അസമിൽ കാറ്റു വിതച്ച് കൊടുങ്കാറ്റ് കൊയ്യുന്നു
text_fieldsഇന്ത്യയിലെ വംശീയവൈരത്തിൻെറ വറചട്ടിയായ അസമിൽനിന്ന് മനുഷ്യത്വമില്ലായ്മയുടെ പുതിയ കഥകൾ വന്നുകൊണ്ടിരിക്കുന്നു. പൗരത്വനിയമത്തിെൻറ പേരുപറഞ്ഞ് ഇഷ്ടമില്ലാത്ത തദ്ദേശവാസികളെ പിറന്ന മണ്ണിൽനിന്ന് ആട്ടിയോടിക്കാനുള്ള സംഘ്പരിവാർ ശ്രമങ്ങൾ ഇടക്കിടെ കലാപങ്ങളായും ഒടുവിൽ സർക്കാർയജ്ഞമായും മാറുന്ന ഇടമാണ് അസം. എൺപതുകളിലെ ഭീകരമായ നെല്ലി, തൊണ്ണൂറുകളിലെ ബാർപേട്ട കലാപങ്ങൾ ലോകത്തെതന്നെ ഭീകരമായ വംശഹത്യപരമ്പരകളിൽ ഇടംപിടിച്ചതാണ്. അതിനൊടുവിലാണ് പൗരത്വ ഭേദഗതി നിയമത്തിെൻറ മറപറ്റി വ്യവസ്ഥാപിതമായി നിർമൂലനപരിപാടി ത്വരിതപ്പെട്ടത്. അതിെൻറ രണ്ടാം ഘട്ടത്തിലേക്കു കടന്നിരിക്കുകയാണിപ്പോൾ അസമിലെ ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ.
സർക്കാർ പുറേമ്പാക്കു ഭൂമികളിൽ പതിറ്റാണ്ടുകളായി പുരകെട്ടി താമസിക്കുന്നവരെ കഴിഞ്ഞ ഏതാനും നാളുകളായി മുൻകൂർ വിവരം നൽകാതെ, പുനരധിവാസത്തെക്കുറിച്ച് ഒന്നും പറയാതെ തോരാമഴയിലേക്കും തണുപ്പിലേക്കും ആട്ടിപ്പായിച്ചിറക്കുകയാണ് സംസ്ഥാന സർക്കാർ. പിടിച്ചുനിൽക്കാൻ കള്ളിയില്ലാതെ പ്രതിഷേധത്തിനൊരുെമ്പട്ടവർക്കു നേരെ വ്യാഴാഴ്ച പൊലീസ് നടത്തിയ വെടിവെപ്പിൽ സദ്ദാം ഹുസൈൻ, ശൈഖ് ഫരീദ് എന്നീ രണ്ടു പേർക്ക് ജീവൻ നഷ്ടപ്പെട്ടു. നൂറോളം പേർക്കു പരിക്കേറ്റു. മനുഷ്യത്വം തീണ്ടാത്ത മറ്റൊരു സംഭവത്തിൽ പൊലീസ് നെഞ്ചിൽ വെടിവെച്ചിട്ടയാളെ ഫോേട്ടാഗ്രാഫർ എന്നു പറയുന്ന ഒരു വംശവെറിക്കാരൻ ചവിട്ടിമെതിക്കുകയും ആനന്ദനൃത്തം ചവിട്ടുകയും ചെയ്ത ഹൃദയഭേദകമായ കാഴ്ച സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നു. ഇൗ സംഭവത്തെക്കുറിച്ച് ആദ്യമാദ്യം അജ്ഞത നടിച്ച പൊലീസ് പ്രതിഷേധം രൂക്ഷമായപ്പോൾ പ്രതിയെ അറസ്റ്റ് ചെയ്ത് തൽക്കാലം മുഖം രക്ഷിച്ചിട്ടുണ്ട്. അതേസമയം, അസമിലെ വിവിധ ഭാഗങ്ങളിലായി അനധികൃതമായി കുടിൽകെട്ടി താമസിക്കുന്നവരെ ബലംപ്രയോഗിച്ച് കുടിയൊഴിപ്പിക്കുന്ന യജ്ഞവുമായി സർക്കാർ മുന്നോട്ടുപോകുകയാണ്. കഴിഞ്ഞ ദിവസം 602 ഹെക്ടർ ഭൂമി ഗവൺമെൻറിലേക്ക് ഏറ്റെടുത്തതായി അറിയിച്ച മുഖ്യമന്ത്രി ദൗത്യം തുടരുമെന്നു പ്രഖ്യാപിച്ചിരിക്കുന്നു.
