യമന്ത്രിക്ക് അറിയില്ല എന്നുപറഞ്ഞാൽ അത് വിശ്വസിക്കാൻ ആളെ കിട്ടില്ല. എന്നിട്ടും അദ്ദേഹം അങ്ങനെയൊരു സമീപനം സ്വീകരിക്കാൻ കാരണമെന്തായിരിക്കും? അതും കൃത്യമായ രാഷ്ട്രീയലക്ഷ്യത്തോടെയുള്ളതാണ്. ക്രിസ്ത്യൻ -മുസ്ലിം വിഭജനം സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാം എന്നൊരു സമീപനം അടുത്തകാലത്തായി സി.പി.എം സ്വീകരിക്കുന്നുണ്ട്. ഹാഗിയ സോഫിയ വിഷയം കേരളത്തിൽ ആദ്യം ഉയർത്തിയ രാഷ്ട്രീയനേതാവ് കോടിയേരി ബാലകൃഷ്ണനാണ് എന്നത് ഇതോടൊപ്പം ചേർത്തു വായിക്കണം. ക്രിസ്ത്യാനികളെയും മുസ്ലിംകളെയും തമ്മിലടിപ്പിച്ച് എങ്ങനെ രാഷ്ട്രീയലാഭമുണ്ടാക്കാം എന്നത് അവർ തദ്ദേശ തെരഞ്ഞെടുപ്പിൽ പരീക്ഷിച്ച് ചെറിയരീതിയിൽ വിജയിപ്പിച്ചിട്ടുണ്ട്. അതുതന്നെ നിയമസഭ തെരഞ്ഞെടുപ്പിലും പരീക്ഷിക്കാനാണ് അവർ ആലോചിക്കുന്നത്. യോഗി ആദിത്യനാഥിെൻറയും ജോസ് കെ. മാണിയുടെയും ലവ് ജിഹാദ് പരാമർശങ്ങളോട് സ്വീകരിക്കുന്ന മൗനം അങ്ങനെ കരുതാൻ നിർബന്ധിക്കുന്നതാണ്. കേരളത്തിെൻറ സാമൂഹികഘടനയെ തന്നെ വലിയ തോതിൽ അപകടപ്പെടുത്തുന്ന കളിയാണ് ഇതെന്ന് ഇവരാരും മനസ്സിലാക്കുന്നില്ലേ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.