ബ്രഹ്മപുത്ര തീരത്തെ ദരങ് ജില്ലയിലെ സിപാജർ റവന്യൂ സർക്കിളിലാണ് കഴിഞ്ഞ തിങ്കളാഴ്ച മുതൽ ബംഗാളി സംസാരിക്കുന്ന മുസ്ലിംകളുടെ 800 കുടുംബവീടുകൾ ബുൾഡോസറുകൾ ഉപയോഗിച്ച് ഗവൺമെൻറ് നിരത്തി വെടിപ്പാക്കിയത്. സർക്കാറിെൻറ പുറേമ്പാക്കു ഭൂമിയിൽ 1970കൾ മുതൽ താമസിച്ചുപോരുന്ന ഇൗ കുടുംബങ്ങൾക്ക് ശനിയാഴ്ച ഒഴിയാൻ നോട്ടീസ് നൽകി തിങ്കളാഴ്ച ബലംപ്രയോഗിച്ച് ഒഴിപ്പിക്കുകയായിരുന്നു. അരനൂറ്റാണ്ടിലേറെയായി ഇവിടെ പാർക്കുന്ന കുടുംബങ്ങളുടെ പുനരധിവാസത്തിനൊന്നും ഗവൺമെൻറ് ഏർപ്പാട് ചെയ്തിരുന്നില്ല. മഹാമാരിക്കാലത്ത് സുരക്ഷിതമായൊരു താമസസ്ഥലം അന്വേഷിക്കാനുള്ള സാവകാശംപോലും നൽകാതെ തലേന്നാൾ നോട്ടീസ് നൽകി പിറ്റേന്നാൾ വീടുകളും കടകളും ആരാധനാലയങ്ങളുമടക്കം ഒരു പ്രദേശത്തെ ആവാസവ്യവസ്ഥയൊന്നാകെ തട്ടിത്തെറിപ്പിക്കുന്ന നിഷ്ഠുര രീതിയാണ് അസമിലെ സംഘ്പരിവാർ സർക്കാർ നടത്തിവരുന്നത്. സിപാജർ സർക്കിളിൽ മാത്രം 10,301 ഹെക്ടർ ഭൂമി കുടിയൊഴിപ്പിക്കാനുണ്ടെന്നാണ് ഹിമന്ത ബിശ്വ സർക്കാർ പറയുന്നത്. ബി.ജെ.പിക്ക് ഇത് കഴിഞ്ഞ മേയിലെ നിയമസഭ തെരഞ്ഞെടുപ്പുവേളയിലെ വാഗ്ദാനങ്ങളുടെ പാലനമാണ്. സർക്കാർ ഭൂമിയിൽനിന്ന് എല്ലാ 'നുഴഞ്ഞുകയറ്റക്കാരെയും' പുറന്തള്ളി പ്രസ്തുത ഭൂമി 'തദ്ദേശീയ ഭൂരഹിതർക്ക്' കൃഷി നടത്താൻ നൽകുമെന്നും ബി.ജെ.പി പ്രഖ്യാപിച്ചിരുന്നു. നേരത്തേ അസമിലെ 'കുടിയേറ്റ വിരുദ്ധ' വംശീയ പ്രക്ഷോഭക്കാർ ഉന്നയിച്ചുവന്നിരുന്ന ആവശ്യമായിരുന്നു ഇത്. 2016ലും 2017ലും പ്രഭജൻ വിരോധിമഞ്ച് 'അനധികൃത നുഴഞ്ഞുകയറ്റക്കാർ'ക്കെതിരെ കുടിയൊഴിപ്പിക്കലിനു തുടക്കമിടുകയും അത് സംഘർഷത്തിനിടയാക്കുകയും ചെയ്തിരുന്നു.
പുതിയ ബി.ജെ.പി സർക്കാർ അധികാരമേറ്റെടുത്തശേഷം കഴിഞ്ഞ ജൂണിൽ ഇൗ പ്രദേശങ്ങൾ കാർഷികപദ്ധതിക്കായി മാറ്റിവെക്കുകയാണ് എന്ന പ്രഖ്യാപനം വന്നുകഴിഞ്ഞപ്പോൾതന്നെ തദ്ദേശീയരുടെ പുനരധിവാസത്തിനു വഴി കണ്ടുവേണം പദ്ധതിനിർവഹണം എന്ന ആവശ്യമുയർന്നതാണ്. കഴിഞ്ഞ ജൂണിൽ ഹോജൈ ലങ്കയിൽ എഴുപതും സോണിത്പുരിൽ ഇരുപത്തിയഞ്ചും കുടുംബങ്ങളെ ഒഴിപ്പിച്ചിരുന്നു. സർക്കാറിെൻറ മനുഷ്യത്വമില്ലാത്ത പോക്കുകണ്ട് ഒാൾ അസം മൈനോറിറ്റി സ്റ്റുഡൻറ്സ് യൂനിയൻ (ആംസു) ഇതുസംബന്ധിച്ച് പലവട്ടം മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. കോവിഡ് സാഹചര്യത്തിൽ പ്രദേശവാസികളെ ധിറുതിപ്പെട്ട് കുടിയൊഴിപ്പിക്കുന്നത് തൽക്കാലം നിർത്തിവെക്കണമെന്ന് ഗുവാഹതി ഹൈകോടതി കഴിഞ്ഞ മേയ് 10ന് ഉത്തരവിട്ടിരുന്നു. എന്നാൽ, ഇതൊന്നും ഹിമന്ത സർക്കാറിനെ പിന്തിരിപ്പിച്ചിട്ടില്ല. കൃഷിയുടെ പേരുപറഞ്ഞ് നടത്തുന്ന ഇൗ കുടിയൊഴിപ്പിക്കലിൽ ഇരകളാകുന്നത് മേഖലയിലെ കാർഷികവ്യവസ്ഥയുടെ നെട്ടല്ലായ ഇൗ തൊഴിലാളികളാണ് എന്നതാണ് ഏറെ കൗതുകകരം. വിഷയം കൃഷിയോടുള്ള താൽപര്യമോ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള ആവേശമോ ഒന്നുമല്ല, സംസ്ഥാനത്തുനിന്നു തങ്ങൾ കുടിയിറക്കണമെന്ന് ആഗ്രഹിക്കുന്ന വിഭാഗത്തെ തുരത്തുന്നതിനുള്ള ഒാരോ വഴി തേടുകയാണ് സംഘ്പരിവാർ ഭരണകൂടം. പൗരത്വഭേദഗതി നിയമം അസമിൽ തങ്ങൾ പ്രതീക്ഷിച്ച വഴിയേ വന്നില്ല എന്നതിൽപിന്നെ മുസ്ലിം കുടിയിറക്കിനായി പുതിയ മാർഗങ്ങൾ ആരായുകയാണവർ. അതാകെട്ട, സംഘർഷഭരിതമായ അസമിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയേയുള്ളൂ എന്നാണ് പുതിയ വാർത്തകൾ നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.